കടമറ്റം പള്ളിയും ചാപ്പലുകളും സഭാ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം

കടമറ്റം സെന്റ് ജോര്‍ജ് പള്ളിയും, പോയേടം ചാപ്പല്‍ ഉള്‍പ്പെടെ പള്ളിയുടെ എല്ലാ ചാപ്പലുകളും, സെമിത്തേരിയും 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്ന് എറണാകുളം അഡീഷണല്‍ ജില്ലാകോടതി വിധിച്ചിരിക്കുന്നു. 2017 ജൂലൈ 3 ലെ വിധി ഈ പള്ളിക്കും ബാധകമാണെന്നും അതിലെ നിര്‍ദ്ദേശമനുസരിച്ച് അന്ത്യോഖ്യ പാത്രിയര്‍ക്കീസിന് മലങ്കര സഭയുടെ പള്ളികളുടെമേല്‍ ഭരണപരമായ യാതൊരധികാരവും ഇല്ലെന്നും, അദ്ദേഹത്തിന്റെ ആത്മീക അധികാരങ്ങളും സാരമായി നിലനില്‍ക്കുന്നില്ല; സുപ്രീംകോടതി പരാമര്‍ശമനുസരിച്ച് അതും അസ്ഥമിക്കുന്ന ബിന്ദുവില്‍ എത്തിയിരിക്കുന്നു എന്നും കോടതി കണ്ടെത്തി. കോടതിച്ചെലവ് ഉള്‍പ്പെടെയാണ് ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി വിധിയുണ്ടായിരിക്കുന്നത്.

1934ലെ ഭരണഘടന അനുസരിക്കുന്ന വൈദികര്‍ക്കും മേല്‍പ്പട്ടക്കാര്‍ക്കും മാത്രമാണ് പള്ളിയിലും, പോയേടം ചാപ്പല്‍ ഉള്‍പ്പെടെ എല്ലാ ചാപ്പലുകളിലും ആരാധനയും, ശവസംസ്‌കാരവും നടത്തുവാന്‍ അവകാശമുള്ളത്. അവരെയും അവരുടെ കൂടെയുള്ളവരെയും അതില്‍ നിന്ന് തടസപ്പെടുത്തരുത്. മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്ന കാര്യത്തില്‍ വളരെ വ്യക്തമായ ഉത്തരവാണ് കോടതി നല്‍കിയിട്ടുള്ളത്.

അവകാശങ്ങള്‍ സംരക്ഷിക്കുവാനെന്ന വ്യാജേന ആള്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിക്കുന്നതുകൊണ്ട് കോടതിവിധികള്‍ മറികടക്കാമെന്നത് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ വ്യാമോഹം മാത്രമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ആരുടെയും മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ല. എന്നാല്‍ 1934ലെ ഭരണഘടന അനുസരിക്കാത്തവര്‍ക്ക് പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും മേല്‍ യാതൊരു അവകാശവും ഉണ്ടാവില്ല. കോടതിവിധികള്‍ ഉണ്ടാകുന്ന പള്ളികളില്‍ നിന്നും വ്യാപകമായ മോഷണങ്ങള്‍ നടക്കുന്നു. ഇതു തടയുന്നതിന് പോലീസ് അധികാരികള്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.