ഇടവക നടപടിക്രമങ്ങളെ സംബന്ധിച്ച പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായുടെ ഒരു കല്പന

നമ്പര്‍ 168

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ ത്രിയേകദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി)

വിശുദ്ധ മാര്‍തോമ്മാശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരൂഢനായി ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ്
എന്ന് അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ

നമ്മുടെ കോട്ടയം ഭദ്രാസന ഇടവകയില്‍പെട്ട എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു പട്ടക്കാരും പള്ളി കൈക്കാരും ശേഷം ജനങ്ങളും കൂടി കണ്ടെന്നാല്‍ നിങ്ങള്‍ക്കു വാഴ്വ്.

പ്രിയരെ,

കാലംചെയ്ത മലങ്കര മെത്രാപ്പോലീത്താ 1105 കന്നി മാസം 8-നു പരസ്യപ്പെടുത്തിയ കല്പനയില്‍ വിവാഹകര്‍മ്മത്തിനു പതാരത്തിന്‍റെ ഒരു ഭാഗം ഇളവുചെയ്തതു നിമിത്തം പട്ടത്വവരുമാനത്തിനു കുറവു വരികയാലും, അതിനു പകരമായി ആ കല്പനയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പട്ടത്വവരുമാനങ്ങള്‍ നല്‍കാതിരിക്കുന്നതിനാലും, ആ കുറവിനു പരിഹാരമുണ്ടാക്കിക്കൊടുക്കണമെന്നു കോട്ടയം ഭദ്രാസന ഇടവകയില്‍പ്പെട്ട പട്ടക്കാര്‍ നമ്മുടെ മുമ്പാകെ ബോധിപ്പിച്ച സങ്കടഹര്‍ജി കോട്ടയം മെത്രാസന കൗണ്‍സിലിന്‍റെ ആലോചനയ്ക്കും അഭിപ്രായത്തിനുമായി നാം അയച്ചുകൊടുക്കുകയും, കൗണ്‍സില്‍ അതേപ്പറ്റി ഗാഢമായി ആലോചിച്ചു, നമ്മുടെ ജനങ്ങളെ ഭാരപ്പെടുത്താതെ, പട്ടക്കാരുടെ സങ്കടനിവൃത്തിക്കായി – പരീക്ഷാര്‍ത്ഥം രണ്ടു വര്‍ഷത്തേക്കു – പസാരസംഖ്യയുടെ മൂന്നില്‍രണ്ടു ഭാഗം അവര്‍ക്കു കൊടുക്കണമെന്നും തന്മൂലം പള്ളിക്കുള്ള നഷ്ടം പരിഹരിക്കുന്നതിന് ആണ്ടുവീട്ടുകൂദാശപ്പണം പള്ളി മുതലില്‍ ചേര്‍ക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു റിപ്പോര്‍ട്ടു ചെയ്കയും ചെയ്തിരിക്കുന്നു. എങ്കിലും നമ്മുടെ പട്ടക്കാര്‍ക്കു ശമ്പളക്രമം നടപ്പാക്കേണമെന്നുള്ളത് സമുദായത്തിന്‍റെ പൊതുവായ ആഗ്രഹമാകയാല്‍ അതിനെക്കുറിച്ച് അന്വേഷണം നടത്തി ഒരു നിശ്ചയം ഉണ്ടാകുന്നതുവരെ പതാരമുള്‍പ്പെടെ ഈ കല്പനയില്‍ പ്രസ്താവിച്ചിരിക്കുന്ന സകലവും താഴെ വിവരിക്കുന്ന നിയമങ്ങള്‍ അനുസരിച്ചു നിങ്ങള്‍ നടന്നും നടത്തിച്ചും കൊള്ളണം.

1. റിശീസാ – ഇരുപത്തൊന്നു വയസ്സു പ്രായം തികഞ്ഞ എല്ലാ പുരുഷന്മാരും ആണ്ടില്‍ രണ്ടു ചക്രംവീതം റിശീസാ കൊടുക്കേണ്ടതും വലിയനോമ്പിലെ 36-ാം ഞായറാഴ്ച എല്ലാവരും ആ സംഖ്യ വികാരിയെ ഏല്പിക്കേണ്ടതും വികാരി അതു പിരിച്ചു രണ്ടാഴ്ചയ്ക്കകം നമ്മുടെ അടുക്കല്‍ എത്തിച്ചുതരേണ്ടതും ആകുന്നു.

2. കൈമുത്ത് – ഓരോ വിവാഹത്തിനും പുരുഷനേയും സ്ത്രീയേയും കൊണ്ട് അര രൂപാ വീതം മേല്‍പട്ടവരുമാനമായി വയ്പിച്ച് ആയതും പള്ളിയില്‍ നിന്നു വാര്‍ഷിക തിരട്ടോടുകൂടെ ഇടവക മെത്രാപ്പോലീത്തായ്ക്ക് അയച്ചുകൊടുക്കേണ്ടതാകുന്നു.

3. പതാരം – 1350 രൂപാ വരെയുള്ള സ്ത്രീധനത്തിനു രണ്ടര ശതമാനം ഇളവു ചെയ്തിട്ടുള്ളതു നീക്കി ഏഴരശതമാനവും, അതിനു മേല്‍പോട്ടുള്ള കൂടുതല്‍ സംഖ്യയ്ക്ക് അഞ്ചു ശതമാനം ഇളവുചെയ്തത് നീക്കി അഞ്ചു ശതമാനവും പതാരമായി പെണ്‍കൂട്ടരെക്കൊണ്ട് വയ്പിക്കേണ്ടതും അതില്‍നിന്നു മൂന്നിലൊരു ഭാഗം പള്ളിമുതലില്‍ ചേര്‍ക്കുകയും ബാക്കി രണ്ടുഭാഗം പട്ടക്കാര്‍ക്കു കൊടുക്കുകയും ചെയ്യേണ്ടതും ആകുന്നു.

4. നടവഴക്കം – ഒരു കല്യാണത്തിന് സ്ത്രീധനം എത്രതന്നെ കൂടുതലായാലും കുറവായാലും സ്ത്രീധനമായി കൊടുക്കുന്ന സംഖ്യയുടെ നൂറിനു ഒന്നു വീതം കൂടുന്ന സംഖ്യ നടവഴക്കം പള്ളിവരുമാനമായി ആണ്‍കൂട്ടരെയും പെണ്‍കൂട്ടരെയും കൊണ്ടു പ്രത്യേകം പ്രത്യേകം വയ്പിച്ചു കൊള്ളണം.

5. കര്‍മ്മപ്പീസു – സ്ത്രീധനത്തിന്‍റെ നൂറുരൂപായ്ക്കു രണ്ടു രൂപാവീതം പട്ടക്കാര്‍ക്കും കാല്‍രൂപാവീതം കപ്യാരന്മാര്‍ക്കുമായി അമ്പത്താറേകാല്‍ രൂപാ വരെ വയ്പിച്ചുകൊള്ളേണ്ടതും സ്ത്രീധനസംഖ്യ എത്രതന്നെ കൂടുതലായാലും ഒരു കല്യാണത്തിനു കയ്യസൂരിയായി അമ്പത്താറേകാല്‍ രൂപായില്‍ കൂടുതല്‍ അവകാശപ്പെട്ടു കൂടാത്തതും ആകുന്നു.

6. വിളിച്ചുചൊല്ല് – ആദ്യവിവാഹത്തിനായാലും, പുനര്‍വിവാഹത്തിനായാലും വിവാഹനിശ്ചയം നടന്ന വിവരവും സ്ത്രീധനത്തുക മുതലായവയും കാണിച്ച്, രണ്ടുപേരുടെ സാക്ഷിയോടുകൂടെ ഫീസു സഹിതം കല്യാണത്തീയതിക്ക് ഒന്‍പതു ദിവസം മുമ്പ് പുരുഷന്‍റെയും സ്ത്രീയുടെയും രക്ഷകര്‍ത്താക്കന്മാര്‍ അവരവരുടെ ഇടവകയില്‍ വിളിച്ചുചൊല്ലിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതും, വിവാഹത്തിന് ഒരാഴ്ച മുമ്പുള്ള ഞായറാഴ്ച രണ്ടു പള്ളികളിലും വിളിച്ചുചൊല്ല് പരസ്യമായി നടത്തേണ്ടതും ടി അപേക്ഷ ഒപ്പും ആ തീയതിയും വച്ചു വിളിച്ചുചൊല്ലുന്ന പട്ടക്കാരന്‍ പള്ളിഫയലില്‍ ചേര്‍പ്പിക്കേണ്ടതും ആകുന്നു.

7. വിവാഹം പറഞ്ഞു നിശ്ചയിക്കപ്പെട്ടിരിക്കുന്ന പുരുഷനും സ്ത്രീയും വിവാഹകര്‍മ്മത്തിനു മുമ്പ് കുമ്പസാരിച്ചു വിശുദ്ധ കുര്‍ബാന അനുഭവിക്കേണ്ടതാണെന്നുള്ള നിയമം മേലാല്‍ നിര്‍ബന്ധിതമായി കരുതേണ്ടതാണ്.

8. തിങ്കളാഴ്ചദിവസം വിവാഹം നടത്തുന്നവര്‍ അന്നു വിശുദ്ധ കുര്‍ബാന ചൊല്ലിക്കണം.

9. ആണ്ടുവീട്ടുകൂദാശ – ആണ്ടിലൊരിക്കല്‍, അതായത് ഉയര്‍പ്പുപെരുനാളിനും പെന്തക്കോസ്തിക്കു ഇടയ്ക്ക്, എല്ലാ വീട്ടുകാരും, വീട്ടുകൂദാശ നടത്തിക്കേണ്ടതു കടമയായി ഗണിച്ചു പട്ടക്കാരെക്കൊണ്ടു കൂദാശ ചെയ്യിക്കേണ്ടതും അതിലേക്കു ഫീസായി ഓരോ വീട്ടുകാരും പള്ളിക്കു എട്ടു ചക്രവും കപ്യാരന്മാര്‍ക്കു രണ്ടു ചക്രവും കൊടുക്കേണ്ടതും, അതതു വീട്ടുകാരുടെ ശക്തിക്കും ഭക്തിക്കും അനുസരണമായി കൂടുതല്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യാമെങ്കിലും മേല്‍പറഞ്ഞ സംഖ്യയില്‍ കൂടുതല്‍ കൊടുക്കണമെന്നു നിര്‍ബന്ധിപ്പാന്‍ പാടില്ലാത്തതും ആകുന്നു.

10. മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാന – എല്ലാ വീട്ടുകാരും തങ്ങളുടെ മരിച്ചുപോയ മാതാപിതാക്കന്മാര്‍ക്കുവേണ്ടി ഓരോ കുര്‍ബാന ചൊല്ലിക്കേണ്ടത് – അതായത് ആണ്ടില്‍ രണ്ടു കുര്‍ബാന ചൊല്ലിക്കേണ്ടത് – തങ്ങളുടെ കടമയായി ഗണിച്ചു ചൊല്ലിക്കേണ്ടതും അതിന് ഓരോ കുര്‍ബാനയ്ക്കും ശക്ത്യാനുസരണം കുര്‍ബാനപ്പണം കൊടുക്കേണ്ടതും എല്ലാ പള്ളികളിലും സ്പര്‍ഹായേ രജിസ്റ്റര്‍ എഴുതിസൂക്ഷിക്കേണ്ടതും ആകുന്നു.

11. കുടിശിക – കുടിശിക വരുന്നതു പള്ളിക്കും പട്ടക്കാര്‍ക്കും സമുദായത്തിനും ക്ഷേമഹാനികരമാകയാല്‍ സകല വരുമാനങ്ങളും രൊക്കം വയ്പിക്കേണ്ടതും അല്ലാതെ യാതൊരു കര്‍മ്മവും നടത്തുവാനോ നടത്തിക്കുവാനോ പാടില്ലാത്തതും ആകുന്നു.

മേല്‍വിവരിച്ച ഇനങ്ങളില്‍ വിവാഹകര്‍മ്മത്തിന്‍റെ പട്ടത്വാവകാശമായ കര്‍മ്മപ്പീസും, പതാരവീതവും അതാതിടവകയിലെ കീഴ്നടപ്പനുസരിച്ചു വീതിച്ചുകൊള്ളേണ്ടതും ഈ കല്പനയില്‍ വിവരിച്ചിട്ടില്ലാത്ത ഇനങ്ങള്‍ മുന്‍ പതിവനുസരിച്ചു വയ്പിച്ചുകൊള്ളേണ്ടതും ആകുന്നു.

വിശേഷിച്ചും, നാം അയച്ചിട്ടുള്ള ഘടനയിലെ ഭരണക്രമം എല്ലാ ഇടവകകളിലും നടപ്പാക്കുന്നതിനു സകലരും എത്രയും താല്‍പര്യമായി പരിശ്രമിക്കണമെന്നു നാം വീണ്ടും ഓര്‍പ്പിച്ചുകൊള്ളുന്നു. ഇതുവരെ പൊതുയോഗം കൂടി മാനേജിംഗ് കമ്മട്ടിയെ നിയമിച്ചിട്ടില്ലാത്ത എല്ലാ പള്ളിക്കാരും ഈ മാസത്തിലെങ്കിലും അപ്രകാരം ചെയ്യേണ്ടതും, എന്നാല്‍ പ്രസ്തുത കമ്മട്ടി അടുത്ത ധനുമാസാവസാനം വരത്തേക്കു മാത്രമാകയാല്‍ ഓരോ പള്ളിയിലും ഇപ്പോഴുള്ള കൈക്കാരന്‍ തന്നെ അതുവരെ ജോലി തുടര്‍ന്നുകൊണ്ടുപോകേണ്ടതും ആകുന്നു.

സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളെല്ലാവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയതു ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്‍റെയും ശേഷം എല്ലാ പരിശുദ്ധന്മാരുടെയും ശുദ്ധിമതികളുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.
എന്ന്, മ്ശിഹാകാലം 1935-നു കൊല്ലവര്‍ഷം 1110 കര്‍ക്കടകമാസം 8-നു കോട്ടയം സുറിയാനി സിമ്മനാരിയില്‍ നിന്നും.

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ….. ഇത്യാദി.