പി. സി. യോഹന്നാന്‍ റമ്പാന്‍ / കെ. വി. മാമ്മന്‍


മലങ്കരസഭയുടെ ആധുനിക ചരിത്രത്തില്‍ പി. സി. യോഹന്നാന്‍ റമ്പാനെപ്പോലെ മനുഷ്യമനസ്സുകളില്‍ സ്ഥാനംപിടിക്കുകയും ആ നാമം മാറാതെ തങ്ങിനില്‍ക്കുകയും ചെയ്യുന്ന മറ്റൊരു സന്യാസിവര്യനില്ല. റമ്പാന്മാരുടെ മുമ്പനെന്നും മനുഷ്യസേവനത്തിന്‍റെ ആള്‍രൂപമെന്നും വിശേഷിപ്പിക്കപ്പെടുന്ന റമ്പാച്ചന്‍ 14-ാമത്തെ വയസ്സില്‍ പുണ്യചരിതനായ കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ (പാമ്പാടി തിരുമേനി) കൂടെ കൂടിയതാണ്. ഏലിയാവും എലീശായും പോലെ തിരുമേനിയെ ശുശ്രൂഷിക്കാനും ദയറായിലെ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കാനും നിയോഗിക്കപ്പെട്ട പി. സി. യോഹന്നാന്‍, മെത്രാപ്പോലീത്തായുടെ കീഴില്‍ സുറിയാനിയും മറ്റും പഠിച്ചും പരിശീലനം നടത്തിയും വൈദികനും പിന്നീട് റമ്പാനും ആയി. പാമ്പാടി ദയറായുടെ മുഖഛായ മാറ്റുകയും പൊത്തന്‍പുറത്തെ ഒരു വിദ്യാനികേതനമായും തീര്‍ത്ഥാടനകേന്ദ്രമായും ഏദന്‍തോട്ടമായും വളര്‍ത്തുകയും ചെയ്ത റമ്പാച്ചന്‍ അസാധാരണ കര്‍മ്മശേഷിയുള്ള ഒരു വൈദികശ്രേഷ്ഠനായിരുന്നു. കോളജില്‍ പഠിക്കാത്ത അദ്ദേഹം ഒരു ഒന്നാം ഗ്രേഡ് കോളജിലൂടെ പാമ്പാടി ഗ്രാമത്തെ ചിത്തപ്രകാശമുള്ള നഗരമാക്കി മാറ്റി.

പാമ്പാടിയിലെ ബാലഭവന്‍, അഭയഭവന്‍, ആശാകിരണ്‍, കെ.ജി. കോളജ്, അരമന, ബി.എം.എം. ഹയര്‍സെക്കണ്ടറി സ്കൂള്‍, മാര്‍ ഈവാനിയോസ് ഐ.റ്റി.സി. എന്നിവയെല്ലാം സ്ഥാപിക്കാനും സംസ്ഥാനത്തെ അനാഥ സംരക്ഷണ ചുമതല ഏറ്റെടുത്തു നടത്താനും എല്ലാം ജോലിത്തിരക്കിനിടയില്‍ സമയം കണ്ടെത്തി. മെത്രാപ്പോലീത്താമാര്‍ക്കു താമസിക്കാന്‍ ഒരു അരമന ഇല്ലെന്നുള്ള കുറവ് അദ്ദേഹം 2008 സെപ്തംബര്‍ 13-ന് അപ്രതീക്ഷിതമായി മരണമടയുന്നതിന് ഏതാനും മാസം മുമ്പാണ് പൂര്‍ത്തിയാക്കിയത്. പുതുപ്പള്ളി പാറേട്ട് ആശുപത്രിയുടെ സ്ഥലം ഇസ്സഡ്.എം. പാറേട്ടില്‍ നിന്നു ലഭിക്കുന്നതിനുവേണ്ടി ശ്രമിച്ചു വിജയിച്ചതും റമ്പാച്ചനാണ്. കോട്ടയം ഭദ്രാസനാസ്ഥാനമായ കെ. എം. ജി. സെന്‍റര്‍ നിര്‍മ്മാണത്തിന്‍റെ പിമ്പിലും റമ്പാച്ചന്‍റെ കഠിനപ്രയത്നം ഉണ്ടായിരുന്നു. പാമ്പാടി തിരുമേനിയേയും പാമ്പാടി ദയറായേയും പറ്റി സഭാടിസ്ഥാനത്തിലും ആഗോളാടിസ്ഥാനത്തിലും അര്‍ഹിക്കുന്ന അറിവുണ്ടാക്കാന്‍ സാധിച്ചത് റമ്പാച്ചന്‍റെ സ്നേഹനിര്‍ഭരമായ പ്രവര്‍ത്തനം കൊണ്ടാണ്. നട്ടുച്ചയ്ക്ക് ജ്വലിച്ചു നില്ക്കുന്ന സൂര്യന്‍ പെട്ടെന്നു അസ്തമിച്ചതുപോലെയായിരുന്നു റമ്പാച്ചന്‍റെ മരണം. സഭയ്ക്കും ദയറായ്ക്കും പരിഹരിക്കാനാവാത്ത നഷ്ടമായിരുന്നു ആ മരണം.

പാമ്പാടി പോരാളൂര്‍ കുര്യന്‍ ചാണ്ടിയുടെയും അന്നമ്മയുടെയും പുത്രനായി 1934 ജൂണ്‍ 24-നാണ് റമ്പാച്ചന്‍ ജനിച്ചത്. മദ്യവര്‍ജ്ജന പ്രവര്‍ത്തകനും ആദ്യന്തം വലിയ മനുഷ്യസ്നേഹിയുമായിരുന്ന പി. സി. യോഹന്നാന്‍ റമ്പാച്ചന്‍റെ നിര്യാണം സമൂഹത്തിനാകെ കനത്തനഷ്ടം എന്നത്രെ മാതൃഭൂമി ദിനപത്രം പ്രസിദ്ധപ്പെടുത്തിയ മുഖപ്രസംഗത്തില്‍ പറഞ്ഞത്. അവശര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു അതെന്ന് മാതൃഭൂമി ചൂണ്ടിക്കാട്ടി.