പള്ളികളിൽ മൃതദേഹം സംസ്‌കരിക്കുന്നതിൽ നിയമ നിർമാണവുമായി സംസ്ഥാന സർക്കാർ

തർക്കം നിലനിൽക്കുന്ന പള്ളികളിൽ സഭാ വ്യത്യാസമില്ലാതെ മൃതദേഹം സംസ്‌കരിക്കാൻ നിയമ നിർമാണവുമായി സംസ്ഥാന സർക്കാർ. കുടുംബ കല്ലറയുള്ള പളളികളിൽ സഭാ വ്യത്യാസമില്ലാതെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി നൽകുന്നതാണ് നിയമം. ഓർഡിനൻസ് അടിയന്തരമായി കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ നിലപാടിനെ യാക്കോബായ സഭ സ്വാഗതം ചെയ്തപ്പോൾ സുപ്രിം കോടതി വിധി മറികടന്ന് യാക്കോബായ വൈദികരെ പള്ളിയിലെത്തിക്കാനുള്ള ഗൂഢലക്ഷ്യമാണ് തീരുമാനത്തിന് പിന്നിലെന്ന് ഓർത്തഡോക്‌സ് വിഭാഗം ആരോപിച്ചു.

ഓർത്തഡോക്‌സ് സഭക്ക് അനുകൂലമായ കോടതി വിധി വന്ന ശേഷമാണ് പള്ളികളിൽ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി തർക്കം ഉടലെടുത്തത്. കായംകുളം കടച്ചിറ പള്ളിയിൽ വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാനാവാതെ ഒരു മാസത്തിലേറെ സൂക്ഷിച്ചു. മറ്റു ചില പളളികളിലും സമാന തർക്കമുണ്ടായി. ഓർത്തഡോക്‌സ് പക്ഷ വിശ്വാസിയായാൽ മാത്രമേ സംസ്‌കരിക്കാൻ അനുമതി നൽകൂ എന്ന നിലപാടിലായിരുന്നു ഓർത്തഡോക്‌സ് വിഭാഗം. കുടുംബ കല്ലറയുള്ള പള്ളികളിൽ സഭാ വ്യത്യാസമില്ലാതെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കുമെന്ന് ഓർഡിനൻസിൽ വ്യക്തമാക്കും. മന്ത്രിസഭാ തീരുമാനത്തെ യാക്കോബായ വിഭാഗം സ്വാഗതം ചെയ്തു.

സുപ്രിംകോടതി വിധി മറികടന്ന് യാക്കോബായ വിഭാഗത്തിലെ വൈദികരെ പള്ളികളിൽ പ്രാർത്ഥനക്ക് കയറ്റാനുള്ള നീക്കമാണ് സർക്കാരിന്റേതെന്ന് ഓർത്തഡോക്‌സ് വിഭാഗം പ്രതികരിച്ചു. നേരത്തെ മൃതദേഹം സംസ്‌കരിക്കാൻ അനുകൂല തീരുമാനം തേടി യാക്കോബായ സഭ മനുഷ്യാവകാശ കമ്മീഷനേയും ഗവർണറേയും മുഖ്യമന്ത്രിയേയും സമീപിച്ചിരുന്നു. തിരുവനന്തപുരത്ത് യാക്കോബായ സഭ സമരവും നടത്തി. തുടർന്നാണ് ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനമെടുത്തത്.

Source