മലങ്കരസഭ, ക്നാനായ സമുദായം, 1995-ലെ സുപ്രീം കോടതി വിധി / റ്റിബിൻ ചാക്കോ തേവർവേലിൽ

എ. ഡി 345 ലെ സിറിയൻ കുടിയേറ്റത്തിൻ്റെ ഫലമായി സ്ഥാപിതമായ ക്നാനായ സമുദായം ആദിമുതൽക്കേ മലങ്കരസഭയുടെ അവിഭാജ്യ ഘടകമായി നിലനിന്നിരുന്നു. എങ്കിലും ക്നാനായ സമുദായം വർഗപരമായും വംശപരമായും വിഭിന്നവും പ്രത്യേകമായതുമാണെന്നത് അവിതർക്കമാണ്. മലങ്കരസഭയിന്മേലുള്ള പോർട്ടുഗീസ് ആധിപത്യം വലിച്ചെറിയുന്നതിൽ കലാശിച്ച 1653 ലെ കൂനൻ കുരിശ് സത്യത്തിന് നേതൃത്വം നൽകിയതിലും ക്നാനായ ക്രിസ്ത്യാനികൾ പ്രധാന പങ്കുവഹിച്ചു. കൂനൻ കുരിശ് സത്യത്തെത്തുടർന്ന് ക്നാനായ സമുദായത്തിലെ ഒരു വിഭാഗം മലങ്കര സഭയോടൊപ്പവും ഇതര വിഭാഗം കത്തോലിക്കാ സഭയോടൊപ്പവും നിലനിന്നു.

മലങ്കര സഭയുടെ ഭാഗമായി നിലനിന്ന ക്നാനായ സമുദായത്തിൻ്റെ ഐക്യത്തിനും വളർച്ചയ്ക്കും വേണ്ടി 1882 ൽ ഒരു “ക്നാനായ കമ്മറ്റി” രൂപീകരിക്കുകയും മലങ്കര മെത്രാപ്പോലീത്താ ഇതിൻ്റെ രക്ഷാധികാരിയായി പ്രവർത്തിക്കുകയും ചെയ്ത് പോന്നിരുന്നു. പിൽക്കാലത്ത് “ക്നാനായ അസോസിയേഷൻ” എന്നറിയപ്പെട്ടിരുന്നത് ഈ കമ്മറ്റിയാണ്. മലങ്കര സഭയിലെ മേൽപട്ടക്കാരുടെ ഭരണത്തിലായിരുന്ന ക്നാനായ സമുദായത്തെ ഒരു പ്രത്യേക ഭദ്രാസനമാക്കിയത് 1911 ലാണ്. ഇടവഴിക്കൽ ഗീവർഗീസ് മാർ സേവേറിേയാസ് മെത്രാപ്പോലീത്താ ആയിരുന്നു ക്നാനായ ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്താ. ഇക്കാലയളവിൽ മലങ്കരസഭയിൽ കക്ഷിവഴക്ക് ആരംഭിച്ചതിനെത്തുടർന്ന് ക്നാനായ ഭദ്രാസനം ഏതാണ്ട് പൂർണമായി പാത്രിയർക്കീസ് പക്ഷത്തോടൊപ്പം നിലകൊണ്ടു. 1958 ലെ സുപ്രീം കോടതി വിധിയോടെ (ഒന്നാം സമുദായക്കേസ് ) ക്നാനായ ഭദ്രാസനം വീണ്ടും മലങ്കര സഭയുടെ ഭാഗമായിത്തീർന്നു (1958 – 1975).

1970കളിൽ മലങ്കരസഭയിൽ വീണ്ടും ഭിന്നത ഉടലെടുക്കുകയും അതിനെ തുടർന്ന് രണ്ടാം സമുദായക്കേസ് ആരംഭിക്കുകയും ചെയ്തു. മലങ്കരസഭയുടെ പളളികളെ സംബന്ധിച്ച കേസിൽ ( 1064 പള്ളികൾ ) ക്നാനായ പള്ളികളും ഉൾപ്പെട്ടിരുന്നതിനാൽ 1979-ലെ O. S. 4-ാം നമ്പർ കേസിലെ 19-ാം പ്രതിയായി ക്നാനായ സമുദായവും കക്ഷി ചേർന്നു.

മേൽ പറഞ്ഞ കേസിൽ സിംഗിൾ ജഡ്ജിയുടെ വിധിന്യായത്തിൽ ക്നാനായ സമുദായത്തെ സംബന്ധിച്ച വിവാദങ്ങൾക്ക് “ക്നാനായ സമുദായം വർഗ്ഗപരമായും, വംശപരമായും വിഭിന്നവും പ്രത്യേകവുമായ ഒരു വിഭാഗമാണെങ്കിലും, ക്നാനായ സഭ മലങ്കര സഭയുടെ ഭാഗമല്ലാത്ത പൂർണവും സ്വതന്ത്രവുമായ ഒരു സമുദായമാണെന്നും, ആ സഭയ്ക്ക് പാത്രിയർക്കീസിൻ്റെ നേരിട്ടു കീഴിൽ സ്വതന്ത്രവും പ്രത്യേകവുമായ ഒരു ഭദ്രാസന മുണ്ടെന്നും മലങ്കരസഭയുടെ അനുശാസനമോ, ഭരണഘടനയോ ആ സഭയ്ക്ക് ബന്ധിതമല്ലെന്നുമുള്ള 19-ാം പ്രതിയുടെ തർക്കങ്ങൾ സിംഗിൾ ജഡ്ജി തളളിക്കളഞ്ഞു. ക്നാനായ ഭദ്രാസനവും, ക്നാനായ പള്ളികളും മലങ്കരസഭയുടെ ഭാഗമാണെന്നും, ലൗകിക കാര്യങ്ങളിൽ അവയ്ക്ക് സ്വയംഭരണാവകാശമുണ്ടെന്നും ജഡ്ജി തീർച്ച ചെയ്തു. പാത്രിയർക്കീസിൻ്റെ കീഴിലാണോ, അതോ കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്തായുടെ കീഴിലാണോ നിൽക്കേണ്ടതെന്ന് ഇഷ്ടപ്രകാരം തെരെഞ്ഞെടുക്കാൻ ഓരോ ഭദ്രാസനത്തിനും, ഓരോ ഇടവകയ്ക്കും അവകാശമുണ്ടെന്ന തൻ്റെ നിഗമനങ്ങൾക്ക് അനുരൂപമായി, ക്നാനായ ഭദ്രാസനത്തിനും ക്നാനായ പള്ളികൾക്കും ഏതു സംവിധാനത്തിൽ വേണം തങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് തീരുമാനിക്കാവുന്നതാണെന്നും ജഡ്ജി തീർച്ച ചെയ്തു.

സിംഗിൾ ജഡ്ജ് വിധിന്യായത്തിനെതിരെ നൽകിയ അപ്പീലിൽ (1980-ലെ A. S. 331)
“ക്നാനായ പളളികളും അവരുടെ ഭദ്രാസനവും മെത്രാപ്പോലീത്തായും മലങ്കരസഭയുടെ കീഴിലുള്ള മറ്റ് ഇടവകപ്പള്ളികളുടേതിൽ നിന്ന് വ്യത്യസ്തമായ ഒരു അടിസ്ഥാനത്തിൻമേലാണ് നിലകൊള്ളുന്നത്. ക്നാനായ സമുദായത്തിൻ്റെയും ക്നാനായ മെത്രാപ്പോലീത്തായുടെയും ആത്മീയ മേലധികാരി കാതോലിക്കാ ആണെന്നും, കാതോലിക്കായുടെ മേലന്വേഷണത്തിനും ആത്മീയ മാർഗനിർദ്ദേശത്തിനും വിധേയമായാണ്, ക്നാനായ മെത്രാപ്പോലീത്ത പ്രവർത്തിച്ചിരുന്നതെന്നും വന്നു ചേരുന്നതാണ്. ലൗകികകാര്യങ്ങളെ സംബന്ധിച്ചിടത്തോളം, കക്ഷികൾ ക്നാനായ ഭരണഘടനാ വ്യവസ്ഥകളും മലങ്കര സഭാ ഭരണഘടനയും തമ്മിൽ പൊരുത്തപ്പെടാത്ത കാലത്തോളം ക്നാനായ ഭദ്രാസനത്തിനും അതിലെ പള്ളികൾക്കും, ക്നാനായ ഭരണഘടനാ വ്യവസ്ഥകൾക്കു വിധേയമായി മാതമേ, മലങ്കരസഭാ ഭരണഘടന നടപ്പാക്കാനാവൂ”. എന്ന് കേരളാ ഹൈക്കോടതി ഡിവിഷൻ ബഞ്ച് (01-06-1990) തീർച്ച കല്പിച്ചു.

1995 – ലെ സമുദായ കേസ് വിധിയും ക്നാനായ സമുദായവും

ഹൈക്കോടതി വിധിക്കെതിരായി യാക്കോബായ വിഭാഗം സുപ്രീം കോടതിയിൽ നൽകിയ അപ്പീലിനെ സംബന്ധിച്ച സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ (20-6-1995) ക്നാനായ സംബന്ധിച്ച കാര്യങ്ങൾ താഴെ പറയും പ്രകാരം നിരീക്ഷിക്കുന്നു.
“ക്നാനായ സഭയെ സംബന്ധിച്ചിടത്തോളം, ആ സഭ മലങ്കരസഭയുടെ ഭാഗമാണെന്ന പ്രഖ്യാപനത്തിന് വിധേയമായി, ഈ പ്രതിയുടെ (19-ാം പ്രതി – ക്നാനായ സമുദായം) കാര്യത്തിൽ സിംഗിൾ ജഡ്ജി 1979-ലെ O. S. 4-ാം നമ്പർ കേസ് തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതേസമയം ഡിവിഷൻ ബഞ്ച് താഴെ പറയും പ്രകാരം വിധി ഉത്തരവ് വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. “ക്നാനായ സമുദായത്തിൻ്റെയും, ക്നാനായ മെത്രാപ്പോലീത്തായുടെയും ആത്മിക മേലദ്ധ്യക്ഷൻ കാതോലിക്കാ ആണെന്നും, ലൗകിക കാര്യങ്ങൾ സംബന്ധിച്ചിടത്തോളം, കക്ഷികൾക്ക് ക്നാനായ ഭരണഘടന വ്യവസ്ഥകളും മലങ്കരസഭാ ഭരണഘടനയും തമ്മിൽ പൊരുത്തപ്പെടുത്താത്ത കാലത്തോളം, ക്നാനായ ഭദ്രാസനത്തിനും അതിലെ പള്ളികൾക്കും ക്നാനായ ഭരണഘടന വ്യവസ്ഥകൾക്കു വിധേയമായി മാത്രമേ, മലങ്കര സഭാ ഭരണഘടന നടപ്പിലാക്കാനാവൂ എന്നും സ്ഥാപിച്ചു വിധിച്ചിരിക്കുന്നു”.

ക്നാനായ സഭ മലങ്കരസഭയുടെ ഒരു ഭാഗവും, ക്നാനായ മെത്രാപ്പോലീത്താ കാതോലിക്കായുടെ ആത്മീക മേലധികാരത്തിനു വിധേയനുമാണെന്ന തീർപ്പിൽ ഡിവിഷൻ ബഞ്ച് എത്തിച്ചേർന്നത്, മറ്റു തെളിവുകൾക്ക് പുറമേ മുഖ്യമായും താഴെ പറയുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണ്.

1. (തിരു-കൊച്ചി ) ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മണർകാട്ട് വിളിച്ചു കൂട്ടിയ മലങ്കര അസോസിയേഷൻ യോഗത്തിൽ, ക്നാനായ പളളികൾ പങ്കെടുത്തിരുന്നുവെന്നു മാത്രമല്ല, ക്നാനായ മെത്രാപ്പോലീത്താ എബ്രഹാം മാർ ക്ലിമീസിനെ മലങ്കര മെത്രാപ്പോലീത്താ ആയി തെരെഞ്ഞെടുക്കുകയും ചെയ്തിരുന്നു.

2. സമുദായക്കേസിൽ ഈ കോടതിയുടെ വിധിക്കു (A.I.R.1959 S.C.31 ) ശേഷം, 1959,62,65,70 എന്നീ വർഷങ്ങളിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗങ്ങളിൽ ക്നാനായ പള്ളികൾ പങ്കെടുത്തിരുന്നു. A- 47 ( h), A- 53 ( h) എന്നീ അക്കങ്ങൾ തെളിവുകളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. ക്നാനായ സമുദായത്തിലെ പ്രമുഖ അംഗങ്ങളെ, മലങ്കര അസോസിയേഷൻ മാനേജിംഗ് കമ്മറ്റിയംഗങ്ങളായി തെരെഞ്ഞെടുക്കുകയുണ്ടായി.

ക്നാനായ സഭയ്ക്ക് അനുകൂലമായി തോന്നുന്ന താഴെപ്പറയുന്ന വസ്തുതകൾക്കെതിരെയാണ് മേൽപ്പറഞ്ഞ വസ്തുതകൾ സമർപ്പിക്കപ്പെട്ടത്.

1. ക്നാനായ സഭയെ സംബന്ധിച്ച് ഒരു പ്രത്യേക നിവൃത്തിയും അന്യായത്തിൽ ആവശ്യപ്പെട്ടിരുന്നില്ല. അന്യായത്തോട് അനുബന്ധിച്ചുള്ള പള്ളികളുടെ പട്ടികയിൽ ക്നാനായ പളളികളും ചേർത്തിരുന്നതിനാൽ, കേസിൽ തങ്ങളെ പ്രതിയായി കക്ഷി ചേർക്കുന്നതിന് ക്നാനായ സമുദായം അപേക്ഷിക്കുകയും, 19-ാം പ്രതിയായി കക്ഷി ചേർക്കുകയുമാണുണ്ടായത്. ഈ പ്രതിയുടെ പത്രികയിലെ പ്രസ്താവനകൾക്ക് മറുപടിയായി മാത്രമാണ് ക്നാനായ പള്ളികൾ മലങ്കര അസോസിയേഷൻ്റെ ഭാഗമാണെന്നും, 1934-ലെ ഭരണഘടനയ്ക്ക് വിധേയമാണെന്നുമുള്ള തങ്ങളുടെ അവകാശവാദത്തിന് അടിസ്ഥാനമായ വസ്തുതകൾ വാദികൾ കോടതിയിൽ സമർപ്പിച്ചത്.

2. ക്നാനായ പളളികൾ അവരുടെ സ്വന്തമായ ഒരു ഭരണഘടന 1912 ൽ സ്വീകരിച്ചിരുന്നെന്നും, 1882 കാലത്തു പോലും അവർ “ക്നാനായ കമ്മിറ്റി” എന്ന് അറിയപ്പെടുന്ന ഒരു കമ്മിറ്റി – (ഈ കമ്മിറ്റിക്കാണ് പിന്നീട് ക്നാനായ അസോസിയേഷൻ എന്ന പേരു നൽകപ്പെട്ടത് ) – രൂപവൽക്കരിച്ചിരുന്നെന്നും, മുഴുവൻ കാലവും ഈ പള്ളികൾ പാത്രിയർക്കീസിനോടൊപ്പമാണ് നിലനിന്നിരുന്നതെന്നും, ക്നാനായ സഭയുടെ മെത്രാപ്പോലീത്തമാർ എക്കാലവും, പാത്രിയർക്കീസിനാൽ മാത്രമാണ് വാഴിക്കപ്പെട്ടിരുന്നതെന്നും, തെളിവുകൾ കൊണ്ട് സ്ഥാപിക്കപ്പെടുന്നുണ്ട്.

3. മലങ്കര സഭയും ക്നാനായ സഭയും തമ്മിലുള്ള ബന്ധങ്ങളേപ്പറ്റി ഇരുസഭകളും തമ്മിൽ ചില ചർച്ചകൾ നടക്കുകയുണ്ടായെന്നും, ഇക്കാര്യത്തിൽ മലങ്കര എപ്പിസ്കോപ്പൽ സുന്നഹദോസിന് ഒരു റിപ്പോർട്ട് സമർപ്പിക്കാൻ ഒരു കമ്മറ്റിയെ നിയമിക്കുകയുണ്ടായെന്നും, 1959 ജനുവരി 12 മുതൽ 1960 ജൂൺ 7 വരെയുള്ള കാലങ്ങളിൽ നടന്ന സുന്നഹദോസുകളുടെ നടപടികളിൽ നിന്ന് കാണാവുന്നതാണ്.

4. ഇന്ത്യയിൽ ക്നാനായ കമ്മറ്റിയുടെ ( സമുദായത്തിൻ്റെ ) ഉൽപത്തിയെ സംബന്ധിക്കുന്ന പാരമ്പര്യവും, തങ്ങളുടെ പ്രത്യേകമായുള്ള വംശതനിമയും, വിശ്വാസങ്ങളും പരിരക്ഷിച്ചു നിലനിറുത്താനുള്ള അവരുടെ എക്കാലത്തെയും അഭിനിവേശ പൂർണമായ വ്യഗ്രതയും.

അപ്പീൽ വാദിയുടെയും (19-ാം പ്രതി) അപ്പീൽ പ്രതികളുടെയും വിജ്ഞാനിയായ അഭിഭാഷകരെ കേട്ടശേഷവും അവർ എഴുതി നൽകിയ സമർപ്പണങ്ങൾ (കേരളാ ഹൈക്കോടതിയുടെ വിധി) പരിശോധിച്ചശേഷവും ഞങ്ങളുടെ അഭിപ്രായം, ഡിവിഷൻ ബഞ്ചിൻ്റെ തീർപ്പ് പ്രത്യേക ഭേദഗതിയോടെ ശരിവയ്ക്കണമെന്നാണ്. ഒരു കൂട്ടം ആളുകൾ ഞങ്ങൾ പാത്രിയർക്കീസിൻ്റെ ആത്മീയ മേലധികാരത്തിൽ വിശ്വസിക്കുന്നു എന്ന് പറയുകയും ഇത് അവരുടെ വിശ്വാസ പ്രമാണമായിരിക്കുകയും ചെയ്യുമ്പോൾ കോടതിക്ക്, അതു പാടില്ല, നിങ്ങളുടെ ആത്മീയ മേലധികാരി കാതോലിക്കായാണ് എന്ന് പറയുവാൻ സാദ്ധ്യമല്ലാത്തതിനാലാണ് ഭേദഗതി ആവശ്യമായിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 25 അനുഛേദം നൽകുന്ന പരിരക്ഷയും പരിഗണിക്കേണ്ടതാണ്. ഡിവിഷൻ ബഞ്ചിൻ്റെ തീർപ്പ് പാത്രിയർക്കീസിൻ്റെ സ്ഥാനത്തിന് യാതൊരു വ്യത്യാസവും വരുത്തുന്നതല്ല. കാതോലിക്കാ ക്നാനായ സമുദായത്തിൻ്റെ ആത്മീയ മേലധികാരിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നു പറയുക മാത്രമാണു ചെയ്യുന്നത്.

ലൗകിക കാര്യങ്ങളിൽ 1934-ലെ മലങ്കര അസോസിയേഷൻ്റെ ഭരണഘടന, ഇരു ഭരണഘടനകളും പൊരുത്തപ്പെടുന്നതു വരെ, ക്നാനായ ഭരണഘടനയ്ക്ക് വിധേയമായി മാത്രം നടപ്പാക്കണമെന്നാണ്. ഈ കേസിൻ്റെ എല്ലാ വസ്തുതകളും സാഹചര്യങ്ങളും വച്ചു കൊണ്ട് 19-ാം പ്രതി തങ്ങളുടെ പ്രവർത്തനങ്ങളും പെരുമാറ്റവും മൂലം തങ്ങൾ മലങ്കരസഭയിലെ ഒരു അവിഭാജ്യ ഘടകമാണെന്ന നില കൈക്കൊണ്ടിട്ടുണ്ട് എന്നും അതുമൂലം 1934-ലെ മലങ്കര സഭാ ഭരണഘടന അവരെ ഭരിക്കുന്നതാണെന്നും എന്നാൽ അത് ക്നാനായ സമുദായം മറിച്ചു തീരുമാനിക്കുന്നതു വരെ, ക്നാനായ ഭരണഘടനയ്ക്ക് വിധേയമായിരിക്കുമെന്നും പ്രഖ്യാപിക്കുക മാത്രമെ ആവശ്യമുള്ളു.

അപ്പീലുകളും എതിർ ആക്ഷേപങ്ങളും, ഹർജികളും മേല്പറഞ്ഞ രീതിയിൽ തീരുമാനിച്ചു കൊള്ളുന്നു.

ക്നാനായ സമുദായം 1995ലെ സുപ്രീം കോടതി വിധിക്ക് ശേഷം ക്നാനായ അസോസിയേഷൻ, ക്നാനായ ഭരണഘടന എന്നിവയ്ക്ക് വിധേയപ്പെട്ട് സ്വതന്ത്രമായി നിലകൊണ്ട് വരുന്നു. എന്നാൽ സമകാലീന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മലങ്കരസഭയുമായുള്ള ബന്ധം പുനർനിർണയിച്ച് പൂർണമായും സ്വതന്ത്രമായ സഹകരണത്തിൽ പോകുവാൻ സാധിച്ചാൽ കേരളാ ക്രിസ്ത്യാനികളുടെ ചരിത്രത്തിൽ അതൊരു പുതിയ തുടക്കമാവും.

Reference :
1. മലങ്കര സഭാ കേസുകളുടെ സമഗ്ര സമാഹാരം – കെ. മാത്തൻ. BSc. BL
2. മലങ്കര സഭാ സ്വാതന്ത്ര്യം കോട്ട കെട്ടി സംരക്ഷിച്ച സുപ്രീം കോടതി വിധികൾ – അഡ്വ. സജി കൊടുവത്ത്.
3. ക്നാനായ ഭദ്രാസനത്തിന് 100 വയസ് – വർഗീസ് ജോൺ തോട്ടപ്പുഴ.