മാർത്തോമ്മൻ നസ്രാണി സംഗമം ഏപ്രിൽ 7-നു പാമ്പാടിയിൽ

മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനമായ ഏപ്രിൽ 7 നു, ‘മാർത്തോമൻ നസ്രാണി സംഗമം – 2019’ പാമ്പാടി സെൻറ് ജോൺസ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടും. കാതോലിക്ക ദിനാഘോഷം, പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി, പരിശുദ്ധ പാമ്പാടി തിരുമേനിയുടെ മെത്രാഭിഷേക നവതി, പാമ്പാടി സെന്റ്‌ ജോൺസ് കത്തീഡ്രലിന്റെ ദ്വിശദാബ്‌ത്തി എന്നിവയോട് അനുബന്ധിച്ചാണ് മർത്തോമ്മൻ നസ്രാണി സംഗമം നടത്തുന്നത്. അന്ന് രാവിലെ 8 ന് പാമ്പാടി സെന്‍റ് ജോണ്‍സ് കത്തീഡ്രലില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും, സഭാദിന സന്ദേശം നൽകി, ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന “മാര്‍ത്തോമ്മന്‍ നസ്രാണി സംഗമം 2019” ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഗുരുരത്നം സ്വാമി ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണം നടത്തും. ഡോ.ഗീവർഗീസ്‌ മാർ കൂറിലോസ്, ഡോ.മാത്യൂസ് മാർ സേവേറിയോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ തിരുശേഷിപ്പിട ശിലാസ്ഥാപനവും, കത്തീഡ്രൽ പ്രഖ്യാന കല്പനയുടെ ശിലാഫലക അനാശ്ഛാദനവും ഇതിനോടാനുബന്ധിച്ചു നടത്തപ്പെടും.

അന്നേ ദിവസം (ഏപ്രില്‍ 7- വലിയ നോമ്പിലെ 36-ാം ഞായറാഴ്ച്ച) മലങ്കര സഭയിലെ എല്ലാ ദേവാലയങ്ങളിലും സഭാദിനമായി ആചരിക്കും. ദേവാലയങ്ങളിൽ കാതോലിക്കേറ്റ് പതാക ഉയര്‍ത്തും. സഭയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന, പ്രബോധനം, സഭാദിന പ്രതിജ്ഞ എന്നിവ നടക്കും. കാതോലിക്കാദിനം ഉചിതമായി ആഘോഷിക്കുന്നതിനും കാതോലിക്കാദിനപിരിവ് വിജയിപ്പിക്കുന്നതിനും എല്ലാ സഭാംഗങ്ങളും പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രത്യേക കല്പനയിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സഭയുടെ വിവിധ ആവശ്യങ്ങള്‍ക്കായുളള കാതോലിക്കാദിന ധനസമാഹരണത്തില്‍ 10 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്നും ഒരോ സഭാംഗവും കഴിവിന് അനുസരിച്ച് കുറഞ്ഞത് ഒരു ദിവസത്തെ വരുമാനമെങ്കിലും സംഭാവന ചെയ്യണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.