ഫാ. ടി.ജെ. ജോഷ്വ പ്രകാശ ഗോപുരം: കാതോലിക്കാ ബാവാ

കോട്ടയം ∙ സർവമതങ്ങളാലും ആദരിക്കപ്പെടുന്ന സമാനതകളില്ലാത്ത ആചാര്യ ശ്രേഷ്ഠനാണ് ഫാ. ഡോ. ടി.ജെ. ജോഷ്വ എന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. വേദശാസ്ത്ര പണ്ഡിതനും എഴുത്തുകാരനുമായ ഫാ.ടി.ജെ. ജോഷ്വയുടെ നവതിയുടെ ഭാഗമായി തുടക്കം കുറിക്കുന്ന ജീവകാരുണ്യ സംരംഭമായ ഫാ. ഡോ. ടി.ജെ. ജോഷ്വ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാ ബാവാ.

മലയാള മനോരമയിലൂടെ പ്രസിദ്ധീകരിക്കുന്ന ഫാ. ടി.ജെ. ജോഷ്വയുടെ ‘ഇന്നത്തെ ചിന്താവിഷയം’ ലക്ഷക്കണക്കിനു ജനങ്ങൾക്ക് ആശ്വാസമേകുന്നു. ജീവിതത്തിലെ എല്ലാ തലങ്ങളിലും പ്രകാശ ഗോപുരം പോലെയാണ് ഫാ. ഡോ. ടി.ജെ. ജോഷ്വയുടെ ജീവിതം. രോഗവും കഷ്ടപ്പാടുകളും  ചിരിച്ച മുഖത്തോടെ അഭിമുഖീകരിച്ച അപൂർവ വ്യക്തിത്വമാണ് ഫാ.ജോഷ്വയെന്ന് ബാവാ പറഞ്ഞു.സ്നേഹത്തിന്റെ തനിരൂപമാണ് ഫാ. ടി. ജെ. ജോഷ്വയെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത എൻഎസ്എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ പറഞ്ഞു. തന്റെ കളിക്കൂട്ടുകാരനായി വളർന്ന ഫാ. ഡോ. ടി. ജെ. ജോഷ്വ ഉയർന്ന ചിന്തയും എഴുത്തും കൊണ്ട് സമൂഹത്തിലെ ഉന്നത സ്ഥാനത്ത് എത്തിയതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഡോ. മാത്യൂസ് മാർ സേവേറിയോസ് ആചാര്യവന്ദനം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ പ്രവർത്തനരേഖ അവതരിപ്പിച്ചു. ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ സന്ദേശം നൽകി. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. സിറിയക് തോമസ്, ഫൗണ്ടേഷൻ ട്രഷറർ തോമസ് ടി. ജോൺ, ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, സ്വാമി ബോധി തീർഥ, റവ ഇ.ജെ. ജോർജ് എന്നിവർ പ്രസംഗിച്ചു. ടി.എസ്. അബ്ദുൽ കരിം മൗലവി, റവ. ഇ. ജെ. ജോർജ്, സ്വാമി പ്രകാശാനന്ദ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.