സുപ്രിംകോടതി വിധി സഭാ സമാധാനത്തിനുള്ള ഉപാധിയാകണം / പ. കാതോലിക്കാ ബാവാ

ബഹു. സുപ്രീം കോടതിയില്‍ നിന്ന് ഇന്നുണ്ടായ വിധി ശാശ്വത സഭാ സമാധാനത്തിനു വഴിയൊരുക്കുമെന്ന് പ്രത്യാശിക്കുന്നതായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. 1958 ലെയും 1995 ലെയും 2017 ലെയും വിധികള്‍ ഒരേ ദിശയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത് എന്ന് വ്യക്തമായി കഴിഞ്ഞിരിക്കുന്നു. ഓര്‍ത്തഡോക്‌സ് സഭ ഇന്‍ഡ്യന്‍ ഭരണഘടനയെയും നീതിന്യായവ്യവസ്ഥകളെയും എന്നും ബഹുമാനിച്ചിട്ടെയുളളു. സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണെന്നും മറ്റ് എല്ലാ കോടതികള്‍ക്കും അധികാരികള്‍ക്കും അവ നടപ്പാക്കുവാനുളള ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും സുപ്രീംകോടതി വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

കട്ടച്ചിറ, വരിക്കോലി പളളികളുടെ കേസ് പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതിയില്‍ നിന്നും ശക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടായത്. 2017 ജൂലൈ 3 ലെ കോലഞ്ചേരി പളളിയുടെ വിധി പൂര്‍ണ്ണമായും ഈ രണ്ട് പളളികള്‍ക്കും ബാധകമാണെന്ന് സുപ്രീംകോടതി തന്നെ വിധിച്ചിട്ട് കാലമേറെ ആയെങ്കിലും അവ ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഇപ്പോള്‍ ഈ രണ്ട് പളളികളും 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്ന് സുപ്രീംകോടതി വിശദമാക്കിയിരിക്കുകയാണ്. കേരള ചീഫ് സെക്രട്ടറിക്ക് വിധികള്‍ നടപ്പാക്കുവാനുളള ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. ഈ കോടതിവിധി എല്ലാവരും അംഗീകരിച്ച് ഏക മലങ്കര സഭയായി, സമാധാനപരമായി നിലകൊളളുന്നതിനുളള വഴി തുറന്നിരിക്കുകയാണ്.

പാത്രിയര്‍ക്കീസ് വിഭാഗക്കാര്‍ കോടതിവിധിയുടെ അന്ത:സത്ത മനസ്സിലാക്കി സഭയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിന് 1934 ലെ ഭരണഘടന അംഗീകരിച്ച് സഭാഭരണം ക്രമീകരിക്കുവാന്‍ തയ്യാറാവണമെന്ന് ആഹ്വാനം ചെയ്യുന്നു. സമാധാനം കാംക്ഷിക്കുന്നവരുടെയും നിയമവ്യവസ്ഥ പാലിക്കുന്നവരുടെയും വിജയമാണ് ഇന്നത്തെ ഈ കോടതിവിധി. അത് 2017 ലെ വിധി വന്നിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം തന്നെ ഉണ്ടായി എന്നത് ദൈവം നിശ്ചയമായി കണക്കാക്കുന്നു. ഇനിയെങ്കിലും കേരള ഗവണ്‍മെന്റും, ബന്ധപ്പെട്ട അധികാരികളും, തങ്ങള്‍ ഈ കേസില്‍ കക്ഷികള്‍ അല്ലായെന്ന് പറഞ്ഞ് ഒഴിവാകുവാന്‍ ശ്രമിക്കാതെ കോടതി വിധി നടപ്പാക്കിത്തരുവാന്‍ ബാധ്യസ്ഥരാണെന്ന് മനസ്സിലാക്കി അതിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തുമെന്ന് പ്രത്യാശിക്കുന്നു.