നിഖ്യാ, സഭാ ഈസ്റ്റര്‍ വെവ്വേറെ; 38 വര്‍ഷത്തിനു ശേഷം / ഡോ. എം. കുറിയാക്കോസ് മുകളത്ത്, പുല്ലുവഴി

നിഖ്യാ, സഭാ ഈസ്റ്റർ വെവ്വേറെ; 38 വർഷത്തിനു ശേഷം 

∙ നിഖ്യാ സുന്നഹദോസ് പ്രകാരം ഈസ്റ്റർ ഇന്ന്; സഭാ ഈസ്റ്റർ ഏപ്രിൽ 21ന്

യെരവാൻ (അർമേനിയ) ∙ യേശു ക്രിസ്തുവിന്റെ ഉയിർപ്പുപെരുന്നാളായി ആഘോഷിക്കുന്ന ഈസ്റ്ററിന് ഇത്തവണ ഇരട്ടത്തീയതിയുടെ കൗതുകം. നിഖ്യാ സുന്നഹദോസ് പ്രകാരം കണക്കാക്കുന്ന ഈസ്റ്ററും ക്രൈസ്തവ സഭകൾ പിന്തുടരുന്ന ഈസ്റ്ററും ഇത്തവണ രണ്ടാണ്–അതും 28 ദിവസത്തെ വ്യത്യാസം. 

എഡി 325ലെ സുന്നഹദോസ് തീരുമാനമനുസരിച്ചു വസന്തസമരാത്രദിനത്തിന് (രാപകലുകൾ തുല്യമാകുന്ന ദിവസം) തൊട്ടുപിന്നാലെ വരുന്ന പൗർണമിക്കു ശേഷം വരുന്ന ആദ്യ ഞായറാണ് ഈസ്റ്റർ. ഈ വർഷത്തെ സമരാത്രദിനം മാർച്ച് 20, പൗർണമി മാർച്ച് 21, പിന്നാലെ വരുന്ന ഞായറാണ് ഇന്ന് (മാർച്ച് 24). അതിനാൽ നിഖ്യാനുസൃത ഈസ്റ്റർ ഇന്നാണു വരേണ്ടത്. എന്നാൽ ക്രൈസ്തവ സഭകളുടെ ഔദ്യോഗിക ഈസ്റ്റർ ഏപ്രിൽ 21നാണ്. 

എഡി 1582ൽ ഗ്രിഗോറിയൻ കലണ്ടർ വന്നശേഷം 30 തവണ നിഖ്യാ ഈസ്റ്ററും സഭാ ഈസ്റ്ററും വ്യത്യസ്ത ദിനങ്ങളിൽ ഇപ്രകാരം വന്നിട്ടുണ്ട്. 1981ൽ ഇവ യഥാക്രമം ഏപ്രിൽ 26നും 19നുമായിരുന്നു. 2038ൽ മാർച്ച് 28, ഏപ്രിൽ 25 തീയതികളിലായിരിക്കും.

എഡി 326ൽ അലക്സാണ്ട്രിയൻ ജ്യോതിശാസ്ത്രജ്ഞർ ഈസ്റ്റർ ഗണന എളുപ്പമാക്കാൻ നേരിയ മാറ്റം വരാവുന്ന സമരാത്രദിനം മാർച്ച്

20 എന്നു നിജപ്പെടുത്തുകയും പൗർണമി (പെസഹാ ചന്ദ്രൻ) മുൻകൂട്ടി കണ്ടുപിടിക്കുന്നതിന് അവയെ 19 വർഷ പട്ടികകളിലൊതുക്കുകയും ചെയ്തതാണു വ്യതിയാനങ്ങൾക്കു കാരണമെന്നാണു കരുതുന്നത്. ഈ പട്ടികയനുസരിച്ച് ഈ വർഷത്തെ പെസഹാ ചന്ദ്രൻ ഏപ്രിൽ 18നാണ്.

മലങ്കര, അർമേനിയൻ, ഫിന്നിഷ് ഒഴികെയുള്ള ഓർത്തഡോക്സ് സഭകളുടെ ഈസ്റ്റർ ഏപ്രിൽ 28നാണ്. അവർ ഇപ്പോഴും പഴയ ജൂലിയൻ കലണ്ടർ പിന്തുടരുന്നതാണ് കാരണം. ചില വർഷങ്ങളിൽ മാത്രമാണ് എല്ലാവരും ഒരുമിച്ച് ഈസ്റ്റർ ആഘോഷിക്കുന്നത്.