മണ്ണാറപ്രായിൽ കോർഎപ്പിസ്കോപ്പാ മലങ്കരസഭയിൽ ശാശ്വത സമാധാനം ആഗ്രഹിച്ചു / ഫാ. ഡോ. എം. ഒ. ജോൺ

ദിവ്യശ്രീ ജേക്കബ് മണ്ണാറപ്രായിൽ കോർഎപ്പിസ്കോപ്പായുടെ നിര്യാണത്തിൽ അനുശോചനം

മലങ്കര സഭയുടെ സ്തേ ഫാനോസ് എന്ന് വിളിക്കപ്പെട്ടിരുന്ന ശ്രേഷ്ഠ പുരോഹിതനായിരുന്നു ദിവംഗതനായ ജേക്കബ് മണ്ണാറപ്രായിൽ കോർഎപ്പിസ്കോപ്പാ.

1970 കളിൽ മലങ്കര സഭയിൽ കക്ഷി വഴക്ക് രൂക്ഷമായപ്പോൾ അതിന്റെ പ്രധാന കേന്ദ്രമായിരുന്നു ആലുവാ തൃക്കുന്നത്ത് സെമിനാരി. അവിടെ അക്രമങ്ങൾ അരങ്ങേറി. അങ്കമാലി ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയുടെ കാർ കത്തിച്ചു. മണ്ണാറപ്രായിൽ അച്ചന്റെ വീടാക്രമിച്ചു. പിന്നീട് ഗ്രേറ്റ് മാർച്ചും തുടർച്ചയായി പല വർഷങ്ങളിൽ ലാത്തിച്ചാർജും സംഘർഷങ്ങളും നടന്നു. അപ്പോഴെല്ലാം സെമിനാരി സംരക്ഷിച്ച് മലങ്കര സഭയുടേതായി കാത്തു സൂക്ഷിച്ചതിന്റെ മുഴുവൻ ക്രഡിറ്റും മണ്ണാറപ്രായിൽ അച്ചനു മാത്രം അവകാശപ്പെട്ടതാണ്. ഒരു രക്ത സാക്ഷിയുടെ പരിവേഷം തന്നെ അദ്ദേഹത്തിനുണ്ടായി. അങ്കമാലി ഭദ്രാസന സെക്രട്ടറി, തുടർച്ചയായി സഭാ മാനേജിംഗ് കമ്മിറ്റി അംഗം, വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം സ്തുത്യർഹമായി അദ്ദേഹം പ്രവർത്തിച്ചു. കക്ഷി വഴക്കിന്റെ പ്രതിസന്ധികളിലൂടെയും പ്രയാസങ്ങളിലൂടെയെല്ലാം അദ്ദേഹം കടന്നു പോയി എങ്കിലും മലങ്കര സഭയിൽ ശാശ്വത സമാധാനം അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തിൽ മലങ്കര സഭാ വൈദിക ട്രസ്റ്റി എന്ന നിലയിലുള്ള അനുശോചനം അറിയിക്കുകയും നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.