യാക്കോബായ വിഭാഗത്തിന്‍റെ ചുമതലക്കാരന്‍ ആയിരിക്കുന്ന ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ശ്രേഷ്ഠതയ്ക്ക്.
അഭിവന്ദ്യ തിരുമേനിയുടെ പത്രസമ്മേളനത്തിന്‍റെ ഒരു പ്രതികരണം ആയിട്ടാണ് ഇത് അയക്കുന്നത്. തിരുമേനി ഉന്നയിച്ച പ്രധാനമായ ഒരു വിഷയം യാക്കോബായ വിഭാഗത്തില്‍ ഉള്ള ആളുകളുടെ ശവസംസ്കാരം ഓര്‍ത്തഡോക്സ് സഭയുടെ ഇടവകകളില്‍ നടത്തുന്നില്ല എന്നതാണ്. അതിനുള്ള വ്യക്തമായ മറുപടിയാണ് ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദ്ദേശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചേര്‍ത്ത് ഇവിടെ എഴുതുന്നത്. സെമിത്തേരി സംബന്ധിച്ച സുപ്രീംകോടതി ഉത്തരവില്‍ എന്തു പറയുന്നു എന്ന് വ്യക്തമായി മാര്‍ക്ക് ചെയ്ത് കൊടുത്തിട്ടുണ്ട്. അങ്ങയ്ക്ക് അത് വായിച്ചാല്‍ മനസ്സിലാകും എന്ന് കരുതട്ടെ.
മലങ്കരസഭയുടെ സെമിത്തേരിയുടെ ഉപയോഗത്തെ സംബന്ധിച്ച് വ്യക്തമായ ഉത്തരവ് 2019 സെപ്റ്റംബര്‍ 6-ന് സുപ്രീംകോടതി നല്കിയിട്ടുണ്ട്. മലങ്കര സഭയുടെ ഭരണക്രമത്തില്‍ നിലനില്ക്കുന്ന ഇടവകാംഗത്തിന് നടപ്പനുസരിച്ചുള്ള അവകാശമാണ് സെമിത്തേരി. ഇത് ഇടവകയുടെ പുറത്തുള്ളവര്‍ക്ക് അപഹരിക്കാന്‍ അവകാശമില്ലെന്നും കോടതി വ്യക്തമായി പറയുന്നു. മറ്റാര്‍ക്കും സെമിത്തേരിയിലോ മറ്റു വസ്തുവകകളിലോ അവകാശം ഉന്നയിക്കാന്‍ അധികാരമില്ലെന്നും മലങ്കരസഭയുടെ എല്ലാ പള്ളികള്‍ക്കും ഇത് ബാധകമാണെന്നും കോടതി അസന്നിഗ്ദമായി പറയുന്നു. സഭയ്ക്ക് പുറത്തു പോയി എന്ന് അവകാശപ്പെടുമ്പോള്‍ എങ്ങനെയാണ് ഓര്‍ത്തഡോക്സ് സഭയുടെ സെമിത്തേരികളുടെ അവകാശം ഉന്നയിക്കാന്‍ സാധിക്കുന്നത് (Reference: 5/ 228:17).
ഈ കോടതി ഉത്തരവ്പ്രകാരം മാത്രമേ ഇടവക വികാരിക്കും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും, മനുഷ്യാവകാശ കമ്മീഷനുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നിരിക്കെ നടക്കാത്ത ഒരു വിഷയത്തെ സംബന്ധിച്ച് പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ നേതൃസ്ഥാനത്തിരിക്കുന്ന അങ്ങയെപോലുള്ള ഒരു പിതാവ് പ്രവര്‍ത്തിക്കുന്നത് ന്യായമാണോ? സുപ്രീംകോടതിയുടെ വിധി യാക്കോബായ വിഭാഗത്തിന് എന്നതുപോലെ തന്നെ ഓര്‍ത്തഡോക്സ് സഭയ്ക്കും ബാധകമാണ്. അത് ലംഘിച്ചുകൊണ്ടുള്ള ഒരു നടപടിക്കും സഭ മുതിരുകയില്ല.
കോടതിവിധികള്‍ ഞങ്ങള്‍ ബഹുമാനിക്കുന്നു എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുമ്പോഴും പരസ്യമായി അതിനെതിരേ പ്രതികരിക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. കോടതി വിധികളെ ബഹുമാനിക്കുകയും അവ നടപ്പാക്കുകയും മാത്രമാണ് ഒരു സര്‍ക്കാരിനെ സംബന്ധിച്ചും അതിന്‍റെ സംവിധാനങ്ങളെ സംബന്ധിച്ചും കരണീയമായിട്ടുള്ളത്. കേരള മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അങ്ങയുടെ പ്രസ്താവനയില്‍ അത് വ്യക്തമാക്കുന്നുണ്ട്. എഴുപതുകളില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ തിരുമനസ്സുകൊണ്ട് മുടക്കിയവര്‍ എന്ന് അങ്ങ് പറയുമ്പോള്‍ ആ മുടക്കപ്പെട്ടവര്‍ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരികളില്‍ മുടക്കില്ലാത്ത യാക്കോബായ വിഭാഗത്തിന്‍റെ വിശ്വാസികള്‍ കര്‍ത്താവിന്‍റെ രണ്ടാമത്തെ വരവ് വരെ കഴിച്ചുകൂട്ടണം എന്നു പറയുന്നത് ആ സമൂഹത്തിന്‍റെ നേതാവ് എന്ന നിലയില്‍ തിരുമേനിക്ക് പറയാന്‍ എങ്ങനെ കഴിയുന്നു? യാക്കോബായ വിഭാഗത്തില്‍ ഉള്ള സമാധാന കാംക്ഷികളായ 36 പേരുടെ ശവസംസ്കാരം എല്ലാ ബഹുമാനവും ആദരവോടും കൂടി ഓര്‍ത്തഡോക്സ് സഭയുടെ പുരോഹിതന്മാര്‍ വിവിധ ദേവാലയങ്ങളില്‍ ഈ കോടതി വിധിക്ക് ശേഷം നടത്തി കൊടുത്തതും അങ്ങ് മറന്നു പോയില്ല എന്ന് വിചാരിക്കുന്നു. തിരുമേനി ഇപ്പോഴത്തെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു എങ്കില്‍ ഇതുവരെ നിങ്ങളോടൊപ്പം നിന്നു എന്ന് നിങ്ങള്‍ അഭിമാനിക്കുന്ന ഈ ആളുകള്‍, ‘മുടക്കപ്പെട്ടവര്‍’ അടക്കം നടത്തി നരകത്തിലേക്ക് പോകുവാന്‍ വിട്ടുകൊടുത്തത് അങ്ങയുടെ നേതൃത്വത്തിന്, പൗരോഹിത്യത്തിന് ചേര്‍ന്നതായിരുന്നോ? കൂദാശകളില്‍ നിന്നും മറ്റ് ശുശ്രൂഷകളില്‍ നിന്നും അകന്നു നില്‍ക്കുവാന്‍ തക്കവണ്ണം ഓര്‍ത്തഡോക്സ് സഭയെ മുടക്കി എന്ന് അവകാശപ്പെടുന്ന അന്ത്യോഖ്യാ സഭയുടെ പരമാധ്യക്ഷന്‍ പ. പാത്രിയര്‍ക്കീസ് ബാവാ തിരുമേനി പ. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിക്ക് തന്‍റെ മുടക്ക് മാറ്റിത്തരണമെന്ന് എഴുതിയത് എന്തിനാണ്? പ. പാത്രിയര്‍ക്കീസ് ബാവായ്ക്ക് അധികാരത്തെ സംബന്ധിച്ച് എന്തെങ്കിലും ഉലച്ചില്‍ വരുമ്പോള്‍ മാത്രം കൂടുവാന്‍ ഉള്ളതാണോ ഈ ആഗോള സുന്നഹദോസ്?
മേലില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുമായുള്ള കൗദാശികമായ ബന്ധങ്ങള്‍ ആഗോള സുന്നഹദോസ് പുനഃപരിശോധിക്കുമെന്ന് അങ്ങ് പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ വ്യവസ്ഥകള്‍ അങ്ങ് ബോധപൂര്‍വ്വം മറച്ചു വെച്ചു എന്ന് കരുതാതെ ഇരിക്കാന്‍ തരമില്ല. സിറിയന്‍ ഓര്‍ത്തഡോക്സ് സഭയും, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയും ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒരു ഭാഗമാണ് എന്നതുകൊണ്ടുതന്നെ അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസ് ബാവാ തിരുമേനിക്ക് കൂദാശാ വിഷയങ്ങളില്‍ ഏകപക്ഷീയമായി ഒരു തീരുമാനം എടുക്കുവാന്‍ സാധ്യമല്ല. ഒരു പിടിവാശിക്ക് (ഇവിടെ ഉള്ള ചിലരുടെ നിര്‍ബന്ധങ്ങള്‍ ആണല്ലോ മുമ്പും അന്ത്യോക്യന്‍ പിതാക്കന്മാരുടെ ചില തിട്ടൂരങ്ങള്‍ക്ക് കാരണം) അങ്ങനെ ഒരു നീക്കം നടത്തിയാല്‍ അത് ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭയുടെ സമിതികളില്‍ ചോദ്യം ചെയ്യപ്പെടും എന്നതിന് തര്‍ക്കമില്ല. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തിരിച്ചടികളേക്കാള്‍ ഭയാനകമായിരിക്കും അത് എന്നത് മറന്നുപോകരുത്. ശ്രേഷ്ഠ ബാവാ തിരുമേനിയുടെ കാലഘട്ടം സഭയ്ക്ക് ഒരുപാട് പ്രയാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞ ഒരു പിതാവാണ് അങ്ങ്. അദ്ദേഹത്തിന്‍റെ നീതിരഹിതവും ഏകാധിപത്യപരവുമായ ഭരണം മൂലം ഉള്ള ബുദ്ധിമുട്ടാണ് അങ്ങ് ഉള്‍പ്പെടുന്ന വിഭാഗം ഇന്ന് അനുഭവിക്കുന്നത് എന്ന് പരസ്യമായി പറയാന്‍ അങ്ങ് ധൈര്യം കാണിച്ചു. എന്നാല്‍ സഭയുടെ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ മുന്‍ഗാമികള്‍ക്ക് ചേരുന്ന പിന്‍ഗാമി യായി അങ്ങ് മാറിപ്പോയി. 1995-ല്‍ കോടതി വിധി വന്നപ്പോള്‍ സമാധാനത്തിന്‍റെ സന്ദേശം ഉള്‍ക്കൊണ്ട് ദേവലോകം അരമനയിലേക്ക് പല പ്രാവശ്യം ചര്‍ച്ചകള്‍ക്കായി അങ്ങ് വന്നത് അങ്ങ് മറന്നുപോയി കാണുകയില്ലല്ലോ? മാര്‍ മിലിത്തോസ്, മാര്‍ അത്താനാസിയോസ് എന്നീ പിതാക്കന്‍മാരെ സമാധാന ചര്‍ച്ചകള്‍ക്കായി നിര്‍ബന്ധിച്ചതും അങ്ങ് മറന്നു പോയി കാണുവാന്‍ തരമില്ല. അങ്ങയുടെ ഇപ്പോഴത്തെ പരസ്യ പ്രസ്താവനകളും നിലപാടുകളും അതുകൊണ്ടുതന്നെ നിര്‍ഭാഗ്യവും തെറ്റിദ്ധാരണാജനകവുമാണ്. അങ്ങയെ പോലെയുള്ള ഒരു പിതാവിന് ഒരിക്കലും ചേരുന്നതല്ല, കര്‍ശന നിലപാട് എന്ന് തോന്നിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍. ഒരു ജനതയെ അന്ധകാരത്തിലേക്ക് നയിച്ച മുന്‍ഗാമിയുടെ പിന്‍ഗാമി ആകണോ, അതോ സമാധാനത്തിന്‍റെ മനോഹര തുറമുഖത്തേക്ക് തന്‍റെ ജനതയെ നയിച്ച മോശയെപ്പോലെ പിതാക്കന്മാരുടെ പട്ടികയിലേക്ക് ചേരണമോ എന്ന് അങ്ങേയ്ക്ക് തീരുമാനിക്കാം. എല്ലാ ബഹുമാന ആദരവോടും കൂടെ നിര്‍ത്തുന്നു.
എബി മാത്യു കൊഴുവല്ലൂര്‍