കോർക്കിൽ വി.ഗീവറുഗീസ് സഹദായുടെ പെരുനാൾ   

അയർലണ്ട്: മലങ്കര ഓർത്തഡോൿസ് സഭയുടെ യു.കെ-യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനത്തിലെ അയർലണ്ടിലുള്ള കോർക്ക് ഹോളി ട്രിനിറ്റി ഓർത്തഡോൿസ് പള്ളിയിൽ, വി. ഗീവറുഗീസ് സഹദായുടെ പെരുന്നാളും, ഇടവകയുടെ 10-ആം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളും വിപുലമായ പരിപാടികളോടുകൂടി നടത്തുന്നു. മെയ് 10-ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് കോർക്ക് ബ്ലാക്ക്‌റോക്ക് സെന്റ്.മൈക്കിൾസ് ആംഗ്ലിക്കൻ പള്ളിയങ്കണത്തിൽ വച്ച്, തൃശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തക്ക്, ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത പെരുനാൾ കൊടിയേറ്റ്  നടത്തുന്നതോടു കൂടി ചടങ്ങുകൾ ആരംഭിക്കും. ഇതേ തുടർന്ന് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ, പെരുനാൾ സന്ദേശം, പ്രദക്ഷിണം, ആശീർവാദം, നേര്ച്ച വിളമ്പ് എന്നീ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു.
മെയ് 11-ന് ശനിയാഴ്ച്ച രാവിലെ 8 മണിക്ക് നമസ്കാരവും, തുടർന്ന് വി. കുർബാനയും കോർക്ക് ഡഗ്ലസിൽ ഉള്ള കാനൻ പഖാം ഹാളിൽ ക്രമീകരിച്ചിരിക്കുന്നു. അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനി വി.കുർബാന അർപ്പിക്കും. ഇതേ തുടർന്ന് ബൈബിൾ ക്വിസ്, ലേലം, വാർഷികാഘോഷ കലാപരിപാടികൾ, കൊടിയിറക്ക് ആശീർവാദം എന്നീ പരിപാടികളോടു കൂടി പെരുനാൾ സമാപിക്കും. ക്വിസ് മൽസരങ്ങളിൽ വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്നതാണ്. അയർലണ്ടിലെ വിവിധ ഇടവകകളിലെ വൈദികരും വിശ്വാസികളും, സഹോദര സഭകളിലെ വൈദികരും പ്രതിനിധികളും പെരുനാൾ ചടങ്ങുകളിൽ സംബന്ധിക്കും.