പ. കാതോലിക്കാബാവാ തിരുമനസ്സിലേക്ക് സോവിയറ്റുയൂണിയനില്‍ അത്യുജ്ജ്വല സ്വീകരണങ്ങള്‍

(പ്ര. ലേ.) മോസ്ക്കോ.

ന്യൂഡല്‍ഹിയില്‍ നിന്ന് സെപ്റ്റംബര്‍ 21-ാം തീയതി ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് മോസ്ക്കോ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പ. ബാവാ തിരുമേനിക്കും മലങ്കരസഭാ പ്രതിനിധി സംഘത്തിനും അത്യുജ്ജ്വലമായ ഒരു സ്വീകരണമാണ് വിമാനത്താവളത്തില്‍ വച്ചു നല്‍കപ്പെട്ടത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷനായ പ. പീമാന്‍ പാത്രിയര്‍ക്കീസുബാവാ മോസ്ക്കോയിലെ ഷെറിമെറ്റീഡോ വിമാനത്താവളത്തില്‍വച്ച് പ. കാതോലിക്കാബാവായെ ചുംബനം ചെയ്ത് സ്വീകരിച്ചു. മെത്രാപ്പോലീത്തന്മാരും, ആര്‍ച്ചുബിഷപ്പന്മാരും, പട്ടക്കാരും, റഷ്യന്‍ പേട്രിയര്‍ക്കേറ്റിലെ സഭാപ്രവര്‍ത്തകരും ചേര്‍ന്ന് മറ്റു പ്രതിനിധികളെയും സ്വീകരിച്ചു. പ. കാതോലിക്കാബാവായെയും പ്രതിനിധിസംഘത്തെയും കാണുന്നതിനു വലിയ ഒരു ജനക്കൂട്ടം വിമാനത്താവളത്തില്‍ കൂടിയിരുന്നു. ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ വിമാനത്താവളത്തില്‍വച്ച് പ്രതിനിധിസംഘത്തോടു ചേര്‍ന്നു.

പ. കാതോലിക്കാബാവായും പ്രതിനിധിസംഘവും റഷ്യന്‍ പാത്രിയര്‍ക്കേറ്റു സന്ദര്‍ശിച്ചശേഷം അവര്‍ക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള അതിഥിമന്ദിരത്തിലേക്കു ആനയിക്കപ്പെട്ടു. വിശ്രമാനന്തരം 21-ാം തീയതി വൈകിട്ടു പ. കാതോലിക്കാബാവാ തിരുമനസ്സിലെ ബഹുമാനാര്‍ത്ഥം റഷ്യന്‍ പാത്രിയര്‍ക്കീസ് നടത്തിയ വിരുന്നുസല്‍ക്കാരത്തില്‍ പ്രതിനിധികള്‍ സംബന്ധിച്ചു. വിവിധ സഭാനേതാക്കന്മാരും, വൈദികശ്രേഷ്ഠന്മാരും, രാഷ്ട്രപ്രതിനിധികളുമായി ഒരു വലിയ സംഘം ആളുകള്‍ വിരുന്നില്‍ സംബന്ധിച്ചിരുന്നു.
22, 23 എന്നീ തീയതികളില്‍ പ്രതിനിധിസംഘം മോസ്ക്കോയിലെയും, കീവിലെയും പ്രധാനപ്പെട്ട പള്ളികള്‍ സന്ദര്‍ശിച്ചു. 23-ാം തീയതി മോസ്ക്കോയിലെ പാത്രിയര്‍ക്കാ കത്തീഡ്രലില്‍ പ. കാതോലിക്കാ ബാവായുടെ സ്വീകരണം സംബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍വച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഏറ്റവും ഉന്നതബിരുദമായ ഠവല ീൃറലൃ ീള ടേ. ഢഹമറശാലൃ (ഓര്‍ഡര്‍ ഓഫ് സെന്‍റ് വ്ളാഡിമര്‍) എന്ന അവാര്‍ഡ് പ. പീമാന്‍ പാത്രിയര്‍ക്കീസ് പ. കാതോലിക്കാ ബാവായ്ക്ക് നല്‍കി ബഹുമാനിച്ചു.

24-ാം തീയതി അര്‍മ്മീനിയന്‍ കാതോലിക്കോസ് പ. വസ്ക്കന്‍ തിരുമനസ്സിലെ ക്ഷണപ്രകാരം പ. ബാവാ തിരുമേനിയും പ്രതിനിധിസംഘവും അര്‍മ്മീനിയന്‍ സഭാകേന്ദ്രമായ എച്ച്മിയാഡ്സിനില്‍ എത്തി. സോവിയറ്റ് അര്‍മ്മീനിയായിലെ ഇരവാന്‍ വിമാനത്താവളത്തില്‍ അര്‍മ്മീനിയന്‍ കാതോലിക്കോസ് വസ്ക്കന്‍ തിരുമേനിയും മെത്രാപ്പോലീത്തന്മാരും വൈദികരും വൈദികവിദ്യാര്‍ത്ഥികളും സഭാംഗങ്ങളും ചേര്‍ന്ന് കാതോലിക്കാബാവായേയും പ്രതിനിധിസംഘത്തേയും സ്വീകരിച്ച് വസ്ക്കന്‍ കാതോലിക്കാബാവായുടെ ആസ്ഥാനമായ എച്ച്മിയാഡ്സിനില്‍ അരമനയിലേക്ക് ആനയിച്ചു. അരമനകത്തീഡ്രലിലെ പ്രാര്‍ത്ഥനയ്ക്കുശേഷം വസ്ക്കന്‍ തിരുമേനിയുടെ അതിഥികളായി പ്രതിനിധിസംഘം താമസിച്ചു. വസ്ക്കന്‍ കാതോലിക്കോസിന്‍റെ മനോഹരവും ബ്രഹത്തും അകം മുഴുവനും മാര്‍ബിള്‍ നിരത്തിയതുമായ കൊട്ടാരത്തിലാണ് പ. കാതോലിക്കാബാവായ്ക്ക് താമസിക്കുന്നതിന് ഏര്‍പ്പാടു ചെയ്തിരുന്നത്. ഈ അരമന നോഹയുടെ പെട്ടകം ഉറച്ചതായ മഞ്ഞുനിറഞ്ഞ അറാറാത്തു മലയുടെ അടിവാരത്താണ് സ്ഥിതിചെയ്യുന്നത്.

25-ാം തീയതി പ്രതിനിധിസംഘം സോവിയറ്റ് അര്‍മ്മീനിയായിലെ ചരിത്രപ്രസിദ്ധവും പുരാതനവുമായ പള്ളികളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു.

26-ാം തീയതി അര്‍മ്മീനിയന്‍ സഭാചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തുന്ന ഒരു സംഭവമാണ് നടന്നത്. അന്നു രാവിലെ വി. കുര്‍ബ്ബാനമദ്ധ്യേ അര്‍മ്മീനിയന്‍ ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷനും മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷനും ചേര്‍ന്ന് നടത്തിയ പ. മൂറോന്‍ കൂദാശയായിരുന്നു അത്. ഈ കൂദാശയില്‍ ആര്‍ച്ചുബിഷപ്പന്മാരും, ബിഷപ്പന്മാരും, വൈദികരും, അത്മായക്കാരും ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും അര്‍മ്മീനിയന്‍ സഭയെ പ്രതിനിധീകരിച്ച് സംബന്ധിച്ചിരുന്നു. വലുതും പുരാതനവുമായ കത്തീഡ്രലിനകത്തും കല്‍പലകകള്‍ പാകിയ വിശാലമായ മുറ്റത്തും ബഹുസഹസ്രം ആളുകള്‍ തിങ്ങിനിന്ന് ഈ കൂദാശയില്‍ സംബന്ധിച്ചു. മലങ്കരസഭാ പ്രതിനിധിസംഘത്തിന് മദ്ബഹായോടു ചേര്‍ന്ന് പ്രത്യേകം സ്ഥലം സജ്ജീകരിച്ചിരുന്നു. ശുശ്രൂഷാമദ്ധ്യേ പ. വസ്ക്കന്‍ തിരുമേനി അര്‍മ്മീനിയന്‍ സഭയുടെ സഹോദരീസഭയായ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനെ സ്വാഗതം ചെയ്തുകൊണ്ട് “സഹോദരന്മാര്‍ ഒന്നിച്ചു വസിക്കുന്നത് എത്ര നന്മയും സൗന്ദര്യവുമാകുന്നു” എന്ന വേദവാക്യത്തെ ആസ്പദമാക്കി പ്രസംഗിച്ചു. പ. കാതോലിക്കാബാവാ തന്നെ സഹോദരനിര്‍വ്വിശേഷം സ്വീകരിച്ച വസ്ക്കന്‍ തിരുമേനിക്കും അര്‍മ്മീനിയന്‍ സഭയ്ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ചെയ്ത മറുപടിപ്രസംഗം ഹൃദയസ്പര്‍ശകമായിരുന്നു. ശുശ്രൂഷകള്‍ക്കുശേഷം പ. കാതോലിക്കാബാവായുടെ കൈ മുത്തി അനുഗ്രഹം പ്രാപിക്കുന്നതിന് തിങ്ങിക്കൂടിയ ജനതതിക്കു കണക്കില്ല.

26-ാം തീയതി വൈകിട്ട് പ. കാതോലിക്കാബാവാ തിരുമനസ്സിലെ ബഹുമാനാര്‍ത്ഥം എച്ച്മിയാഡ്സിന്‍ പാലസില്‍ വച്ചു നടത്തപ്പെട്ട വിരുന്നു സല്‍ക്കാരത്തില്‍വച്ച് പ. വസ്ക്കന്‍ തിരുമേനിക്ക് പ. കാതോലിക്കാബാവാ വിലപിടിപ്പുള്ള അനേകം സമ്മാനങ്ങള്‍ നല്‍കി. വസ്ക്കന്‍ തിരുമേനിയും രത്നങ്ങള്‍ പതിച്ച സ്വര്‍ണ്ണ സ്ലീബായും കുരിശും മാലയും മറ്റും പ. കാതോലിക്കാബാവായ്ക്കും പ്രതിനിധി സംഘാംഗങ്ങള്‍ക്ക് പ്രത്യേകം സമ്മാനങ്ങളും നല്‍കുകയുണ്ടായി. 27-ാം തീയതി പ. ബാവാതിരുമേനിയും മറ്റും മോസ്ക്കോയിലേക്കു മടങ്ങി. മോസ്ക്കോയില്‍വച്ച് 28-ാം തീയതി നടത്തപ്പെട്ട സമാധാനസമ്മേളനത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചശേഷം ലനിന്‍ഗ്രാഡും റഷ്യയിലെ വി. പള്ളികളും ഒക്ടോബര്‍ ഒന്നാം തീയതി വരെ സന്ദര്‍ശിച്ചു. ഒക്ടോബര്‍ 2-ാം തീയതി പ. കാതോലിക്കാബാവാ തിരുമേനിയും പരിവാരങ്ങളും റൂമേനിയന്‍ പാത്രിയര്‍ക്കീസ് പ. ജസ്റ്റീനിയന്‍ തിരുമനസ്സിലെ ക്ഷണപ്രകാരം ബുക്കാറിസ്റ്റിലേക്കു പോയി.

(മലങ്കരസഭാ മാസിക, 1976 ഒക്ടോബര്‍)

പ. കാതോലിക്കാബാവാ തിരുമനസ്സിലേക്ക് സോവിയറ്റുയൂണിയനില്‍ അത്യുജ്ജ്വല സ്വീകരണങ്ങള്‍: PDF File