സമാധാനത്തിന്‍റെ ആത്മാവില്‍ നിലകൊള്ളുക / പ. കാതോലിക്കാ ബാവാ

നമ്പര്‍ 185/2017

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ
ത്രീയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി)
വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍
ആരൂഢനായിരിക്കുന്ന
പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ
മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍

(മുദ്ര)

കര്‍ത്താവില്‍ നമ്മുടെ എല്ലാ പള്ളികളിലേയും വികാരിമാരും, സഹപട്ടക്കാരും, ദേശത്തുപട്ടക്കാരും, പള്ളികൈസ്ഥാനികളും, ശേഷം വിശ്വാസികളും കൂടിക്കണ്ടെന്നാല്‍ നിങ്ങള്‍ക്ക് വാഴ്വ്!

പ്രിയരെ,

പ. സഭയില്‍ നിലനിന്നിരുന്ന വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ഭാരതത്തിന്‍റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയില്‍ നിന്നും ജൂലൈ മാസം 03-ാം തീയതി ഉണ്ടായ വിധിയെ സംബന്ധിച്ച് നിങ്ങളേവരും അറിഞ്ഞിട്ടുള്ളതാണല്ലോ. ഈ വിധി പരിശുദ്ധ സഭയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ലഭ്യമായ അവസരമാകയാല്‍ ഒരു ദൈവാനുഗ്രഹമായി കാണുവാനാണ് നാം ആഗ്രഹിക്കുന്നത്. മലങ്കരസഭാമക്കള്‍ ഏവരും അപ്രകാരം കരുതും എന്നുതന്നെയാണ് നാം പ്രതീക്ഷിക്കുന്നതും. ഈ വിധിയുടെ പശ്ചാത്തലത്തില്‍ ഏതാനും കാര്യങ്ങള്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് യുക്തമെന്ന് നാം കരുതുന്നു.

വാത്സല്യ മക്കളെ,

ബഹു. സുപ്രീംകോടതിയുടെ ഇപ്പോഴുണ്ടായ വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കരസഭാംഗങ്ങള്‍ ഏവരും ഒന്നായിത്തീരേണ്ടത് അങ്ങേയറ്റം ആവശ്യമാണ്. പരിശുദ്ധ സഭയുടെ മക്കള്‍ മുഴുവനും ഒരേ വിശ്വാസത്തിന്‍റെ പൈതൃകം പേറുന്ന കുടുംബാംഗങ്ങള്‍ തന്നെയാണ്. അതിനാല്‍ നാമെല്ലാവരും ഈ കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് ഏകവും വിശുദ്ധവുമായ സഭയുടെ മക്കളായി വര്‍ത്തിക്കണമെന്നും ബഹു. സുപ്രീംകോടതി ആവര്‍ത്തിച്ചുറപ്പിച്ചതായ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പരിശുദ്ധ സഭയില്‍ ശാശ്വത സമാധാനം ഉണ്ടാകണമെന്നുമാണ് നമ്മുടെ ആഗ്രഹം. “കലഹം പിശാചിന്‍റെ കൗശലമാണ്. സമാധാനം ദൈവത്തിന്‍റെ ദാനമാണ്” – ഈ വസ്തുത നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ദൈവികമായ സമാധാനം ഈ പരിശുദ്ധ സഭയില്‍ പൂര്‍ണ്ണമായും നിലനില്‍ക്കുവാന്‍ ദൈവാശ്രയത്തോടും സമചിത്തതയോടുംകൂടെ ദൈവമുമ്പാകെ മുട്ടിപ്പായി പ്രാര്‍ത്ഥിക്കണം എന്ന്നാം നിങ്ങളെ പ്രത്യേകമായി ഓര്‍മ്മിപ്പിക്കുന്നു. കേസും വഴക്കും സഭയുടെ സാക്ഷ്യത്തിനും പുരോഗതിക്കും എന്നും വിഘാതമാണ്. പ്രശ്നരഹിതമായ സാഹചര്യം സൃഷ്ടിച്ച് സഭാംഗങ്ങളുടെ ആത്മീകവും ഭൗതീകവുമായ പുരോഗതിക്കായി പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് ഏറ്റവും കരണീയമെന്ന് നാം കരുതുന്നു. ആയതിനാല്‍ “സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍” എന്ന ദൈവവചനം പ്രാവര്‍ത്തികമാക്കുവാനും സമാധാനം പുലരുവാനും നമുക്ക് പ്രാര്‍ത്ഥിക്കുകയും ദൈവാശ്രയത്തോടെ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യാം. നാമേവരും മലങ്കരസഭയുടെ വിശ്വാസം പൂര്‍ണ്ണമായി പാലിക്കണമെന്നും ദൈവീകമായ സമാധാനത്തിന്‍റെ ആത്മാവില്‍ നിലകൊള്ളണമെന്നും നാം വീണ്ടും നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

ശേഷം പിന്നാലെ, സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും, നിങ്ങളേവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയത് ദൈവമാതാവായ പരിശുദ്ധ കന്യകമറിയാം അമ്മയുടേയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടേയും നമ്മുടെ പരിശുദ്ധ പിതാക്കന്മാരായ മാര്‍ ഗ്രീഗോറിയോസിന്‍റെയും യല്‍ദോ മാര്‍ ബസേലിയോസിന്‍റെയും മാര്‍ ദീവന്നാസിയോസിന്‍റെയും ശേഷം സകല ശുദ്ധിമാന്മാരുടേയും ശുദ്ധിമതികളുടേയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…

ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദിതീയന്‍

2017 ജൂലൈ മാസം 11-ാം തീയതി
കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്നും