പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 1965-ലെ ഇത്യോപ്യ സന്ദര്‍ശനം മലങ്കര സഭയ്ക്കു ഏറെ പ്രത്യേകതയുള്ളതാണ്. അഡിസ് അബാബയില്‍ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അന്നത്തെ പരിശുദ്ധ അന്ത്യോക്യ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍റെ ക്ഷണപ്രകാരം ഹോംസ് സന്ദര്‍ശിച്ചപ്പോള്‍ പരിശുദ്ധ ദൈവമാതാവിന്‍റെ സൂനോറോ (ഇടക്കെട്ട്) യുടെ ഒരു ഭാഗവും മൊസൂളിലെ ദേവാലയം സന്ദര്‍ശിച്ചപ്പോള്‍ അവിടെ സൂക്ഷിച്ച പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ, പരിശുദ്ധ കാതോലിക്കാ ബാവായ്ക്കു കൈമാറുകയായിരുന്നു.
ഹോംസിലെ പള്ളി പുനര്‍നിര്‍മ്മിക്കുന്നതിനായി പൊളിച്ചപ്പോള്‍ മദ്ബഹായില്‍ ത്രോണോസിന്‍റെ അടിയില്‍ കല്‍ഭരണിയ്ക്കുള്ളില്‍ ഒരു പാത്രത്തില്‍ സൂക്ഷിച്ച നിലയിലാണ് മാതാവിന്‍റെ സുനോറോ കണ്ടെടുത്തതെന്നാണ് രേഖകള്‍. അതിനുള്ളില്‍ തെറുത്തുവച്ച സൂനോറോയ്ക്ക് 74 സെന്‍റീമീറ്റര്‍ നീളവും 5 സെന്‍റീമീറ്റര്‍ വീതിയും 2 മില്ലിമീറ്റര്‍ ഘനവുണ്ടായിരുന്നു. ഇളംതവിട്ടു നിറത്തിലുള്ള സൂനോറോയില്‍ രോമം കൊണ്ടുള്ള നൂലും പുറമേ പട്ടുനൂലും സ്വര്‍ണക്കസവുകൊണ്ടുള്ള ചിത്രത്തയ്യലും ഉണ്ടായിരുന്നു. കാലപ്പഴക്കം കൊണ്ട് സൂനോറോയുടെ ഭാഗങ്ങള്‍ ദ്രവിച്ച്, അതു സൂക്ഷിച്ച പാത്രത്തിന്‍റെ ക്ലാവും പറ്റിപിടിച്ച നിലയിലായിരുന്നു. പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായ്ക്കു ലഭിച്ച ദൈവമാതാവിന്‍റെ സൂനോറോ, അദ്ദേഹം ഭാരതത്തില്‍ കൊണ്ടുവന്നുവെന്നും പിന്നീട് ക്നായിത്തൊമ്മന്‍ ഇത് ഉറഹായിലേക്കു കൊണ്ടുപോയതോ കൊടുത്തയച്ചതോ ആണെന്നു വിശ്വസിക്കപ്പെടുന്നു.
വിദേശസന്ദര്‍ശനം പൂര്‍ത്തിയാക്കി 1965 മാര്‍ച്ച് 9-ന് പരിശുദ്ധ ദൈവമാതാവിന്‍റെ സൂനോറോയും പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പും പരിശുദ്ധ കാതോലിക്കാ ബാവാ കോട്ടയം ദേവലോകം അരമനയില്‍ കൊണ്ടുവന്നു സൂക്ഷിച്ചു. 1966 ജനുവരി 15-ന് പരിശുദ്ധ ഔഗേന്‍ ബാവായുടെ മുഖ്യകാര്‍മകത്വത്തില്‍ കോട്ടയം ചെറിയപള്ളില്‍ കൊണ്ടുവന്ന ദൈവമാതാവിന്‍റെ സൂനോറോ ജനുവരി 16-ന് പള്ളിയില്‍ പ്രതിഷ്ഠിക്കുകയായിരുന്നു. പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് ദുഃഖാചരണമായിരുന്നതിനാല്‍ അന്ന് അമിത ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരുന്നു ചടങ്ങുകള്‍.
അരുളിക്കയില്‍ സൂക്ഷിച്ച സൂനോറോയുമായി അലങ്കരിച്ച തുറന്ന വാഹനത്തില്‍ ചെറിയപള്ളിയിലേക്കുള്ള ഘോഷയാത്രയില്‍ പരിശുദ്ധ കാതോലിക്കാ ബാവായെ കൂടാതെ ഏബ്രഹാം മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവരും പങ്കെടുത്തു. മുത്തുക്കുടകളുടെയും പൊന്‍വെള്ളി കുരിശുകളുടെയും അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. വെള്ള വസ്ത്രം ധരിച്ച് കത്തിച്ച മെഴുകുതിരികളുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഘോഷയാത്രയുടെ ഭാഗമായി. ഘോഷയാത്ര കുരിശുപള്ളിയില്‍ എത്തിയപ്പോള്‍ ട്രസ്റ്റി ഇ.കെ. അലക്സാണ്ടറുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കുരിശുപള്ളി മുതല്‍ ചെറിയപള്ളി വരെ റോഡിനോടു ചേര്‍ന്നുള്ള എല്ലാ വീടുകളുടെയും മുന്നില്‍ വെള്ളത്തുണി വിരിച്ച് വിളക്കു കൊളുത്തി വിശുദ്ധ ദൈവമാതാവിന്‍റെ ചിത്രം വച്ചിരുന്നു. വൈകിട്ട് ചെറിയപള്ളിയില്‍ എത്തിച്ചേര്‍ന്ന ഘോഷയാത്രയെ വികാരി ഫാ. മര്‍ക്കോസിന്‍റെ (എരുത്തിക്കല്‍) നേതൃത്വത്തില്‍ സ്വീകരിച്ചു.
പിറ്റേന്ന് ഞായറാഴ്ച പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ ഏബ്രഹാം മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മികരായി നടന്ന മൂന്നിമേല്‍ കുര്‍ബാനയെ തുടര്‍ന്ന് മദ്ബഹായില്‍ പ്രത്യേകം തയാറാക്കിയ സ്ഥാനത്ത് സൂനോറോ നിക്ഷേപിച്ചു. എല്ലാ വര്‍ഷവും ഓഗസ്റ്റ് 15ന് സൂനോറോ പൊതുവണക്കത്തിന് വയ്ക്കുമെന്നും കുര്‍ബാനമധ്യേ നടത്തിയ പ്രസംഗത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ പറയുകയുണ്ടായി.