കുവൈറ്റില്‍ ബസേലിയോസ്‌ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷം

ബസേലിയോസ്‌ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷം : ഡോ. അലക്സാണ്ടർ ജേക്കബ്‌ ഐ.പി.എസ്‌. മുഖ്യാതിഥിയായിരിക്കും

 കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മൂന്നാമത്‌ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവർഗീസ്‌ ദ്വിതീയൻ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷങ്ങളുടെ ഭാഗമായി മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നു.

ജനുവരി 1, 2 തീയതികളിൽ അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്ക്കൂളിൽ ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിൽ മുൻ കേരളാ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ്‌ ഐ.പി.എസ്‌. മുഖ്യാതിഥിയായിരിക്കും. കല്ക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്താ, കൊട്ടാരക്കര-പുനലുർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറസ്‌ മെത്രാപ്പോലീത്താ എന്നിവർ വിശിഷ്ഠാതിഥികളായി പങ്കെടുക്കും.

ജനുവരി ഒന്നിന്‌ വൈകിട്ട്‌ 5.30-ന്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകയിലെ മർത്ത മറിയം സമാജത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച്‌ വനിതാ സമാജവുമായി ചേർന്ന്‌ ‘അണുകുടുംബം ഒരു വരമോ ശാപമോ’ എന്ന വിഷയത്തെ ആസ്പദമാക്കി ക്രമീകരിച്ചിരിക്കുന്ന കുടുംബസമ്മേളനത്തിൽ ഡോ. അലക്സാണ്ടർ ജേക്കബ്‌ ഐ.പി.എസ്‌. മുഖ്യപ്രഭാഷണം നടത്തും.

രണ്ടാം തീയതി വ്യാഴാഴ്ച്ച രാവിലെ 9 മുതൽ 2 മണി വരെ മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രിസ്ത്യൻ സ്റ്റുഡന്റ്സ്‌ മൂവ്മെന്റ്‌ (എം.ജി.ഓ.സി.എസ്‌.എം.) കുവൈറ്റ്‌ സോണുമായിച്ചേർന്ന്‌ അപ്പോസ്തോലിക സഭകളിലെ 7 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾക്ക്‌ ഡോ. അലക്സാണ്ടർ ജേക്കബ്‌ ഐ.പി.എസ്‌. നേതൃത്വം നൽകും.

അന്നേദിവസം വൈകിട്ട്‌ 5.30 മുതൽ പരി. ബസേലിയോസ്‌ ബാവായുടെ 56-‍ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച്‌ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ കുടുംബ സംഗമവും നടക്കും. ജനുവരി മൂന്നിന്‌ ഇടവകയുടെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുർബ്ബാനയും പ്രത്യേക ധൂപപ്രാർത്ഥനയും നേർച്ചവിളമ്പും ഉണ്ടായിരിക്കും.

ദീർഘമായ 35 വർഷക്കാലം മലങ്കര സഭയെ നയിച്ച സാമൂഹിക പരിഷ്കർത്താവായിരുന്ന പരിശുദ്ധ ഗീവർഗീസ്‌ ദ്വിതീയൻ ബാവായുടെ നാമധേയത്തിൽ പ്രവർത്തിച്ചു വരുന്ന മലങ്കര സഭയിലെ ഏക ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമാണ്‌ മാർ ബസേലിയോസ്‌ മൂവ്മെന്റ്‌. കഴിഞ്ഞ 47 വർഷക്കാലമായി കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന പ്രസ്ഥാനം കേരളത്തിലും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിവരുന്നു.