എം.ജി.ഒ.സി.എസ്‌.എം-ഒ സി വൈ.എം ആലുംനി മീറ്റിംഗ്‌ ന്യൂജേഴ്‌സിയില്‍

ജോര്‍ജ്‌ തുമ്പയില്‍

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന എം.ജി.ഒ.സി.എസ്‌.എം-ഒ സി വൈ.എം ആലുംനി മീറ്റിംഗ്‌ മാര്‍ച്ച്‌ 23ന്‌ നടന്നു. സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വികാരി ഫാ. ഷിനോജ്‌ തോമസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച മീറ്റിംഗില്‍ സെക്രട്ടറി മാത്യു സാമുവല്‍ സ്വാഗതം പറഞ്ഞു. നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിശദീകരിച്ച അദ്ദേഹം മീറ്റിംഗിന്റെ അജണ്ട വിശദീകരിച്ചു. ഭദ്രാസന എം.ജി.ഒ.സി.എസ്‌.എം ജനറല്‍ സെക്രട്ടറി ലിസ രാജന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ വിശദീകരിച്ചു.

ആലുംനി ഗ്രൂപ്പിന്‌ സഹായമെത്തിക്കാവുന്ന മേഖലകളെക്കുറിച്ചും ഫ്രണ്ട്‌സ്‌ ഓഫ്‌ എം.ജി.ഒ.സി.എസ്‌.എം രൂപീകരിച്ച്‌ എം.ജി.ഒ.സി.എസ്‌.എമ്മിനെ സാമ്പത്തികമായി സഹായിക്കുന്നതുസംബന്ധിച്ചും നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. ആലുംനി അംഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയിലൂടെ സമാഹരിച്ച്‌ ഡയറക്‌ടറി രൂപീകരിക്കുന്നതിലൂടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായം ചെയ്യുവാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തുക എളുപ്പമാവുമെന്ന്‌ ലിസ രാജന്‍ പറഞ്ഞു.

ആലുംനി അംഗങ്ങള്‍ക്ക്‌, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ മനസിലാക്കാന്‍ സാധിച്ചത്‌ ഇതാദ്യമായിരുന്നു. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികളെ ലിസ രാജന്‍ അംഗങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു.

പ്രൊട്ടസ്റ്റന്റ്‌ പശ്ചാത്തലത്തില്‍ നിന്ന്‌ വന്ന, ഫിലഡല്‍ഫിയ സെന്റ്‌ ലൂക്ക്‌ ഓര്‍ത്തഡോക്‌സ്‌ മിഷന്‍ ഇടവകയിലെ ബ്രയന്റ്‌ വോംഗ്‌, ക്യാമ്പസ്‌ മിനിസ്‌ട്രിയിലെ വിവിധ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച്‌ ചര്‍ച്ച നയിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സാന്നിധ്യം ഇല്ലാത്തയിടങ്ങളില്‍ വിദ്യാര്‍ഥികളെ കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പോലുള്ള പ്രാദേശിക ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചുകളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിപ്പിക്കേണ്ടതിനെക്കുറിച്ചും ക്യാമ്പസുകളില്‍ എം.ജി.ഒ.സി.എസ്‌.എം ക്ലബുകള്‍ രൂപീകരിക്കേണ്ടതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
കോയമ്പത്തൂര്‍ തടാകം ആശ്രമത്തിലെ, പള്ളിയുടെയും ഡോ. സഖറിയാ മാര്‍ തിയോഫിലോസ്‌ മെത്രാപ്പൊലീത്തായുടെ കബറിന്റെയും നവീകരണം നടത്തേണ്ട ആവശ്യകതയെകുറിച്ച്‌ ജോയിന്റ്‌ സെക്രട്ടറി സജി എം. പോത്തന്‍ വിശദീകരിച്ചു. എം.ജി.ഒ.സി.എസ്‌.എംന്റെ കരുത്തുറ്റ നേതാവായിരുന്ന മാര്‍ തിയോഫിലോസ്‌ മെത്രാപ്പൊലീത്തയുമായി ആലുംനി അംഗങ്ങള്‍ക്ക്‌ പലര്‍ക്കും ബന്ധങ്ങളുണ്ടായിരുന്നു.

ആലുംനി ഗ്രൂപ്പിന്‌ ഒരു ട്രഷറര്‍ ഇല്ലെന്ന കാര്യം സജി പോത്തന്‍ ഓര്‍മിപ്പിച്ചു. തിയോഫിലോസ്‌ മെത്രാപ്പൊലീത്തയ്‌ക്ക്‌ ആലുംനിയുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ തടാകം ആശ്രമത്തിലെ നവീകരണ പ്രവര്‍ത്തികള്‍ക്കായി സംഭാവന നല്‍കേണ്ടതിന്റെ ആവശ്യം അദ്ദേഹം ബോധ്യപ്പെടുത്തി. സംഭാവന നല്‍കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക്‌ സജി പോത്തനെയോ മാത്യു സാമുവലിനെയോ സമീപിക്കാവുന്നതാണ്‌.

സഭയ്‌ക്കുവേണ്ടി പ്രവര്‍ത്തിച്ച ചെറുപ്പകാലത്തെ ഓര്‍മകളെ പങ്കുവെച്ച അംഗങ്ങള്‍, പരസ്‌പരം കണ്ടുമുട്ടാന്‍ സാധിച്ചതിലെ സന്തോഷം പങ്കുവെച്ചു. ചെറുപ്പകാലത്തെ പ്രവര്‍ത്തനങ്ങള്‍ സഭയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികളായി തങ്ങളെ രൂപപ്പെടുത്തിയെടുത്തുവെന്ന്‌ അംഗങ്ങള്‍ സ്‌മരിച്ചു. എം.ജി.ഒ.സി.എസ്‌.എം ഹോസ്റ്റലിലെ താമസവും പി.സി ചെറിയാന്‍ ശെമ്മാശനും എം.സി ചെറിയാന്‍ ശെമ്മാശനുമൊപ്പം പ്രവര്‍ത്തിച്ചതുമായ നല്ല ഓര്‍മകള്‍ പലരും പങ്കുവെച്ചു.

ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളില്‍ മുംബൈയില്‍ എം ജി ഒ സി എസ്‌ എംന്റെ തുടക്കകാലത്ത്‌ മുംബൈയിലെ ആദ്യ പള്ളിയായിരുന്ന ദാദര്‍ പള്ളിയിലെ സ്റ്റേഡിയത്തില്‍ നടന്ന വ്യത്യസ്‌ത കായിക പ്രവര്‍ത്തനങ്ങളെ അംഗങ്ങള്‍ സ്‌മരിച്ചു. ഫിലിപ്പോസ്‌ മാര്‍ തിയോഫിലോസ്‌ മെത്രാപ്പൊലീത്തയുടെ കാലത്തായിരുന്നു അത്‌. അക്കാലത്തെ അനുഭവങ്ങളും ഓര്‍മകളും സഭയോടുള്ള ബന്ധം വളരെ ആഴത്തില്‍ വളര്‍ത്തി എന്ന്‌ അംഗങ്ങള്‍ അനുസ്‌മരിച്ചു.

തങ്ങളുടെ പൂര്‍വകാല പ്രവര്‍ത്തനങ്ങളെ നിലവിലെ യുവതലമുറയ്‌ക്ക്‌ ഊര്‍ജം പകരാന്‍ വിനിയോഗിക്കണമെന്ന്‌ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലീത്ത ആഹ്വാനം ചെയ്‌തു. പ്രദേശത്തെ വലിയ യൂണിവേഴ്‌സിറ്റിയായ ബിംഗാംടണ്‍ വാഴ്‌സിറ്റിയില്‍ സഭയിലെ കുട്ടികളേറെ പഠിക്കുന്നതിനാല്‍ അവിടേക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത മെത്രാപ്പൊലിത്ത ചൂണ്ടിക്കാട്ടി.
സജി പോത്തന്‍ നന്ദി പറഞ്ഞു. വികാരി ഫാ. ഷിനോജ്‌ തോമസിനൊപ്പം ട്രസ്റ്റി മാത്യു ജേക്കബും (സുരേഷ്‌) കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ വിജയിപ്പിക്കാന്‍ നേതൃത്വം നല്‍കി.
റീന സൂസന്‍ മാത്യൂസ്‌, റിനു ചെറിയാന്‍, ഫിലിപ്പോസ്‌ ഫിലിപ്പ്‌, വിനു കുര്യന്‍, സന്തോഷ്‌ മത്തായി (ഭദ്രാസന കൗണ്‍സില്‍ അംഗം), ജോണ്‍ ചെറിയാന്‍, അജിത്‌ വട്ടശേരില്‍, മാത്യു ജേക്കബ്‌ (സുരേഷ്‌) എയ്‌ന്‍സ്‌ ചാക്കോ, ഡോ. സുജ ജോസ്‌, തോമസ്‌കുട്ടി ജോര്‍ജ്‌, സൂസന്‍ ജോര്‍ജ്‌ (ഡി.സി) തുടങ്ങിയവരും മീറ്റിംഗില്‍ സംബന്ധിച്ചു. പ്രാര്‍ഥനയോടെയും ഫോട്ടോസെഷനോടെയും സമ്മേളനം സമാപിച്ചു.