പീച്ചാനിക്കാട് പളളിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പോലീസ് സംരക്ഷണം അനുവദിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പീച്ചാനിക്കാട് സെന്റ്. ജോര്‍ജ് താബോര്‍ പളളി വികാരിക്കും, മറ്റു വൈദീകര്‍ക്കും, വിശ്വാസികള്‍ക്കും ആരാധന നടത്തുന്നതിന് പോലീസ് സംരക്ഷണം അനുവദിച്ചു കൊണ്ട് ബഹു. കേരളാ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവുണ്ടായി. 13.05.2020-ല്‍ പറവൂര്‍ സബ് കോടതിയില്‍ നിന്നുണ്ടായ വിധിയുടെ ആനുകൂല്യം ലഭിച്ച വികാരി ഫാ.എല്‍ദോസ് തേലപ്പിളളിയും സഭാ വിശ്വാസികളും കഴിഞ്ഞ ആഴ്ച ആരാധനയ്ക്ക് എത്തിയെങ്കിലും പാത്രിയര്‍ക്കീസ് വിഭാഗം സംഘം ചേര്‍ന്ന് അവരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് സംരക്ഷണത്തിനുളള ഹര്‍ജി നല്‍കിയത്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ബഹു.സുപ്രീം കോടതിയില്‍ നിന്നും ലഭിച്ച വിധി തീര്‍പ്പുകള്‍ക്കു വിധേയമായി മലങ്കര സഭയുടെ സമാധാന ദൗത്യത്തില്‍ പങ്കാളികളാകുന്ന സഭാ വിശ്വാസികള്‍ക്ക് ആത്മീയവും മതപരവും കൗദാശികവുമായ എല്ലാ ആത്മീയ ശുശ്രൂഷളും നിര്‍വഹിക്കുവാന്‍ ഇടവക സന്നദ്ധമാണെന്ന് വികാരി ഫാ.എല്‍ദോസ് തേലപ്പിളളി അറിയിച്ചു.