അന്ത്യോഖ്യന്‍ പാത്രിയര്‍ക്കേറ്റുമായുള്ള സംസര്‍ഗ്ഗം പുനഃസ്ഥാപിക്കുക
അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്
സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കേറ്റ്
അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും
29-07-2019
നമ്പര്‍ ഇഐ 62/19
To,
പ. മോര്‍ ബസേലിയോസ് പൗലോസ് II കാതോലിക്കോസ്
മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ
ദേവലോകം, കോട്ടയം, കേരള, ഇന്‍ഡ്യ
ക്രിസ്തുവില്‍ പ്രിയ സഹോദരാ,
കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നേഹ വന്ദനം.
മലങ്കരയിലെ നമ്മുടെ സഭ ഒരു അവിഭാജ്യ ഘടകമായിരിക്കുന്ന ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെയും അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പാത്രിയര്‍ക്കീസും പരമാധികാരിയും ആയി ചുമതല ഏറ്റ നാള്‍ മുതല്‍ മലങ്കരസഭയില്‍ ശാശ്വത സമാധാനം സ്ഥാപിക്കപ്പെടുന്നതിനായി കഠിനമായി പ്രയത്നിക്കുകയും തീക്ഷ്ണതയോടെ പ്രാര്‍ത്ഥനയില്‍ വ്യാപരിക്കുകയുമായിരുന്നു നാം. പ്രസ്തുത ദിശയിലുള്ള നമ്മുടെ അദ്ധ്വാനത്തിന്‍റെ തുടര്‍ച്ചയെന്നവണ്ണം താഴെ പറയുന്ന ചില സംഗതികള്‍ പ്രിയ സഹോദരന്‍റെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നു.
1. ഇന്‍ഡ്യയുടെ പരമോന്നത നീതിന്യായ കോടതിയായ സുപ്രീം കോടതി 2012-ലെ കെ. എസ്. വര്‍ഗീസിന്‍റെ വ്യവഹാരവുമായി ബന്ധപ്പെട്ട് നടത്തിയ വിധി പ്രഖ്യാപനത്തിലെ അന്തഃസത്ത ഉള്‍ക്കൊണ്ട് കൂടിയാലോചനകള്‍ക്കായി നാം ക്ഷണപത്രം അയച്ചുവെങ്കിലും സഹോദരനും സഹോദരന്‍റെ കീഴിലുള്ള പ്രാദേശിക സുന്നഹദോസും അത് സ്വീകരിച്ചില്ല എന്ന വസ്തുത നമ്മെ നിരാശപ്പെടുത്തി. മേല്‍ സൂചിപ്പിച്ച പ്രഖ്യാപനം ഇങ്ങനെ ആയിരുന്നുവല്ലൊ. ‘രണ്ടു വിഭാഗങ്ങളും തങ്ങളുടെ മതത്തിന്‍റെ അന്തഃസത്തയുള്‍ക്കൊള്ളുകയും കൂടുതല്‍ വിഭാഗീയത സംഭവിക്കാതെയും ഒഴിവാക്കാവുന്ന മൂല്യത്തകര്‍ച്ച ഊതി വീര്‍പ്പിക്കാതെയും ഒരു പൊതുവേദിയില്‍, വേണ്ടിവന്നാല്‍ ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തിയും നിയമാനുസൃതമായി, എന്നാല്‍ സമാന്തര ഭരണ സംവിധാനങ്ങള്‍ക്കു മുതിരാതെയും ക്രമസമാധാന സംവിധാനങ്ങള്‍ക്ക് തകര്‍ച്ച ഭവിക്കാതെയും ദേവാലയങ്ങള്‍ അടച്ചു പൂട്ടുവാന്‍ ഇടയാകാതെയും കാര്യങ്ങള്‍ ക്രമപ്പെടുത്തുകയാണ് സ്വീകാര്യമായ സംവിധാനം.’
2. 2017 ജൂലൈ മൂന്നാം തീയതിക്കു ശേഷം ഉണ്ടായിട്ടുള്ള സകല കോടതി വ്യവഹാരങ്ങളും സഹോദരന്‍റെ കീഴിലുള്ള പ്രതിനിധികളില്‍ നിന്നു മാത്രം ഉണ്ടായവയാണ്; അവ പരമോന്നത നീതിന്യായ കോടതിയുടെ ഉദ്ദേശ ശുദ്ധിയ്ക്കും താല്‍പര്യങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പൊരുത്തപ്പെടുന്നില്ല.
3. അന്ത്യോഖ്യന്‍ സിംഹാസനത്തിലെ നമ്മുടെ മുന്‍ഗാമികള്‍ പരമോന്നത നീതിന്യായ കോടതിയുടെ 1958-ലെയും 1995-ലെയും വിധികള്‍ പരസ്യമായി അംഗീകരിച്ചിട്ടുള്ളതാണ്.
4. നമ്മുടെ സഭയുമായി ബന്ധമുള്ള എല്ലാവര്‍ക്കും 1958-ലെയും 1995-ലെയും വിധികള്‍ ബാധകമായിരിക്കുമെന്ന് പരമോന്നത നീതിന്യായ കോടതി അതിന്‍റെ 2011 ജൂലൈ 3-ലെ വിധിയില്‍ സ്പഷ്ടമാക്കിയിരിക്കുന്നതായി നാം അതീവ സന്തോഷത്തോടെ മനസിലാക്കുന്നു.
5. 1958-ലെ സുപ്രീംകോടതിവിധിയില്‍ (മോറാന്‍ മാര്‍ ബസേലിയോസ് v ടി. പൗലോ അവിരാ – AIR 1959 SC 31) “രണ്ട് സഭകളോ രണ്ട് തരം വിശ്വാസങ്ങളോ ഇല്ലായെന്നും, എതിര്‍വിഭാഗം പുതിയ സഭ സ്ഥാപിക്കുകയോ യാക്കോബായ സുറിയാനിയില്‍ നിന്ന് വേറിട്ടു പോവുകയോ ചെയ്തിട്ടില്ല” എന്നുമുള്ള താങ്കളുടെ മുന്‍ഗാമികളുടെ നിലപാട് അംഗീകരിച്ചിട്ടുണ്ട് (ഖണ്ഡിക 25 @ പുറം 39, 40; AIR 1959 SC 31).
6. യാക്കോബായ സുറിയാനി സഭയിലെ പരസ്പരം എതിര്‍ത്തു നിന്ന ഇരു വിഭാഗങ്ങളും യോജിപ്പോടെ പ്രവര്‍ത്തിച്ച് പാത്രിയര്‍ക്കീസിനെ അംഗീകരിക്കുകയും അദ്ദേഹവുമായി സംസര്‍ഗത്തില്‍ നിലനില്‍ക്കുകയും ചെയ്തിരുന്നു. സഹോദരന്‍റെ മുന്‍ഗാമിയായി സിംഹാസനത്തില്‍ ആരൂഢനായിരുന്ന പരിശുദ്ധ പിതാവ് നമ്മുടെ മുന്‍ഗാമിയായിരുന്ന അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനാല്‍ കാതോലിക്കായായി സ്ഥാനാരോഹണം പ്രാപിച്ച ശേഷം 1964 മെയ് 22 തീയതി നടത്തിയ പൊതു പ്രസ്താവനയിലേക്ക് സഹോദരന്‍റെ ശ്രദ്ധ നാം ക്ഷണിക്കുന്നു. ധഖണ്ഡിക 132 @ പുറം 377, സപ്ലി. (4) Scc 286).
7. ഇന്ത്യയുടെ പരമോന്നത കോടതി 1995-ല്‍ മറ്റ് പല കാര്യങ്ങള്‍ക്കൊപ്പം വിധിയിലൂടെ വ്യക്തമാക്കിയപ്രകാരം 1-1-1971-ല്‍ നിലനിന്ന സാഹചര്യം ഈ കാലത്തും എല്ലാ അര്‍ഥത്തിലും നിലനില്‍ക്കേണ്ടതാണ്. 2017-ലെ കെ.എസ്. വറുഗീസ് കേസിലും തുടര്‍ന്നു വന്ന കട്ടച്ചിറ, കണ്ടനാട് കേസുകളിലും കോടതി ഇക്കാര്യം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്.
8. 2017-ലെ വിധിയില്‍ ആകമാന സുന്നഹദോസിനാല്‍ നിയമിതനായ അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസിനെ മലങ്കരസഭ സ്വീകരിക്കേണ്ടതാണ് എന്നു പറയുന്ന വസ്തുത സഹോദരന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ്. സഹോദരന്‍റ സഭയില്‍ അംഗീകരിക്കപ്പെട്ട പാത്രിയര്‍ക്കീസ് എന്ന വസ്തുതയ്ക്ക് മേലില്‍ നിയമത്തിന്‍റെ പിന്‍ബലം ഇല്ല (ഖണ്ഡിക 169 @ പുറം 482, 2017)
(15) Scc 333). 1928-ലെ വട്ടിപ്പണക്കേസിലെ വിധി 1958-ലെയും 1995-ലെയും പരമോന്നത നീതിപീഠത്തിന്‍റെ തീര്‍പ്പുമായി പൊരുത്തപ്പെട്ടു പോകുന്നു; ഇത് ബന്ധപ്പെട്ട സകലര്‍ക്കും ബാധകമാണ് [45TLR 116]. ഇപ്പറഞ്ഞിരിക്കുന്ന വസ്തുതകളുടെ വെളിച്ചത്തില്‍ ഇന്‍ഡ്യയിലെ യാക്കോബായ സുറിയാനി സഭ (മലങ്കരസഭ) ആകമാന സുന്നഹദോസിനാല്‍ നിയമിക്കപ്പെട്ട അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസുമായി സംസര്‍ഗം ഇല്ലാതെ മലങ്കരസഭയ്ക്ക് നിലനില്‍പു തന്നെ ഉണ്ടാകുന്നില്ല. 2014-ല്‍ ആകമാന സുന്നഹദോസിനാല്‍ തെരഞ്ഞെടുക്കപ്പെട്ട് നിയമിക്കപ്പെട്ടതാണ് അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസായ നാം എന്ന് സഹോദരന് അറിവുള്ളതാണ്. അന്നു മുതല്‍ നാം ആ സ്ഥാനത്ത് തുടരുകയും ചെയ്യുന്നു. ആയതിനാല്‍ നാം ഇന്‍ഡ്യയിലെ പരിശുദ്ധ സഭയില്‍ ശാശ്വതമായ സമാധാനം നിലനില്‍ക്കുവാനും നമ്മുടെ സുറിയാനി ക്രൈസ്തവ സമൂഹത്തിലെ സര്‍വ്വ അംഗങ്ങളും സമാധാനപരമായ സഹവര്‍തിത്വം യാഥാര്‍ത്ഥ്യമാക്കുവാനും ആഹ്വാനം ചെയ്യുന്നത് തുറന്ന മനസോടെയും യുക്തിഭദ്രതയോടെയും അംഗീകരിക്കുകയും സഹോദരന്‍റെ മുന്‍ഗാമിയുടെ കീഴിലുള്ള സുന്നഹദോസ് 1975-ല്‍ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസുമായുള്ള സര്‍വ ബന്ധങ്ങളും വിച്ഛേദിച്ച് സ്വയംശീര്‍ഷകത്വം പ്രഖ്യാപിച്ച നടപടികള്‍ പിന്‍വലിക്കയും വേണം.
പ്രിയ സഹോദരന്‍ അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയര്‍ക്കീസിനെ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധികാരിയായി അംഗീകരിച്ച് അതിന്‍റെ അവിഭാജ്യ ഭാഗമായ മലങ്കരസഭ ആ പിതാവിനോട് സംസര്‍ഗത്തില്‍ ആകുകയും ഇന്‍ഡ്യയിലെ പ. സഭയില്‍ ശാശ്വതസമാധാനം സ്ഥാപിക്കുകയും ചെയ്യേണ്ടതാണ്, നാം അതിനായി പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ദൈവകൃപ സഹോദരനൊപ്പം ഉണ്ടായിരിക്കട്ടെ.
ഇഗ്നാത്തിയോസ് അപ്രേം II (ഒപ്പ്)
അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയര്‍ക്കീസ്
ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍
(ഇംഗ്ലീഷ് കത്തിന്‍റെ പരിഭാഷ. പരിഭാഷകന്‍: ജോര്‍ജ് ജോസഫ്
ഇഞ്ചക്കാട്ടില്‍)