കോവിഡ് 19 അതിജീവനം ദൈവകരങ്ങളിലൂടെ… / ജോജി വഴുവാടി, ന്യൂ ഡൽഹി

ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ മഹാമാരിയുടെ ഒരു ചെറിയ അംശത്തിന്റെ ഭാഗം ആകുവാനുള്ള ഭാഗ്യം ലഭിച്ചു. എന്റെ ഭാര്യ റോഷ്‌നിയും സഹോദരി ജോസിയും ആരോഗ്യ മേഖലയിൽ ആണ് ജോലി ചെയുന്നത് എന്നതിൽ കൂടുതൽ അഭിമാനം തോന്നിയ ദിനങ്ങൾ ആണ് കടന്ന് പോകുന്ന കൊറോണ കാലം. ലോക്ക് ഡൗൺ സമയത്തു ചില സമയങ്ങളിൽ കോവിഡ് ബാധിച്ചോ എന്നു സംശയം തോന്നിയെങ്കിലും ആ സമയം ആയില്ല എന്ന് പിന്നീട് മനസ്സിലായി. എല്ലാറ്റിനും ഉണ്ടല്ലോ ഒരു സമയം. നാം പ്രയാസപ്പെടുമ്പോൾ നമ്മെ എടുത്തു നടക്കുന്നതുകൊണ്ട് കൂടെയുള്ള കരുതുന്ന ദൈവത്തിന്റ കാൽപ്പാദ പാടുകൾ കാണാൻ കഴിഞ്ഞില്ലെങ്കിലും അവിടുത്തെ തൃക്കരങ്ങളിൽ തീർത്തും സുരക്ഷിതരാണ്, ഒരു പക്ഷേ ദൈവനിശ്ചയപ്രകാരം പുതിയ നിയോഗങ്ങൾക്കായി.

2020 മെയ് മാസം 14 മുതൽ ഞാൻ ഫരീദാബാദിൽ ഉള്ള ഓഫീസിൽ പോയിത്തുടങ്ങിയിരുന്നു. എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചു കൊണ്ടു തന്നെയാണ് ഓഫീസ് പ്രവർത്തിച്ചത് എങ്കിലും കൊറോണ അണുക്കൾ മറ്റൊരു ഡിപ്പാർട്മെന്റിൽ പിടിമുറുക്കി. ആ ഡിപ്പാർട്മെന്റിലെ രണ്ടുപേർ മറ്റു യാത്രാ സ്വകര്യം ഇല്ലാത്തതിനാൽ എന്റെ കൂടെ കാറിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചിലർ എന്നെ പേടിയോടെ നോക്കിക്കണ്ടു. പക്ഷേ ജൂൺ മാസം ആദ്യം വാരം തന്നെ ഞാൻ ഉൾപ്പെടുന്ന ഡിപ്പാർട്മെന്റിൽ കോവിഡ് ബാധ ആരംഭം കുറിച്ചു. അതും പുറത്തു നിന്നും.

ജൂൺ 12 വൈകിട്ട് ഓഫീസിൽ നിന്നു വന്നപ്പോൾ ദേഹത്ത് ചെറിയ
വേദന തുടങ്ങി, പക്ഷേ സാരമാക്കിയില്ല. ചെറിയ രീതിയിൽ വിശ്രമിച്ചു അത്രമാത്രം.

ജൂൺ 13 ഞായറാഴ്ച വൈകിട്ട് വേദന കൂടിയതിനാൽ പിറ്റേ ദിവസം ഓഫീസിൽ പോയില്ല. ശാരീരിക താപം പരിശോധിച്ചെങ്കിലും കൂടുതലായി ഉണ്ടായിരുന്നില്ല. ആ സമയത്തു വേദനക്കുള്ള മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. എങ്കിലും വീട്ടിൽ ഒരു ശാരീരിക അകലം പാലിക്കുവാൻ ശ്രദ്ധിച്ചു. ചൊവ്വാഴ്ച ജൂൺ 15നു രണ്ടു പേർ അവധിയിൽ ആയതിനാൽ ഓഫീസിൽ പോയി . ഓഫീസിൽ മൂന്നു പേർക്ക് കോവിഡ് സാധ്യത അറിഞ്ഞു അന്നു വൈകിട്ട് കുറച്ചു അധികം ക്ഷീണം തോന്നിയതുകൊണ്ട് വീട്ടിൽ ഒരു മുറിയിലേക്ക് തന്നെ ഒതുങ്ങി. പക്ഷേ കഴിച്ചു കൊണ്ടിരുന്ന വേദന സംഹാരി (crocin) കഴിക്കാതെ ഇരുന്നു. ഓരോ മണിക്കൂറും കൂടുമ്പോൾ ചൂട് പരിശോധിച്ചു നോക്കിക്കൊണ്ടിരുന്നു. രാത്രി 12 മണിയായപ്പോൾ ചൂട് 100 ഡിഗ്രിക്കു മുകളിൽ എത്തി. അപ്പോൾ ഒരു സംശയം തോന്നി. മരുന്ന് കഴിച്ചു . പിന്നെ പനി തോന്നിയിട്ടില്ല. കുറച്ചു ദിവസം വീട്ടിൽ തന്നെ വിശ്രമിക്കാൻ തീരുമാനിച്ചു . ആ സമയത്തു ലക്ഷണങ്ങൾ ഉണ്ടെകിൽ മാത്രമേ ടെസ്റ്റ് ചെയുവാൻ സാധിക്കുമായിരുന്നുള്ളൂ. വീണ്ടും ഓഫീസിൽ ജോയിൻ ചെയ്യണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. അങ്ങനെയിരിക്കുമ്പോൾ ആണ് റെസിഡന്റ്‌സ് വെൽഫയർ ഗ്രൂപ്പിൽ ടെസ്റ്റ് ക്യാമ്പിന്റെ വിവരങ്ങൾ ഉള്ള പോസ്റ്റ് കണ്ടത്. പിറ്റേ ദിവസം രാവിലെ ഞാൻ അവിടെ പോയി ആധാർ കാർഡ് മാത്രം കാണിച്ചു ടെസ്റ്റ് ചെയ്തു. അരമണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ മുന്നിലും പിന്നിലും ആയി നിന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊടുത്തു തുടങ്ങി. എന്റെ നമ്പർ മാത്രം വിളിച്ചില്ല. ഒരു മലയാളിച്ചേച്ചി ആ ടീമിൽ ഉണ്ടായിരുന്നുകൊണ്ട് പ്രത്യേകം അനേഷിച്ചപ്പോൾ പരിശോധനാ ഫലം പോസറ്റീവ് ആണ് എന്നും ഡോക്ടറെ കാണണം എന്നും പറഞ്ഞു . ഡോക്ടറെ കണ്ടപ്പോൾ വീട്ടിൽ ഉള്ളവർ എല്ലാരും ഉടൻ എത്തി ടെസ്റ്റ് ചെയ്യണം എന്ന് അറിയിച്ചു . അങ്ങനെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഭാര്യയെ വിളിച്ച് ഉടൻ വരാൻ പറഞ്ഞു. ഞാൻ വീട്ടിലേക്കു തിരിച്ചു. വീട്ടിൽ എത്തി മക്കളെയും കൂടി വീണ്ടും ക്യാമ്പിലേക്ക്. ആ സമയത്തു ആണ് ഒരു വലിയ ടെൻഷൻ തോന്നിയത്. എല്ലാവർക്കും കോവിഡ് ഉണ്ടെകിൽ എന്ത് ചെയ്യും? മക്കൾക്ക് ഇല്ലാതെ ഞങ്ങൾക്ക് മാത്രം ആണെങ്കിൽ എങ്ങോട്ടായിരിക്കും കൊണ്ട് പോകുന്നത് എന്നൊക്കെ. ഭാര്യയുടെയും മക്കളുടെയും റിസൾട്ട് വന്നപ്പോൾ നെഗറ്റീവ്. ആശ്വാസം തോന്നിയ നിമിഷങ്ങൾ . പിന്നെയും ഡോക്ടറെ കണ്ടു. ഫ്ളാറ്റിലെ സൗകര്യങ്ങൾ ചോദിച്ചറിഞ്ഞു വീട്ടിൽ തന്നെ ഹോം ഐസൊലേഷനിൽ കഴിഞ്ഞു കൊള്ളാൻ നിർദേശം ലഭിച്ചു. പിറ്റേ ദിവസം മുതൽ മെഡിക്കൽ ടീം വീട്ടിൽ എത്തി പരിശോധിക്കും എന്നും പറഞ്ഞു. അന്നു വൈകിട്ട് ആണ് ഡൽഹിയിൽ ഹോം ഐസൊലേഷൻ നിർത്തലാക്കി കൊണ്ട് ലെഫ്. ഗവർണ്ണർ ഓർഡർ ഇറക്കുന്നത്. പിറ്റേ ദിവസം ആരും വന്നില്ല പക്ഷേ ഫോൺ വന്നു കൊറോണ സെന്ററിലേക്ക് മാറണം അല്ലെങ്കിൽ എതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകണം. വലിയ ആരോഗ്യ പ്രശ്നമോ രോഗപ്രശ്നമോ തോന്നാതെ ഇരുന്ന ആ സമയത്തു വീട്ടിൽ നിന്നു മാറി നില്ക്കുന്നതു ഒരു പ്രയാസമായി തോന്നി. വീട്ടിൽ തന്നെ കഴിഞ്ഞു കൊള്ളാം എന്നു പറഞ്ഞിട്ടും ഓർഡർ ഉള്ളതിനാൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നു അറിയിച്ചു. പക്ഷേ എന്നെപ്പോലെ ഉള്ള അനേകർക്ക് വേണ്ടി സംസാരിക്കുവാൻ ഡൽഹി സർക്കാർ തയാറായി. രാവിലെ നടന്ന മീറ്റിംഗിൽ തീരുമാനം ആകാതെ പിരിഞ്ഞു. ഭാര്യ ജോലി ചെയുന്ന ഹോസ്പിറ്റലിൽ ഒരു ബെഡ് ബുക്ക് ചെയ്തു തുടർ തീരുമാനത്തിനായി കാത്തിരുന്നു. ഹോം ഐസൊലേഷൻ തുടരണം എന്ന കാര്യത്തിൽ ഡൽഹി സർക്കാർ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നിലകൊണ്ടതുകൊണ്ട് വൈകിട്ട് ലെഫ്. ഗവർണ്ണർക്കു തീരുമാനം പിൻവലിക്കേണ്ടി വന്നു. ഇങ്ങനെ ഒരു തീരുമാനം ചാനലുകളിൽ വരുന്നതിനു മുൻപേ മനോരമ ന്യൂസിൽ ഉള്ള ഡൽഹി റിപ്പോർട്ടർ അനിൽ വിളിച്ചു അറിയിച്ചപ്പോൾ ആണ് ആശ്വാസം ലഭിച്ചത്. ജൂലൈ 6 വരെയാണ് സർക്കാർ ഹോം ഐസൊലേഷൻ നിർദേശം നൽകിയിരുന്നത്. ഓക്സിമീറ്റർ സർക്കാർ നൽകിയിരുന്നു. ചൂട് വെള്ളവും ആവി പിടിയ്ക്കലും ഇഞ്ചി, വെളുത്തുളളി, നാരങ്ങ, തേൻ, മഞ്ഞൾ ചേർത്ത പാൽ, മുട്ട, നല്ല വിഭവ സമൃദ്ധമായ ഭക്ഷണം എന്നിവ യഥാസമയം നൽകി എന്റെ ഭാര്യയും കുഞ്ഞുങ്ങളും ഒരു വാതിലിനപ്പുറം 20 ദിവസങ്ങൾ കഴിച്ചു കൂട്ടി കൊറോണ കാലം അതിജീവിക്കുവാൻ പിന്തുണ നൽകി. എന്റെ സഹോദരിമാർ, അളിയമാർ, ഭാര്യ വീട്ടുകാർ, മറ്റ് ബന്ധുമിത്രാദികർ, അയൽക്കാർ, സുഹൃത്തുക്കൾ എന്നിവരുടെ അനേഷണവും കരുതലും എപ്പോഴും ഉണ്ടായിരുന്നു. ജൂലൈ 7ന് ഡിസ്ചാർജ് ലെറ്റർ കിട്ടിയിരുന്നുവെങ്കിലും ഒരു ആർ ടി പി സി ആർ ടെസ്റ്റ് റിസൾട്ട് കൂടി വേണ്ടത് ഓഫീസിൽ ജോയിൻ ചെയ്യുവാൻ ആവശ്യമായിരുന്ന ഘട്ടത്തിൽ ആണ് ആരോഗ്യമേഖലയിലെ മാലാഖ ജിൻസി ചേച്ചിക്ക് കോവിഡ് ടെസ്റ്റ് കേന്ദ്രത്തിൽ ഡ്യൂട്ടി ലഭിച്ച കാര്യം ഹോസ്‌ഖാസ് യൂത്ത് മൂവ്മെന്റ് ഗ്രൂപ്പിൽ മെസ്സേജ് ചെയ്യുന്നത്. പിറ്റേ ദിവസം ജൂലൈ 9 ന് രാവിലെ തന്നെ അവിടെ പോകുവാനും ഒട്ടും താമസിക്കാതെ തന്നെ ടെസ്റ്റ് ചെയുവാനും സഹായിച്ചു. പിറ്റേ ദിവസം റിപ്പോർട്ട് അയച്ചു തന്നു നെഗറ്റീവ്. ജൂലൈ 11 മുതൽ വീണ്ടും ഓഫീസിലേക്ക് .

എന്റെ അമ്മ നാട്ടിൽ ഒറ്റയ്ക്ക് ആയതുകൊണ്ടും പലവിധ അസുഖങ്ങൾ ഉള്ളത് കൊണ്ടും ഈ വിവരങ്ങൾ ഒന്നും അമ്മയെ അറിയിച്ചിരുന്നില്ല. പക്ഷേ പതിവില്ലാതെ ഈ ദിവസങ്ങളിൽ അമ്മ എന്നും വിളിച്ചു അന്വേഷിക്കുമായിരുന്നു. ഇതിനു മുൻപ് പല ദിവസങ്ങളിലും ഇങ്ങനെ ഒരു കുറിപ്പ് എഴുതുവാൻ തുടങ്ങിയെങ്കിലും പല കാരണങ്ങളാൽ നടന്നില്ല. ഇന്ന് അവിചാരിതമായി അമ്മയുമായി വീഡിയോ കാൾ ചെയ്തപ്പോൾ എനിക്ക് ഈ രോഗമുക്തി കാര്യം സന്തോഷത്തോടെ പറയുവാൻ സാധിച്ചു . വൈകിട്ട് തന്നെ ഒറ്റ ഇരുപ്പിൽ ഈ കുറിപ്പും എഴുതി. മാതൃസ്നേഹത്തിനും ആ കണ്ണുനീരോടുള്ള പ്രാത്ഥനക്കും പകരം വെക്കാൻ എന്തുള്ളു ..

പോസറ്റീവ് ആണ് എന്നറിഞ്ഞപ്പോൾ മുതൽ എന്ത് സഹായത്തിനും തയ്യാറായി അനേകർ ഫോണിലൂടെ പിന്തുണയും ഉപദേശവും നൽകിയത് നന്മ വറ്റാത്ത ഹൃദയങ്ങൾ ഇന്നും നിലനിൽക്കുന്നു എന്നതിന്റെ സാക്ഷ്യം ആണ്. നാട്ടിൽ പോയ ബാബുച്ചായൻ (ഒ. ബാബു ) ഡല്ഹിയുള്ള വീട് മക്കളുടെ സുരക്ഷയെ കരുതി എനിക്ക് താമസിക്കാൻ തരാം എന്ന് അറിയിച്ചപ്പോൾ സർക്കാർ നിരീക്ഷണം ഉള്ളതുകൊണ്ട് അത് നിരസിക്കേണ്ടി വന്നുവെങ്കിലും ആ വലിയ കരുതലിന്റെ മുൻപിൽ നമിക്കുന്നു. ആവശ്യ സാധനങ്ങൾ സമയാസമയം എത്തിച്ചു തന്ന റെജിച്ചായനും കുടുംബവും ജോർജ് ഫിലിപ്പും കുടുംബവും സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃകകളായി നിലകൊള്ളുന്നു. ഈ വിവരം അറിഞ്ഞപ്പോൾ എന്നും അനേഷിച്ചു കൊണ്ടിരുന്ന ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ വികാരി ഫാ അജു എബ്രഹാം, ഫാ പത്രോസ് ജോയ്, കത്തീഡ്രൽ ഭാരവാഹികൾ, യുവജന പ്രസ്ഥാന ഭാരവാഹികൾ, പ്രവത്തകർ, ഇടവക ജനങ്ങൾ എന്നിവർ നൽകിയ ആത്മവിശ്വാസം ഒട്ടും ചെറുതല്ല. ഏഷ്യയിലെ തന്നെ പ്രമുഖ ഡോ. മാത്യു വർഗീസിന്റെ സേവനവും നിർദേശങ്ങളും ഉറപ്പാക്കാൻ ഫാ ഷാജി മാത്യൂസ് എടുത്ത നീക്കങ്ങൾ മനോബലം വർദ്ധിപ്പിച്ചു. പ്രാത്ഥനകൾ അറിയിച്ച ഡൽഹി മെത്രാപോലിത്ത അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി,
മറ്റു വൈദിക ശ്രേഷ്ടർ, എന്റെയും രോഷ്‌നിയുടെയും സഹപ്രവത്തകർ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു, സ്നേഹവും അറിയിക്കുന്നു. വിശേഷാൽ എന്റെരോഗം വിവരം അറിഞ്ഞു zoom പ്രയർ മീറ്റിംഗ് തന്നെ ഒരുക്കിയ ocym സീനിയർ ഫ്രണ്ട്സ് whatsupp കൂട്ടായ്‍മ നൽകിയ പ്രാത്ഥനയുടെ പിന്തുണ ഏറെ ആശ്വാസമേകി.

ദൈവീകമായ അനുഗ്രഹത്താൽ ജാഗ്രതയോടെ, കൃത്യമായ ചികിത്സയോടെ, മനക്കരുത്തോടെ കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിക്കുവാൻ ഏവർക്കും സാധിക്കട്ടെ എന്ന പ്രാത്ഥനയോടെ