ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ നാര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി

ആത്മീയതയുടെ ധന്യമുഹൂര്‍ത്ത സാക്ഷ്യവുമായി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയായി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിഞ്ഞ ഫാ. സുജിത് തോമസിന്‍റെ സ്ഥാനത്തേക്ക് ഇക്കഴിഞ്ഞ ഭദ്രാസന അസംബ്ലിയില്‍ വെച്ചാണ് ഫാ. ഡോ. വറുഗീസ് എം. ഡാനിയലിനെ തിരഞ്ഞെടുത്തത്. നിസ്വാര്‍ത്ഥമായ സേവന പാരമ്പര്യത്തിന്‍റെയും തിളക്കമാര്‍ന്ന അക്കാദമിക്ക് മികവിന്‍റെയും അകമ്പടിയോടെയാണ് വറുഗീസ് അച്ചന്‍ പുതിയ പദവിയിലേക്കു കാലൂന്നുന്നത്. അമേരിക്കയിലെ യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് നേടിയ വറുഗീസ് അച്ചന്‍ വൈദികവൃത്തിയിലെ വേറിട്ട വ്യക്തിത്വമാണ്. സെന്‍റ് വ്ളാഡിമിര്‍ സെമിനാരിയിലെ പ്രൊഫസറും ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ വികാരിയുമായി സേവനമനുഷ്ഠിക്കുകയാണ് ഇപ്പോള്‍. കൗണ്‍സിലിങ്ങിനു വേണ്ടിയും സ്കൊളാസ്റ്റിക്ക് അക്കാദമി ഫോര്‍ ഹൈ എജ്യുക്കേഷന്‍ ഗൈഡന്‍സിനും വേണ്ടിയുള്ള സ്ഥാപനത്തിന്‍റെ സ്ഥാപകന്‍.

ഓസ്ട്രേലിയയിലെ മൊണാഷ് യൂണിവേഴ്സിറ്റി, നെതര്‍ലന്‍ഡ്സിലെ റാഡ്ബൗണ്ട് യൂണിവേഴ്സിറ്റി, ഇറ്റലിയിലെ പാദ്വാ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഗവേഷണം നടത്തി ഓസ്ട്രേലിയയിലെ മെല്‍ബണിലെ യൂണിവേഴ്സിറ്റി ഓഫ് ഡിവൈനിറ്റിയില്‍ നിന്നും തീയോളജി ആന്‍ഡ് എത്തിക്സില്‍ ഡോക്ടര്‍ ഓഫ് ഫിലോസഫി നേടി.
ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎ ബിരുദം. തുടര്‍ന്ന് കോട്ടയം തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും സേക്രഡ് തിയോളജിയില്‍ ഗ്രാജ്വേഷന്‍. പിന്നീട് കൊല്‍ക്കത്തയിലെ സേരാംപുര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബാച്ചിലര്‍ ഓഫ് ഡിവിനിറ്റി, മെല്‍ബണിലെ ഓസ്റ്റിന്‍ ഹോസ്പിറ്റലില്‍ നിന്നും ക്ലിനിക്കല്‍ പാസ്റ്ററല്‍ എഡ്യുക്കേഷന്‍ (സിപിഇ), ബെല്‍ജിയത്തിലെ കാത്തലിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോ എത്തിക്സില്‍ എംഎ ബിരുദം എന്നിവ അദ്ദേഹം നേടി.

സെന്‍റ് വ്ളാഡിമേഴ്സില്‍ നിന്നും മികച്ച ഫാക്കല്‍റ്റിക്കുള്ള സെന്‍റ് മക്രീന അവാര്‍ഡ്, ഇറാസ്മസ് മുന്‍ഡുസ് യൂറോപ്യന്‍ ഫെലോഷിപ്പ്, ഓസ്ട്രേലിയന്‍ പോസ്റ്റ് ഗ്രാജുവേറ്റ് അവാര്‍ഡ്, ഓസ്ട്രേലിയന്‍ റിസര്‍ച്ച് ട്രെയിനിങ് സ്കീം സ്കോളര്‍ഷിപ്പ് എന്നിവ നേടി.
സാള്‍ട്ട് ലേക്കില്‍ നടന്ന പാര്‍ലമെന്‍റ് ഓഫ് ദി വേള്‍ഡ് റിലീജിയന്‍സ്, യേല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന പേഴ്സണ്‍ഹുഡ് ബിയോണ്ട് ദി ഹ്യുമന്‍ കോണ്‍ഫറന്‍സ്, ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് ഇന്നവേഷന്‍ കോണ്‍ഫറന്‍സ്, ഇറ്റലിയിലെ പാദ്വവയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ വര്‍ക്ക്ഷോപ്പ് കോണ്‍ട്രാവേഴ്സിസ് വിത്തിന്‍ ദി സയന്‍റിഫിക്ക് റെവല്യൂഷന്‍, നെതര്‍ലന്‍ഡ്സില്‍ നടന്ന ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഫോര്‍ അഡ്വാന്‍സ്ഡ് ബയോ എത്തിക്സ്, ബ്രസല്‍സില്‍ നടന്ന കാരിത്താസ് ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ്, ല്ുവനില്‍ നടന്ന യൂറോപ്യന്‍ ബയോ എത്തിക്സ് കോണ്‍ഫറന്‍സ്, മെല്‍ബണില്‍ നടന്ന എ.എ.എന്‍.ഇസഡ്.എ.സി ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവയില്‍ പങ്കെടുത്തു.

മെല്‍ബണിലെ സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ പ്രസിഡന്‍റും വികാരിയുമായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന്, ന്യൂസിലന്‍ഡിലെ സെന്‍റ് ഡയനേഷ്യസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ പ്രസിഡന്‍റും സ്ഥാപക വികാരിയുമായിരുന്നു. ജര്‍മനിയിലെ കോളനില്‍ സെന്‍റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ സന്ദര്‍ശക വൈദികനായിരുന്നു. ഹാര്‍ട്ട്ഫോര്‍ഡ് സെന്‍റ് തോമസ് ഇടവകയുടെ പ്രസിഡന്‍റും സ്ഥാപക വികാരിയുമായിരുന്നു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ക്ലര്‍ജി അസോസിയേഷന്‍ സെക്രട്ടറിയായും രണ്ടു വര്‍ഷം ഭദ്രാസനത്തിന്‍റെ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്ററുമായിരുന്നു.