ആരാധനാ ക്രമീകരണം: സുന്നഹദോസ് നിശ്ചയങ്ങള്‍

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ
ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള ക്രമീകരണങ്ങള്‍

ലോകരാജ്യങ്ങളില്‍ ഏറെ ഭീതി പടര്‍ത്തിക്കൊണ്ടിരിക്കുന്ന കൊവിഡ് 19 മഹാമാരിയോടു ബന്ധപ്പെട്ട ലോക്ഡൗണ്‍ അഞ്ചാംഘട്ടത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണങ്ങളോടെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടല്ലോ. ഇപ്പോഴുള്ള ഗൗരവതരമായ സാഹചര്യങ്ങളെ പരിഗണിച്ച് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗങ്ങളുടെ വിശേഷാല്‍ യോഗം ഈ കാര്യങ്ങള്‍ വിലയിരുത്തുകയും മലങ്കരസഭയുടെ ദേവാലയങ്ങളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ താഴെ പറയുന്ന കാര്യങ്ങള്‍ ക്രമീകരിക്കുന്നതിന് നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.

1. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങളില്‍ ഇപ്പോള്‍ അനുവര്‍ത്തിച്ചുവരുന്നതുപോലെ കാര്‍മ്മികന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രം ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്ന രീതി തുടരേണ്ടതാണ്.

2. വിശേഷാവസരങ്ങളില്‍, അത്യാവശ്യമെങ്കില്‍, സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി അത്യാവശ്യമുള്ള ആളുകള്‍ മാത്രം പങ്കെടുക്കുന്നതിന് ഇടവകയുടെ ചുമതലക്കാര്‍ക്ക് അനുവദിക്കാവുന്നതാണ്.

3. പുതിയ മാനദണ്ഡങ്ങളനുസരിച്ച് വി. മാമോദീസ കരസ്പര്‍ശം കൂടാതെ നടത്തണമെന്ന് പറഞ്ഞിട്ടുള്ളത് സഭയുടെ പാരമ്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലാത്തതിനാല്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കഴിയുന്നതുവരെ ‘മാമോദീസ’ മാറ്റിവയ്ക്കുന്നതാണ് ഉചിതം. അടിയന്തിരാവശ്യങ്ങള്‍ ഉണ്ടാകുന്നപക്ഷം ഇടവകമെത്രാപ്പോലീത്തായുടെ അനുമതിയും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് ഉചിതമായ ക്രമീകരണങ്ങള്‍ വൈദികര്‍ ചെയ്യേണ്ടതാണ്.

4. ഏത് കൂടിവരവിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിട്ടുള്ള നിബന്ധനകള്‍ പാലിക്കപ്പെടുന്നുവെന്ന് ഇടവക ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഡോ യൂഹാനോൻ മാർ ദീയസ്കോറോസ്
( പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി)