ചര്‍ച്ചകളുടെ വാരിക്കുഴി / ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്

മലങ്കരസഭാ തര്‍ക്കത്തോട് ബന്ധപ്പെട്ട് ചര്‍ച്ചകള്‍ എന്നു കേള്‍ക്കുമ്പോള്‍ യാക്കോബായക്കാരന്‍റെ മനസില്‍ ലഡു പൊട്ടും. കാരണം അവരെ സംബന്ധിച്ചിടത്തോളം കേസുകളുടെ നൂലാമാലകളില്‍ നിന്നും രക്ഷപെടുവാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അത്. തങ്ങള്‍ക്കെതിരായി വരുന്ന കോടതിവിധികള്‍ നടപ്പാക്കാതിരിക്കാനോ, നടപ്പാക്കുന്നത് വൈകിക്കാനോ മത്രമാണ് അവര്‍ ചര്‍ച്ചകള്‍ ഉപയോഗപ്പെടുത്തിയിരുന്നത്. ആത്മാര്‍ത്ഥമായി പ്രശനം പരിഹരിക്കുവാന്‍ യാക്കോബായക്കാര്‍ ഇന്നുവരെ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ്. ചര്‍ച്ചകളുടെ ചരിത്രം ആദായകാലം മുതല്‍ പരിശോധിച്ചാല്‍ ഇതാണ് മനസിലാകുന്നത്.
ഈ പ്രശ്നം ആരംഭിച്ചകാലത്ത് സംഘര്‍ഷം ഒഴിവാക്കുവാന്‍ അനേക ചര്‍ച്ചകള്‍ നടന്നു. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി ഡമസ്ക്കോസില്‍ പോയി പ. പാത്രിയര്‍ക്കീസ് ബാവയെ കണ്ടു. ഇവിടെ പ്രശ്നം ഉണ്ടാക്കിക്കൊണ്ടിരുന്നവരെ പലരെയും വ്യക്തിപരമായി കണ്ടു. അന്ന് പാത്രിയര്‍ക്കീസിനും അനുയായികള്‍ക്കും പ്രശ്നം പരിഹരിക്കണമെന്ന് ഒരാഗ്രഹവും ഉണ്ടായിരുന്നില്ല. 1974-ല്‍ കേസ് ആരംഭിക്കുന്നതിനുമുമ്പ് കോപ്റ്റിക് സഭയിലെ അമ്പ അത്താനാസ്യോസ് എന്ന ഒരു മെത്രാപ്പോലീത്തയെ ക്ഷണിച്ചുവരുത്തി മദ്ധ്യസ്ഥശ്രമം നടത്തി. പ്രയോജനം ഉണ്ടായില്ല. സമാധാനപരമായി പ്രശ്നം പരിഹരിക്കുവാനുള്ള എല്ലാ വഴികളും അടഞ്ഞപ്പോഴാണ് കേസ് ആരംഭിച്ചത്.
ആദ്യ വട്ടം കേസുകള്‍ 1995-ല്‍ സുപ്രീം കോടതി വിധിയില്‍ അവസാനിച്ചു. അന്ന് സമാധാനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശം കോടതി നല്‍കി. ആ വിധിയുടെ എക്സിക്യൂഷന്‍ പ്രക്രിയ അവസാനിക്കുംവരെ 1934-ലെ ഭരണഘടന അനുസരിക്കുന്ന എല്ലാ മെത്രാന്മാര്‍ക്കും തല്‍സ്ഥിതി തുടരാമെന്ന് കോടതി പറഞ്ഞു. അന്ന് തല്‍സ്ഥിതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ഒട്ടുമിക്ക മെത്രാന്മാരും 1934-ലെ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനയ്ക്ക് വിധേയത്വം ഒപ്പിട്ടു കോടതികളില്‍ കൊടുത്തു. ശ്രേഷ്ഠ കാതോലിക്കായും, മാര്‍ തീമോത്തിയോസ്, മാര്‍ ഗ്രീഗോറിയോസ് എന്നി മെത്രാപ്പോലീത്തന്മാരും ഒപ്പിട്ട രേഖ ഇന്നും ലഭ്യമാണ്. എന്നിട്ടിപ്പോള്‍ പറയുന്നു ഇങ്ങനെ ഒരു ഭരണഘടന ഞങ്ങള്‍ കണ്ടിട്ടില്ല എന്ന്. യാക്കോബായക്കാര്‍ ആസൂത്രണം ചെയ്ത ചതിയായിരുന്നു ആ വിധേയത്വം പ്രഖ്യാപിക്കല്‍.
1995-ലെ വിധിയെ തുടര്‍ന്ന് വൈ.എം.സി.എ. യുടെ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചകളില്‍ സഭ ആത്മാര്‍ത്ഥമായി സഹകരിച്ചു. ചര്‍ച്ചകളുടെ പേരില്‍ വിധി നടത്തിപ്പ് 7 വര്‍ഷം താമസിച്ചതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. സമയം നീട്ടിക്കിട്ടാന്‍ പാത്രിയര്‍ക്കീസ് വിഭാഗം ആസൂത്രണം ചെയ്ത ആത്മാര്‍ത്ഥതയില്ലാത്ത ഗൂഡ തന്ത്രമായിരുന്നു സമാധാന ചര്‍ച്ച.
1995-ലെ വിധി നടത്തിപ്പിനായി ഇരുവരും കോടതി മുമ്പാകെ അംഗീകരിച്ച ജസ്റ്റീസ് മളീമഠിന്‍റെ നിരീക്ഷണത്തില്‍ ഇരുവിഭഗവും സഹകരിച്ച് സഭയുടെ അസോസിയേഷന്‍ നടത്തി പ്രശ്നം പരിഹരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അതു പാലിക്കുവാന്‍ ശ്രമിച്ചപ്പോള്‍ പാത്രിയര്‍ക്കീസ് വിഭാഗം ആ പ്രക്രിയയില്‍ നിസഹകരിച്ചു. ഇവിടെയും സമാധാനം പാലിക്കാനുള്ള നിര്‍ദ്ദേശങ്ങല്‍ യാക്കോബായക്കാര്‍ പാലിച്ചില്ല.
2002-ല്‍ കോടതിവിധിള്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് കോലഞ്ചേരില്‍ സഭയിലെ മൂന്നു മെത്രാപ്പോലീത്തമാര്‍ ഉപവാസം അനുഷ്ടിച്ചു. അന്നത്തെ ഗവണ്‍മെന്‍റെ ഒരു മന്ത്രിസഭ ഉപസമിതിയെ നിയമിച്ചു. അവര്‍ ഒരു രാത്രിമുഴുവന്‍ ചര്‍ച്ചചെയ്ത് എഗ്രിമെന്‍റെ ഉണ്ടാക്കി ഉപവാസം അവസാനിപ്പിച്ചു. എന്നാല്‍ പിറ്റേന്നു തന്നെ ഉപസമിതിയുടെ ഒത്താശയോടെ എഗ്രിമെന്‍റെ ലംഘിക്കപ്പെട്ടു. അന്നത്തെ ഉപസമിതിയുടെ ചെയര്‍മാന്‍ തുടര്‍ന്നുള്ളള ദിവസങ്ങളില്‍ ഒരോ പള്ളിയുടെയും പ്രശ്നങ്ങള്‍ പഠിച്ച് എത്രയും വേഗം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചു. ഉപസമിതിയുടെ ഉദ്ദേശം ആത്മാര്‍ത്ഥമാണെന്ന് ഓര്‍ത്തഡോക്സ് സഭ ധരിച്ചു. പക്ഷെ പിന്നീട് ഒന്നും സംഭവിച്ചില്ല. തിരുമേനിമാരെ ഉപവാസത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കുവാനുള്ള പ്രഹസനം മാത്രമായിരുന്നു ചര്‍ച്ചകള്‍.
2005-ല്‍ ആലുവ തൃക്കുന്നത്തു സെമിനാരി പ്രശ്നത്തില്‍ അന്നത്തെ മുഖ്യമന്ത്രിയുടെയും, ആലുവ പോലീസ് മേധാവിയുടെയും, ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇനി മേലാല്‍ വിശ്വസികള്‍മാത്രമേ സെമിനാരി ചാപ്പലില്‍ പ്രവേശിച്ച് പ്രര്‍ത്ഥന നടത്തൂ എന്ന് എഗ്രിമെന്‍റ് ഉണ്ടാക്കി. അവിടുത്തെ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെടുന്നതുവരെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പാലിക്കപ്പെടണം എന്നാണ് തീരുമാനിച്ചത്. മേല്‍പ്പറഞ്ഞ ശ്രേഷ്ഠ വ്യക്തികള്‍ ഒപ്പിട്ട എഗ്രിമെന്‍റിന്‍റെ മഷി ഉണങ്ങും മുമ്പ് അതും ലംഘിക്കപ്പെട്ടു.
2011-ല്‍ വീണ്ടും കോലഞ്ചേരിപള്ളിക്കേസിലെ വിധി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് പ. കാതോലിക്കാബാവായും മെത്രാപ്പോലീത്തമാരും ഉപവാസം അനുഷ്ടിച്ചപ്പോള്‍ ഒരു മന്ത്രിസഭ ഉപസമിതിയെ നിയമിച്ച് രണ്ടാഴ്ചക്കകം പ്രശ്ന പരിഹാരം ഉണ്ടാക്കുകയോ, പരിഹാരം കാണുന്നില്ല എങ്കില്‍ വിധി നടപ്പാക്കുകയോ ചെയ്യും എന്ന് വാഗ്ദാനം നല്‍കി സര്‍ക്കാര്‍. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഉപസമിതിയെ നിയമിച്ചു. ചര്‍ച്ചകള്‍ മാസങ്ങളോളം നീണ്ടു. ഒരു തീരുമാനവും ഉണ്ടായില്ല. ഉപസമിതി മുന്നോട്ടുവച്ച ഒരു വ്യവസ്ഥയും അംഗീകരിക്കുവാന്‍ യാക്കോബായക്കാര്‍ തയ്യാറായില്ല. കേസു നടത്തിപ്പുകാര്യങ്ങള്‍ കുറെ താമസിപ്പിക്കാന്‍ മാത്രം ആ പ്രക്രിയ ഉപകരിച്ചു. ഉപസമിതിയും ചര്‍ച്ചയും പ്രഹസനങ്ങള്‍ മാത്രമായി അവശേഷിച്ചു.
2013-ല്‍ പിറവം പള്ളി കത്തീഡ്രല്‍ ആയി പ്രഖ്യാപിക്കുന്നതിനോട് അനുബന്ധിച്ച് അവിടെ ഓര്‍ത്തഡോക്സ് സഭ നടത്താനിരുന്ന സമ്മേളനത്തിന്‍റെ അതേ ദിവസം മറുഭാഗം അവരുടെ ഇടവകസംഗമം പള്ളി കോമ്പൗണ്ടില്‍ ക്രമീകരിച്ചു. സംഗതി ക്രമസാധാന പ്രശ്നമായി മാറും എന്നായപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി. ആദ്യ ദിവസം യാക്കോബായക്കാരുടെ സമ്മേളനം നടത്താന്‍ അനുവദിക്കണമെന്നും, അടുത്ത ഞായറാഴ്ച ഓര്‍ത്തഡോക്സ് സഭയ്ക്ക് പള്ളികോമ്പൗണ്ടില്‍, യാക്കോബായക്കാര്‍ സമ്മേളനം നടത്തുന്ന അതേ സ്ഥലത്ത് സമ്മേളനവും മറ്റു പരിപാടികളും നടത്താന്‍ അനുവദിക്കുമെന്നും എഗ്രിമെന്‍റ് ഉണ്ടാക്കി. അതനുസരിച്ച് യാക്കോബായക്കാരുടെ സമ്മേളന ദിവസം ഓര്‍ത്തഡോക്സ് സഭ ഒരു പ്രശ്നവും സൃഷ്ടിച്ചില്ല. എന്നാല്‍ പിറ്റേ ഞായറാഴ്ച ഓര്‍ത്തഡോക്സ് സഭയ്ക്ക് ലഭിക്കേണ്ട ഊഴം വന്നപ്പോള്‍ എഗ്രിമെന്‍റുകള്‍ ലംഘിക്കപ്പെട്ടു. വാക്കു വിശ്വസിച്ച ഓര്‍ത്തഡോക്സ് സഭ വീണ്ടും വഞ്ചിക്കപ്പെട്ടു.
ഇതിനെല്ലാം അതതുകാലത്തെ ഗവണ്‍മെന്‍റുകള്‍ ഒത്താശ ചെയ്തുകൊടുത്തിരുന്നു എന്നതും മറന്നുപോകരുത്. സമാധാന ചര്‍ച്ച എന്നാല്‍ യാക്കോബായ വിഭാഗത്തിന് കോടതിവിധി നടപ്പാക്കല്‍ താമസിപ്പിക്കുന്നതിനും, സാധിക്കുമെങ്കില്‍ അതു മുടക്കുന്നതിനും ഉള്ള ഉപാധികള്‍ മാത്രമാണ്. പലപ്പോഴും ഗവണ്‍മെന്‍റുകള്‍ അറിഞ്ഞോ അറിയാതെയോ അതിന് കൂട്ടുകക്ഷികളായിപ്പോയിട്ടുണ്ട്. ഇപ്പോഴത്തെ ഗവണ്‍മെന്‍റ് വിളിച്ചിരിക്കുന്ന ചര്‍ച്ചയും അത്തരമൊരു പ്രഹസം ആകാതിരിക്കട്ടെ. സര്‍ക്കാരും ആത്മാര്‍ത്ഥതയോടെ സഭയുടെ നിലപാട് മനസിലാക്കുമെന്ന് പ്രതീക്ഷയിലാണ് ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍.