ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ പുസ്തകപ്രകാശനവും പരിശീലന ക്യാമ്പും

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്‍റെ പഠനസാമഗ്രികളുടെയും പുസ്തകങ്ങളുടെയും പ്രകാശനം നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കളോവോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. ഫിലഡല്‍ഫിയയിലെ ബെന്‍സേലം സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന പരിപാടിയില്‍ വികാരി ഫാ. വി.എം. ഷിബു, സണ്‍ഡേ സ്കൂള്‍ ബോര്‍ഡ് അംഗങ്ങള്‍, ഒവിബിഎസ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ക്കു പുറമേ നിരവധി ഇടവക അംഗങ്ങളും സന്നിഹിതരായിരുന്നു. വി. ലൂക്കോസിന്‍റെ സുവിശേഷം 10: 42 -ാം വാചകം അടിസ്ഥാനമാക്കി ദൈവത്തെ തെരഞ്ഞെടുക്കുക എന്നാണ് ഈ വര്‍ഷത്തെ തീം.

ഈ തീമിനെ അടിസ്ഥാനമാക്കി ഭദ്രാസനത്തിലെ പ്രതിഭാശാലിയായ വൈദികര്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍, പഠനസാമഗ്രികള്‍, ഭക്തിഗാനങ്ങള്‍, കരകൗശല വസ്തുക്കള്‍, ടീ ഷര്‍ട്ടുകള്‍ എന്നിവയും വിതരണത്തിനു തയ്യാറായി. ജോസഫ് പാപ്പന്‍ സംഗീതം നല്‍കി ഭദ്രാസനത്തിനു പുറത്തുള്ള സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ ആലപിച്ച 14 ഒബിഎസ് ഗാനങ്ങളടങ്ങിയ സംഗീത ആല്‍ബവും തയ്യാറായി.

ഒവിബിഎസ് അധ്യാപകര്‍ക്കും വോളന്‍റിയേഴ്സിനുള്ള പരിശീലന കളരി ജൂണ്‍ എട്ട് ശനിയാഴ്ച ഓറഞ്ച്ബര്‍ഗിലെ സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഉച്ചയ്ക്കു ശേഷം 1.30 മുതല്‍ വൈകിട്ട് 4.30 വരെ നടക്കും. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോഷണല്‍ ആക്ഷന്‍ സോങ് വീഡിയോയും തദവസരത്തില്‍ റിലീസ് ചെയ്യും. ഈ വര്‍ഷത്തെ ഒബിവിഎസ് സന്ദേശം കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കുന്നതിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കിയതാണ് ഈ വീഡിയോ. പരിപാടിയുടെ വിജയത്തിനു വേണ്ടി ഡോ. മിനി ജോര്‍ജ്, ഒവിബിഎസ് സെക്രട്ടറി ചിന്നു വറുഗീസ്, വൈദികര്‍ ഉള്‍പ്പെട്ടെ 18 അംഗ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ അക്ഷീണം പ്രയത്നിക്കുന്നു.