സഭാക്കേസ് : 2017ലെ വിധിക്ക്‌ വിരുദ്ധമായ ഉത്തരവു നൽകരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി ∙ മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934ലെ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അധികാരങ്ങൾ പ്രകാരമാണു ഭരിക്കേണ്ടതെന്ന വിധിക്ക് (2017) വിരുദ്ധമായ രീതിയിൽ ഉത്തരവുകൾ നൽകുന്നതിൽ നിന്ന് ഹൈക്കോടതിയെയും കീഴ്ക്കോടതികളെയും സുപ്രീം കോടതി വിലക്കി.

ഇനി കൂടുതൽ വ്യവഹാരങ്ങൾക്ക് അവസരമില്ലെന്നും അവശേഷിക്കുന്ന എല്ലാ കേസുകളും 2017ൽ കെ.സി. വർഗീസ് കേസിൽ നൽകിയ വിധിയുടെ അടിസ്ഥാനത്തിൽ തീർപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സഭാതർക്കവുമായി ബന്ധപ്പെട്ട നിലവിലുള്ള കേസുകളുടെ പട്ടിക 3 മാസത്തിനകം ലഭ്യമാക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി റജിസ്ട്രാർ ജനറലിനോടു നിർദേശിച്ചു.

എറണാകുളം കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 6നു നൽകിയ ഉത്തരവിലാണു നിർദേശമുള്ളത്. ഉത്തരവ് ഇന്നലെയാണു പുറത്തുവന്നത്.കണ്ടനാട് പള്ളിയിൽ ഓരോ ആഴ്ച ഇടവിട്ട് ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾക്ക് ആരാധനാ സൗകര്യം അനുവദിച്ചു കഴിഞ്ഞ മാർച്ച് 8നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരെ പള്ളി വികാരി ഐസക് മറ്റമ്മേൽ കോർ എപ്പിസ്കോപ്പ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഹൈക്കോടതി ജഡ്ജിയെ അന്നു സുപ്രീം കോടതി വാക്കാൽ നിശിതമായി വിമർശിച്ചിരുന്നു.
ഉത്തരവിൽ പറയുന്നത്:

∙ ഭരണഘടനയുടെ 141ാം വകുപ്പുപ്രകാരം, സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമം രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമാണ്.

144ാം വകുപ്പനുസരിച്ച്, ഇന്ത്യയിലെ എല്ലാ സിവിൽ, ജുഡീഷ്യൽ അധികാരികൾക്കും സുപ്രീം കോടതിയെ സഹായിക്കാൻ ബാധ്യതയുണ്ട്. കേരളവും ഇന്ത്യയുടെ ഭാഗമായതിനാൽ ബന്ധപ്പെട്ടവർക്ക് അതിനൊത്തു പ്രവർത്തിക്കാൻ ബാധ്യതയുണ്ട്.

∙ സഭയിൽ സമാധാനമുണ്ടാകണമെന്നാണ് സുപ്രീം കോടതി താൽപര്യപ്പെട്ടത്. എന്നാൽ, വിരുദ്ധമായ ഉത്തരവുകൾ വരുന്നതിനാൽ സുപ്രീം കോടതി നിർദേശിച്ച നിയമം നടപ്പാക്കാനാവാത്ത സ്ഥിതിയാണ്.

ഇതു വിധിയുടെ ലംഘനമാണ്. ഭാവിയിൽ ഇത്തരം നടപടികളുണ്ടായാൽ അതു ഗൗരവത്തിലെടുക്കും.

∙ ഹൈക്കോടതി റജിസ്ട്രാർ ജനറൽ ഉടനെ ഉത്തരവിന്റെ പകർപ്പ് സംസ്ഥാനത്തെ എല്ലാ കോടതികൾക്കും ബന്ധപ്പെട്ട അധികാരികൾക്കും ലഭ്യമാക്കണം.

Source