നീതി നടപ്പാക്കാനുളള ആഹ്വാനം ഭീഷണിയായി കണക്കാക്കുന്നത് ദു:ഖകരം

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ലഭിച്ചുകൊണ്ടിരിക്കുന്ന കോടതി വിധികള്‍ ഏഴ് ദിവസത്തിനകം നടപ്പാക്കി തരണമെന്ന് ചീഫ് സെക്രട്ടറിക്ക് ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി നല്‍കിയ കത്ത് സര്‍ക്കാരനെതിരായ ഭീഷണിയെന്ന് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ വാദം ഖേദകരമെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. നീതി നടപ്പാക്കാനുളള ആഹ്വാനം എങ്ങനെയാണ് ഭീഷണിയാകുന്നത് എന്ന് മനസ്സിലാകുന്നില്ല. കോടതി വിധി വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അത് വേണ്ട വിധത്തില്‍ നടപ്പാക്കിതരാത്തതിലുളള സഭയുടെ പ്രതിഷേധവും വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിഅലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ട് പോകുമെന്ന സൂചനയുമാണ് കത്തിലുളളത്; ഭീഷണിയല്ല. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വരുന്ന കോടതിവിധികള്‍ വിധി നടത്തിപ്പ് ഹര്‍ജിയിലൂടെ മാത്രമെ നടപ്പാക്കാന്‍ സാധിക്കൂ എന്ന മറുവിഭാഗത്തിന്റെ വ്യാഖ്യാനം അര്‍ത്ഥശൂന്യമാണ്.

ഈ വാദം ചൂണ്ടികാട്ടി പാത്രിയര്‍ക്കീസ് വിഭാഗം അഭിഭാഷകര്‍ പലതവണ വാദിച്ചെങ്കിലും ഒരോ പ്രാവശ്യവും കോടതി അത് തളളുകയാണുണ്ടായത്. ഇത് ഏതെങ്കിലും വസ്തു കൈമാറ്റം ചെയ്യാന്‍ വേണ്ടി സമര്‍പ്പിച്ച ഹര്‍ജിയല്ല. മറിച്ച് പളളികളുടെ ഭരണം 1934 ഭരണഘടനയനുസരിച്ചായിരിക്കണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുളളത്. അതിനാല്‍ വിധിനടത്തിപ്പ് ഹര്‍ജികളുടെ ആവശ്യമില്ലെന്ന് കോടതികള്‍ വ്യക്തമാക്കിയിട്ടുളളതാണ്. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഫലശൂന്യമാണെന്ന് മാര്‍ ദിയസ്‌ക്കോറോസ് അഭിപ്രായപ്പെട്ടു.