“ഈത്തോ ദ് മീലീബാര്‍” – മലബാറിലെ സഭ – എന്നാണ് അതി പുരാതനമായ കേരള സഭ അറിയപ്പെട്ടിരുന്നത്. എന്നാല്‍ കാലക്രമത്തില്‍ ഈ പുരാതന സഭ മലബാറില്‍ ഇല്ലാതായി.
മൈസൂറിന്‍റെ ഭരണാധികാരി ആയിരുന്ന ഹൈദര്‍ അലി 1782 ഡിസംബറില്‍ നിര്യാതനായതിനെ തുടര്‍ന്ന് മകന്‍ ടിപ്പു സുല്‍ത്താന്‍ അധികാരമേറ്റു.
വിഖ്യാത ചരിത്രകാരന്‍ ഫ്രാന്‍സിസ് ബുക്കാനന്‍ ഇങ്ങനെ രേഖപ്പെടിത്തിയിരിക്കുന്നു – അധികാരം ഏറ്റെടുത്ത ഉടന്‍ ടിപ്പു, ഇസ്ലാമിനെ മലബാറിലെ ഏക മതം ആക്കാനുള്ള ശ്രമം ആരംഭിച്ചു. (The Kerala of Francis Buchanan, Page 225).
ഒരു ബേനി ഇസ്രയേലി ആയ സാമുവല്‍ തന്‍റെ ആത്മകഥയില്‍ ഇങ്ങനെ പറയുന്നു: മലബാറില്‍ നിന്നു പിടികൂടിയ നാട്ടുരാജാക്കന്മാരുടെ സൈനികര്‍ക്കു മുമ്പില്‍ ടിപ്പുവെച്ച രണ്ട് ഉപാധികള്‍ ഇവയായിരുന്നു: ഒന്നുകില്‍ ഇസ്ലാം മതം സ്വീകരിക്കുക, അല്ലെങ്കില്‍ മരണം വരിക്കുക.
“ടിപ്പുവിന്‍റെ ഭരണകാലം മലബാറിലെ നാട്ടുരാജാക്കന്മാര്‍ക്കും നമ്പൂതിരിമാര്‍ക്കും നായന്മാര്‍ക്കും നസ്രാണികള്‍ക്കും യാതനയുടെ കാലമായിരുന്നു”വെന്നും ആ പ്രദേശത്തു നിന്നു രക്ഷപ്പെട്ട് ഓടിയവര്‍ തിരുവിതാംകൂറില്‍ അഭയം തേടിയെന്നും ബുക്കാനന്‍ പറയുന്നു.
ആഴ്വാഞ്ചേരി രാജകുടുംബം, കോലത്തിരി രാജകുമാരി ആയിരുന്ന മനോരമ തമ്പുരാട്ടി, കോഴിക്കോടു ഭരിച്ചിരുന്ന സാമൂതിരി കുടുംബാംഗങ്ങള്‍, മറ്റു ചെറിയ ചെറിയ നാട്ടുരാജാക്കന്മാര്‍ എന്നിവരെല്ലാം ടിപ്പുവിന്‍റെ പീഡനത്തിന് ഇരയായവരായിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷം ബ്രിട്ടീഷ് ഭരണാധികാരി കോണ്‍വാലിസ്പ്രഭു ടിപ്പുവിനെ യുദ്ധത്തില്‍ തോല്പിച്ചു. അതേ തുടര്‍ന്ന് ആഴ്വാഞ്ചേരി രാജകുടുംബത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനി അധികാരത്തില്‍ പുനഃസ്ഥാപിച്ചു. പക്ഷെ അവര്‍ സ്വേച്ഛാഭരണം തുടര്‍ന്നപ്പോള്‍ കമ്പനി അവര്‍ക്കു പെന്‍ഷന്‍ നല്‍കി അധികാരഭ്രഷ്ടരാക്കി.
ടിപ്പു വിവിധ മതവിഭാഗങ്ങളെ ബലംപ്രയോഗിച്ച് മതപരിവര്‍ത്തനം നടത്തിയതുമൂലം മലബാറിലെ മുസ്ലീംങ്ങളുടെ അംഗസംഖ്യ പെട്ടെന്ന് വര്‍ദ്ധിക്കാന്‍ തുടങ്ങി.
ടിപ്പുവിന്‍റെ ക്രൂരപീഡനത്തിനിരയായ നിരവധി നസ്രാണികള്‍ മുസ്ലീംങ്ങള്‍ ആയി. അവര്‍ ഇപ്പോഴും “മാപ്പിളമാര്‍” എന്നാണറിയപ്പെടുന്നത്.
1764 മുതല്‍ 1798 വരെ മലബാറില്‍ നിലനിന്ന അരാജകത്വത്തിനിടെ കോഴിക്കോടിനു തെക്ക് അധിവസിച്ചിരുന്ന നസ്രാണികള്‍ തിരുവിതാംകൂറിലേക്കു പലായനം ചെയ്തു. വടക്കു താമസിച്ചിരുന്നവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരായി. അവരോടൊപ്പം ഹിന്ദുക്കളും താഴ്ന്ന ജാതിക്കാരും മുസ്ലിംങ്ങള്‍ ആക്കപ്പെട്ടു.
പതിനാറാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ 40,000 നും 50,000 നും ഇടയ്ക്ക് നസ്രാണികള്‍ മലബാറിലുണ്ടായിരുന്നെന്ന് ക്രൈസ്തവ ചരിത്ര പണ്ഡിതനായ ഫാദര്‍ വിന്‍സെന്‍റ് എഴുതിയിട്ടുണ്ട്. ആ കാലത്തിനും 250 വര്‍ഷം ശേഷമാണ് ടിപ്പുവിന്‍റെ ആക്രമണവും ഭരണവും ഉണ്ടായത്. ആ ഇടക്കാലത്ത് നസ്രാണികളുടെ അംഗസംഖ്യ സ്വാഭാവികമായും വര്‍ദ്ധിച്ചിരുന്നിരിക്കണം.
പക്ഷെ വര്‍ഷം 1800 – നോട് അടുപ്പിച്ച് മലബാര്‍ മേഖലയില്‍ പര്യടനം നടത്തിയ ബുക്കാനിന് വളരെ കുറച്ചു നസ്രാണികളെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. പാലക്കാട്ടെ 13 നസ്രാണി കുടുംബങ്ങളെക്കുറിച്ചും കുന്നംകുളംത്തെ നസ്രാണി ഗ്രാമത്തെക്കുറിച്ചും എഴുതിയ ബുക്കാനന്‍ മലബാര്‍ മേഖലയെ കുറിച്ച് ഒന്നും പറയുന്നില്ല.
അതുകൊണ്ട് മലബാര്‍ പ്രദേശത്ത് ഉണ്ടായിരുന്ന മൂന്നു ലക്ഷത്തോളം നസ്രാണികള്‍ പല വര്‍ഷങ്ങള്‍ക്കിടയില്‍ അപ്രത്യക്ഷരായി എന്നാണ് അനുമാനിക്കേണ്ടത്. അവരോടൊപ്പം കണ്ണൂര്‍ മുതല്‍ തെക്ക് ചേറ്റുവാ വരെയുള്ള പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങളും അപ്രത്യക്ഷമായി.
യുദ്ധം
മരണത്തിനു രണ്ടു വര്‍ഷം മുമ്പ് 1780-ല്‍ ഹൈദര്‍ അലി തലശ്ശേരിയിലെ ബ്രിട്ടീഷ് കോട്ട ആക്രമിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബോംബെ യൂണിറ്റ് തലശ്ശേരിയിലെ ബ്രിട്ടീഷ് സേനയെ സഹായിക്കാനെത്തി. ജനറല്‍ മാത്യൂസിന്‍റേതായിരുന്നു നേതൃത്വം. അദ്ദേഹത്തിന്‍റെ സൈന്യം കൊങ്കണ്‍ പ്രദേശത്തെ ഹോണോവാര്‍, രാജമുന്‍ഡ്രി, കുന്താപ്പൂര്‍ എന്നിവിടങ്ങളിലെ ടിപ്പുവിന്‍റെ കോട്ടകള്‍ പിടിച്ചെടുത്ത് മംഗലാപുരത്ത് എത്തിച്ചേര്‍ന്നു. അവിടെനിന്ന് തലശ്ശേരിയിലും. അവിടുത്തെ ടിപ്പുകോട്ടകള്‍ പിടിച്ചടക്കിയ ശേഷം വീണ്ടും മംഗലാപുരത്തേക്കു മാര്‍ച്ച് ചെയ്തു.
ഈ വിവരം അറിഞ്ഞ ടിപ്പു 50,000-ല്‍ പരം സൈനികരുമായി ജനറല്‍ മാത്യൂസിന്‍റെ സേനയുമായി ഏറ്റുമുട്ടി. ഈ യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യം പൂര്‍ണ്ണമായും തോല്പിക്കപ്പെട്ടു. ജനറല്‍ മാത്യൂസ് പിടിയിലുമായി.
പിടിക്കപ്പെട്ട ബ്രിട്ടീഷ് ഭടന്മാര്‍ക്കൊപ്പം മംഗലാപുരത്തെ കൊങ്കണി ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ ഒരു വന്‍ ജനാവലിയെ ബാംഗ്ലൂര്‍-ശ്രീരംഗപട്ടണം റോഡ് മാര്‍ഗ്ഗം നടത്തിക്കൊണ്ടുപോയി. കൈകള്‍ പുറകില്‍ കെട്ടിയും മൂക്കും ചെവിയും അരിഞ്ഞും അവരെ ക്രൂരമായി പീഡിപ്പിച്ചു.
രഹസ്യ ഉത്തരവ്
മലബാറിലേയും കൊങ്കണ്‍ പ്രദേശത്തേയും നസ്രാണികളെ കൂട്ടത്തോടെ പിടികൂടി മൈസൂര്‍ രാജ്യത്തിന്‍റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിലേക്ക് നാടുകടത്തണമെന്ന്, ടിപ്പു ഒരു രഹസ്യ ഉത്തരവിലൂടെ അയാളുടെ മലബാറിലെ കമാന്‍ഡര്‍മാരോട് ആവശ്യപ്പെട്ടു. അതിനൊരു കാരണമുണ്ടായിരുന്നു. നിരവധി നസ്രാണികളെ തിരുവിതാംകൂറിലേക്കു പലായനം ചെയ്യാന്‍ സഹായിച്ചതിനുള്ള പ്രത്യുപകാരമായി നസ്രാണികള്‍ ജനറല്‍ മാത്യൂസിന് മൂന്നു ലക്ഷത്തി മുപ്പതിനായിരം രൂപ വായ്പയായി നല്‍കിയെന്ന അറിയിപ്പ്.
അതുപോലെ കോലത്തിരി നാട് ഭരണകര്‍ത്താക്കളായിരുന്ന ചിറക്കല്‍ രാജകുടുംബവും നിരവധി ഭൂപ്രഭുക്കന്മാരും തിരുവിതാംകൂറിലേക്കു രക്ഷപ്പെടാനായി ബ്രിട്ടീഷുകാരുടെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇരുപതു ലക്ഷം രൂപ നല്‍കിയെന്ന രഹസ്യവും ചോര്‍ന്നിരുന്നു (സി. കെ. കരീമിന്‍റെ “The Kerala of Hyder Ali and Tippu Sultan” എന്ന ഗ്രന്ഥത്തില്‍ നിന്ന്).
തടവിലാക്കിയ ജനറല്‍ മാത്യൂസിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിക്കൊടുത്തു. അതിന് ഉപയോഗിച്ചിരുന്ന നാലു പ്ലേറ്റുകളുടെ ചുവട്ടില്‍ ഫോര്‍ക്കു കൊണ്ടോ നഖം കൊണ്ടോ അദ്ദേഹം ചില കാര്യങ്ങള്‍ രേഖപ്പെടുത്തി.
ടിപ്പുവിന്‍റെ ഉത്തരവു പ്രകാരം തനിക്ക് വിഷം നല്‍കിയെന്ന് മാത്യൂസ് മനസ്സിലാക്കിയിരുന്നു. താന്‍ മലബാര്‍ നസ്രാണികളില്‍ നിന്ന് മൂന്നുലക്ഷത്തി മുപ്പതിനായിരം രൂപ വായ്പയായി വാങ്ങിയ വിവരവും രേഖപ്പെടുത്തി.
ജനറല്‍ മാത്യൂസിന്‍റെ മരണ ശേഷം ഈ നാലു പ്ലേറ്റുകളും ജയിംസ് സ്കറി എന്ന ഇംഗ്ലീഷ് തടവുകാരന്‍ പരിഭാഷപ്പെടുത്തി.
(“Captivity, suffering and escape” എന്ന തന്‍റെ പുസ്തകത്തില്‍ ജയിംസ് സ്കറി ഇക്കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.)
സ്കറിയുടെ തല മുണ്ഡനം ചെയ്യുകയും അദ്ദേഹത്തിനു സുന്നത്തു നടത്തുകയും ചെയ്തു. ഷണ്‍ ഷണ്‍ ഖാന്‍ എന്നു പേരുമാറ്റി അദ്ദേഹത്തെ മുസ്ലീം ആക്കി. അതും പോരാഞ്ഞ് ദക്ഷിണ ആര്‍ക്കോട്ടില്‍ നിന്ന് ഒരു അടിമപ്പെണ്ണിനെ അദ്ദേഹത്തെക്കൊണ്ട് വിവാഹം ചെയ്യിച്ചു.
ഹൈദര്‍ അലിയുടെയും ടിപ്പുവിന്‍റെയും പടയോട്ടം മൂലം മലബാറിന്‍റെ കാര്‍ഷിക മേഖല തകര്‍ന്നിരുന്നു. മലബാറിന്‍റെ ഖ്യാതിക്കു കാരണമായിരുന്ന വിദേശ വ്യാപാരം സ്തംഭിച്ചു. ഇവമൂലം സാമ്പത്തിക തകര്‍ച്ചയുണ്ടായി. മതസൗഹാര്‍ദ്ദം ഹനിക്കപ്പെട്ടു. ഒരു ‘നേട്ടം’ മാത്രമുണ്ടായി. നിര്‍ബന്ധിത മതപരിവര്‍ത്തനം മൂലം മുസ്ലീംങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു.
മലബാര്‍ നസ്രാണികളുടെ കഷ്ടതകള്‍
ടിപ്പു സുല്‍ത്താന്‍റെ പതനത്തിനു ശേഷം ജയിംസ് സ്കറി ഇംഗ്ലണ്ടില്‍ തിരിച്ചെത്തി. 1824-ല്‍ അദ്ദേഹം തന്‍റെ ആത്മകഥ – “The captivity, suffering and escape in Dominions of Hyder Ali and Tippu sultan” പ്രസിദ്ധീകരിച്ചു. ടിപ്പുവിന്‍റെ ക്രൂരത മൂലം മലബാറില ക്രിസ്ത്യാനികള്‍ നേരിട്ട കഷ്ടതകള്‍ അദ്ദേഹം ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.
“ജനറല്‍ മാത്യൂസ് പ്ലേറ്റുകളുടെ ചുവട്ടില്‍ രേഖപ്പെടുത്തിയവ വായിച്ചു പരിഭാഷപ്പെടുത്തിയ ഞാന്‍, അവരുടെ (ക്രിസ്ത്യാനികള്‍) കഷ്ടപ്പാടുകള്‍ക്ക് നിരപരാധിയായ ഒരു നിമിത്തം ആയി എന്ന് സമ്മതിക്കുന്നു. മുപ്പതിനായിരത്തോളം വരുന്ന പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മൈലുകളോളം നടത്തി ശ്രീരംഗപട്ടണത്തില്‍ എത്തിച്ചു. ആയുധം ഉപയോഗിക്കാന്‍ കരുതത്തുള്ളവരെ പരിച്ഛേദനം ചെയ്യിച്ചു. അവരെ നാലു ബറ്റാലിയനുകളായി തിരിച്ചു. ആയുധധാരികളായ അവരെ ഡ്രില്‍ ചെയ്യിച്ചു, നിരന്തരം. പിന്നീട് അവരെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തുനിന്ന് ഒമ്പതു മൈല്‍ അകലെയുള്ള മൈസൂറിലേക്ക് അയച്ചു. അതെന്തിനു വേണ്ടി ആയിരുന്നുവെന്ന് ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.”
ഈ ക്രിസ്ത്യാനികളുടെ പെണ്‍മക്കള്‍ സുന്ദരികളായിരുന്നു. അവരെ അവിഹിത വേഴ്ചയ്ക്ക് ടിപ്പു നിര്‍ബന്ധിച്ചു. അവര്‍ ചെറുത്തുനിന്നതിനെ തുടര്‍ന്ന് നാലു ബറ്റാലിയനുകളും പിരിച്ചുവിടുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പുരുഷന്മാരെയും സ്ത്രീകളെയും തടവുകാരാക്കി വീണ്ടും ശ്രീരംഗപട്ടണത്തില്‍ എത്തിച്ചു, കൈകള്‍ പുറകില്‍ കെട്ടി, നടത്തിച്ചു.
ചെരുപ്പുകുത്തികളെ വിളിച്ചു വരുത്തി തടവുകാരില്‍ പലരുടേയും മൂക്കു ചെത്തിച്ച് നടുറോഡിലൂടെ നടത്തി. ഒരാള്‍ നെഞ്ചടിച്ചു വീണ്, രക്തം ഛര്‍ദ്ദിച്ചു തല്‍ക്ഷണം മരിച്ചു. ഈ സംഭവം തടവുകാരുടെ അനുകമ്പയ്ക്കും പ്രതിഷേധത്തിനും കാരണമായി.
ഇതേ തുടര്‍ന്ന് ടിപ്പു ക്രൂരതയില്‍നിന്ന് അല്പം പിന്‍വാങ്ങി. പീഡനത്തിനുവേണ്ടി പുതിയ ഉത്തരവുകളൊന്നും ഇറക്കിയതുമില്ല.
“ഒരു ബ്രിട്ടീഷ് ജനറലിന്‍റെ (ജനറല്‍ മാത്യൂസ്) പ്രവര്‍ത്തികള്‍ മൂലം ദുരിതം അനുഭവിക്കേണ്ടിവന്ന ഈ നിര്‍ഭാഗ്യവാന്മാര്‍ക്കുവേണ്ടി ടിപ്പുവിന്‍റെ പതനത്തിനു ശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനി ചിലതൊക്കെ ചെയ്തുവെന്ന് എനിക്കറിയാന്‍ കഴിഞ്ഞു” – ജയിംസ് സ്കറി എഴുതി.
ഹിന്ദുക്കളുടെ ഒരു ആരാധനാലയം തകര്‍ത്ത് അവിടെ തുരങ്കം ഉണ്ടാക്കി അതിനുള്ളിലാണ് തടവുകാരെ പാര്‍പ്പിച്ചിരുന്നത്. തടവുകാരുടെ മൂക്കും കാതും അറുത്തെടുത്ത ചെരിപ്പുകുത്തികളെ വലിയ ബഹുമാനത്തോടെയാണ് മുഹമ്മദീയര്‍ കണ്ടിരുന്നത്. ഈ ക്രൂരന്മാരുടെ മറ്റൊരു വിനോദമായിരുന്നു, മൂക്കിനൊപ്പം മേല്‍ചുണ്ടും ചെത്തിയെടുക്കുന്നത്. കാതും മൂക്കും ചുണ്ടും നഷ്ടപ്പെട്ട ഈ ഹതഭാഗ്യരുടെ വികൃതരൂപം പേടിപ്പെടുത്തുന്നതായിരുന്നു. എന്നിട്ടും അവരെ ടിപ്പുവിന്‍റെ വിവിധ സേനാ കേന്ദ്രങ്ങളില്‍ തുച്ഛ ശമ്പളത്തിന് പണിയെടുപ്പിക്കുമായിരുന്നുവെന്ന് “Memories of Tipus Sultan” എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ടിപ്പുവിന്‍റെ മറ്റൊരു ‘വിനോദം: തനിക്കു ലഭിക്കേണ്ട വാര്‍ഷിക ഉപഹാരം നല്‍കുന്നതില്‍ വഴ്ച വരുത്തുന്ന മലബാറിലെ നാടുവാഴികളെ ശ്രീരംഗപട്ടണത്തു വിളിച്ചുവരുത്തി പ്രത്യേക കൂടുകളില്‍ സൂക്ഷിച്ചിരിക്കുന്ന പുലികള്‍ക്ക് എറിഞ്ഞു കൊടുക്കുക.
ജയിംസ് സ്കറി ഈ ക്രൂരതകള്‍ക്ക് ദൃക്സാക്ഷി ആയിരുന്നു. അതി നീചവും പൈശാചികവും ക്രൂരവുമായ ഇത്തരം പ്രവര്‍ത്തികളാണ് ടിപ്പുവിന്‍റെ സാമ്രാജ്യത്തിന്‍റെ ശിഥിലീകരണത്തിനും അയാളുടെ പതനത്തിനും ഇടയാക്കിയതെന്ന് സ്കറി വിശ്വസിക്കുന്നു.
ജനറല്‍ മാത്യൂസ് പ്ലേറ്റുകളുടെ ചുവട്ടില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ അറിഞ്ഞതോടെ ബോംബെ ഗവര്‍ണറായി ചുമതലയേറ്റ കോണ്‍വാലിസ് പ്രഭു, ശ്രീരംഗപട്ടണം പിടിച്ചടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. “മൈസൂര്‍ യുദ്ധം” എന്നറിയപ്പെടുന്ന പോരാട്ടത്തില്‍ ജയിംസ് സ്കറി സുപ്രധാനമായ പങ്കു വഹിച്ചു. ടിപ്പുവിന്‍റെ മേല്‍ ബ്രിട്ടീഷ് സൈന്യത്തിനുണ്ടായ സമ്പൂര്‍ണ്ണ വിജയം ഭാഗ്യംകൊണ്ടു മാത്രമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. നാലാം മൈസൂര്‍ യുദ്ധത്തില്‍ 1789-ല്‍ ടിപ്പു മരിച്ചു. അതോടെ 40 വര്‍ഷക്കാലം നിലനിന്ന സുല്‍ത്താന്‍ ഭരണത്തിനു തിരശ്ശീല വീണു.
മതപരിവര്‍ത്തനം
മലബാറിലെ ഏഴു ലക്ഷം ക്രിസ്ത്യാനികളെയും ഒരു ലക്ഷം ഹിന്ദുക്കളെയും ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്ന് “Memories of Tippu Sultan” എന്ന ഗ്രന്ഥത്തില്‍ പറയുന്നു. അതിനര്‍ത്ഥം ഹിന്ദുക്കളെക്കാള്‍ കൂടുതല്‍ മതംമാറ്റത്തിന് ഇരയായത് ക്രിസ്ത്യാനികള്‍ ആണെന്നാണ്. ഇവരില്‍ ഭൂരിഭാഗവും കോഴിക്കോട് സാമൂതിരിയുടെ ഭരണത്തിന്‍ കീഴിലുള്ള പ്രദേശങ്ങളില്‍ അധിവസിച്ചിരുന്നവരാണ്.
ഹൈദര്‍ അലി കോഴിക്കോട് പിടിച്ചെടുത്ത ശേഷം ഒരു സൈന്യം രൂപീകരിച്ചു. അതില്‍ നിരവധി ക്രിസ്ത്യാനികളെ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ ടിപ്പുവിന്‍റെ മനോഭാവം വ്യത്യസ്തമായിരുന്നു. സൈന്യത്തില്‍ ചേരുന്നവരെല്ലാ മുസ്ലീം ആകണമെന്ന് അയാള്‍ ശാഠ്യം പിടിച്ചു. എതിര്‍ത്തവരെ നിര്‍ദ്ദാക്ഷിണ്യം പീഡിപ്പിക്കുകയോ, കൊന്നുകളയുകയോ ചെയ്തു.
ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിനു പുറമെ പള്ളികള്‍ നശിപ്പിക്കുക എന്ന ക്രൂരവിനോദത്തിലും ടിപ്പു തല്പരനായിരുന്നു.
1789-ല്‍ ടിപ്പു കൊടുങ്ങല്ലൂരില്‍ എത്തി. ഒരു പട്ടാളവിഭാഗത്തെ ആലുവാ ടൗണിലേക്കു നിയോഗിച്ചു. അപ്പോഴാണ് വാര്‍ത്ത എത്തിയത്, ബ്രിട്ടീഷ് സൈന്യം ശ്രീരംഗപട്ടണത്തെ ലക്ഷ്യമിട്ടു നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് ടിപ്പു തിടുക്കത്തില്‍ തിരിച്ചുപോയത്.
(നിരണം ഗ്രന്ഥവരി എന്ന ഡയറിയില്‍ കൊച്ചി, തിരുവിതാംകൂര്‍ രാജ്യങ്ങളിലെ നസ്രാണികളെ ഭരിച്ചിരുന്ന മാര്‍ തോമാ ആറാമന്‍, ടിപ്പുവിന്‍റെ നടപടികളെ പരാമര്‍ശിച്ചിട്ടുണ്ട്.)
കൊച്ചിരാജ്യത്തെ ആക്രമണങ്ങള്‍ക്കിടയില്‍ ടിപ്പു കൊച്ചി-തിരുവിതാംകൂര്‍ രാജ്യങ്ങളെ വേര്‍തിരിച്ചിരുന്ന നെടുംകോട്ട തകര്‍ത്തു. ആലുവയിലെത്തിയ പട്ടാളം നമ്പൂതിരിമാരുടെ ഇല്ലങ്ങളും അന്തഃപുരങ്ങളും ഇടിച്ചു നിരപ്പാക്കുകയും അമ്പലങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു.
ടിപ്പുവിന്‍റെ കടന്നാക്രമണത്തെ തുടര്‍ന്ന് ചാവക്കാട്, പാലക്കാട് പ്രദേശങ്ങളിലെ നസ്രാണികള്‍ ചിന്നിച്ചിതറി.
കുന്നംകുളത്തെ ആര്‍ത്താറ്റുപള്ളി തകര്‍ക്കുകയും പ്രമുഖനായ ഒരു വൈദികനെ ഇസ്ലാമിലേക്ക് മതം മാറ്റുകയും ചെയ്തു. പക്ഷെ അദ്ദേഹം അവിടെനിന്ന് രക്ഷപ്പെട്ട് തിരുവിതാംകൂറില്‍ മാര്‍ തോമ്മാ ആറാമന്‍റെ അടുത്ത് അഭയംതേടി.
ടിപ്പു ശ്രീരംഗപട്ടണത്തു തിരിച്ചെത്തി ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി. ആ യുദ്ധത്തില്‍ തിരുവിതാംകൂര്‍ ദിവാന്‍ കേശവപിള്ള ബ്രിട്ടീഷുകാര്‍ക്ക് പിന്തുണ നല്‍കി. ബ്രിട്ടീഷ് സൈന്യം ശ്രീരംഗപട്ടണം പിടിച്ചെടുത്തു. തുടര്‍ന്നാണ് ടിപ്പു മരിച്ചത്.
(വി. ഐ. മാത്യൂസ് കോറെപ്പിസ്ക്കോപ്പാ രചിച്ച യഹൂദന്‍ മുതല്‍ നസ്രാണി വരെ എന്ന ഗ്രന്ഥത്തില്‍ നിന്നും)