സെന്റ്‌ ഗ്രീഗോറിയോസ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസ്‌. 2019-ന്‌ തുടക്കം കുറിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക്‌ (ഓ.വി.ബി.എസ്‌.) ജൂൺ 6, വ്യാഴാഴ്ച്ച വൈകിട്ട്‌ 4 മണിക്ക്‌ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ തുടക്കം കുറിച്ചു.

 കുട്ടികൾ അണിനിരന്ന റാലിക്കുശേഷം ഓ.വി.ബി.എസ്‌. ഗായകസംഘത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ സണ്ഡേസ്ക്കൂൾ ഹെഡ്ബോയ്‌ ഫെബിൻ ജോൺ ബിജു, ഹെഡ്ഗേൾ സാനിയ സൂസൻ സുനിൽ എന്നിവർ ചേർന്ന്‌ പതാകയുയർത്തി.

 മഹാഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഓ.വി.ബി.എസ്‌. ഡയറക്ടർ ഫാ. ബിജോയ്‌ ജോർജ്ജ്‌ ഭദ്രദീപം തെളിയിച്ച്‌ വേദപഠന ക്ലാസുകളുടെ ഉത്ഘാടനം നിർവ്വഹിച്ചു. ഓ.വി.ബി.എസ്‌. സൂപ്രണ്ട്‌ മനോജ്‌ തോമസ്‌ സ്വാഗതവും, സണ്ഡേസ്ക്കൂൾ സെക്രട്ടറി എബി സാമുവേൽ നന്ദിയും രേഖപ്പെടുത്തി.

 ഇടവക സഹവികാരി ഫാ. ജിജു ജോർജ്ജ്‌, ഇടവക സെക്രട്ടറി ജിജി ജോൺ, സൺഡേസ്ക്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷിബു പി. അലക്സ്‌, സൺഡേസ്ക്കൂൾ ട്രഷറാർ ഫിലിപ്സ്‌ ജോൺ എന്നിവർ പ്രസംഗിച്ചു. ഇടവക ആക്ടിംഗ്‌ ട്രഷറാർ തോമസ്‌ മാത്യൂ, ഓ.വി.ബി.എസ്‌ ഡെപ്യൂട്ടി സൂപ്രണ്ട്‌ ജേക്കബ്‌ റോയ്‌ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 ഓ.വി.ബി.എസ്‌. സോങ്ങ്‌ ബുക്കിന്റെ പ്രകാശനം ഭദ്രാസന കൗൺസിലംഗം എബ്രഹാം സി. അലക്സിൽ നിന്നും ഏറ്റുവാങ്ങി സണ്ഡേസ്കൂൾ ജോയിന്റ്‌ സെക്രട്ടറി ഉഷാ മറിയം ജോണിനു നൽകി കൊണ്ട്‌ ഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌ നിർവ്വഹിച്ചു.

 ഓഡിയോ സിഡിയുടെ പ്രകാശനം സെന്റ്‌ തോമസ്‌ മിഷൻ കുവൈറ്റ്‌ സോൺ കോർഡിനേറ്റർ ഷാജി എബ്രഹാമിൽ നിന്നും ഏറ്റുവാങ്ങി ഓ.വി.ബി.എസ്സ്‌. ബാൻഡ്‌ മാസ്റ്റർ ജെസി ജെയ്സണു നൽകി കൊണ്ട്‌ ഇടവക സഹവികാരി ഫാ. ജിജു ജോർജ്ജ്‌ നിർവ്വഹിച്ചു.

 ‘നല്ലത്‌ തെരഞ്ഞെടുക്കാം’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ, 600-ഓളം കുട്ടികളെയും 66 അദ്ധ്യാപകരേയും ഉൾക്കൊള്ളിച്ചുകൊണ്ട്‌ എൻ.ഈ.സി.കെ. അങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ജൂൺ 20-ന്‌ സമാപിക്കും. അന്നേദിവസം കുട്ടികളുടെ വർണ്ണശബളമായ റാലിയും, കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.