വഴി തെറ്റിക്കരുത്; ഇടർച്ച ഉണ്ടാക്കുകയും അരുത് / ഡോ. തോമസ് അത്താനാസിയോസ്

“എന്നാൽ നിങ്ങളുടെ ഈ സ്വാതന്ത്ര്യം ബലഹീനർക്ക് യാതൊരു വിധത്തിലും ഇടർച്ചക്കു കാരണമാകാതിരിക്കുവാൻ ശ്രദ്ധിച്ചുകൊള്ളുവിൻ .അറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിനിരിക്കുന്നതു ഒരുവൻ കണ്ടാൽ അവൻ ബലഹീനൻ ആണെങ്കിൽ അവന്റെ മനസാക്ഷി വിഗ്രഹാർപ്പിതം ഭക്ഷിക്കുവാൻ തക്കവണ്ണം ഉറയ്ക്കുകയില്ലയോ ?
ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീന സഹോദരൻ നിന്റെ അറിവിനാൽ നശിച്ചുപോകുന്നു.

ഇങ്ങനെ സഹോദരന്മാർക്കെതിരെ പാപം ചെയ്ത് അവരുടെ ബലഹീന മനസാക്ഷിയെ മുറിവേൽപ്പിക്കുമ്പോൾ നിങ്ങൾ ക്രിസ്തുവിനോട് പാപം ചെയ്യുന്നു”. (1 കോറി 8 :9 -12 )
അപ്പോസ്തോലനായ പൗലോസ് ഈ ഭാഗം കുറിക്കുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. കൊരിന്ത്യ സഭയിലെ പ്രബുദ്ധരായ ചില ക്രിസ്തീയ വിശ്വാസികൾ വിഗ്രഹങ്ങൾക്ക് നിവേദിക്കപ്പെട്ട മാംസം വാങ്ങി ഭക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ഇത് അനുവദനീയമാണോ എന്നതാണ് ഇവിടുത്തെ വിഷയം.

ഇവിടെ ഈ മാംസം കഴിച്ചിരുന്നത് പ്രബുദ്ധരായ വിജാതീയ ക്രിസ്ത്യാനികൾ ആയിരുന്നിരിക്കണം. അവരെ സംബന്ധിച്ച് ക്രിസ്തുവിൽ സർവ്വ അടിമത്തങ്ങളിൽ നിന്നും സ്വതന്ത്രരായ തങ്ങൾക്കു ഏതൊരു തരം ഭക്ഷണപാനീയവും വർജ്ജിക്കേണ്ടതില്ല എന്ന ചിന്തയാണ് ഉണ്ടായിരുന്നത് .കാരണം, അവർ ഭക്ഷണ പാനീയങ്ങളിൽ നിന്നുള്ള വിലക്കിൽ നിന്നുൾപ്പെടെ സ്വതന്ത്രരായിരുന്നു. മാത്രമല്ല, വിഗ്രഹങ്ങൾ നിർജീവങ്ങളും ശക്തിയില്ലാത്തവയും ആയതിനാൽ അവയ്ക്ക് സമർപ്പിക്കപ്പെട്ട മാംസത്തിന് പ്രത്യേകാൽ ഗുണദോഷങ്ങളൊന്നും സംഭവിക്കുന്നില്ലായെന്ന് അവർ വിലയിരുത്തി. അതുകൊണ്ട് ആ മാംസം ഭക്ഷിക്കുന്നത് നിർദോഷമായിരുന്നെന്ന് അവർക്ക് ഉറപ്പായിരുന്നു. കൂടാതെ ക്ഷേത്രങ്ങൾ സന്ദർശിച്ചാൽതന്നെ അവരിലാരും വിഗ്രഹങ്ങളെ വന്ദിക്കാനോ, അന്യദൈവങ്ങളെ പൂജിക്കാനോ പോകുന്നുമില്ല. അതുകൊണ്ട് വിഗ്രഹാർപ്പിതമായ മാംസം ഭക്ഷിക്കുന്നത് അവർക്ക് ഒരു ദോഷവും സൃഷ്ടിക്കുകയില്ലെന്നതിൽ അവർക്ക് സന്ദേഹമുണ്ടായിരുന്നില്ല. ക്രിസ്തീയ വിശ്വാസം അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആസ്വാദനം മാത്രമായിരുന്നു ആ മാംസ ഭക്ഷണം.

അവരുടെ നിലപാട് യുക്തി ഭദ്രമാണ്. അചേതനമായ വിഗ്രഹങ്ങൾക്ക് ഒരു മാറ്റവും ഒന്നിലും വരുത്തുവാൻ സാധ്യമല്ല. അവയ്ക്ക് അർപ്പിക്കപ്പെട്ട മാംസത്തിലും. അതുകൊണ്ട് അതു ഭക്ഷിക്കുന്നതുകൊണ്ട് വിശ്വാസികളിൽ ആരും പ്രകോപിതരാകേണ്ട, എന്നാണ് അവരുടെ നിലപാട്. എന്നാൽ ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തിൻറെ വക്താവായ വി .പൗലോസ് ഈ നിലപാടിനോട് വിയോജി ക്കുന്നു. അദ്ദേഹം രണ്ടു വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ അതിനെ തള്ളിക്കളയുകയാണ്.

1) പ്രബുദ്ധരായ സഭാവിശ്വാസികളുടെയും സഭാനേതാക്കളുടെയും വിജ്ഞാനികളായ സഭാംഗങ്ങളുടെയും വാക്കുകളും പ്രവർത്തികളും സാധാരണ വിശ്വാസസമൂഹം പ്രത്യേകം ശ്രദ്ധിക്കുന്നു. അവ ശരിയെന്ന് കരുതി അനുകരിക്കുകയും ചെയ്യുന്നു. വിഗ്രഹാർപ്പിതം ഭക്ഷിക്കുന്നതിലും ഈ പണ്ഡിത വിശ്വാസികൾക്ക് അവരുടേതായ ന്യായവും യുക്തിയും പറയാനുണ്ട്. അത് തെറ്റെന്നോ യുക്തിഹീനമെന്നോ പറഞ്ഞുകൂടാ. എന്നിരുന്നാലും ഇവർ വിഗ്രഹാർപ്പിതം ഭക്ഷിക്കുന്നത് കാണുന്ന സാധാരണ വിശ്വാസികൾ അതിനെന്തെങ്കിലും ശക്തി കണ്ടേക്കുമെന്നു കരുതി ഫലപ്രാപ്‌തി പ്രതീക്ഷിച്ചു ഭക്ഷിച്ചു എന്നുവരാം. അത് വിശ്വാസഭംഗത്തിന് കാരണമാകുന്നു. അങ്ങനെ അവർ പാപത്തിൽ വീഴുന്നു. വിഗ്രഹാർപ്പിതം ശക്തിരഹിതമെന്നു മനസ്സിലാക്കി ഭക്ഷിക്കുന്ന വിവരമുള്ളവർ പാപത്തിൽ പതിക്കാതെ, വിവരം കുറഞ്ഞ ബലഹീനരെ പാപികൾ ആക്കുന്നതിനു വഴിതെളിക്കുന്നു അത് തെറ്റും കുറ്റകരവും പാപവുമാണ്.

2) വിഗ്രഹാർപ്പിതം ഭക്ഷിക്കുന്നത് വിശ്വാസ വിരുദ്ധമെന്ന് കരുതിപ്പോന്ന സാധാരണക്കാരായ വിശ്വാസികളിൽ (പ്രത്യേകിച്ച് യഹൂദ പശ്ചാത്തലമുള്ളവർ )പ്രബുദ്ധരായ വിശ്വാസികൾ പരസ്യമായി വിഗ്രഹാർപ്പിത മാംസം ഭക്ഷിക്കുന്നത് കാണുമ്പോൾ ആശയക്കുഴപ്പം ഉണ്ടാകുന്നു. അങ്ങനെ വിവേചന രഹിതമായി വിഗ്രഹാർപ്പിതം ഭക്ഷിക്കുന്നവർ ഇവരുടെ വിമർശനത്തിന് വിധേയരാകുന്നു ഈ നടപടി സഭയിൽ തർക്കത്തിനും ഭിന്നതക്കും കാരണമാക്കുന്നു. ഈ രണ്ടു കാരണങ്ങളാൽ വി .പൗലോസ് സഭയിലെ പ്രബുദ്ധ വിഭാഗത്തിന്റെ വിഗ്രഹാർപ്പിത മാംസഭക്ഷണം വിലക്കുന്നു. മാത്രമല്ല മാംസം തന്നെ പൂർണ്ണമായി വർജ്ജിച്ചു മാതൃക കാണിക്കുകയും ചെയ്യുന്നു.

സഭയിലെ ചില പ്രഗത്ഭരുടെയും ഉന്നത സ്ഥാനികളുടെയും, സഭയേയും ജനത്തെയും കരുതാതെയുള്ള സംസാരവും, പ്രവർത്തികളും സഭയിലും സമൂഹത്തിലും ആശയക്കുഴപ്പങ്ങളും, വിഭാഗീയതയും, ദുർമാതൃകയും സൃഷ്ടിക്കുമെന്ന കാര്യം ഈ വേദഭാഗം ഓർമ്മപ്പെടുത്തുന്നു.

മേല്പട്ടക്കാർ ഉൾപ്പെടെയുള്ള സഭാനേതാക്കൾ, വളരെസൂക്ഷിച്ചു മാത്രം സമൂഹത്തിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് സൂചിപ്പിച്ചുകൊണ്ട് പ്രൊഫ .ഡോ .എം .പി .മത്തായി അടുത്തകാലത്ത് വാട്ട്സാപ്പിൽ ഒരു കുറിപ്പുനല്കി. ഈ കുറിപ്പ് അദ്ദേഹം തയ്യാറാക്കിയത് ഒരു മെത്രാപ്പോലീത്തയുടെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടാണ്. അദ്ദേഹം പറയുന്നു: “ഇന്ത്യൻ നീതി ശാസ്ത്രത്തിൽ ത്യാജ്യഗ്രാഹ്യ വിവേചനം എന്നൊരു പരികല്പനയുണ്ട്. വാക്കിലും പ്രവർത്തിയിലും എല്ലാ മനുഷ്യരും പാലിക്കേണ്ട ഒരു നൈതിക നിഷ്ടയാണിത്. സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നവർ ഇത് പാലിക്കണമെന്നത് ഒരു അലിഖിത നിയമമാണ്. അഭി .യൂലിയോസ്‌ മെത്രാപ്പോലീത്ത മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനം ആവശ്യപ്പെടുന്ന അവധാനത പാലിച്ചില്ല”. “എന്ത് പറയണം എന്നതുപോലെതന്നെ പ്രധാനമാണ് എന്ത് പറയരുത് എന്നതും”. അതായതു യുക്തിഭദ്രമായ കാര്യങ്ങൾ പോലും പൊതുവിൽ പ്രസ്താവിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും പരമാവധി പക്വതയും ദീർഘ വീക്ഷണവും വിവേകവുമെല്ലാം കാണിക്കേണ്ടതാണ്. ഈ കാര്യം, മത്തായി സർ അഭി .മെത്രാപ്പോലീത്തയെ അനുസ്മരിപ്പിക്കുമ്പോൾ ഈ വചന ഭാഗത്തിന്റെ കാലികത നമ്മെ ഓർമ്മപ്പെടുത്തുന്നു.
പ്രസ്തുത വേദ ഭാഗത്തു പൗലോസ് അപ്പോസ്തോലന്റെ ഇടയത്തപരമായ കരുതലാണ് പ്രകടമാകുന്നത്. സഭയിലെ വിജ്ഞരുടെ അറിവും പ്രബുദ്ധതയും, സാമർഥ്യം വെളിപ്പെടുത്തുന്നതിനും സ്വാർത്ഥലക്ഷ്യം നേടുന്നതിനും ആയിരിക്കരുത്. മറിച്ചു, സഭയുടെ കെട്ടുപണിക്കും വളർച്ചക്കും ഐക്യത്തിനും സത്യവിശ്വാസത്തിലുള്ള പുലർച്ചക്കുമായിരിക്കണം എന്നാണ് വി.പൗലോസിന്റെ ചിന്ത. അതായതു ഒരുവന്റെ വാക്കിന്റെയും പ്രവർത്തിയുടെയും താത്വികമായ ശെരിതെറ്റുകൾക്കപ്പുറത്തു കാര്യം സാധാരണ വിശ്വാസിയുടെ സഭാജീവിതത്തെ എപ്രകാരം ബാധിക്കും എന്ന് കൂടി പ്രബുദ്ധർ എന്നുചിന്തിക്കുന്നവരും സഭാനേതാക്കളും ആലോചിക്കണം. നേതാക്കന്മാരുടെ വ്യക്‌തിപരമായ അധികാര- അവകാശ- സ്വാതന്ത്ര്യങ്ങളല്ല അവരുടെ വാക്കുകളെയും നടപടികളെയും നിയന്ത്രിക്കേണ്ടത്. പ്രത്യുത, അവ എങ്ങനെ വിശ്വാസ സമൂഹത്തെ ബാധിക്കുമെന്നാണ്‌. ഈ കരുതൽ സഭാരംഗത്തു എല്ലാ തലത്തിലും തീർത്തും ഇല്ലാതെ വരുന്നു എന്ന നിരീക്ഷണം വ്യാപകമാകുന്നു. ആവശ്യമായ ആലോചനകൾകൂടാതെ ഉപചാപകരുടെ താത്പര്യ പ്രകാരം അധികാരം മുതലാക്കി ഗർവിന്റെ ഭാഷയാണ് എവിടെയും ശ്രവിക്കാൻ കഴിയുന്നത്. കുർബാന മദ്ധ്യേ ഏവൻഗേലിയോൻ സംബന്ധിച്ച വചന ശുശ്രുഷയിൽ പോലും ഇതാണ് വിശ്വാസികൾ കേൾക്കുന്നത്. മീശ നരയാകാത്ത സഭാ മേലധ്യക്ഷന്മാരുൾപ്പെടെ കസേരയിൽ മലർന്നു കിടന്നാണല്ലോ വചനപ്രഘോഷണം എന്ന പേരിൽ നടത്തുന്ന കസർ ത്ത്. കഴിഞ്ഞ തലമുറയിൽപ്പെട്ട പിതാക്കന്മാരെ പരിചയമുള്ളവർക്ക് ഇത് ആസ്വദിക്കുവാൻ കഴിയുന്നില്ല എന്നതും ഓർക്കേണ്ട കാര്യമാണ്.

ഇത്തരക്കാർ എന്ത് ചെയ്യണമെന്ന് വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നു. “വിശ്വാസത്തിൽ ബലഹീനരായവർ പാപത്തിൽ പതിക്കാതിരിക്കുന്നതിനു നിങ്ങളുടെ സ്വാതന്ത്ര്യം കാരണമാകരുത്. ക്രിസ്തു ആർക്ക് വേണ്ടി മരിച്ചുവോ, ആ ബലഹീന സഹോദരൻ നിന്റെ അറിവിനാൽ നശിക്കുന്നു”. പൗലോസിന്റെ ഉഗ്രമായ ശാസനയും ഓർമ്മപ്പെടുത്തലുമാണിവിടെ. സഹോദരന് ഇടർച്ച വരുത്തുന്ന ഇത്തരക്കാർ എന്ത് ചെയ്യണമെന്ന് കർക്കശമായ വാക്കുകളിൽ കർത്താവു പറയുന്നു. ഈ “ചെറിയവരിൽ ഒരുവന് ആരെങ്കിലും ഇടർച്ച വരുത്തുന്നു എങ്കിൽ അവൻ കഴുത്തിൽ തിരികല്ലു കെട്ടി കടലിൽചാടട്ടെ. “(മത്തായി 10 -6) എല്ലാക്കാലത്തും ചെറിയവരോട് കരുതലില്ലാതെ ജീവിക്കുന്ന പ്രബുദ്ധർക്കും, സഭാനേതാക്കന്മാർക്കും കർത്താവുകൊടുക്കുന്ന ഉപദേശമാണിത്. വ്യവസ്ഥയില്ലാതെ വർത്തമാനം പറഞ്ഞു, വേഷം കെട്ടി മേനി നടിച്ചു നടക്കുന്നത് സഭക്ക് എത്രമാത്രം ദോഷം വരുത്തുന്നു എന്നതിന്റെ സൂചനയാണ് ഇവിടെ. പാവപ്പെട്ട വിശ്വാസികളെ വഴിതെറ്റിക്കുകയും വിശ്വാസസമൂഹത്തിൽ ആശയ കുഴപ്പവും ഭിന്നതയും സൃഷ്ടിക്കുകയും ചെയ്യുന്നവർ ഈ തിരുവചന ഭാഗം ശ്രദ്ധയോടെ ഓർക്കുക. ഒരുവന്റെ ആഹാരരീതി പോലും സഹവിശ്വാസികൾക്കു വിഷമമുണ്ടാക്കുന്നു എങ്കിൽ അയാളെ പ്രതി അതുവർജിക്കുന്നതിനാണ് വി .പൗലോസ് ആവശ്യപ്പെടുന്നത്. അദ്ദേഹം അത് നിർവഹിച്ചു മാതൃക കാണിക്കുകയും ചെയ്യുന്നു.

ഇടയ ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല വി.പൗലോസ് വിഗ്രഹാർപ്പിത ഭക്ഷണം കഴിക്കുന്നതിനോട് വിയോ ജിക്കുന്നത്. വേദ ശാസ്ത്രപരമായ വിമർശനവും അദ്ദേഹത്തിന്റെ പ്രതികരണത്തിലുണ്ട്. ലോകത്തിൽ പലദൈവങ്ങളും കർത്താക്കന്മാരും വാഴുന്നു എന്നാൽ നമുക്കാകട്ടെ പിതാവെന്ന ദൈവവും ക്രിസ്തു എന്ന കർത്താവുമേ ഉളളൂ .(1 കോരി 8 :6 )അതുകൊണ്ടു മറ്റൊരു ദൈവത്തെയും ആരാധിക്കുവാൻ ക്രിസ്ത്യാനികൾക്ക് അനുവാദമില്ല. ഉപാധികളില്ലാത്ത കർതൃ സ്നേഹവും പിതാവിനോടുള്ള വിധേയത്വവും ക്രിസ്തു ആവശ്യപ്പെടുന്നത് നാം വിശ്വാസത്തിൽ നിലനിൽക്കുന്നതിനുവേണ്ടിയാണ് .മറ്റാരിൽ എങ്കിലും ആശ്രയിക്കുന്നതോടെ ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവത്വത്തിലും കർത്താവിനോടുള്ള വിശ്വാസത്തിലും കലർപ്പുചേരുന്നു. അതുകൊണ്ട് മറ്റാരിലും മറ്റൊന്നിലുമുള്ള ആശ്രയവും സമർപ്പണവും വിശ്വാസവിരുദ്ധമാണ്. പ്രാഥമീക അവലോകനത്തിൽ യുക്തി ഭദ്രമെന്നു തോന്നുന്ന കാര്യം പോലും പുനർവിചിന്തനത്തിൽ അപ്പോസ്തോലൻ തിരസ്കരിക്കുന്നു. ഈ അന്യായമായതിനോടുള്ള സ്നേഹവും ആരാധനയും ഇതര ദൈവ രൂപങ്ങളോട് മാത്രമല്ല അവയുടെ സ്ഥാനത്തു നാം പ്രതിഷ്ഠിക്കുന്ന എന്തിനോടുമുള്ള മനോഭാവമായി മാറാവുന്നതാണ്. പണവും, അധികാരവും, വ്യക്തിയും സ്ഥാനവുമെല്ലാം ആരാധനാ മൂർത്തികളായി പരിണമിച്ചുകൊണ്ടിരിക്കുകയാണല്ലോ.
കർക്കശമായ യുക്തിയും പ്രബുദ്ധതയുമല്ല സഭാവിശ്വാസജീവിതത്തെ നിയന്ത്രിക്കുന്നത്. നേരെമറിച്ചു ക്രിസ്തുവിനോടുള്ള വ്യക്തിബന്ധവും സുവിശേഷ മർമ്മങ്ങളിലുള്ള അടിയുറച്ച വിശ്വാസവും നമ്മുടെ ഇടയിൽ തന്നെയുള്ള ചെറിയവരോടുകാണിക്കുന്ന കരുതലുമെല്ലാം ആണെന്ന് ഈ വേദഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നു.

(വേദ വിചാരം, കണ്ടനാട് ഈസ്റ്റ് ഭദ്രാസനം ഡയോസിസൻ ബുള്ളറ്റിൻ ആഗസ്ററ് 2019)