ഡോ. യൂഹാനോൻ മാർ മിലിത്തിയോസിന് ഡബ്ലിനിൽ സ്വീകരണം നൽകി

 
അയർലണ്ട്: മലങ്കര ഓർത്തഡോൿസ് സഭയുടെ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്തായും, പ്രമുഖ വാഗ്മിയുമായ മാർ മിലിത്തിയോസ് തിരുമേനി അയർലണ്ടിൽ എത്തിച്ചേർന്നു. ഓർത്തഡോൿസ് സഭയുടെ അയർലണ്ടിലെ ഈ വർഷത്തെ ഫാമിലി കോൺഫറൻസിന്റെ മുഖ്യാതിഥിയായിട്ടാണ് അഭി. മിലിത്തിയോസ് മെത്രാപ്പോലീത്ത വന്നിരിക്കുന്നത്.
 
മെയ് മാസം 4, 5, 6 തീയതികളിലായി കൗണ്ടി ക്ലെയറിലുള്ള എന്നീസ് സെൻറ് ഫ്ലാനൻസ് കോളേജിൽ വച്ചാണ് ഫാമിലി കോൺഫെറൻസ് നടത്തുന്നത്. “Journeying with God of the Father” എന്നതാണ് ഈ വർഷത്തെ കോണ്ഫറൻസിന്റെ പ്രധാന ചിന്താവിഷയം. ഈ ദിവസങ്ങളിൽ നടക്കുന്ന വിവിധ ക്ലാസ്സുകൾക്ക് അഭി.മെത്രാപ്പോലീത്ത നേതൃത്വം വഹിക്കും. കുട്ടികൾക്കുള്ള പ്രത്യേക ക്ലാസുകൾ സുദർശൻ ജോയി, സെയ്‌റ വർഗീസ് എന്നിവർ നയിക്കും. അയർലണ്ടിലെ എല്ലാ ഓർത്തഡോൿസ് ഇടവകകളിൽനിന്നും പ്രതിനിധികളും വൈദികരും പങ്കെടുക്കും. ഫാമിലി കോണ്ഫറൻസിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജനറൽ കൺവീനർ ഫാ. ജോർജ്ജ് തങ്കച്ചൻ, കോർഡിനേറ്റർ ജോൺ മാത്യു എന്നിവർ അറിയിച്ചു.