ആത്മീയനിറവില്‍ ഫാമിലി കോണ്‍ഫറന്‍സിനു തുടക്കം


ജോര്‍ജ് തുമ്പയില്‍

കലഹാരി: ജലധാരയില്‍ സ്‌നാനിയായി പ്രകൃതി സുകൃതം ചൊരിയവേ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് തുടക്കമായി. തുള്ളിക്കൊരുകുടം എന്ന നിലയില്‍ പെയ്തിറങ്ങിയ മാരി കലഹാരിയെ മനോഹരിയാക്കിയെങ്കിലും പ്രൗഢഗംഭീരമായി നടക്കേണ്ടിയിരുന്ന ഘോഷയാത്ര മഴയില്‍ അലിഞ്ഞു. എന്നിട്ടും കലഹാരിയിലെ വിശാലമായ അകത്തളങ്ങളിലൂടെ മഴയെ തോല്‍പ്പിച്ച് ആത്മീയ ചൈതന്യത്തിന്റെ വിശ്വാസദീപ്തി പ്രോജ്ജ്വലിച്ചു നിന്നു.
ബാനറുകളും മുത്തുക്കുടകളും ചെണ്ടമേളവും ഒക്കെയായി ചിട്ടയായ വേഷവിധാനങ്ങളോടെ വിശ്വാസസമൂഹം പ്രാര്‍ത്ഥന ഗാനങ്ങള്‍ ആലപിച്ച ഓഡിറ്റോറിയത്തിലേക്ക് അടിവെച്ചടിവെച്ച് നീങ്ങി. ഏറ്റവും പിറകിലായി വൈദികരും മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയും. സാജന്‍ മാത്യു, അജിത് വട്ടശ്ശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ഡോ. രാജു എം. വര്‍ഗീസിന്റെയും കൗണ്‍സിലംഗം ഫാ. മാത്യു തോമസിനെയും നേതൃത്വത്തിലുള്ള ഗായകസംഘം ‘തോബശലോ’ പാടി മെത്രാപ്പോലിത്തയെ വരവേറ്റു.

തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന. അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടെ ആരംഭിച്ച സമ്മേളനം ‘വെളിവു നിറഞ്ഞോരീശോ..’ എന്ന ഗാനത്തോടെ ഭദ്രാസന അധ്യക്ഷന്‍ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് ആമുഖമായി നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും പ്രവര്‍ത്തകരെ അഭിനന്ദിക്കുക യും ചെയ്തു.ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ നാലുദിവസത്തെ കോണ്‍ഫറന്‍സ് വിജയകരമാക്കുവാന്‍ ഓരോരുത്തരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. നാല് ദിവസത്തെ പ്രോഗ്രാമിനെ കുറിച്ച് അദ്ദേഹം വിവരിച്ചു.

സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ ഈ വര്‍ഷത്തെ ചിന്താവിഷയം ആയ ‘യേശുക്രിസ്തു ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാന്‍ ആര്‍ക്കും കഴിയുകയില്ല’ കൊറിന്ത്യര്‍ 3:11 എന്ന ബൈബിള്‍ വാക്യം പ്രാവര്‍ത്തികമാക്കുവാന്‍ നാം ഓരോരുത്തരും ആഴത്തില്‍ ചിന്തിക്കേണ്ടതാണ് എന്ന് ഉത്‌ബോധിപ്പിച്ചു.

ചിന്താവിഷയത്തില്‍ ഊന്നിയുള്ള പ്രസംഗം പരമ്പരകള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാ. എബ്രഹാം തോമസ് വൈവിധ്യങ്ങള്‍ നിറഞ്ഞ കോണ്‍ഫറന്‍സ് സംഘടിപ്പിച്ച എല്ലാ പ്രവര്‍ത്തകരെയും അനുമോദിച്ചു.

കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ ഒന്നാം ലക്കത്തിന്റെ പ്രകാശനത്തിനായി ചീഫ് എഡിറ്റര്‍ ഫാ. ഷിബു ഡാനിയേല്‍, എഡിറ്റര്‍ ജോര്‍ജ് തുമ്പയില്‍, കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റര്‍ രാജന്‍ യോഹന്നാന്‍ എന്നിവരെ ക്ഷണിച്ചു. സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ഫാ. എബ്രഹാം തോമസിന് കോണ്‍ഫറന്‍സ് ക്രോണിക്കിളിന്റെ ആദ്യ കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. ഫാ. എബ്രഹാം തോമസ്, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ്, ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ട്രഷറര്‍ മാത്യു വര്‍ഗീസ,് ജോയിന്റ് ട്രഷറര്‍ ജെയ്‌സണ്‍ തോമസ്, ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ,് ബിസിനസ് കോര്‍ഡിനേറ്റര്‍ സണ്ണി വര്‍ഗീസ്, സുവനിയര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ് എന്നിവര്‍ ഉദ്ഘാടന വേദിയില്‍ സന്നിഹിതരായിരുന്നു.

ഗായകസംഘം ആലപിച്ച മനോഹരമായ ഗാനങ്ങള്‍ക്ക് ശേഷം ടാലന്റ് നൈറ്റ് അരങ്ങേറി. കോ ഓര്‍ഡിനേറ്റര്‍മാരായ അനി നൈനാന്‍, ഷീല ജോസഫ് എന്നിവര്‍ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ട് എംസിമാരായി തോമസ് കോശി, ദീപ്തി മാത്യു എന്നിവരെ ക്ഷണിച്ചു. തുടര്‍ന്ന് 15 ഇടവകകളില്‍ നിന്നുള്ള കലാപരിപാടികള്‍ നടന്നു. രാവിലെ മുതല്‍ തന്നെ രജിസ്‌ട്രേഷന്‍ പരിപാടികള്‍ സജീവമായിരുന്നു. വിവിധ മേഖലകളായി തിരിച്ച് വരുന്നവര്‍ക്കു അപ്പപ്പോള്‍ തന്നെ ബാഡ്ജുകള്‍ കിട്ടാന്‍ വേണ്ട സംവിധാനമൊരുക്കിയിരുന്നു. ഒട്ടേറെ പേര്‍ വാട്ടര്‍പാര്‍ക്ക് സൗകര്യങ്ങളും ഉപയോഗിച്ചു.