എന്‍റെ രക്ത ബന്ധു / സുഗതകുമാരി


കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം രാത്രിയില്‍ അത്താണിയില്‍ നിന്ന് എനിക്കൊരു ഫോണ്‍ വന്നു. മലപ്പുറത്തുനിന്ന് ഒരു പെണ്‍കുട്ടി രാത്രിയില്‍ അത്താണിയിലെത്തിയിരിക്കുന്നു എന്നായിരുന്നു സന്ദേശം.
അത്താണിക്ക് ഒരു പ്രത്യേകതയുണ്ട്. രാത്രിയില്‍ ഏതു സ്ത്രീ തട്ടിയാലും അതിന്‍റെ വാതില്‍ തുറന്നുകൊടുക്കും. പ്രശ്നമുള്ളവരെ താമസിപ്പിക്കാന്‍ അവിടെ പ്രത്യേക സംവിധാനമുണ്ട്. ഈ പെണ്‍കുട്ടി – അവളെ ഞാന്‍ അയിഷയെന്നു വിളിക്കട്ടെ – വീട്ടില്‍ നിന്ന് ഒളിച്ചുപോന്നതാണ്. നാട്ടുമ്പുറത്ത് പാവപ്പെട്ട ഒരു വീട്ടിലെ പെണ്‍കുട്ടി. അതിസുന്ദരി. കാതിലെ മുക്കുപണ്ടക്കമ്മലിന്‍റെ പ്രകാശം മുഖത്തു പ്രതിഫലിക്കുന്നു.
പ്രേമമെന്ന പേരില്‍, ഒരാള്‍ ചതിച്ചുണ്ടായ ഗര്‍ഭമാണ്. ആകെ പ്രശ്നമായി. അയിഷയുടെ ബാപ്പയും സഹോദരനും കൂടി ആ ചെറുപ്പക്കാരനെ തല്ലിച്ചതച്ചു. അയാള്‍ മറ്റൊരു മതക്കാരനുമായിരുന്നു. ഒടുവില്‍ കൊല്ലുമെന്ന പേടിയില്‍ അയാള്‍ ഒളിച്ചോടി.

പേടിച്ചു കരഞ്ഞുകൊണ്ട് അയിഷ അത്താണിയില്‍ പ്രവേശിക്കുമ്പോള്‍ സമയം രാത്രി ഏഴരയെങ്കിലുമായിക്കാണും. അത്താണിയുടെ ചുമതലപ്പെട്ടവര്‍ അവളോട് പേരും സ്ഥലവും ചോദിച്ചു. കുട്ടിയുടെ ദൈന്യം കണ്ട് കാലും മുഖവും കഴുകി ഭക്ഷണത്തിനിരിക്കാന്‍ അവളെ ക്ഷണിച്ചു. അവള്‍ വളരെ ക്ഷീണിതയായിരുന്നല്ലോ. ഒപ്പം ഗര്‍ഭിണിയും. ആര്‍ത്തിയോടെ കഞ്ഞികുടിക്കുന്നതിനിടെ അയിഷ കിടന്നുപോയി.
അസഹ്യമായ വേദന തുടങ്ങുകയായി. രക്തപ്രവാഹവും ആരംഭിച്ചു. ഈ സമയത്താണ് അത്താണിയില്‍ നിന്ന് എനിക്ക് ഫോണ്‍ വരുന്നത്. ഉടന്‍തന്നെ അയിഷയെ തൊട്ടടുത്തുള്ള ശ്രീരാമകൃഷ്ണ മിഷന്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
എന്‍റെ മകള്‍ക്ക് എസ്. യു. ടി. ആശുപത്രിയിലാണ് ജോലി. ഹൃദയ ശസ്ത്രക്രിയയൊക്കെ നടക്കുന്ന ആശുപത്രിയല്ലേ. അവിടെ രക്തം കാണുമെന്ന പ്രതീക്ഷയില്‍ ഞാന്‍ മകള്‍ക്ക് ഫോണ്‍ ചെയ്തു. പക്ഷേ നിരാശയായിരുന്നു ഫലം. വീട്ടിലിരുന്ന് അഭയയുടെ ജോയിന്‍റ് സെക്രട്ടറിയും എന്‍ജിനീയറിംഗ് കോളജ് അദ്ധ്യാപകനുമായ നാരായണനെയും ഞാന്‍ ഫോണില്‍ വിളിച്ചു. ഇതിനിടെ എനിക്ക് ആശുപത്രിയില്‍നിന്ന് ഫോണ്‍ വിളികള്‍ വന്നുകൊണ്ടേയിരുന്നു.
എന്‍റെ വീട്ടിലെ വെളിച്ചമൊന്നും അണഞ്ഞിട്ടില്ല. വെളിച്ചമൊക്കെക്കണ്ട് അയല്‍ക്കാരൊക്കെ എന്താ സംഭവമെന്ന് ചോദിക്കലായി.

സമയം രാത്രി പന്ത്രണ്ടുമണി. എന്‍റെ ആശയറ്റു. അവള്‍ അത്യാസന്ന നിലയിലാണെന്ന് ആശുപത്രിയില്‍ നിന്ന് ഫോണും.
ഞാന്‍ മുറ്റത്തിറങ്ങിനിന്ന് ആകാശത്തിലേക്ക് നോക്കി കരയാന്‍ തുടങ്ങി. ഒരുപാട് നക്ഷത്രങ്ങളുള്ള ആകാശം. ഏതോ അന്യ നാട്ടീന്ന് എന്‍റെ മേല്‍വിലാസം തെറ്റിച്ചെഴുതിയ കീറക്കടലാസുമായി വന്ന കുട്ടിക്ക് ഒരു കുപ്പി രക്തം കൊടുക്കാന്‍ എനിക്കു കഴിയുന്നില്ലല്ലോ ദൈവമേ എന്ന് ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.
ഈ സമയത്ത് നാരായണന്‍റെ ബൈക്ക് വരുന്ന ശബ്ദം ഞാന്‍ കേട്ടു. അതേ നാരായണന്‍ തന്നെ. എ. കെ. ജി. സെന്‍ററിനടുത്തുള്ള ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ് സെന്‍ററില്‍ എ നെഗറ്റീവ് രക്തമുള്ള ഒരു ശെമ്മാശ്ശനുണ്ടത്രേ. പേര് ചെറിയാനെന്നോ മറ്റോ.
ഇതു കേട്ടപാടെ ഞങ്ങള്‍ ഓട്ടോയുമെടുത്ത് സ്റ്റുഡന്‍റ് സെന്‍ററിലേക്ക് പാഞ്ഞു. രാത്രി രണ്ടുമണിയായപ്പോള്‍ കതകില്‍ തട്ടി. വാതില്‍ തുറക്കപ്പെട്ടു.

‘ചെറിയാന്‍ ശെമ്മാശ്ശനാണോ’?
‘അതേ’
‘എ നെഗറ്റീവ് രക്തമാണോ’
‘അതേ’
എനിക്ക് എന്തോ ഒരാശ്വാസം ഉള്ളിലുദിച്ചപോലെ. ‘മലപ്പുറത്തുനിന്നും ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു. ഏഴുമാസം ഗര്‍ഭിണിയാണ്. അവള്‍ മരിക്കാറായിരിക്കുന്നു. ഞാന്‍ എന്തു ചെയ്യണം?’ വിഷമത്തിന്‍റെ ആ മുഹൂര്‍ത്തത്തില്‍ അങ്ങനെ ചോദിക്കാനേ എനിക്കു കഴിഞ്ഞുള്ളു.
‘രണ്ടാഴ്ചയേ ആയിട്ടുള്ളു ഞാന്‍ രക്തം കൊടുത്തിട്ട്. എങ്കിലും എന്‍റെ വരവ് വൃഥാവിലാവില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ഞാന്‍ വരാം’ എം.സി. ചെറിയാന്‍ ശെമ്മാശ്ശന്‍റെ മറുപടി.

ഞങ്ങള്‍ ഉടന്‍ ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തു. വലിയ പ്രതീക്ഷയ്ക്കു സ്ഥാനമില്ലെങ്കിലും വന്നു കൊള്ളട്ടെ എന്നായിരുന്നു ആശുപത്രിയില്‍ നിന്നു ലഭിച്ച മറുപടി.
നാരായണന്‍റെ ബൈക്കില്‍ പുറകിലിരുന്ന് ഇരുവരും ആശുപത്രിയിലേക്ക് നീങ്ങി. താമസിയാതെ തന്നെ ഓപ്പറേഷന്‍ നടന്നു. രണ്ടു പെണ്‍കുട്ടികള്‍ക്ക് അയിഷ ജന്മം കൊടുത്തു. പക്ഷേ, ഒരു കുട്ടി അപ്പോള്‍ത്തന്നെയും മറ്റെയാള്‍ രണ്ടാം ദിവസവും മരിക്കുകയായിരുന്നു. പ്രായം തികയാതെയുള്ള പ്രസവമാണല്ലോ. എങ്കിലും അയിഷയുടെ ജീവന്‍ രക്ഷപെട്ടു.
ഈ സംഭവം എന്നെ ഒരുപാടു ചിന്തിപ്പിച്ച ഒന്നാണ്. ഒന്നാമത് ആ ക്രിസ്ത്യന്‍ വൈദികന്‍റെ കാര്യംതന്നെ. വീട്ടില്‍ നിന്നു തിരസ്കരിക്കപ്പെട്ട ആ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചത് ചെറിയാന്‍ എന്ന ക്രിസ്ത്യാനി പുരോഹിതന്‍റെ രക്തമാണല്ലോ. അവള്‍ ബോധമുണര്‍ന്നപ്പോള്‍ ആദ്യം കണ്ടത് ഹിന്ദുവായ ഈ എന്നെയാണ്.
എം.സി. ചെറിയാന്‍ ശെമ്മാശ്ശന്‍ ഇപ്പോള്‍ റവ. ഡോ. എം.സി. ചെറിയാനാണ് (ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ). അദ്ദേഹം ഞങ്ങളുടെ രക്തബന്ധുവാണ്. ഏതോ ഒരു ജന്മത്തില്‍ എന്‍റെ സഹോദരനായിരുന്നു ഈ വന്ദ്യ പുരോഹിതന്‍. ഞാന്‍ പരിചയപ്പെടുമ്പോള്‍ ചെറിയാന്‍ ശെമ്മാശ്ശന്‍ എന്ന ചെറുപ്പക്കാരന്‍. ഇപ്പോള്‍ മെത്രാപ്പോലീത്താ.
എല്ലാ വര്‍ഷവും ഓണത്തിനും ക്രിസ്മസിനും അച്ചനും ആള്‍ക്കാരും അത്താണിയില്‍ വരാറുണ്ട്. അവിടെ നിന്നു ഭക്ഷണവും കഴിക്കും. അത്താണിയെ സഹായിക്കുന്നതിലും അച്ചന്‍ വലിയ താല്പര്യം കാട്ടുന്നു.

ആ മനുഷ്യന്‍റെ മുഖത്ത് നന്മയുടെ പ്രകാശം ഞാന്‍ കാണുന്നു. മതത്തിന്‍റെയും ജാതിയുടെയും പേരില്‍ കത്തിയുരുകുന്ന ഈ രാജ്യത്ത് ഇതുപോലെ നന്മയുടെ പ്രകാശമുള്ള മനുഷ്യര്‍ ഏറെയുണ്ട്. അവരെ തിരിച്ചറിയുക നമ്മുടെ കടമയാണെന്ന് ഓര്‍മ്മയിലിരിക്കട്ടെ.

  • * * *

എന്‍റെ പ്രിയപ്പെട്ട അനുജന്‍ എന്ന രീതിയിലാണ് ഞാനൊരുപാടു കാലം ചെറിയാന്‍ ശെമ്മാച്ചനെ കരുതിയിരുന്നത്. മനസ്സുനിറയെ ആ വേര്‍പാടിന്‍റെ വേദന നിറഞ്ഞു നില്‍ക്കുകയാണ്. ഇത്രയധികം അദ്ദേഹത്തെ സ്നേഹിക്കാനും അദ്ദേഹത്തിന്‍റെ സ്നേഹം ഏറ്റുവാങ്ങാനും കഴിഞ്ഞു എന്നുള്ളത് എന്‍റെ ജീവിതത്തിലെ ധന്യതയായി എന്നു ഞാന്‍ കരുതുന്നു. എനിക്കത് ആവര്‍ത്തിക്കാതിരിക്കാന്‍ വയ്യ. ഞാന്‍ പലവട്ടം എഴുതിക്കഴിഞ്ഞു, എത്രയോ സദസ്സുകളില്‍ പറഞ്ഞു കഴിഞ്ഞു. ‘ഇതാണ് ഇന്ത്യ’ എന്നു ഞാനെത്രവട്ടം ആവര്‍ത്തിച്ച വാക്കുകള്‍ വീണ്ടും പറയുകയാണ്.
തെയോഫിലോസ് തിരുമേനി എന്നെ ‘പെങ്ങളെ’ എന്നു വിളിച്ചു. എന്നിട്ട് പറഞ്ഞത് ഞാന്‍ ടീച്ചറെന്നൊന്നും വിളിക്കില്ല, നമ്മള്‍ തമ്മില്‍ രക്തബന്ധമാണ് എന്നു പറയും. എന്‍റെ കൈയ്യില്‍ മുറുകെപിടിച്ച് പ്രാര്‍ത്ഥിക്കും എത്രയോ വട്ടം അഭയയിലേക്ക് വന്നു. ക്രിസ്തുമസിന് കേക്കും, പാട്ടുകാരും അവരോടൊപ്പം വന്ന് ഞങ്ങളുടെ കുട്ടികളോടൊപ്പം, ഗതിയില്ലാത്ത മാനസിക രോഗികളോടൊപ്പം, അനാഥ പെണ്ണുങ്ങള്‍ക്ക് വേണ്ടി അദ്ദേഹം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. എത്രയോ വട്ടം ഞങ്ങള്‍ക്ക് ചെറിയ ചെറിയ സാമ്പത്തിക സഹായങ്ങളും സ്നേഹവും നല്‍കി. അദ്ദേഹം പിന്നീട് തിരുമേനിയായി, എങ്കിലും എന്‍റെ ചെറിയാന്‍ ശെമ്മാശന്‍ എന്നു ഞാന്‍ പറയുമ്പോള്‍ ഉറക്കെ ചിരിക്കും, അങ്ങനെ വിളിക്കാവൂ എന്നെ എന്നു പറയും. എന്‍റെ ഭര്‍ത്താവ് കാന്‍സര്‍ ബാധിതനായി ഹോസ്പിറ്റലില്‍ ആയിരുന്നപ്പോള്‍ അദ്ദേഹം വന്നു. മരിക്കുന്നതിന് നാലഞ്ചു ദിവസം മുമ്പാണ് അവിടെ വന്ന് എന്‍റെ മുഖത്തേക്ക് നോക്കി പറഞ്ഞു: വ്യസനിക്കരുത് പ്രാര്‍ത്ഥിക്കണം.
തിരിച്ചുകിട്ടില്ലെന്നറിയാം കഷ്ടപ്പെടുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കയാണെന്ന് ഞാന്‍ പറഞ്ഞു.

അദ്ദേഹം എന്‍റെ ഭര്‍ത്താവിന്‍റെ ചരമശയ്യക്കരികില്‍ ഇരുന്നു പറഞ്ഞ വാക്കുകള്‍
“ഞാന്‍ സങ്കല്‍പ്പിക്കയല്ല. ഞാന്‍ കാണുന്നു ഈ കിടക്കുന്ന ആളിന്‍റെയടുക്കല്‍ ക്രിസ്തുനാഥന്‍ ഇരിക്കുകയാണെന്നു പറഞ്ഞ് കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഞാനും അദ്ദേഹത്തോടൊപ്പം ഇരുന്ന് പ്രാര്‍ത്ഥിച്ചു.”

പരുമല പള്ളിയില്‍ എന്നെ വിളിച്ചുകൊണ്ടു പോയിരുന്നു. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞിരുന്നു. ഇവിടെ വരുമ്പോഴൊക്കെ എന്നെ വിളിക്കും. എന്‍റെ രോഗം കൂടിയാലെന്ത് കുറഞ്ഞാലെന്ത് എന്നൊക്കെ സംസാരിച്ചിരുന്നു. എന്നെ പെങ്ങളെന്നു പറഞ്ഞുകൊണ്ട്, എന്നെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തിയിരുന്നു. ആ ഭാഗ്യം എനിക്കുണ്ടായി, ഇത്രയും വലിയ ഒരു ആത്മാവിന്‍റെ, മഹാപുരുഷന്‍റെ സ്നേഹവാത്സല്യം അനുഭവിക്കുവാന്‍ എനിക്കിടയായി. എന്‍റെ എണ്‍പതാം പിറന്നാളിന് എനിക്കൊരു ഫോണ്‍ വന്നു. ഞാനെന്താണ് തരേണ്ടത്. ഞാന്‍ പറഞ്ഞത് 80 വയസ്സാകുന്നു, കഷ്ടപ്പെടുത്താതെ എന്നെയങ്ങ് വിളിക്കണേന്ന് പ്രാര്‍ത്ഥിക്കണേ തിരുമേനി എന്നു പറഞ്ഞു. തിരുമേനി ഉറക്കെ ചിരിച്ചു.

ഒരു ഗതിയില്ലാത്ത ഒരു ഹൈന്ദവ സ്ത്രീക്ക് ഒരു വീട് നിര്‍മ്മിച്ചു നല്‍കി. അങ്ങനെ നിരവധി പേര്‍ക്ക്. അദ്ദേഹം എഴുപത്തഞ്ചോ നൂറോ പേര്‍ക്ക് രക്തം നല്‍കി. ഏത് ജാതി, എന്ത് മതം. ഇവിടെ മഴപൊഴിയുന്നത് ഈ പ്രപഞ്ചത്തിലെ സര്‍വ്വജീവജാലങ്ങള്‍ക്കും വേണ്ടിയാണ്. സര്‍വ്വഭൂതലത്തിനും ശാന്തിയുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നവരാണ് ഞാനും എന്നെപ്പോലുള്ള കുറച്ചുപേരും. ഇതൊന്നും ചെവികൊള്ളാനാരുമില്ല. വര്‍ഗീയത അതിന്‍റെ മൂര്‍ധന്യത്തിലെത്തിയിരിക്കുന്നു. ഓരോ മതത്തിന്‍റേയും നടുവില്‍ മതില്‍ക്കെട്ടുകള്‍ ഉയര്‍ന്നിരിക്കുന്നു.

You don’t serve God and Mamon together. ധനരൂപിയായ ചെകുത്താനേയും ഈശ്വരനേയും ഒരുമിച്ച് സേവിക്കുവാന്‍ മനുഷ്യാ നിനക്ക് കഴിയില്ല. ഇതിന് ദൈവത്തോട് നമുക്ക് മാപ്പ് ചോദിക്കാം.
നമ്മുടെ മനസ്സിലെ വിഷം, പക, വര്‍ഗ്ഗീയത, അകല്‍ച്ച എന്നിവ മനസ്സിലാക്കി നമുക്ക് മാപ്പ് പറയാം. സ്വന്തം രക്തം ഒഴുക്കികൊണ്ടേയിരുന്ന എന്‍റെ ചെറിയാന്‍ ശെമ്മാശ്ശനെ നമുക്ക് സ്മരിക്കാം. രോഗികള്‍ക്കുവേണ്ടി സ്വന്തം രക്തം അദ്ദേഹം ഒഴുക്കികൊണ്ടേയിരുന്നു. അവസാനകാലത്ത് അദ്ദേഹം ധാരാളം വിമര്‍ശനശരങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. അദ്ദേഹം ദുഃഖിതനും അപമാനിതനും ആയത് ഞാന്‍ സുഹൃത്തുക്കള്‍ പറഞ്ഞ് അറിഞ്ഞു, അദ്ദേഹം പറഞ്ഞല്ല. അദ്ദേഹത്തെ ദുഃഖിപ്പിച്ചാണോ അയച്ചത് എനിക്ക് അറിഞ്ഞുകൂടാ. അദ്ദേഹത്തെ ദുഃഖിപ്പിച്ചാണ് അയച്ചതെങ്കില്‍ ഈശ്വരന്‍ അതിന് മാപ്പു നല്‍കില്ല. അദ്ദേഹം പുണ്യാത്മാവായിരുന്നു എന്നുള്ളതിന് എന്നെപോലെയുള്ള എളിയവള്‍ സാക്ഷി.

ആരു വിമര്‍ശിച്ചാലും ശരി, രോഗശയ്യയില്‍ ക്രിസ്തുനാഥന്‍റെ കൈപിടിച്ചിരിക്കുന്നത് എന്‍റെ മനസ്സുകൊണ്ട് ദര്‍ശിക്കുന്നുവെന്ന് കോഴിക്കോട്ടെയും ബോംബൈയിലേയും ബിഷപ്പുമാര്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. എനിക്ക് വരാന്‍ ആരോഗ്യമില്ല, മാപ്പുതരണം എന്നു മാത്രം ഞാന്‍ പറഞ്ഞു. എന്‍റെ നന്ദി, എന്‍റെ കടപ്പാട്, എന്‍റെ തലമുറയുടെ കടപ്പാട്, എന്‍റെ കുട്ടികളുടെ കടപ്പാട്, ഈ രാജ്യത്തിന് അദ്ദേഹം മാതൃക കാണിച്ചു എന്നതിന്‍റെ കടപ്പാട്, അതെല്ലാം ഞാന്‍ രേഖപ്പെടുത്തുന്നു. ആ പുണ്യാത്മാവിന്‍റെ മുന്നില്‍ എന്‍റെ സാഷ്ടാംഗനമസ്കാരം അര്‍പ്പിച്ചുകൊണ്ട് ഞാന്‍ നന്ദി പറയുന്നു. ഒരിക്കല്‍കൂടി എന്‍റെ പ്രിയപ്പെട്ട ചെറിയാന്‍ശെമ്മാശ്ശന്‍റെ മുമ്പില്‍ എന്‍റെ പ്രണാമം അര്‍പ്പിച്ചുകൊണ്ട് നിര്‍ത്തുന്നു.

(തിരുവനന്തപുരം ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ് സെന്‍ററില്‍ നടത്തിയ അനുസ്മരണ പ്രഭാഷണത്തില്‍ നിന്നും. 2017 നവംബര്‍ 6)