തലയില്‍ നിറയെ ‘സ്ഥലമാണ്’

മുപ്പതുവർഷമായി സ്ഥലങ്ങളോട്‌ കൂട്ടുകൂടി സഞ്ചരിക്കുകയാണ് ഇവിടൊരാൾ…ഈ തലയിൽ നിറയെ കേരളത്തിലെ സ്ഥലങ്ങളുടെ പേരാണ്; ഹൃദയത്തിൽ ഓരോ സ്ഥലത്തേക്കുള്ള വഴിയും ദൂരവും പതിഞ്ഞിട്ടുണ്ട്. അതെ കോട്ടയം ബാബുരാജ് ഇപ്പോഴും ഗവേഷണത്തിലാണ് കേരളത്തിലെ സ്ഥലങ്ങളെക്കുറിച്ച്. സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട അഞ്ച് പുസ്തകങ്ങളുടെ പണിപ്പുരയിലാണ് മണർകാട് വാരിക്കാട്ട് കുന്നുംപുറത്ത് ബാബുരാജ്. നോവൽ, കഥ, സ്ഥലചരിത്രം ഉൾപ്പെടെ 35 പുസ്തകങ്ങൾ ഇതിനകം രചിച്ചിട്ടുണ്ട്. റെക്കോഡുകൾ പലതും നേടിയെങ്കിലും സർക്കാരിന്റെ ഒരംഗീകാരം ബൃഹത്തായ ഈ ശ്രമത്തിന് ലഭിച്ചിട്ടില്ല എന്നതു മാത്രമാണ് ഇദ്ദേഹത്തിന്റെ സങ്കടം.

കേരളം മുഴുവനോടി കൈനറ്റിക് ഹോണ്ട
കേരള സ്ഥലവിജ്ഞാനകോശം എന്ന പുസ്തകത്തിലൂടെ ലിംക ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയ ബാബുരാജിന്റെ സഞ്ചാരം മുഴുവൻ പഴയ കൈനറ്റിക് ഹോണ്ട സ്‌കൂട്ടറിലായിരുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും എത്തി. ഓരോ സ്ഥലത്തെയും അവിടേക്കുള്ള വഴിയെയും കണ്ടറിഞ്ഞ് രേഖയാക്കി. ലേബർ ഓഫീസറായും കാഥികനായും കേരളത്തിലെമ്പാടും സഞ്ചരിക്കാനായത് കൂടുതൽ സ്ഥലങ്ങളെ അറിയാൻ ഇടയൊരുക്കി.

കണ്ടെത്തിയത് 28,000 ഇടങ്ങൾ
സ്ഥലവിജ്ഞാനകോശത്തിന്റെ ഒടുവിലത്തെ പതിപ്പിൽ ഇടംപിടിച്ചത് നഗരങ്ങളും ഗ്രാമങ്ങളും കുഗ്രാമങ്ങളും ചെറുകവലകളുമൊക്കെയായി 28,000 സ്ഥലങ്ങൾ. ഇനിയും ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങളെ കണ്ടെത്തുമെന്ന വാശിയാണിപ്പോഴും ബാബുരാജിന്.

ലങ്കയുണ്ട്, പിന്നെ അമേരിക്കയും ബ്രിട്ടനും
ലങ്കയുണ്ട് കേരളത്തിൽ രണ്ടിടത്ത്; പാമ്പാടിയിൽ പോരാളൂരിലും തൃപ്പൂണിത്തുറയ്ക്കടുത്തും. ബ്രിട്ടനെ കണ്ടെത്തിയത് ഇടുക്കി ജില്ലയിലെ പീരുമേട്ടിലാണ്. കണ്ണൂർ ഉളിക്കലിൽ അമേരിക്കൻ പാറയും തൃശ്ശൂർ പൈങ്കുളത്ത് അമേരിക്കൻ സിറ്റിയും മണർകാട് മാലത്ത് അമേരിക്കൻപടിയുമുണ്ട്.

കുഴയ്ക്കും ചെങ്ങളം
തപാൽ ഓഫീസുകാരെ വല്ലാതെ വലയ്ക്കുന്ന സ്ഥലമാണ് കോട്ടയത്തെ ‘ചെങ്ങളങ്ങൾ’. പിൻകോഡ് എഴുതാതെ ചെങ്ങളം എന്നുമാത്രം രേഖപ്പെടുത്തി എത്തുന്ന ഉരുപ്പടികൾ കോട്ടയം ജില്ലയിലെ രണ്ട് ചെങ്ങളം വഴി സഞ്ചരിക്കുന്നത് പതിവാണ്. കുമരകത്തിനടുത്തുള്ള ചെങ്ങളവും അകലക്കുന്നം പഞ്ചായത്തിലെ ചെങ്ങളവുമാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.

സസ്യങ്ങളുടെ പേരിൽ 463 സ്ഥലം
വൃക്ഷങ്ങളുടെയും മറ്റ് സസ്യങ്ങളുടെയും പേര് കൂട്ടിച്ചേർത്ത 463 പ്രദേശങ്ങൾ കേരളത്തിലുണ്ടെന്ന് ഈയിടെ നടത്തിയ പഠനത്തിലൂടെ ബാബുരാജ് പറഞ്ഞു. കാഞ്ഞിരമറ്റം, പുളിമൂട്, കൊന്നക്കാട്…ഇങ്ങനെയാണവ. ഊര് ചേർത്ത് 395 സ്ഥലവും പാറ ചേർത്ത് 258 പ്രദേശവുമുണ്ട്. ഇങ്ങനെ പഠനം തുടരുകയാണിദ്ദേഹം. ഇനി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പേര് പതിഞ്ഞുപോയ സ്ഥലങ്ങൾ, സ്ഥലപ്പേർ കേട്ടാൽ ആ പ്രദേശത്തെക്കാൾ ആൾക്കാരെ ഓർമിക്കുന്ന ഇടങ്ങൾ അങ്ങനെ പട്ടിക തയ്യാറാക്കുന്നുണ്ട്. തകഴി, വയലാർ, കോടിയേരി, പിണറായി, ജഗതി, അഴീക്കോട് ഇങ്ങനെ സ്ഥലപ്പേർ ആൾക്കാരുടെ പേരായി മാറിയ കൗതുകം ഒട്ടേറെയുണ്ട്.


ഗൂഗിൾ മാപ്പൊക്കെ എന്ത്..!
അക്കാലത്തെവിടെ ഗൂഗിൾ മാപ്പ്? ബാബുരാജിന്റെ പുസ്തകം കൈയിലുണ്ടെങ്കിൽ വഴി തെറ്റാതെ കേരളത്തിലെവിടെയും എത്താം. ഗൂഗിൾ മാപ്പില്ലാത്ത കാലത്ത് ഒട്ടേറെ സഞ്ചാരികൾക്ക് സഹായമായി ബാബുരാജിന്റെ പുസ്തകങ്ങളിലെ റൂട്ട് മാപ്പും കൃത്യമായ ദൂരവും. ഓരോ ചെറിയ കവലയും രേഖപ്പെടുത്തി അവിടെനിന്ന് ഉൾപ്രദേശങ്ങളിലേക്കുള്ള ദൂരവും വഴിയും രേഖപ്പെടുത്തിയാണ് ആൾക്കാരെ സഹായിച്ചത്.