ഒരു അസോസിയേഷന്‍ നിരോധന ഉത്തരവിന്‍റെ കഥ / ഡെറിന്‍ രാജു


2006 സെപ്തംബര്‍ 21-നു പരുമല സെമിനാരിയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചില പ്രത്യേകതകള്‍ ഉള്ള ഒന്നായിരുന്നു. അതില്‍ ഒന്ന് ഈ ചെറിയ സഭയെ ദൈവം എപ്രകാരം കരുതുന്നു എന്നതിന്‍റെ മികച്ച ഒരു ദൃഷ്ടാന്തമായിരുന്നു ആ അസോസിയേഷന്‍ യോഗം എന്നതായിരുന്നു. അസോസിയേഷന്‍ കൂടുന്നതിനെ നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് സഭയെ ആകമാനം ആശങ്കയിലാഴ്ത്തി. തുടര്‍ന്ന് അസോസിയേഷന്‍ കൂടുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടി വയ്ക്കുവാന്‍ സഭ തീരുമാനിച്ചു. എന്നാല്‍ അസാധ്യ കാര്യങ്ങളെ സാധിക്കുമാറാക്കുന്ന ദൈവകൃപ മലങ്കര സഭ അറിഞ്ഞ സമയമായിരുന്നു അത്. മാര്‍ത്തോമ്മാ ശ്ലീഹായുടെ മദ്ധ്യസ്ഥതയുടെ ആഴവും.
2006 അസോസിയേഷന്‍

മലങ്കരയുടെ ഏഴാമത്തെ കാതോലിക്കായായി പ. ബസേലിയോസ് ദിദിമോസ് പ്രഥമന്‍ ബാവാ 2005 ഒക്ടോബര്‍ 31-നു സ്ഥാനമേറ്റു. അദ്ദേഹത്തെ 1992-ല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുത്തിരുന്നു. സ്ഥാനമേല്‍ക്കുന്ന സമയത്ത് തന്നെ 85 വയസ്സോളം പ്രായമുണ്ടായിരുന്ന പ. പിതാവിനു ഉടനെ തന്നെ ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കേണ്ടത് മലങ്കര സഭയുടെ സവിശേഷ സാഹചര്യത്തില്‍ ആവശ്യമായിരുന്നു. തുടര്‍ന്ന് സഭാ സമിതികള്‍ യോഗം ചേരുകയും കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തിരഞ്ഞെടുക്കുവാന്‍ മലങ്കര അസോസിയേഷന്‍ 2006 സെപ്തംബര്‍ 21-നു പരുമല സെമിനാരിയില്‍ കൂടുവാന്‍ നിശ്ചയിക്കുകയും ചെയ്തു.

കോടതിയിലേക്ക്

മറ്റ് ഓര്‍ത്തഡോക്സ് സഭകളുടെ തിരഞ്ഞെടുപ്പ് രീതി പരിശോധിച്ചാല്‍ പാത്രിയര്‍ക്കീസിന്‍റെയോ കാതോലിക്കായുടെയോ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നത് അവരുടെ കാലശേഷമാണ്. എന്നാല്‍ മലങ്കരയിലെ സവിശേഷ സാഹചര്യം അതില്‍ നിന്ന് നമ്മെ വിലക്കുന്നു. ഒരു വിഘടിത വിഭാഗം സഭയ്ക്കുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നിലനില്‍ക്കുന്നതുകൊണ്ട് മൂന്നാം കാതോലിക്കാ മുതലുള്ളവര്‍ തങ്ങളുടെ ജീവിതകാലത്ത് തന്നെ പിന്‍ഗാമിയെ തിരഞ്ഞെടുത്തു പോന്നിരുന്നു. പലപ്പോഴും ഇത്തരം തിരഞ്ഞെടുപ്പുകള്‍ക്കെതിരായി വിഘടിത വിഭാഗം കോടതിയില്‍ പോയിരുന്നു എന്നതും നമുക്ക് കാണാവുന്നതാണ്. അതേ സാഹചര്യമാണ് 2006-ലും ഉണ്ടായത്. പ. ബസേലിയോസ് ദിദിമോസ് പ്രഥമന്‍ ബാവാ കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിനെ വിലക്കണമെന്ന ആവശ്യവുമായി വിഘടിത പക്ഷം എറണാകുളം മുന്‍സിഫ് കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു. 1992-ലാണ് കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി മലബാര്‍ മെത്രാസനത്തിന്‍റെ തോമസ് മാര്‍ തീമോത്തിയോസിനെ തിരഞ്ഞെടുത്തത്. എന്നാല്‍ 2002-ലാണ് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം അസോസിയേഷന്‍ കൂടി മലങ്കര മെത്രാപ്പോലീത്തായുടെ തിരഞ്ഞെടുപ്പ് നടത്തിയത്. അതിനാല്‍ തന്നെ അതിനു മുമ്പുള്ള തീരുമാനം നിലനില്‍ക്കുകയില്ല എന്നും തന്മൂലം ദിദിമോസ് പ്രഥമന്‍ ബാവായുടെ സ്ഥാനം സാധുവല്ല എന്നതുമായിരുന്നു ഏകദേശ വാദം. വാദം കേട്ട കോടതി വിഘടിത പക്ഷത്തിന്‍റെ വാദം അംഗീകരിച്ച് പ. ദിദിമോസ് പ്രഥമന്‍ ബാവാ മലങ്കര അസോസിയേഷന്‍ വിളിച്ചു കൂട്ടുന്നതിനെ നിരോധിച്ച് ഉത്തരവായി. ഈ നിരോധനം പിറ്റേ ദിവസത്തെ പത്രങ്ങളില്‍ വലിയ വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് അതിനെതിരെ സഭ ജില്ലാക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. വാദം കേട്ടശേഷം സെപ്തംബര്‍ 16-നു വിധി പറയാന്‍ മാറ്റി. എന്നാല്‍ അപ്രതീക്ഷിതമായി വിധി പറയുന്നത് സെപ്തംബര്‍ 22-ലേക്ക് മാറ്റുകയുണ്ടായി. സെപ്തംബര്‍ 21-നു ചേരാന്‍ നിശ്ചയിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും തുടര്‍ന്ന് പ്രതിസന്ധിയിലായി. സഭാ സമിതികള്‍ യോഗം ചേര്‍ന്ന് എന്താണ് അടുത്ത മാര്‍ഗമെന്ന് ആലോചിച്ചു. പ. ബാവാ തിരുമേനിക്കു അസോസിയേഷന്‍ വിളിച്ചുകൂട്ടാന്‍ സാധിക്കാതെ വന്നാല്‍ വൈസ് പ്രസിഡണ്ടുമാര്‍ യോഗം വിളിച്ചു കൂട്ടി ബാവായുടെ തിരഞ്ഞെടുപ്പ് അംഗീകരിക്കണമെന്നു തീരുമാനമായി. എന്നാല്‍ ദൈവം അത്ഭുതകരമായി ഇടപെടുകയായിരുന്നു.

ദൈവിക ഇടപെടല്‍

സെപ്തംബര്‍ 22-നു വിധി പറയാന്‍ തീരുമാനമെടുത്തത്, സെപ്തംബര്‍ 21-നു അസോസിയേഷന്‍ ചേരുന്നത് അസാധ്യമാക്കി. എന്നാല്‍ അപ്രതീക്ഷിതമായി കോടതി സെപ്തംബര്‍ 20-നു വിധി പ്രഖ്യാപിച്ചു. മുന്‍സിഫ് ഉത്തരവ് പൂര്‍ണമായി അസ്ഥിരപ്പെടുത്തിക്കൊണ്ടുള്ള വിധി പ്രഖ്യാപനമായിരുന്നു അത്. “കാതോലിക്കാ ബാവാ, മലങ്കര മെത്രാപ്പോലീത്താ എന്നീ നിലകളില്‍ മലങ്കര അസോസിയേഷന്‍റെ മാനേജിംഗ് കമ്മിറ്റി, വര്‍ക്കിംഗ് കമ്മിറ്റി യോഗങ്ങളും സഭാ സുന്നഹദോസും ദിദിമോസ് പ്രഥമന്‍ ബാവായ്ക്ക് വിളിച്ചു ചേര്‍ക്കാം” എന്ന് വിധി ന്യായത്തില്‍ വ്യക്തമാക്കി.

മലങ്കര അസോസിയേഷന്‍ വിളിച്ചു ചേര്‍ക്കുന്നതില്‍ നിന്ന് ദിദിമോസ് പ്രഥമന്‍ ബാവായെ തടഞ്ഞ് മുന്‍സിഫ് കോടതി ഉത്തരവ് അഡീഷണല്‍ ജില്ലാ ജഡ്ജി അശോക് മേനോന്‍ റദ്ദാക്കി. മലങ്കര മെത്രാപ്പോലീത്തായായിരുന്ന പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാലം ചെയ്ത ശേഷം കഴിഞ്ഞ എട്ടു മാസമായി ദിദിമോസ് പ്രഥമന്‍ കാതോലിക്കായായും മലങ്കര മെത്രാപ്പോലീത്തായായും പ്രവര്‍ത്തിച്ചു വരികയാണെന്നും അതില്‍ ഇടപെടാനാവില്ല എന്നും കോടതി പറഞ്ഞു. 1995-ലെ സുപ്രീംകോടതി വിധിക്കു മുമ്പ് തന്നെ നിയുക്ത മലങ്കര മെത്രാപ്പോലീത്തായായും കാതോലിക്കായായും ദിദിമോസ് പ്രഥമന്‍ ബാവായെ നിശ്ചയിച്ചിരുന്നതാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. മലങ്കര മെത്രാപ്പോലീത്തായായുള്ള തന്‍റെ നിയമനം അംഗീകരിപ്പിക്കാന്‍ വേണ്ടിയല്ല ദിദിമോസ് പ്രഥമന്‍ ബാവാ മലങ്കര അസോസിയേഷന്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. നിയമനത്തില്‍ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അസോസിയേഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. മലങ്കരസഭാ ഭരണഘടന അനുസരിച്ച് മലങ്കര മെത്രാപ്പോലീത്തായെ മുന്‍കൂട്ടി തീരുമാനിക്കുന്നതിന് തടസ്സമില്ല. കാതോലിക്കാ ബാവാ, മലങ്കര മെത്രാപ്പോലീത്തായുടെ പദവി വഹിക്കുന്നതിനും നിയമാവലി പ്രകാരം വിലക്കില്ല എന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

അസോസിയേഷന്‍ കൂടുന്നു

ഒരുക്കങ്ങള്‍ക്കായി ശേഷിച്ചത് ഒരു രാത്രി മാത്രമായിരുന്നു. എങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ തെളിയുന്ന ഒരുമയുടെ നിദര്‍ശനമായി നിശ്ചിത സമയത്തും സ്ഥലത്തും തന്നെ അസോസിയേഷന്‍ കൂടുവാന്‍ സാധിച്ചു. പിന്‍ഗാമിയെ തിരഞ്ഞെടുക്കുക എന്നതിനായി ഈ അസോസിയേഷന്‍റെ തുടര്‍ യോഗം ഒക്ടോബര്‍ 12-നു കൂടുവാന്‍ തീരുമാനിച്ചു. 1971 ജനുവരി 1 മുതല്‍ 2002 2002 മാര്‍ച്ച് 20 വരെയുള്ള എല്ലാ അസോസിയേഷന്‍, സുന്നഹദോസ് നിശ്ചയങ്ങളും യോഗത്തില്‍ അംഗീകരിച്ച് പാസാക്കി. തുടര്‍ന്ന് ഒക്ടോബര്‍ 12-നു തുടര്‍യോഗം കൂടി നിയുക്ത കാതോലിക്കാ, നിയുക്ത മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്കു പൗലോസ് മാര്‍ മിലിത്തിയോസിനെ തിരഞ്ഞെടുത്തു. സഭ ഒരു വെല്ലുവിളിയെക്കൂടി ദൈവകൃപയില്‍ അതിജീവിച്ചു.

ഉപസംഹാരം

മലങ്കരസഭ ഇന്നയോളം നിലനിന്നത് ദൈവകൃപയിലാണ്. മാര്‍ത്തോമ്മാ ശ്ലീഹായുടെ മദ്ധ്യസ്ഥത അതിന് എക്കാലവും കോട്ടയായി ഉണ്ടായിരുന്നു. പല പല ‘ഉണ്ടയില്ലാ വെടികള്‍’ ഈ അടുത്ത കാലത്തും നമ്മള്‍ കേള്‍ക്കുന്നുണ്ട്. അസോസിയേഷനെതിരെ കേസ്, പ. ബാവാ തിരുമേനിയും മെത്രാപ്പോലീത്തന്മാരുടെയും സ്ഥാന സാധുതയെ സംബന്ധിച്ച കേസുകള്‍ അങ്ങനെ പലതും. പരിഗണിക്കാന്‍ പോലും മെറിറ്റില്ലാത്ത അത്തരം കേസുകള്‍ മലങ്കരസഭയെ ബാധിക്കുകയില്ല. കുറച്ചുപേരെ കുറേക്കാലത്തേക്ക് കൂടി വിഡ്ഢികളാക്കാം എന്നതില്‍ കവിഞ്ഞ് അവയ്ക്കൊന്നും നിലനില്‍പ്പില്ല. ചരിത്രത്തിന്‍റെ ചുവടു പിടിച്ച് അത് ഒന്ന് ഓര്‍മ്മിപ്പിച്ചു എന്നു മാത്രം.