സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു: പ. കാതോലിക്കാ ബാവാ

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ലഭിച്ച 2017 ജൂലൈ മൂന്നിലെ വിധിക്ക് എതിരായി പാത്രിയര്‍ക്കീസ് വിഭാഗം സമര്‍പ്പിച്ച വിശദീകരണ ഹര്‍ജി ചിലവ് സഹിതം തളളിയ ബഹു.സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. 1958 മുതൽ ഇന്നുവരെ മുപ്പതിലേറെ സുപ്രീം കോടതി ജഡ്ജിമാർ ഏകാഭിപ്രായമായി നൽകിയ വിധികൾ അംഗീകരിക്കുവാൻ ഏവരും തയ്യാറാകണമെന്നും, അനാവശ്യ വ്യവഹാരങ്ങൾ അവസാനിപ്പിച്ച് സഭയിൽ ശാശ്വത സമാധാനം സ്ഥാപിക്കുവാനും നിയമ വാഴ്ച നിലനിറുത്തുവാനും ഏവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലങ്കര സഭാതർക്കം ശ്വാശ്വതമായി പരിഹരിക്കുന്നതിനായി ബ.സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ച കേസ് സംബന്ധിച്ച് വിശദീകരണത്തിനായാണ് പാത്രിയര്‍ക്കീസ് വിഭാഗം സുപ്രീം കോടതിയില്‍ വിശദീകരണ ഹര്‍ജി നല്‍കിയത്. യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള പള്ളികളിൽ തങ്ങൾക്ക് അവകാശം നൽകുക, ഇടവകക്കാരുടെ ഭൂരിപക്ഷം നോക്കി പള്ളികൾ വിട്ടു നൽകു ക, മലങ്കര സഭയുടെ ആത്മീക തലവൻ പ. അന്ത്യോഖ്യാ പാത്രിയർക്കീസ് ആണ് എന്ന് പ്രഖ്യാപിക്കുക, 1934 – ലെ ഭരണഘടനയിൽ ഓർത്തഡോക്സ് വിഭാഗം നടത്തിയിട്ടുള്ള കൂട്ടിച്ചേർക്കലുകൾ അസാധുവാക്കുക, ഇടവകാംഗങ്ങൾക്ക് പള്ളി സെമിത്തേരിയിൽ തങ്ങളുടെ ഇച്ഛാനുസരണം ശവസംസ്കാരം നടത്തുവാൻ സ്വാതന്ത്ര്യം നൽകിക്കൊണ്ടു് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകുക, ഇടവകക്കാരുടെ പരാതികൾ പരിഗണിച്ച് തീരുമാനം ചെയ്യുവാൻ സ്വതന്ത്രമായ ക്രമീകരണം ഏർപ്പെടുത്തുക, ഇടവകകളിലെ വിശ്വാസികളുടെ ഭൂരിപക്ഷാഭിപ്രായ പ്രകാരമുള്ള ഭരണക്രമം തെരഞ്ഞെടുക്കുന്നതിന് ഇടവകകൾക്ക് സ്വാതന്ത്ര്യം നൽകുക മുതലായവയായിരുന്നു ഹർജിയിലൂടെ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ. ഒരിക്കല്‍ തീര്‍പ്പ് കല്‍പ്പിച്ച കാര്യങ്ങളെ സംബന്ധിച്ച് വീണ്ടും തര്‍ക്കം ഉന്നയിച്ച് അനാവശ്യമായി കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പാത്രിയര്‍ക്കീസ് വിഭാഗത്തിന് എതിരെ സുപ്രീം കോടതി പിഴ ചുമത്തി.

1934-ലെ ഭരണഘടനയുടെ സാധുതയും അത് അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട് ഭരണം നടത്തേണ്ടത് ആരാണെന്നതും കോടതി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. ഒന്നില്‍ അധികം പ്രാവശ്യം സുപ്രീം കോടതിയില്‍ തന്നെ ഈ പ്രശ്‌നങ്ങള്‍ വരികയും അപ്പോഴെല്ലാം കോടതി അസന്നിഗ്ധമായി തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിട്ട് വീണ്ടും ഈ പ്രശ്‌നം നിയമപരമായി നേരിടാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണ്. ഈ വിധിയോടെ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ സകല അവകാശവാദങ്ങളും ഒരിക്കല്‍ക്കൂടെ അസാധുവാക്കപ്പെട്ടിരിക്കുകയാണ്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടന അനുസരിച്ച് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് സഭയില്‍ സമാധാനം സ്ഥാപിക്കപ്പെടുന്നതിനായി ബഹു. സുപ്രീം കോടതി 1995-ല്‍ തീര്‍പ്പ് കല്‍പ്പിച്ചതിന്റെ 25-ാം വാര്‍ഷികമാണ് നാളെ ( ജൂണ്‍ 20)