മനുഷ്യസ്വഭാവത്തെയും ധർമ്മനിഷ്ഠമായ ജീവിതത്തെയും കുറിച്ച് / വിശുദ്ധ അന്തോണിയോസ്

വിശുദ്ധനായ മാർ അന്തോണിയോസിന്റെ ചിന്തയിൽ മനുഷ്യസ്വഭാവത്തെയും ധർമ്മനിഷ്ഠമായ ജീവിതത്തെയും കുറിച്ച് നൽകുന്ന പാഠങ്ങൾ:

പാഠം 1
മനുഷ്യരെ പലപ്പോഴും ബുദ്ധിമാന്മാരെന്ന് വിശേഷിപ്പിക്കുന്നത് തെറ്റായാണ്. ധാരാളം അറിവ് നേടിയിട്ടുള്ളവരോ പുരാതനജ്ഞാനികളുടെ ഗ്രന്ഥം വായിച്ചിട്ടുള്ളവരോ അല്ല ബുദ്ധിമാന്മാർ ; മറിച്ചു ബുദ്ധിയുള്ള ആത്മാവും, നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവുമുള്ളവരാണ് ബുദ്ധിമാന്മാർ. അവർ പാപകരമായ പ്രവർത്തികളിൽ നിന്നും ആത്മാവിന് ദോഷം ചെയ്യുന്ന കാര്യങ്ങളിൽ നിന്നും അകന്നു നിൽകുന്നു. അവർ ദൈവത്തോട് കൃതജ്ഞത പുലർത്തുകയും നന്മ നിറഞ്ഞതും ആത്മാവിന് ഗുണകരമായ പ്രവർത്തികളിൽ ഉറച്ചുനിൽകുകയും ചെയ്യുന്നു.

പാഠം 2
ഒരുവൻ എത്രമാത്രം ലളിതജീവിതം നയിക്കുന്നുവോ അയാൾ അത്രമാത്രം സന്തുഷ്ടനായിരിക്കും. എന്തെന്നാൽ അടിമകൾ, കൃഷിവാലന്മാർ, കന്നുകാലിപറ്റങ്ങൽ മുതലായവയുടെ ചുമതലകൾ അയാളെ അലട്ടുകയില്ല. എന്നാൽ ഇത്തരം കാര്യങ്ങളോട് ബന്ധപ്പെട്ടിരിക്കുകയും അവയിൽനിന്നും ഉളവാകുന്ന പ്രേശ്നങ്ങളാൽ തളരുകയും ചെയ്യുമ്പോൾ നാം ദൈവത്തെ പഴിക്കും. അങ്ങനെ നമ്മുടെ യഥാർത്ഥസത്ത എന്താന്നറിയതു, നമ്മുടെ ദുശാഠ്യം നിറഞ്ഞ ആഗ്രഹങ്ങളാൽ മരണത്തെ വളർത്തിയെടുക്കുകയും പാപപൂർണ്ണമായ ഒരു ജീവിതത്തിന്റെ അന്ധകാരത്തിൽ ലക്ഷ്യമില്ലാതെ അലഞ്ഞുതിരികയും ചെയ്യും.

പാഠം 3

ദൈവം നിങ്ങളുടെ ഓരോ പ്രവർത്തിയും കാണുന്നുണ്ടന്നുള്ള കാര്യത്തിൽ സംശയം ഉള്ളവർ ഒന്നു മനസ്സിലാക്കുക; നിങ്ങൾ ഒരു മനുഷ്യനും എന്നാൽ പൊടിയും ആയിരുന്നിട്ടും എന്തുമാത്രം സ്ഥലങ്ങൾ ഒരേ സമയം കണ്ടു മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്. ആ നിലയ്ക്ക്, മനുഷ്യന് കടുകുമണി ദൃഷ്ടിഗോചരമാകുന്നതെങ്ങനെയോ അതുപോലെ സർവ്വ വസ്തുക്കളും ദൃഷ്ടിഗോചരമാകുന്ന ദൈവത്തിന്‌ എത്രയൊ അധികമായി എല്ലാറ്റിനെയും വീക്ഷിക്കുവാൻ സാധിക്കും? അവിടുന്നുതന്നെയാണല്ലോ തന്റെ ഹിതാനുസാരം എല്ലാ സൃക്ഷ്ടികൾക്കും ജീവനും ആഹാരവും നൽകുന്നത്.

പാഠം 4.

മനുഷ്യരുടെ പ്രശംസ കിട്ടുന്നതിനുവേണ്ടിയാകരുത് നാം സുകൃതവും ഭക്തിയും നിറഞ്ഞ ജീവിതം നയിക്കുന്നത് ; മറിച്ചു് നമ്മുടെ ആത്മാവിന്റ രക്ഷക്കുവേണ്ടിയായിരിക്കണം. മരണം ഓരോ ദിവസവും നമ്മുടെ കൺമുമ്പിലുണ്ട്, മനുഷ്യരുടെ പ്രവർത്തികളെല്ലാം അനിശ്ചിതസ്വഭാവമുള്ളവയാണ്.

പാഠം 5.

ദൈവത്തോടുള്ള ആദരവിനാൽ ബലഹീനരോട് കരുണകാണിക്കുകയും കഴിവുണ്ടായിട്ടും തിന്മ ചെയ്യാതിരിക്കുകയും ചെയ്യുന്നവരാണ് “വിശുദ്ധർ” അവർ സൃഷ്ട്ടാവായ ദൈവത്തിന്റെ സ്നേഹത്തിലും നിത്യമായ സന്തോഷത്തിലും വസിക്കുന്നു.

പാഠം 6:

നിങ്ങളെ ഉപദ്രവിക്കുന്നവർക് നന്മ ചെയ്യുക. അപ്പോൾ ദൈവം നിങ്ങളുടെ സുഹൃത്തായിരിക്കും. നിങ്ങൾ ആരെയും കുറ്റം പറയാതിരിക്കുക. സ്നേഹവും സംയമനവും മിതത്വവും ക്ഷമയും ആത്മനിയന്ത്രണവും പരിശീലിക്കുക. എന്തന്നാൽ ഇതുതന്നെയാണ് ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം; തന്നെത്താൻ താഴ്ത്തി എളിമയോട് ദൈവത്തിന്റെ വഴിയിൽ സഞ്ചരിക്കുക. ഇത് എല്ലവർക്കും സാദ്ധ്യമായ കാര്യമല്ല. ആത്മീയമായ ധാരണയുള്ള ഒരാൾക്കുമാത്രമേ ഇത്തരത്തിൽ ജീവിക്കുവാനാകു.

പാഠം 7
തങ്ങൾക്കു കേവലം നിലനില്പിനുവേണ്ടത് മാത്രംകൊണ്ട് ആളുകൾ തൃപ്തിപ്പെടാത് കൂടുതൽ ആഗ്രഹിക്കുമ്പോൾ, അവർ ആത്മാവിനെ അസ്വസ്ഥമാക്കുന്ന വികാരങ്ങളുടെ അടിമകളായിത്തീരുന്നു. തങ്ങൾക്കുള്ളത് തീരെ അപര്യാപ്‌തമാണ് എന്ന ചിന്ത അവരെ അലട്ടുന്നു. ഓട്ട മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് നീണ്ട കുപ്പായങ്ങൾ തടസ്സം സൃഷ്ട്ടിക്കുന്നതുപോലെ ആവശ്യത്തിൽ അധികം ലഭിക്കണം എന്ന ആഗ്രഹം പോരാടുന്നതിനോ രക്ഷിക്കപെടുന്നതിനോ ഒരുവന്റെ ആത്മാവിനെ അനുവദിക്കുകയില്ല. നമ്മുക്കു വേണ്ടി എല്ലാം കരുതുന്ന ദൈവത്തിനു നിരന്തരം നന്ദി പറയാനും നിലയ്ക്കാത്ത ശബ്ദത്തോട് അവിടുത്തെ സ്തുതിക്കുവാനും നമ്മൾ എത്രമാത്രം ബദ്ധശ്രദ്ധരാകണം?

പാഠം 8

നിങ്ങൾ മറ്റുള്ളവരുമായി സംസാരിക്കുബോൾ ഒരു കാരണവശാലും നമ്മുടെ സംഭാഷണം പരുക്കൻ ആകരുത്, എന്തെന്നാൽ വിനയവും ആത്മനിയന്ത്രണവും മനുഷ്യനെ അഴകുള്ളവനാക്കുന്നു. ശരീരത്തിൽ പ്രശോഭിക്കുന്ന സൂര്യപ്രകാശം എന്നപോലെ, ദൈവസ്നേഹം ആസ്വദിക്കുന്ന മനസ്സ്, ആത്മാവിന്റെ മേൽ ജ്വലിക്കുന്ന പ്രകാശമായിത്തീരുന്നു.

പാഠം 9
സത്യവും സ്വയം വെളിപ്പെടുത്തുന്നതുമായ കാര്യങ്ങളെകുറിച്ചൂ ആരെങ്കിലും തർക്കിക്കുകയും എതിർവാദം ഉന്നയിക്കുകയും ചെയ്യുന്നത് കാണുകയാണെങ്കിൽ, തർക്കം അവസാനിപ്പിച്ചു അവിടം വിട്ടു പോകുക. അനാവശ്യമായി തർക്കിക്കുന്നവരുടെ മനസ്സ് മരവിച്ചതാണ്. അവരുടെ പെരുമാറ്റം മൃഗീയമായിരിക്കും അവർ ദൈവത്തെ അറിയുന്നില്ല അവരുടെ ആത്മാവിന് പ്രകാശവുമില്ല. ഉപദ്രവകരമായ സംഭാഷണം സുകൃതസമ്പന്നമായ ജീവിതം നയിക്കുന്നവരെയും അവരുടെ സ്വഭാവത്തെയും ദുഷിപ്പിക്കും. മനസ്സിനെ ഇരുളിലാഴ്ത്തുകയും പ്രാർത്ഥനയുടെ ദീപം അണയ്ക്കുകയും ചെയ്യും.

പാഠം 10.

താത്ക്കാലികമായ സമ്പത്തുകൾ ബലം പ്രയോഗിച്ചു നേടാൻ ശ്രെമിക്കുന്നവർ തങ്ങളുടെ ആഗ്രഹങ്ങൾമൂലം അധാർമ്മികമായി പ്രവർത്തിക്കുന്നു. അവർ മരണത്തെയും ആത്മനാശത്തെയും കുറിച്ച് ചിന്തിക്കുന്നില്ല. ദുഷ്ടതമൂലം മരണാനന്തരം മനുഷ്യൻ അനുഭവിക്കേണ്ടിവരുന്ന ശിക്ഷയെകുറിച്ചു അവർ മനസ്സിലാകുന്നില്ല. സമ്പത്ത്‌ അന്ധനായ വഴികാട്ടിയും ഭോഷനായ ഉപദേഷ്ടവുമാണ് എന്ന് മനസ്സിലാകുക.

പാഠം 11

ദൈവസ്നേഹം അനുഭവിക്കുന്നതും നല്ലവരുമായ ആളുകൾ ദുഷ്പ്രവർത്തികൾ ചെയ്യുന്നവരെ മുഖംനോക്കി ശകാരിക്കുന്നു. എന്നാൽ അവരുടെ അസാന്നിദ്ധ്യത്തിൽ നല്ല ആളുകൾ അവരെ കുറ്റപ്പെടുത്തുകയോ മറ്റുള്ളവരെ അതിനു അനുവദിക്കുകയോ ഇല്ല.

പാഠം 12
നാം ദൈവത്തിൽനിന്നും സ്വീകരിച്ച ആത്മനിയന്ത്രണം, സഹനശക്തി, ആത്മധൈര്യം, ക്ഷമ, മിതത്വം ഈ സദ്ഗുണങ്ങൾ വളർത്തിയെടുകയും അവ നമ്മുടെ അധീനതയിൽ ആകുകയും ചെയ്താൽ നമുക്ക് സംഭവിക്കുന്ന യാതൊന്നും വേദനാജനകമോ ദുഃഖകാരമോ അസഹ്യമോ ആയിരിക്കുകയില്ല. അവയെല്ലാം മാനുഷികമായാ ബലഹീനതകൊണ്ട് സംഭവിക്കുന്നതാണെന്നും നമ്മിലുള്ള സുക്യതംകൊണ്ട് അവയെ കീഴടക്കാൻ സാധിക്കുമെന്നും ഉള്ള ഉൾകാഴ്ച നമ്മളെ ശക്തിപ്പെടുത്തും. നമുക്ക് സംഭവിക്കുന്നതെന്തും നമ്മുടെ നന്മക്കായി ഭവിക്കുന്നതും നമ്മിലുള്ള സുകൃതങ്ങൾ കൂടുതൽ തിളക്കമാർന്നവകയാകുവാനും ദൈവത്താൽ കിരീടമണിയിക്കപ്പെടാനും ഉള്ള സാധ്യതയാകുന്നു.

പാഠം 13
പാപത്തിനെതിരെയുള്ള പോരാട്ടത്തിലൂടെ ദൈവത്തെ സേവിക്കാനും സ്വർഗ്ഗത്തിലെ മാലാഖമാരെപോലെ ജീവിക്കുവാനുമുള്ള യോഗ്യത നമ്മൾ നേടുന്നത്. നമ്മുക്ക് വേണമെങ്കിൽ വികാരങ്ങളുടെ അടിമയായിക്കഴിയാം; വേണമെങ്കിൽ വികാരങ്ങൾക്ക് കീഴടങ്ങാതെ അതിൽനിന്നും മോചിതരാകാം. എന്തെന്നാൽ സ്വതന്ത്രമായ ഇച്ഛാശക്തിയോടാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. മാംസത്തിന്റെ വികാരങ്ങളെ അതിജീവിക്കുന്നവന് അനശ്വരതയുടെ കീരീടം ലഭിക്കും. ദുർവികാരങ്ങൾ ഇല്ലായിരുന്നുവെങ്കിൽ സുകൃതങ്ങളും ഉണ്ടാകുമായിരുന്നില്ല അതുകൊണ്ട് തന്റെ ആത്മാവിനെ നേടുകയെന്നതു മാത്രമാണ് ഭദ്രവും അവമതിക്കാൻ പാടില്ലാത്തതുമായ സാമ്പത്തും.

പാഠം 14.
ദൃശ്യമായ വസ്തുക്കളെ തിരിച്ചറിയാൻവേണ്ടിയാണ് ദൈവം നമ്മുക്ക് കാഴ്ചശക്തി തന്നിരിക്കുന്നത് – കറുപ്പ് എന്താണെന്നും വെളുപ്പ് എന്താണെന്നുമൊക്കെ-,ഇതുപോലെതന്നെ ആത്മാവിന് പ്രയോജനപ്രദമായവ തിരിച്ചറിയുവാനാണ് ദൈവം നമ്മുക്ക് ബുദ്ധി തന്നിരിക്കുന്നത്. മനസ്സിന് നിരക്കാത്ത ആഗ്രഹങ്ങൾ വിഷയസുഖങ്ങളുണ്ടാക്കുന്നു, അതു രക്ഷയിൽനിന്നും ദൈവത്തോടുള്ള ഐക്യത്തിൽനിന്നും ആത്മാവിനെ തടയുന്നു. വീടിന്റെ വാതിൽ അടച്ചു ഒറ്റയ്ക്കായിരിക്കുബോഴും നമ്മൾ ഒറ്റയ്ക്കല്ല, ദൈവം നമുക്കായി നിയോഗിച്ച മാലാഖ നമ്മോടൊപ്പം ഉണ്ടായിരിക്കും. ഉറക്കമില്ലാത്ത ഈ നമ്മുടെ മാലാഖയെ ഒന്നും മറക്കുവാൻ ആർക്കും സാധിക്കില്ല.

പാഠം 15.
ഒരു സത്രത്തിൽ എത്തുന്ന ആളുകളിൽ ചിലർക്ക് കിടക്കലഭിക്കുന്നു. മറ്റു ചിലർക്കാകട്ടെ നിലത്തു കിടന്നുറങ്ങേണ്ടിവരുന്നു. നിലത്തു കിടന്നുറങ്ങുന്നവരും കിടക്കയിൽ കിടക്കുന്നവരും ഒരേപോലെ കൂർക്കംവലിച്ചുറങ്ങുന്നു. പിറ്റേന്ന് കാലത്തു അവരവർ തങ്ങളുടെ സാധനങ്ങൾ മാത്രം എടുത്തുകൊണ്ട് ഓരോരുത്തരും തിരിച്ചുപോകുന്നു. ഇതുപോലെതന്നെ ഈ ജീവിതത്തിലേക്ക് വരുന്നവരിൽ എളിമയോട് ജീവിക്കുന്നവരും സമ്പത്തിലും ആഡംബരത്തിലും ജീവിക്കുന്നവരും ഏതാനും വർഷങ്ങൾക്കുശേഷം ഒരു സത്രത്തിൽനിന്നെന്നതുപോലെ ഈ ജീവിതത്തിൽ നിന്ന് തിരികെ പോകുന്നു. ഈ ലോകത്തിന്റെ സുഖങ്ങളും സന്തോഷങ്ങളും ആർക്കും കൊണ്ടുപോകാൻ കഴിയുന്നില്ല. മറിച്ചു നല്ലതോ ചീത്തയോ ആയ കഴിഞ്ഞകാല പ്രവർത്തികൾ മാത്രമാണ് ഓരോരുത്തരും കൂടെ കൊണ്ടുപോകുന്നത്. ഈ കാര്യം ഗ്രഹിച്ചുകൊണ്ടു ജീവിതം ക്രമപ്പെടുത്തുക. എല്ലായ്‌പോഴും ദൈവത്തിനു നന്ദി പറയുക.

പാഠം 16.
ചെമ്പിൽ ക്ലാവ് എന്നതുപോലെയും ശരീരത്തിൽ അഴുക്കെന്നതുപോലെയും തിന്മ ഒരുവന്റെ സ്വഭാവത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ചെമ്പുപാത്രം നിർമ്മിക്കുന്ന ആളല്ല ക്ലാവുണ്ടാക്കിയത്, ഒരു കുട്ടിയുടെ മാതാപിതാക്കളല്ല അവന്റെ ദേഹത്തെ അഴുക്കിന് കാരണക്കാർ. ഇതുപോലെ തിന്മയെ സൃഷ്ട്ടിച്ചത് ദൈവമല്ല. തിന്മ തനിക്കു ശിക്ഷാകാരവും ഹാനികരവും ആണ് എന്നു മനസ്സിലാക്കി അതിനെ ഒഴിവാക്കേണ്ടത്തിന് ദൈവം മനുഷ്യന് അറിവും വിവേകവും നൽകിയിട്ടുണ്ട്. വിവേകം ബുദ്ധിയുടെ ദാസനാണ്, ബുദ്ധിയെന്തു തീരുമാനിക്കുന്നുവോ, അത് വിവേകം ഉൾക്കൊള്ളുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഈ ചിന്ത നമ്മെ എപ്പൊഴും ഭരിക്കട്ടെ.

പാഠം 17.
ദൈവം സന്തോഷിക്കുകയോ കോപിക്കയോ ചെയ്യുന്നില്ല. കാരണം സന്തോഷവും കോപവും വികാരങ്ങളാണല്ലോ. ദൈവത്തിനു സന്തോഷമോ അതൃപ്തിയോ തോന്നുന്നുവെന്ന് മാനുഷിക രീതിയിൽ സങ്കല്പിക്കുന്നത് ശരിയല്ല. അവിടുന്ന് നല്ലവനാണ്. അവിടുന്ന് എല്ലായ്‌പോഴും അനുഗ്രഹങ്ങൾ ആണ് വർഷികുന്നത്. ദൈവം നമ്മോടു കോപിക്കുന്നില്ല ; എന്നാൽ നമ്മുടെ പാപങ്ങൾ, നമ്മുടെ ഉള്ളിൽ പ്രകാശിക്കുന്ന ദൈവത്തെ മറയ്ക്കുകയും നമ്മെ ശിക്ഷിക്കുന്ന പിശാചുക്കൾക്കു വിധേയരാക്കിത്തീർക്കുകയും ചെയ്യുന്നു. പാപത്തിന്റെ ആരംഭമായ ആഗ്രഹം നമ്മുടെ ആത്മാവിനെ നശിപ്പിക്കുന്നു. രക്ഷയുടെയും സ്വർഗ്ഗരാജ്യത്തിന്റെയും ആരംഭമാവട്ടെ സ്നേഹം ആണ്.

പാഠം 18.
ദൈവത്തിന്റെ സ്നേഹം ആസ്വദിച്ചുകൊണ്ട് വിശുദ്ധജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നവർ വ്യർത്ഥാഭിമാനത്തിൽനിന്നും പോള്ളയും മിഥ്യയുമായ അഹന്തയിൽനിന്നും തങ്ങളെത്തന്നെ വിടുവിക്കണം. തങ്ങളുടെ ജീവിതശൈലിയെയും ചിന്തയെയും നേർവഴിക്കു കൊണ്ടുവരാൻ അവർ ശ്രെമിക്കേണ്ടതുണ്ട്. കാരണം ദൈവസ്നേഹം നിശ്ചലതയോട് ആസ്വദിക്കുന്ന മനസ്സ്‌, ദൈവത്തിലേക്ക് ആരോഹണം ചെയ്യാനുള്ള മാർഗമായിത്തീരുന്നു.

പാഠം 19.
ദൈവസ്നേഹം ആസ്വദിച്ചുകൊണ്ട് വിശുദ്ധ ജീവിതത്തിന്റെ പാത പിന്തുടരുന്നവർ ആത്മാവിന്റെ സുകൃതങ്ങളെ പോഷിപ്പിക്കുന്നു. കാരണം ആത്മാവാണ് അവരുടെ സമ്പന്നതയും അനന്തമായ സന്തോഷവും. ദൈവഹിതമനുസരിച്ചു തങ്ങൾക്കു ലഭിക്കുന്ന താത്ക്കാലിക സന്തോഷങ്ങളെ അവർ സ്വീകരിക്കുന്നു. ഇവ അപൂർവമാന്നെങ്കിലും അവർ സന്തോഷത്തോടും കൃതജ്ഞതയോടും കൂടെയാണ് സ്വീകരിക്കുന്നത്. രുചികരമായ ഭക്ഷണം ശരീരത്തെ പോഷിപ്പിക്കുന്നു. എന്നാൽ ദൈവത്തെക്കുറിച്ചുള്ള അറിവ്, ആത്മനിയന്ത്രണം, നന്മ, കാരുണ്യം, ഭക്തി, സൗമ്യത എന്നീ സദ്ഗുണങ്ങൾ ആത്മാവിനെ ദൈവീകരിക്കുന്നു.

പാഠം 20.
ഓരോ കൈത്തൊഴിൽ വിദഗ്‌ദ്ധനും താൻ ഉപയോഗിക്കുന്ന വസ്തുവിലൂടെയാണ് തന്റെ വൈദഗ് ദ്ധ്യം തെളിയിക്കുന്നത് ; ഒരാൾ തടിയിലാന്നെങ്കിൽ മറ്റൊരാൾ ചെമ്പിലും, കളിമണ്ണിലും , സ്വർണ്ണത്തിലും, വെള്ളിയിലും തങ്ങളുടെ കഴിവ് പ്രകടമാക്കുന്നു. ഇതുപോലെതന്നെ, വിശുദ്ധ ജീവിതം ആഗ്രഹിക്കുന്നവർ കേവലം ബാഹ്യപ്രകടനത്തിലൂടെയല്ല മനുഷ്യരാന്നെന്നു കാണിക്കേണ്ടത്. പ്രത്യുത, ആത്മാവിന്റെ ഫലങ്ങളിലൂടെയാണ് ദൈവസ്നേഹം വെളിവാക്കുന്നത്. ഇതേരീതിയിൽ വിശുദ്ധ ജീവിതം ആഗ്രഹിക്കുന്നവർ ദൈവത്തിന്റെ ഇച്ഛയ്ക്കനുസൃതമായ കാര്യങ്ങൾ ചെയ്യുവാൻ പഠിക്കുകയും പരിശീലിക്കുകയും പൂർണ്ണശക്തിയിലൂടെ ദൈവത്തെ കാംക്ഷിക്കുകയും വേണം.

പാഠം 21.
നമ്മൾ നമ്മുടെ ആന്തരീകസ്വഭാവത്തെ പരിശോധിക്കുക; മാനുഷിക അധികാരികൾക്ക് ശരീരത്തിന്മേൽഅല്ലാത് ആത്മവിന്മേൽ യാതൊരു അധികാരവും ഇല്ലെന്ന വസ്തുത എപ്പൊഴും ഓർമ്മിക്കുക. ആയതിനാൽ ആത്മാവിനെ ദുഷിപ്പിക്കുന്ന എന്തെങ്കിലും ചെയ്യാൻ ആരെങ്കിലും നമ്മോട് ആജ്ഞാപിച്ചാൽ, പ്രേരിപ്പിച്ചാൽ, അവർ നമ്മുടെ ശരീരത്തെ പീഡിപ്പിച്ചാൽപോലും, നമ്മൾ അവരെ അനുസരിക്കേണ്ടതില്ല. എന്തെന്നാൽ, ദൈവം ആത്മാവിനെ സ്വാതന്ത്രമായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവും നമ്മുക്ക് തന്നിട്ടുണ്ട്. ദൈവത്തെ അറിയുവാനുള്ള അറിവ് നന്മയാണ്.