ഇനിയും എങ്ങും എത്താത്ത സമാധാനം / വി. ജി. ഷാജി അബുദബി


ദൈവം മഷിചാലിച്ചെഴുതിയ ഒരു സുപ്രധാന വിധി.വിധി വന്നിട്ട് മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു. സമാധാനം ഒരു മരീചിക ആയി നിൽക്കുന്നു.വിധി നടത്തിപ്പിനുശേഷവും, ശാശ്വതസമാധാനം ഒരു ചോദ്യചിഹ്നം പോലെ. ഈ സാഹചര്യങ്ങൾ നമ്മൾക്ക് ഒരു പുനർവിചന്തനത്തിന്‌ വഴി ഒരുക്കുമെങ്കിൽ എന്ന് ആശിക്കുന്നു.

ഒരുമിച്ച് ആരാധിക്കുന്ന ഒരാരാധനാസമൂഹത്തിനായി നമ്മുക്ക് ഒന്നായി പ്രാർത്ഥിക്കാം, പ്രയത്നിക്കാം. 1958 കാലഘട്ടങ്ങളിലെ നേട്ടങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളുവാനും, കോട്ടങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുവാനും,

ശാശ്വത സമാധാനപ്രകീയകൾക്ക് നിയമപരമായ പരിരക്ഷ നൽകി കാലഘട്ടത്തിന്റെ മാനങ്ങൾ ഉൾകൊണ്ട് നമ്മുക്ക് ഒരു ശ്രേഷ്ഠമാതൃകയാകാം.

പരാജയം സംഭവിക്കുമ്പോൾ പോലും, യാക്കോബായ വിഭാഗം ഒരു വീണ്ടുവിചാരത്തിന് തയ്യാറാകുന്നില്ലായെന്നത് തികച്ചും ഖേദകരമാണ്. കോടതിവിധികളെ മാനിക്കാതെ വളയം ഇല്ലാതെ ചാടുവാൻ ആർക്കും കഴിയുകയില്ലായെന്ന സത്യം അവർ ഓർക്കണം. 1934-ലെ സഭാഭരണഘടനയും, 2017-ലെ ജൂലൈ 03- നുണ്ടായ പഴുതുകൾ അടച്ചുണ്ടായ ബ. സുപ്രീംകോടതിവിധിയും അർഥശങ്കയെന്യേ മാനിക്കപ്പെടണം. നിർണ്ണായകമായ ആ വിധിയുടെ 28-മത്തെ Clause -ൽ, കോടതി നടത്തിയ നിരീക്ഷണം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ‘രണ്ടു വിഭാഗങ്ങളും തങ്ങൾ വിശ്വസിക്കുന്ന വിശുദ്ധമതത്തിന്റെ നന്മക്കായി തങ്ങളുടെ അഭിപ്രായഭിന്നത പരിഹരിക്കുന്നതിന് ഒരു പൊതുവേദിസ്രഷ്ടിച്ച് പരിഹാരം കണ്ടത്തേണ്ടതാണ്. ഒഴിവാക്കാവുന്നതും, സഭയെ ജീർണ്ണിപ്പിക്കുന്നതുമായ സ്ഥിതി സംജാതമാക്കുന്ന മേലിലുള്ള കലഹവും, അസമാധാനവും ഇല്ലാതാക്കുന്നതിനിതാവശ്യമാണ്.’
ഇന്നിന്റെ സമൂഹത്തിൽ ക്രിസ്തീയസാക്ഷ്യം മഹത്വവൽക്കരിക്കുവാനും, വരുംതലമുറക്ക് ശാശ്വതസമാധാനത്തോടെ ആരാധിക്കുവാനും കഴിഞ്ഞാൽ നാം കൃതാർത്ഥരാണ്. പ്രശ്നങ്ങളെ ലഘൂകരിപ്പാനും, കൂട്ടായ ചർച്ചകളിലൂടെ നിയമപരിരക്ഷക്കുള്ളിൽ നിന്നുകൊണ്ട് പുതിയൊരു കാൽവെപ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാനുള്ള ചിന്താശേഷിയും,ഇച്ഛാശേഷിയുമുള്ള സഭാനേതൃത്വം നമുക്കുണ്ടെന്ന് അഭിമാനിക്കാം. 1958-ലെ പരിശുദ്ധസഭയിലെ യോജിപ്പിന്റെ നല്ലവശങ്ങൾ, നേട്ടങ്ങൾ,പ്രത്യേകിച്ച് വടക്കൻമേഖലയിൽ ഉണ്ടായിട്ടുള്ളത്, 1970 -കളിലെ വീണ്ടും ഉണ്ടായ പിളർപ്പിനു ശേഷമാണ്, ഒരുപക്ഷേ, നമ്മുക്ക് കൂടുതൽ അനുഭവവേദ്യമായത്. ആ മേഖലയിൽ ഉണ്ടായിട്ടുള്ള ആത്മീയവും, ഭൗതികവുമായ നേട്ടങ്ങൾ നമ്മൾ വിസ്മരിച്ചു കൂടാ. പ്രമുഖരായ വൈദികർ, സമൂഹത്തിൽ ഇടംപിടിച്ചഅല്‌മായ പ്രമുഖകർ,സ്ഥാപനങ്ങൾ, ആ കാലയളവിലെ സമാധാനം ഉണ്ടാക്കിയ വളർച്ച ഇവ ഒന്നും നമ്മൾക്ക് തമസ്കരിക്കുവാൻ പറ്റുന്നതല്ല.

വടക്കൻ മേഖലയിലുള്ള നമ്മുടെ പ്രിയ സഹോദരരുടെ പ്രശ്നങ്ങളും, വിഷമങ്ങളും ഒട്ടും ലഘുവായി കാണുന്നുമില്ല. നമ്മുടെ തലമുറകൾ ഇനിയും സമാധാനത്തോടെ ഐക്യതയിൽ പോകുന്നതിനുള്ള തീവ്രമായ അഭിനിവേശം പരിശുദ്ധാത്മാവിൽ നമ്മിൽ അങ്കുരിക്കണം.ജയിച്ചവൻ, തോൽവി സംഭവിച്ചവനെ മാനിക്കണം. “നിന്നോട് വ്യവഹരിച്ച് നിന്റെ വസ്ത്രം എടുപ്പാൻ ഇഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.” വി.മത്തായി 5:40, എന്നത്, പ.സഭയുടെ ശൈലിഎങ്ങനെയായിരിക്കണമെന്ന് നമ്മെ എത്തിനോക്കിപ്പിക്കുന്ന ഒരു വേദവാക്യമാണ്. നമ്മുടെ വിശ്വാസാചാരങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ച്, ഒന്നിച്ചാരാധിക്കുന്ന ദൈവജനമായി നമ്മുക്ക് മുന്നോട്ട് ബഹുകാതം യാത്ര ചെയ്‌യേണ്ടതായിട്ടുണ്ട്. സഹനത്തിനും,വിട്ടുവീഴ്ചക്കും നമ്മുക്ക് കഴിയണം. സ്നേഹമാണ് നമ്മുടെ പരിശുദ്ധ സഭയുടെ അടിസ്ഥാനപ്രമാണം. അടിസ്ഥാനം ഇളകിയാൽ വീഴ്ചയാകും ഫലം.

നമ്മിലെ സ്വാർത്ഥത മാറ്റാം, തിരുസഭയുടെ ഈ ലോകത്തിലേക്കുള്ള വിളിയെകുറിച്ച് നല്ല അവബോധം ഉള്ളവരാകാം. മൂലകാര്യങ്ങളിൽ നീക്കുപോക്കില്ലാതെ, സമാധാനശ്രമങ്ങൾ ഉണ്ടാകട്ടെ. പരിശുദ്ധ കാതോലിക്കാബാവ, മറുപക്ഷത്തുള്ള വിശ്വാസികളുടേയും പ്രധാനഇടയൻ എന്ന നിലയിൽ, മറുഭാഗത്തു നിന്നും, ഒന്നിപ്പിന് ആഗ്രഹിക്കുന്നവരേയും പൂർണ്ണമായി മനസ്സിലാക്കുവാനും,പര്സപര ധാരണയോടെ, ആദരവോടെ സഹർഷം ഉൾക്കൊള്ളുവാനും,അങ്ങനെ, ദൈവനാമം കീർത്തിപ്പെടുവാനും, മഹത്വപ്പെടുവാനും ഇടയാകട്ടെ. ഈ വഴിക്കുള്ള ചിന്തകളും, ആശയങ്ങളും രൂപപ്പെട്ട് ജീവൻപ്രാപിപ്പാൻ പ.സഭയുടെ ഭരണഘടനാനുസൃത സമിതികളായ Holy Episcopal Synod, Working Committee, Managing Committee, Malankara Syrian Christian Association എന്നിവ യഥായോഗ്യം കൂടപ്പെട്ട് ആലോചനകൾ നടക്കണം. ഉത്തമതീരുമാനങ്ങൾ ഉണ്ടാകണം. നിർമ്മല മനഃസാക്ഷിയിൽ അത് നടപ്പാക്കപ്പെടുകയും വേണം. ദൈവാത്മാവിൽ ശരണപ്പെട്ട്,

V. G. Shaji, Member, Managing Committee, Malankara Orthodox Syrian Church.
12.8.2020.