റിട്രീറ്റ് സെന്‍ററിന് ബോസ്റ്റണ്‍ സെന്‍റ് മേരീസില്‍ നിന്നും ഉദാരമായ സംഭാവനകള്‍

ജോര്‍ജ് തുമ്പയില്‍

ബോസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അഭിമാനമായി മാറുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിനുള്ള ഫണ്ട് ശേഖരണ പരിപാടികള്‍ വിജയകരമായി നടന്നു വരുന്നു.

സെപ്തംബര്‍ 15 ഞായറാഴ്ച ബോസ്റ്റണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്ന ഫണ്ട് ശേഖരണ സമ്മേളനത്തില്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത റിട്രീറ്റ് സെന്‍ററിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എപ്പിസ്കോപ്പല്‍ സന്ദര്‍ശനത്തിന് എത്തിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയെ ഇടവക സമൂഹം പ്രാര്‍ത്ഥന നിരതമായി വരവേറ്റു.

ഇടവക വികാരി ഫാ. റോയി പി.ജോര്‍ജ് മെത്രാപ്പോലീത്തയേയും റിട്രീറ്റ് സെന്‍റര്‍ ഡെലിഗേഷനെയും ഇടവകയിലേക്ക് സ്വാഗതം ചെയ്തു. റിട്രീറ്റ് സെന്‍ററിനെപ്പറ്റിയുള്ള വീഡിയോ പ്രസന്‍റേഷനു ശേഷം എച്ച്.റ്റി.ആര്‍.സി ഫണ്ട് റെയ്സിങ്ങ് ടീമിലെ സജീവ അംഗം എബി കുര്യാക്കോസ് റിട്രീറ്റ് സെന്‍ററിനെപ്പറ്റി വിശദമായി പ്രതിപാദിച്ചു. എച്ച്.റ്റി.ആര്‍.സി അഡ്വസൈറി ബോര്‍ഡ് അംഗം ജോര്‍ജ് വറുഗീസ് സഹായ വാഗ്ദാനങ്ങളും സംഭാവനയും നല്‍കിയവരെ പരിചയപ്പെടുത്തി. 25,000 ഡോളര്‍ സംഭാവന നല്‍കിയ ഡോ. സീമ ജേക്കബ് 10,000 ഡോളര്‍ സംഭാവന നല്‍കിയ ഫാ. റോയി പി. ജോര്‍ജ് എന്നിവരെ മാര്‍ നിക്കോളോവോസ് പ്രത്യേകം ശ്ലാഘിച്ചു. ജോയി വാഴയില്‍, ടോണി തോമസ്, കുറിയാക്കോസ് പാളൂപ്പറമ്പില്‍, സിബു തോമസ്, ജയ് വറുഗീസ് എന്നിവരും സംഭാവനകള്‍ നല്‍കി. ഐപ്പ് വറുഗീസ്, ഡോ. പോള്‍ മാത്യു, ജോര്‍ജ് വറുഗീസ്, വറുഗീസ് കുന്നത്ത്, തോമസ് മത്തായി, ജിസ്മോന്‍ ജേക്കബ്, അനീഷ് വറുഗീസ് എന്നിവര്‍ നേരത്തെ തന്നെ ഈ ഫണ്ട് റെയ്സിങ് പരിപാടിയുമായി സഹകരിച്ചിരുന്നു. വരും മാസങ്ങളില്‍ കൂടുതല്‍ ഇടവക അംഗങ്ങള്‍ സംഭാവനകളുമായി എത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിട്രീറ്റ് സെന്‍റര്‍ സന്ദര്‍ശിക്കുവാനും കുറഞ്ഞത് ഒരു മുഴുവന്‍ ദിവസമെങ്കിലും അവിടെ ചെലവഴിക്കുവാനും മാര്‍ നിക്കോളോവോസ് ഇടവകാംഗങ്ങളോട് ആഹ്വാനം ചെയ്തു. 300 ഏക്കറുകളിലായി 110,000 സ്ക്വയര്‍ ഫീറ്റിലുള്ള കെട്ടിട സമുച്ചയവും വിസ്തൃതമായ സ്ഥല സൗകര്യങ്ങളുമുള്ള റിട്രീറ്റ് സെന്‍റര്‍ സമീപഭാവിയില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുമെന്ന് മാര്‍ നിക്കോളോവോസ് സൂചിപ്പിച്ചു. മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ 60-ാം ജന്മദിനവും ഇടവക സമുചിതമായി ആഘോഷിച്ചു.