വടവുകോട് അക്രമം: സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഓര്‍ത്തഡോക്സ് സഭ

കോലഞ്ചേരി: നവംബര്‍ 10, 2019: കോലഞ്ചേരി വടവുകോട് സെന്‍റ് മേരീസ് ഓര്‍ത്തോഡോക്സ്
പള്ളിയില്‍ പാത്രിയര്‍ക്കീസ് വിഭാഗം നടത്തിയ അക്രമത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഓര്‍ത്തഡോക്സ് സഭ.

കഴിഞ്ഞ കുറെ നാളുകളായി ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്കെതിരെ പാത്രിയര്‍ക്കീസ് വിഭാഗം നടത്തിവരുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സായുധ ആക്രമണങ്ങളിലേക്ക് വഴി മാറുന്നു എന്നതിന്‍റെ തെളിവാണ് വടവുകോട് പള്ളിയില്‍ നടന്ന സംഭവം. ഓര്‍ത്തഡോക്സ് സഭ വിശ്വാസികളുടെ ജീവന് ഭീഷണിയാകുന്ന ഈ സാഹചര്യം ആശങ്കാജനകമാണ്. അക്രമികളെ നിയമത്തിന്‍റെ മുന്‍പിലെത്തിക്കുവാന്‍ പോലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായ നടപടികള്‍ സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്തിന്‍റെ ആകെ ക്രമസമാധാന നിലക്ക് ഗുരുതരമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു.

രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാരും, രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും സഭ വിഷയത്തില്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്. മറ്റ് വിഷയങ്ങളില്‍ സുപ്രീം കോടതി വിധികള്‍ നടപ്പിലാക്കുവാന്‍ ആര്‍ജവം കാണിക്കുന്നവര്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് നീതി നിഷേധിക്കുകയാണ്. പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്ന അക്രമങ്ങള്‍ രാജ്യത്തിന്‍റെ പരമോന്നത കോടതിയോടും, നീതിന്യായ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ തയ്യാറാകണം.

നവംബര്‍ 9-ന് വൈകുന്നേരം വടവുകോട് സെന്‍റ് മേരീസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ വച്ച്
ഓര്‍ത്തഡോക്സ് സഭ വിശ്വാസികളായ രണ്ട് മധ്യവയസ്കരെ പാത്രിയര്‍ക്കീസ് വിഭാഗം മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ ഇവര്‍ കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 4 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.