മൃതദേഹ സംസ്‌കാരങ്ങള്‍ തടസപ്പെടുത്തിയിട്ടില്ല: ഓര്‍ത്തഡോക്‌സ് സഭ

മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഓര്‍ത്തഡോക്‌സ് സഭ ഒരിക്കലും തടസപ്പെടുത്തിയിട്ടില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. സെമിത്തേരികള്‍ ആര്‍ക്കും കൈയേറാനാവില്ലെന്നും അത് ഇടവകാംഗങ്ങളുടെ ഉപയോഗത്തിനായി നിലനില്‍ക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇടവകാംഗങ്ങള്‍ നിയമാനുസൃത വികാരിയോട് ആവശ്യപ്പെടുമ്പോഴെല്ലാം ശവസംസ്‌കാരങ്ങള്‍ നടത്തിക്കൊടുത്തിട്ടുണ്ട്. സെമിത്തേരി ഇടവകാംഗങ്ങള്‍ക്കു വേണ്ടിയുള്ളതാണ് എന്ന തത്വം പാത്രിയര്‍ക്കീസ് വിഭാഗവും അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇടവകാംഗങ്ങള്‍ ആരൊക്കെയാണ് എന്നതിനും നിര്‍വചനമുണ്ട്. അത് അനുസരിക്കാതെ ശവസംസ്‌കാരം തങ്ങള്‍ക്കിഷ്ടമുള്ള വൈദികന്റെ നേതൃത്വത്തില്‍ നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല.

ക്രൈസ്തവ സാക്ഷ്യം നിലനില്‍ക്കണമെങ്കില്‍ സഭ ഒന്നായിത്തീരണം. അതിന് സാധിക്കില്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ അനുസരിച്ച് വേറൊരു സഭയായി പാത്രിയര്‍ക്കീസ് വിഭാഗം പിരിഞ്ഞുപോകുന്നതിന് യാതൊരു തടസവുമില്ല. ഏകപക്ഷീയമായി പുതിയ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയെ തിരഞ്ഞെടുത്തതിലൂടെ പാത്രിയര്‍ക്കീസ് വിഭാഗം ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ഒരു പിരിഞ്ഞുപോക്കാണെന്ന് വ്യക്തമായിരിക്കുന്നു.

സഭാഭരണഘടനയില്‍ വരുത്തിയിട്ടുള്ളത് നിയമപരമായ ഭേദഗതികളാണ്. ഭേദഗതി ചെയ്യപ്പെട്ട 1934 ലെ ഭരണഘടനയോട് കൂറും വിധേയത്വവും പ്രഖ്യാപിക്കുന്നതായി ശ്രേഷ്ഠ കാതോലിക്കാ ബാവായും മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും ഉള്‍പ്പെടെ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ പല മെത്രാപ്പോലീത്തമാരും കോടതിമുമ്പാകെ ഒപ്പിട്ടു കൊടുത്തിട്ടുള്ളതാണ്. അന്തേ്യാഖ്യ പാത്രിയര്‍ക്കീസ് യാക്കോബ് തൃതീയന്‍ തന്നെ 1934 ലെ ഭരണഘടന അംഗീകരിച്ചിട്ടുണ്ടെന്ന് 1995 ലെ സുപ്രീം കോടതി വിധിയില്‍ ജഡ്ജിമാര്‍ രേഖപ്പെടുത്തിയിട്ടുളളതാണ്. ഇനിയും അതിന്റെ സാധുതയെ ചോദ്യം ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിക്കഴിഞ്ഞു. നിയമപരമായി യാതൊരു പിന്തുണയും ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കാര്യങ്ങള്‍ അനുകൂലമാക്കിത്തീര്‍ക്കുവാനുള്ള പരിശ്രമമാണ് പാത്രിയര്‍ക്കീസ് വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.