ബഥനിയുടെ പനിമലര്‍ / പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ

ആയിരത്തിത്തൊള്ളായിരത്തിയഞ്ചിലോ ആറിലോ ആണെന്നു തോന്നുന്നു, മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് നമ്മുടെ എല്ലാ പള്ളികള്‍ക്കുമായി ഒരു സര്‍ക്കുലര്‍ കല്പന അയച്ചു. നമ്മുടെ കുട്ടികളെ കഴിവതും നമ്മുടെ സ്കൂളുകളില്‍ത്തന്നെ പഠിപ്പിക്കണമെന്നായിരുന്നു കല്പനയുടെ സാരം. അതനുസരിച്ചു വടക്കും തെക്കുമുള്ള പല ഇടവകകളില്‍ നിന്നും കുട്ടികള്‍ കോട്ടയം എം. ഡി. സെമിനാരിയില്‍ ചേര്‍ന്നു പഠിപ്പു തുടങ്ങി. അക്കൂട്ടത്തില്‍ നിരണത്തു നിന്ന് എം. എം. അലക്സാണ്ടറും വന്നുചേര്‍ന്നു. അന്നു ഞാനും എം. ഡി. സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഒരേ ക്ളാസ്സിലാണോ ഞങ്ങള്‍ പഠിച്ചത് എന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല. എം. ഡി. യില്‍ വച്ച് ആദ്യമായി ഞങ്ങള്‍ കണ്ടുമുട്ടി, പരിചയമായി, സ്നേഹമായി. ആ സ്നേഹബന്ധം – എം. എം. അലക്സാണ്ടര്‍, പിന്നീട് അലക്സാണ്ടര്‍ ശെമ്മാശ്ശന്‍, അലക്സിയോസച്ചന്‍, ബഥനിയുടെ ആബോ, തേവോദോസ്യോസ് മെത്രാപ്പോലീത്താ എന്നീ നിലകളിലൂടെ കടന്നു കാലം ചെയ്യുന്നതുവരെയും അതിനുശേഷവും ഉലയാതെ നിലനില്ക്കുന്നു. റോമാസഭയില്‍ ചേര്‍ന്ന ഈവാനിയോസ് തിരുമേനിയുമായും തേവോദോസ്യോസ് തിരുമേനിയുമായും ഞാന്‍ എന്നും ഉറ്റബന്ധം പുലര്‍ത്തിപ്പോന്നിരുന്നു. ഈവാനിയോസ് തിരുമേനിയുമായുള്ള എന്‍റെ ബന്ധം ബഹുമാനാദരവുകളുടേതായിരുന്നുവെങ്കില്‍, തേവോദോസ്യോസ് തിരുമേനിയുമായുള്ള ബന്ധം തികച്ചും സൗഹൃദനിര്‍ഭരമായിരുന്നു. പ്രായത്തില്‍ത്തന്നെ, ഞങ്ങള്‍ തമ്മില്‍ അഞ്ചോ ആറോ മാസം വ്യത്യാസമേയുള്ളു.

മാര്‍ ഈവാനിയോസിന്‍റെ റോമാസഭാശ്ലേഷത്തിനു മുമ്പും പിമ്പും തേവോദോസ്യോസ് തിരുമേനിയുമായി, പല തലങ്ങളിലും ഞാന്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഉള്ളും ഊന്നലും എന്തെന്ന് എനിക്കു നല്ലവണ്ണം അറിയാമായിരുന്നു. വിപത്ഘട്ടങ്ങളില്‍ ഞങ്ങള്‍ കൂടിയിരുന്നു പ്രയാസങ്ങള്‍ പങ്കിട്ടിരുന്നു. പേരിനോ, പ്രശംസയ്ക്കോ വേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ല. അത്തരം സന്ദര്‍ഭങ്ങള്‍ മനഃപൂര്‍വ്വം ഒഴിവാക്കാനായിരുന്നു ശ്രമം. അദ്ദേഹം തീര്‍ത്തും നിഷ്കളങ്കനായിരുന്നു. സത്യത്തോടുള്ള കൂറും മനോബോദ്ധ്യത്തോടുള്ള മുറുകെപ്പിടുത്തവും അദ്ദേഹത്തിനു വരുത്തിവെച്ച ദുരിതങ്ങള്‍ കുറച്ചൊന്നുമല്ല. അടുത്ത കാലത്തു ജീവിച്ചിരുന്ന മെത്രാപ്പോലീത്താമാരില്‍, ഇത്രയധികം വേദനകളിലൂടെ കടന്നുപോയ ഒരു മെത്രാപ്പോലീത്തായില്ല. സഹപ്രവര്‍ത്തകരില്‍ നിന്നുപോലും അദ്ദേഹം ഒറ്റപ്പെട്ടുപോയ സന്ദര്‍ഭങ്ങളുണ്ടായി. ശാന്തനായി, അക്ഷോഭ്യനായി അവയെല്ലാം അദ്ദേഹം നേരിട്ടു. ആ പുണ്യാത്മാവിനെ അടുത്തറിയുന്നതിനും അദ്ദേഹത്തോടൊത്തു കഴിയുന്നതിനും ഒത്തു പ്രവര്‍ത്തിക്കുന്നതിനും കഴിഞ്ഞ – ആ അനര്‍ഘ കാലഘട്ടം – ഈ ജീവിത സായാഹ്നത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍, ഒരു വലിയ ഈശ്വരാനുഗ്രഹമായി അനുഭവപ്പെടുന്നു.

ഞങ്ങള്‍ എം. ഡി. സെമിനാരി ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത്, ഹൈസ്കൂളുകളില്‍ ഡിബേറ്റിംഗ് സൊസൈറ്റികളുണ്ടായിരുന്നു. എം. എം. അലക്സാണ്ടര്‍ അന്നും ശാന്തനും ഒതുങ്ങിയ പ്രകൃതക്കാരനുമായിരുന്നെങ്കിലും, മീറ്റിംഗുകളില്‍ ശക്തിയായി വാദപ്രതിവാദം നടത്തുന്ന ചിത്രം ഇന്നും ഓര്‍മ്മയില്‍ പച്ച പിടിച്ചു നില്ക്കുന്നു. സത്യമെന്ന് ഉള്ളിലുറച്ച കാര്യങ്ങള്‍ തുറന്നുപറയാന്‍ ആ ശാന്തപ്രകൃതി കാണിച്ചിരുന്ന വീറു പിന്നീടുള്ള അദ്ദേഹത്തിന്‍റെ സഭാജീവിതത്തിലും കാണാം.

നമ്മുടെ സ്കൂളുകളില്‍ അദ്ധ്യാപകരായും പ്രധാനാദ്ധ്യാപകരായും കഴിവുള്ളിടത്തോളം പട്ടക്കാരെ നിയമിക്കണമെന്നു സഭാനേതൃത്വത്തിന് ആഗ്രഹമുണ്ടായി. വട്ടശ്ശേരില്‍ തിരുമേനിയും പുലിക്കോട്ടില്‍ തിരുമേനിയും ഈ അഭിപ്രായക്കാരായിരുന്നു. ഇങ്ങനെ നിയമിക്കാന്‍ യോഗ്യതയുള്ള പട്ടക്കാര്‍ അന്നുണ്ടായിരുന്നില്ല. കഴിവും ദൈവാശ്രയവുമുള്ള കുട്ടികളെ ഈ നിലയിലേക്കു നയിക്കാന്‍ പരിശ്രമം നടന്നു. അതിനായി സഭാനേതൃത്വം വിദ്യാഭ്യാസകാലത്തു തന്നെ നോട്ടമിട്ടിരുന്ന ഒരാളായിരുന്നു എം. എം. അലക്സാണ്ടര്‍.

നമ്മുടെ സഭയുടെ ഒരു വലിയ കുറവു സന്യാസിമാരും കന്യാസ്ത്രീകളുമില്ലാത്തതാണെന്നു സഭാനേതാക്കളില്‍ ചിലര്‍ക്കു തോന്നി. അതുപരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി ആലോചിക്കുന്നതിനു കൂടിയ സമ്മേളനങ്ങളില്‍ അലക്സിയോസ് ശെമ്മാശ്ശനും സംബന്ധിച്ചിരുന്നു. പിന്നീട് ബഥനി സ്ഥാപനത്തില്‍ ഫാ. പി. റ്റി. ഗീവറുഗീസിന്‍റെ വലംകൈയായി പ്രവര്‍ത്തിച്ചതു ഫാദര്‍ അലക്സിയോസായിരുന്നു. ബഥനി ആശ്രമസ്ഥാപന കാലം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. സഭയിലെ ഒരു സുപ്രധാന സംഭവം തന്നെയായിരുന്നു ബഥനിയുടെ സ്ഥാപനം. നമ്മുടെ സഭാ നേതൃത്വത്തിലും സഭാംഗങ്ങളിലും അതു നൂറുനൂറു പ്രതീക്ഷകളുണര്‍ത്തി. സെറാമ്പൂര്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഉദ്യോഗം രാജി വച്ച ഫാ. പി. റ്റി. ഗീവറുഗീസും ഫാ. അലക്സിയോസും സന്യാസാര്‍ത്ഥികളോടൊപ്പം മുണ്ടന്മലയില്‍ പുല്ലുമേഞ്ഞ പുരകളില്‍ താമസം തുടങ്ങി. ആശ്രമത്തിന്‍റെയും ആശ്രമത്തോടു ചേര്‍ന്നു നടത്തിയ അനാഥശാലയുടെയും നടത്തിപ്പിനുവേണ്ടി ഭിക്ഷാപാത്രവുമായി നടന്ന ആ കാഷായവസ്ത്രക്കാര്‍ മലങ്കര നസ്രാണികളെ ഹഠാല്‍ ആകര്‍ഷിക്ക തന്നെ ചെയ്തു. മുമ്പെങ്ങും ലഭിച്ചിട്ടില്ലാത്തതുപോലെ കൈ തുറന്ന സംഭാവനകള്‍ ലഭിച്ചു. അംഗങ്ങള്‍ വര്‍ദ്ധിച്ചുവന്നു. ഞാനും അക്കാലത്തു ബഥനിയില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. എനിക്കങ്ങനെ ആലോചനയുണ്ടെന്നു വട്ടശ്ശേരില്‍ തിരുമേനി അറിഞ്ഞു. അദ്ദേഹം എന്നോടു ‘താന്‍ ബഥനിയില്‍ ചേരണ്ട’ എന്ന് പല പ്രാവശ്യം പറഞ്ഞു. മാത്രല്ല, ഒരിക്കല്‍ ഈവാനിയോസ് മെത്രാച്ചനും ഞാനുംകൂടെ നില്ക്കുമ്പോള്‍ ‘ഇയാളെ അവിടെ എടുക്കരുത്’ എന്ന് കല്പിക്കുകയും ചെയ്തു. അതുകൊണ്ട് ആ ആഗ്രഹം ഉപേക്ഷിക്കേണ്ടിവന്നു. സഭയുടെ പ്രവര്‍ത്തനത്തിന് ആശ്രമസ്ഥരല്ലാത്തവരും വേണം എന്ന ആഗ്രഹം കൊണ്ടാണ് അദ്ദേഹം അങ്ങനെ കല്പിച്ചത്.

ബഥനി ആശ്രമത്തിന്‍റെ സഭാപരമായ പ്രവര്‍ത്തനവും മറ്റു ജീവകാരുണ്യപ്രവര്‍ത്തനങ്ങളും വിപുലമായി. ഫാ. ഗീവറുഗീസും ഫാ. അലക്സിയോസും കൂട്ടായും തനിയേയും പിരിവുകള്‍ നടത്തിയാണ് ആശ്രമം കൊണ്ടുപോയത്. ഒരു സന്ദര്‍ഭം ഓര്‍ക്കുന്നു. ഫാ. ഗീവറുഗീസ് അസുഖമായി കിടപ്പിലാണ്. കടകളില്‍ നിന്നു സാമാനങ്ങളും മറ്റും കടമായി വാങ്ങിയ പണം പിന്നീടു കൊടുത്തു തീര്‍ക്കുകയാണു പതിവ്. പണം കൊടുക്കാന്‍ താമസം വന്നതുകൊണ്ടു നിത്യച്ചെലവുപോലും പ്രയാസത്തിലായി. അങ്ങനെയിരിക്കുന്ന ഒരു ഗഡുവില്‍ അലക്സിയോസച്ചനും ഞാനും വട്ടശ്ശേരില്‍ തിരുമേനിയോടു പണം കടം ചോദിക്കാന്‍ പോയി. പഴയസെമിനാരിയില്‍ അദ്ദേഹത്തിന്‍റെ മുറിയില്‍ ഞങ്ങള്‍ ചെന്നുകയറിയപ്പോള്‍ത്തന്നെ പണം ചോദിക്കാനാണു ചെന്നിരിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി. പല കേസുകളും നടക്കുന്ന കാര്യവും പണപ്പിരിവു നടക്കുന്നില്ലെന്നുള്ള വിവരവും വിശദമായി ഞങ്ങളെ പറഞ്ഞുകേള്‍പ്പിച്ചു. ഇങ്ങനെ കേട്ട സ്ഥിതിക്കു പണം ചോദിക്കണമോ എന്നു ഞാന്‍ അലക്സിയോസച്ചനോട് ആംഗ്യം കാട്ടി ചോദിച്ചു. ചോദിക്കാമെന്നു പറഞ്ഞതനുസരിച്ച് ചോദിച്ചു. അപ്പോള്‍ വട്ടശ്ശേരില്‍ തിരുമേനി എന്നോടായി പറഞ്ഞു: ‘വളരെ പണം ഞാന്‍ പണിക്കരു കത്തനാര്‍ക്കു കൊടുത്തിട്ടുണ്ട്. അതെല്ലാം പാഴാക്കിക്കളഞ്ഞു. അതുകൊണ്ട് ഇനിയും ഇവര്‍ക്കു കൊടുക്കുകയില്ല. തനിക്കു വേണമെങ്കില്‍ തരാം.’ പണത്തിനു വളരെ വൈഷമ്യം നേരിട്ട ആ സന്ദര്‍ഭത്തില്‍, പണം കൈകാര്യം ചെയ്യുന്നതില്‍ സ്വതേ പണിക്കരച്ചനുണ്ടായിരുന്ന സൂക്ഷ്മതക്കുറവാണു വലിയ മെത്രാച്ചന്‍ ഇങ്ങനെ പരിഭവപ്പെടുന്നതിനിടയാക്കിയത്. കുറെനേരം കൂടെ അവിടെനിന്നു വര്‍ത്തമാനം പറഞ്ഞശേഷം കൈമുത്താന്‍ ചെന്നപ്പോള്‍, എഴുന്നേറ്റുപോയി പെട്ടി തുറന്നു കടം ചോദിച്ചതിന്‍റെ പകുതിത്തുക എടുത്തു തന്നു. ഇതിനി തിരികെത്തരേണ്ട എന്നു പറയുകയും ചെയ്തു. മാര്‍ ഈവാനിയോസ് ബഥനി വിട്ടശേഷം ആശ്രമനടത്തിപ്പില്‍ ധനപരമായി കൂടുതല്‍ ക്ളേശങ്ങള്‍ മാര്‍ തേവോദോസ്യോസ് തിരുമേനിക്കു സഹിക്കേണ്ടി വന്നിട്ടുണ്ട്.

മാര്‍ ഈവാനിയോസ് റോമാസഭയില്‍ ചേരുന്നതിനുള്ള ആലോചന മുറുകിയപ്പോള്‍ ഫാ. അലക്സിയോസ് സിംഗപ്പൂരിലായിരുന്നു. തിരികെ വന്നപ്പോള്‍ വിവരം അറിഞ്ഞു. റീത്തു പ്രസ്ഥാനത്തോടുള്ള തന്‍റെ വിയോജിപ്പു പ്രകടിപ്പിക്കുന്നതിനു ഫാ. അലക്സിയോസ് മടിച്ചില്ല. ഇക്കാര്യത്തില്‍ അവര്‍ തമ്മില്‍ തീര്‍ത്തും തെറ്റി. എന്നാല്‍ ഈ വാദവും വിയോജിപ്പുമെല്ലാം രഹസ്യമായിട്ടാണു നടന്നത്. ആശ്രമത്തിലെ മറ്റ് അംഗങ്ങളോടോ, സിസ്റ്റര്‍ഹുഡിലുള്ളവരോടോ ഈ കാര്യത്തെപ്പറ്റി സംസാരിക്കരുതെന്ന് ആശ്രമ ആബോ ആയിരുന്ന മാര്‍ ഈവാനിയോസ് വിലക്കി. ആബോയുടെ കല്പന ലംഘിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല. അന്നു സിസ്റ്റര്‍ഹുഡിലുണ്ടായിരുന്നവരില്‍ ഒന്നോരണ്ടോ പേരൊഴികെ ആരും തന്നെ ഇതറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നവര്‍തന്നെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരുന്നു. റോമാ സഭയില്‍ ചേരാന്‍ നിശ്ചയിച്ച് ആശ്രമം വിട്ടശേഷം മാര്‍ ഈവാനിയോസും സംഘവും വെണ്ണിക്കുളത്തു ചെന്നു താമസിച്ചു. അദ്ദേഹത്തെ നേരില്‍ കണ്ടു സംസാരിക്കാന്‍ ഞാന്‍ അവിടെ പോയി. എല്ലാവരുമായി റീത്തില്‍ ചേരുകയാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. ഞാന്‍ യാത്ര പറഞ്ഞപ്പോള്‍ സിസ്റ്റേഴ്സിനെ കാണുന്നില്ലേ എന്നെന്നോടു ചോദിച്ചു. ഇല്ല, പോകുകയാണെന്നു മറുപടി പറഞ്ഞു. അവരെ കാണാതെ പോകുന്നത് അവര്‍ക്കു സങ്കടമാവും, കണ്ടിട്ടു പോയാല്‍ മതി എന്നു നിര്‍ബന്ധിച്ചു. ഞാന്‍ അവരുടെ അടുക്കലേക്കു പോകാന്‍ ഭാവിച്ചപ്പോള്‍, അവരോട് ഇക്കാര്യങ്ങളെപ്പറ്റി യാതൊന്നും പറയരുതെന്നു പറഞ്ഞു. ഞാന്‍ അവരെക്കണ്ടു മടങ്ങിപ്പോന്നു. റീത്തു കാര്യത്തെപ്പറ്റി യാതൊന്നും സംസാരിച്ചുമില്ല. ഫാദര്‍ അലക്സിയോസിനുണ്ടായ അനുഭവം എടുത്തു കാണിക്കാനാണ് ഈ സംഭവം അനുസ്മരിച്ചത്. മലങ്കര സഭയുടെ സമുദ്ധാരണത്തിനായി പ്രതിജ്ഞാബദ്ധരായി ഒരുമിച്ച് ഇറങ്ങി പുറപ്പെട്ടിട്ടു കൂട്ടാവുന്നത്ര ആളുകളെക്കൂട്ടി ആശ്രമം ശൂന്യമാക്കി യാത്രയാവുന്ന കാഴ്ച ഹൃദയവേദനയോടെ മൂകനായി നിന്നു നോക്കിക്കാണാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ.

എന്നും ഒരു ആശ്രമസ്ഥനായി കഴിയണമെന്നായിരുന്നു ഫാ. അലക്സിയോസിന്‍റെ ആഗ്രഹം. പലതവണ മേല്പട്ടസ്ഥാനത്തേക്കു ക്ഷണിക്കപ്പെട്ടുവെങ്കിലും അദ്ദേഹം അതിനു സമ്മതിച്ചില്ല. സഭയ്ക്കു അത്യാവശ്യം വന്ന സന്ദര്‍ഭങ്ങളില്‍ ബാവാ തിരുമേനിയും മറ്റു പലരും അദ്ദേഹത്തെ നിര്‍ബന്ധിച്ചിട്ടുണ്ട്. ഞാനും പല പ്രാവശ്യം അദ്ദേഹത്തെ അതിനു നിര്‍ബന്ധിച്ചിരുന്നു. സന്യാസജീവിതം നയിക്കുന്നതിനും ആശ്രമത്തിലെ തന്‍റെ ജോലി നിര്‍വഹിക്കുന്നതിനും മേല്പട്ടസ്ഥാനം ഒരു തടസ്സമായിത്തീരും എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആശങ്ക.

സഭയില്‍ വഴക്കും വ്യവഹാരവും ആരംഭിച്ചപ്പോള്‍ത്തന്നെ സമാധാന ആലോചനയും തുടങ്ങി. മുടക്കപ്പെട്ട മേല്പട്ടക്കാര്‍ക്കു രണ്ടാമതു പട്ടം കൊടുക്കാതെ സ്വീകരിക്കയില്ലെന്നു തുടങ്ങി, ഒരു ചെറുപ്രാര്‍ത്ഥനയോടെ സ്വീകരിക്കാം എന്നു വരെയുള്ള വ്യവസ്ഥകള്‍ ഉണ്ടായി. എന്നാല്‍ ആ കാലമെല്ലാം മലങ്കരസഭ ഒരു സ്വതന്ത്ര ഭരണാധികാരമുള്ള സഭ ആണെന്നും അതിന്‍റെ സ്വാതന്ത്ര്യം നശിപ്പിക്കരുതെന്നും മാര്‍ തേവോദോസ്യോസ് ശക്തമായി വാദിച്ചിരുന്നു. കുപ്രസിദ്ധമായ ചിങ്ങവനം വട്ടമേശസമ്മേളനത്തില്‍ നിന്ന് അദ്ദേഹം മാറിനിന്നു. സമ്മേളന നിശ്ചയങ്ങളില്‍ അദ്ദേഹം ഒപ്പുവച്ചില്ല. മലങ്കരസഭയുടെ സ്വാതന്ത്ര്യം പണയപ്പെടുത്തുന്ന നിശ്ചയങ്ങളോടു കൂട്ടുനില്ക്കുന്നതിലും ഭേദം ഔദ്യോഗികസ്ഥാനം രാജിവച്ചു സ്വസ്ഥമായിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാശിയും കടുംപിടുത്തവുമാണെന്ന് അന്നു വ്യാഖ്യാനമുണ്ടായി. എന്നാല്‍, ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച ധീരതയും തത്ത്വദീക്ഷയും ദീര്‍ഘവീക്ഷണവും നമ്മെ അതിശയിപ്പിക്കുന്നു.

അസുഖമായിക്കിടന്ന അവസാനവര്‍ഷങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ ഞാന്‍ കൂടെക്കൂടെ പോകുമായിരുന്നു. ആ സന്ദര്‍ഭങ്ങളിലെല്ലാം അദ്ദേഹത്തില്‍ നിന്നു കേള്‍ക്കുന്ന ‘ദൈവത്തിന്‍റെ ഇഷ്ടം – ദൈവത്തിന്‍റെ ഇഷ്ടം’ എന്ന മന്ത്രണം ഇന്നും എന്‍റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. നല്ല ഓര്‍മ്മയില്ലാതെ കിടന്ന അവസരങ്ങളില്‍പ്പോലും പ്രാര്‍ത്ഥനയും നോമ്പും സന്യാസനിഷ്ഠകളും അദ്ദേഹം ആചരിച്ചിരുന്നു.

മാര്‍ തേവോദോസ്യോസ് ഒരു യഥാര്‍ഥ ക്രിസ്ത്യാനിയും ഉത്തമ സന്യാസിയും മുഖപക്ഷം നോക്കാതെ വാല്‍സല്യത്തോടെ ഇടവകഭരണം നടത്തിയ ഭരണകര്‍ത്താവുമായിരുന്നു. അദ്ദേഹം നമുക്കൊരു മാതൃകയായിരിക്കട്ടെ.

(1976 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ‘ബഥനിയുടെ പനിമലര്‍’ എന്ന സ്മരണികയില്‍ നിന്നും)