മലങ്കരസഭാ ചരിത്ര-വിശ്വാസ വിജ്ഞാനകോശം – അ (3)

അമ്മായി

അമ്മാവന്‍റെ ഭാര്യ. ഭര്‍ത്താവിന്‍റെ അമ്മയും ഭാര്യയുടെ അമ്മയും മരുമക്കത്തായ സമ്പ്രദായത്തില്‍ അമ്മായിഅമ്മയാകും. ക്രിസ്ത്യാനികളുടെയിടയില്‍ മാതൃസഹോദരന്‍റെ ഭാര്യയും പിതൃസഹോദരിയും അമ്മായിമാരാണ്. അവര്‍ക്ക് മാതൃസഹോദരനും (അമ്മാവന്‍) പിതൃസഹോദരീ ഭര്‍ത്താവും അച്ചന്‍ അഥവാ ചാച്ചന്‍ ആണ്. ചിലയിടങ്ങളില്‍ പട്ടക്കാരന്‍റെ ഭാര്യയെ څഅമ്മായിچ എന്ന് ബഹുമാനസൂചകമായി വിളിക്കും.

അമ്മാവന്‍

മാതൃസഹോദരന്‍. അമ്മാവന്‍, അമ്മാച്ചന്‍, അമ്മോന്‍, അമ്മോമന്‍ എന്നിങ്ങനെ രൂപഭേദങ്ങള്‍ ഉണ്ട്. മാതൃസഹോദരന്‍. ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയോ പിതാവ് മരുമക്കത്തായ സമ്പ്രദായത്തില്‍ അമ്മായിയപ്പനാകും. ബഹുമാനസൂചകമായി വൃദ്ധന്മാരെ പൊതുവേ അമ്മാവന്‍ എന്ന് വിളിക്കും. ക്രിസ്ത്യാനികളുടെ ഇടയില്‍ അമ്മയുടെ ആങ്ങളയെ ചാച്ചന്‍, അച്ചന്‍ എന്നെല്ലാം വിളിക്കും.
അമ്മീറാ

സുറിയാനിപദം. സൂചന, ‘പുളിപ്പുള്ള അപ്പം’ എന്നാണ്. ‘എമറോ’ എന്ന സുറിയാനി പദവുമായി ബന്ധിച്ച,് ബലിക്കുള്ള കുഞ്ഞാട് എന്ന സൂചനയും അമ്മീറായ്ക്ക് നല്‍കാറുണ്ട്. യേശുക്രിസ്തു അന്ത്യ അത്താഴത്തില്‍ വി. കുര്‍ബ്ബാന സ്ഥാപിച്ചപ്പോള്‍ ഉപയോഗിച്ചത് പുളിപ്പുള്ള അപ്പമായിരുന്നു. ആ പാരമ്പര്യത്തില്‍ ഓര്‍ത്തഡോക്സ് സുറിയാനി സഭ വി. കുര്‍ബ്ബാനയ്ക്ക് പുളിപ്പുള്ള അപ്പം ഉപയോഗിക്കുന്നു. പുളിപ്പില്ലാത്ത അപ്പത്തിന് ‘പത്തീറ’ എന്നു പറയും. (‘അപ്പവും വീഞ്ഞും’ കാണുക).

അമ്മൂമ്മ

പിതാവിന്‍റെയോ മാതാവിന്‍റെയോ അമ്മ. അമ്മൂമ്മ, അമ്മാമ്മ, അമ്മമ്മ, അമ്മച്ചി എന്നിങ്ങനെയെല്ലാം രൂപഭേദം. ബഹുമാന സൂചകമായി പൊതുവേ പ്രായമായ സ്ത്രീകളെ അമ്മൂമ്മ എന്നു വിളിക്കും. അമ്മയുടെ ജ്യേഷ്ഠത്തിയെ വലിയ അമ്മ, പേരമ്മ, അമ്മൂമ്മ എന്നെല്ലാം വിളിക്കും.

അയിത്തം

‘അശുദ്ധം’ എന്ന വാക്കിന്‍റെ രൂപഭേദം. കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭം വരെ നിലവിലിരുന്നതും, ഇപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലും നിലവിലിരിക്കുന്നതുമായ ഒരു ദുരാചാരം. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നീ സവര്‍ണ്ണ ഹിന്ദുക്കള്‍ താണ ജാതിയില്‍പെട്ട ഹിന്ദുക്കള്‍ക്ക് (അവര്‍ണ്ണര്‍ക്ക്) അയിത്തം കല്പിച്ചിരുന്നു. ചില ജാതിക്കാര്‍ തൊട്ടാല്‍ അയിത്തം. ചിലരെ കണ്ടാല്‍തന്നെ അയിത്തം. ഉപ്പ്, എണ്ണ തുടങ്ങി കഴുകി ശുദ്ധമാക്കാന്‍ കഴിയാത്ത പദാര്‍ത്ഥങ്ങള്‍ അവര്‍ണ്ണര്‍ തൊട്ട് അശുദ്ധമാക്കിയിട്ടുണ്ടെങ്കില്‍ ‘അയിത്തം’ മാറ്റിയെടുക്കുവാന്‍ സുറിയാനി ക്രിസ്ത്യാനികളെക്കൊണ്ട് തൊടുവിക്കുന്ന പതിവുണ്ടായിരുന്നു. “തൈലാദിവസ്തുക്കളശുദ്ധമായാല്‍ പൗലോസു തൊട്ടാലതു ശുദ്ധമാകും” എന്നൊരു ചൊല്ലു തന്നെയുണ്ട്. കേരളത്തിലെ അയിത്ത സമ്പ്രദായത്തിനെതിരേ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗമായ പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ ശക്തമായി പ്രവര്‍ത്തിച്ചു. (‘ഒസ്താത്തിയോസ്, പത്രോസ് മാര്‍’ കാണുക).

അരക്കുര്‍ബ്ബാന (പാതിക്കുര്‍ബ്ബാന)

1836-ല്‍ മാവേലിക്കര സുന്നഹദോസില്‍ മലങ്കരസഭയെക്കൊണ്ട് പ്രൊട്ടസ്റ്റന്‍റ് വിശ്വാസം സ്വീകരിപ്പിക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ട ഇംഗ്ലീഷ് മിഷനറിമാര്‍ അവര്‍ക്കു സ്വാധീനമുണ്ടായിരുന്ന പാലക്കുന്നത്ത് അബ്രാഹാം മല്പാന്‍ മുതലായ ചില പട്ടക്കാരിലൂടെ തക്സായില്‍നിന്ന് കുര്‍ബ്ബാന ബലിയാണെന്നുള്ള ഭാഗം, മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന, പരിശുദ്ധന്മാരോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന മുതലായവ മാറ്റി ഒരു പുതിയ തക്സാ നിര്‍മ്മിച്ചു. തക്സാ നിര്‍മ്മാണത്തിനു ശേഷം തക്സാ നിര്‍മ്മാണക്കമ്മറ്റിയില്‍ അംഗങ്ങളായിരുന്ന നാലു പട്ടക്കാരില്‍ രണ്ടുപേര്‍ അതുപയോഗിച്ചു കുര്‍ബ്ബാന ചൊല്ലാന്‍ വിസമ്മതിച്ചു. അബ്രാഹാം മല്പാനും, കൈതയില്‍ മല്പാനും ഈ തക്സാ ഉപയോഗിച്ചു കുര്‍ബ്ബാന ചൊല്ലി. ഇങ്ങനെ വെട്ടിക്കുറച്ച തക്സായ്ക്ക് ‘അരക്കുര്‍ബ്ബാന’ എന്ന പരിഹാസപ്പേരു ലഭിച്ചു.

അരക്കെട്ട്

അരയിലെ കെട്ട്. അരയില്‍ കെട്ടുവാന്‍ ഉപയോഗിക്കുന്ന കച്ചവാറാണ് അരക്കെട്ട്. തുകല്‍, തുണി, ചരട് മുതലായവ അരയില്‍ ബന്ധിക്കാനായി ഉപയോഗിക്കുന്നുണ്ട്. ലോഹങ്ങളെക്കൊണ്ടുള്ള അരക്കെട്ടുകളുമുണ്ട്. രാജാക്കന്മാരും, വൈദിക മേലദ്ധ്യക്ഷന്മാരും ചിലപ്പോള്‍ സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ച അരക്കെട്ടുകളാണ് ഉപയോഗിച്ചിരുന്നത്. വിശുദ്ധ വേദപുസ്തകത്തില്‍ അരക്കെട്ടിനെക്കുറിച്ച് പല സ്ഥലത്തും പരാമര്‍ശിക്കുന്നുണ്ട്. മഹാപുരോഹിതന്‍റെ വസ്ത്രത്തിന്‍റെ ഭാഗമായിരുന്നു ഇടക്കെട്ട്. പൗരസ്ത്യനാടുകളിലെ വേഷവിതാനത്തിന്‍റെ അവിഭാജ്യഘടകമാണ് അരക്കെട്ട്.

സേവനത്തിന്‍റെയും സംയമനത്തിന്‍റെയും പ്രതീകമായി അരക്കെട്ടിനെ കണക്കാക്കുന്നു. വിശുദ്ധ പൗലോസിന്‍റെ വ്യാഖ്യാനപ്രകാരം ‘സത്യ’ മാണ് ഒരു ക്രിസ്ത്യാനിയുടെ അരക്കെട്ട് (എഫേ. 6:14). വിശുദ്ധ ആരാധനാവസ്ത്രത്തിന്‍റെ ഭാഗമായി അരക്കെട്ടു ധരിക്കുമ്പോള്‍ വൈദികസ്ഥാനി നടത്തുന്ന പ്രാര്‍ത്ഥനയില്‍, “പ്രാബല്യവും മഹത്വവുമാകുന്ന വാള്‍ അരയില്‍ കെട്ടുക” എന്നാണ് ചൊല്ലുന്നത്.

അരപ്പള്ളി (തിരുവിതാംകോട്)

വി. മാര്‍ത്തോമാശ്ലീഹാ മലങ്കരയില്‍ സ്ഥാപിച്ച ഏഴരപള്ളികളില്‍ ഒന്ന്. തമിഴ്നാട്ടിലെ നാഗര്‍കോവിലിനടുത്തുള്ള തിരുവിതാംകോട് എന്ന സ്ഥലത്ത് ഇതു സ്ഥിതിചെയ്യുന്നു. ‘അരപ്പള്ളി’ എന്ന പേരിലാണ് ഈ ദേവാലയം അറിയപ്പെടുന്നത്. തോമ്മാശ്ലീഹാ തന്‍റെ പ്രേഷിതദൗത്യവുമായി മദ്രാസില്‍ എത്തി. അവിടെ ഉണ്ടായിരുന്ന അനേകം വെള്ളാളച്ചെട്ടികളെ ക്രിസ്തുമതത്തിലേക്കു ചേര്‍ത്തു. ഇതില്‍ കുപിതരായ അധികാരികള്‍ അവരെ പീഡിപ്പിക്കുവാന്‍ തുടങ്ങി. ഈ സമയത്ത് തോമ്മാശ്ലീഹാ അവരുടെ സഹായത്തിനെത്തി. അദ്ദേഹം ക്രിസ്ത്യാനികളായ അറുപത്തിനാലു ചെട്ടിയാര്‍ കുടുംബങ്ങളെ കൂട്ടിക്കൊണ്ട് ആരുവാമൊഴി പാത കടന്ന് നാഗര്‍കോവിലില്‍ എത്തി, അവിടെ അവരെ കുടി പാര്‍പ്പിച്ചു. നാഗര്‍കോവില്‍ അക്കാലത്ത് വേണാടു രാജ്യത്തിന്‍റെ തെക്കു ഭാഗമായിരുന്നു. വേണാടു രാജാവിന്‍റെ സഹോദരന്‍ ഒരിക്കല്‍ മദ്രാസില്‍ വച്ച് ശ്ലീഹായെ കണ്ടിരുന്നു. വേണാട്ട് വരുകയാണെങ്കില്‍ സഹായസകരണങ്ങള്‍ നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഈ പാശ്ചാത്തലത്തിലാണ് ശ്ലീഹായും ചെട്ടികളും നാഗര്‍കോവിലില്‍ എത്തിയത്. അവര്‍ അടുത്തുള്ള തിരുവിതാംകോട് രാജകീയ കൊട്ടാരത്തില്‍ എത്തി വേണാട്ട് രാജാവിനെ കണ്ടു. സംപ്രീതനായ രാജാവ് രാജാവ് അറുപത്തിനാലു കുടുംബങ്ങള്‍ക്ക് പ്രത്യേകം വീടു വയ്ക്കുന്നതിനുള്ള സ്ഥലവും ആരാധനാലയം പണിയുന്നതിനുള്ള സ്ഥലവും തിരുവിതാംകോടു തന്നെ അനുവദിച്ചു. തോമാശ്ലീഹാ വിശുദ്ധ ദൈവമാതാവിന്‍റെ നാമത്തില്‍ ഒരു കുരിശുപള്ളി ഇവിടെ സ്ഥാപിച്ചു. അരപ്പള്ളി എന്നതിന് രാജകീയ (അരച) ദേവാലയം എന്ന സൂചനയും കൊടുത്തുകാണുന്നുണ്ട്.
അരമന

രാജാക്കന്മാരുടെയും മെത്രാന്മാരുടെയും വസതി. തമിഴില്‍ ‘അണ്‍മനൈ’ എന്നും, കന്നട ഭാഷയിലും തുളുവിലും ‘അരണ്‍മന’ എന്നും പറയുന്നു. നമ്പൂതിരിമാരുടെയും മറ്റ് ഉന്നതകുലജാതന്മാരുടെയും ഭവനത്തിന് കേരളത്തില്‍ ‘മന’ എന്നു പറയുന്നു. കന്നടഭാഷയില്‍ സധാരണക്കാരുടെ വീടിനും ‘മനെ’ എന്നാണു പറയുന്നത്. അരചന്‍റെ മന (രാജാവിന്‍റെ വീട്) എന്ന അര്‍ത്ഥത്തിലാണ് അരമന എന്ന പദം ഉദ്ഭവിച്ചത്.

അരാം (അരാമ്യര്‍)

ഈ പേരില്‍ മൂന്നു വ്യക്തികളെ വേദപുസ്തകത്തില്‍ കാണാം.
1. നോഹിന്‍റെ വംശത്തില്‍ ശേമിന്‍റെ പുത്രന്‍ (ഉല്പ. 10:2223).
2. അബ്രാഹാമിന്‍റ സഹോദരന്‍ നാഹോറിന്‍റെ പൗത്രന്‍ (ഉല്പ. 22:21).
3. ആശേരിന്‍റെ പരമ്പരയില്‍പെട്ട ഒരുവന്‍ (1 ദിന. 7:34).

അരാമ്യരെ സിറിയക്കാര്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. അരാമ്യഭാഷ സുറിയാനിയോടു ബന്ധമുള്ള ഒന്നാണ്. അതു പൗരസ്ത്യദേശത്തെങ്ങും പ്രചാരത്തിലിരുന്നു.

അരാമ്യഭാഷ

സുറിയാ എന്നതിന്‍റെ പഴയ പേര് അരാം എന്നായിരുന്നു. അവിടെ സംസാരിച്ച ഭാഷയെ അരാമ്യ എന്നു വിളിച്ചു. പില്‍ക്കാലത്ത് പലസ്തീനില്‍ എങ്ങും പ്രചാരത്തില്‍ വന്നത് അരാമ്യഭാഷയാണ്. ഇതു സുറിയാനിയോട് വളരെ അടുത്തു നില്‍ക്കുന്നു. യേശുവും ശിഷ്യന്മാരും സംസാരിച്ചിരുന്നത് ഈ ഭാഷയാണ്. എബ്രായഭാഷ അക്കാലത്ത് മൃതഭാഷയായിത്തീര്‍ന്നിരുന്നു. എബ്രായഭാഷയിലുള്ള പഴയനിയമഗ്രന്ഥങ്ങള്‍ സാധാരണക്കാര്‍ക്കു മനസ്സിലാകാതെയിരുന്നതിനാല്‍ അരാമ്യഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയാണ് വായിച്ചുകൊണ്ടിരുന്നത്.

അരിസ്തിദെസ്

ആതന്‍സിലെ ക്രിസ്തുഭക്തനായ തത്ത്വചിന്തകന്‍ (ഉദ്ദേശം എ.ഡി. 140). ഇദ്ദേഹത്തെക്കുറിച്ച് ആദ്യമായി പരാമര്‍ശിക്കുന്നത് യൗസേബിയോസാണ്. അരിസ്തിദെസിന്‍റെ വിശ്വാസസമര്‍ത്ഥനം അര്‍മീനിയന്‍ സുറിയാനി വിവര്‍ത്തനങ്ങളില്‍ ലഭിച്ചിട്ടുണ്ട്. ഹേഡ്രിയന്‍ ചക്രവര്‍ത്തിയെയാണ് ഈ കൃതിയില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. ഈ കൃതിയില്‍ ക്രിസ്ത്യാനികളുടെ ഉന്നതമായ സാന്മാര്‍ഗ്ഗിക നിലവാരത്തെക്കുറിച്ച് അദ്ദേഹം സാക്ഷ്യം നല്‍കുന്നു.

അരിസ്റ്റോട്ടില്‍ (ബി.സി. 384-322)

മഹാനായ ഗ്രീക്കു ദാര്‍ശനികന്‍. ബി.സി. 384-ല്‍ നിക്കോമാക്കസ് എന്ന ഭിഷഗ്വരന്‍റെ പുത്രനായി മാസിഡോണിയയിലെ സ്റ്റാഗിറിയില്‍ ജനിച്ചു. പ്ലേറ്റോയുടെ ശിഷ്യനായി. പഠനം കഴിഞ്ഞ് പലയിടത്തും സഞ്ചരിച്ചു. ബി.സി. 335-ല്‍ ആഥന്‍സിലെത്തി ‘ലൈസിയം’ എന്ന വിദ്യാപീഠം സ്ഥാപിച്ചു. അലക്സാണ്ഡര്‍ ചക്രവര്‍ത്തിയുടെ ഗുരുവായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ദാര്‍ശനികരിലൊരാളാണ് ഇദ്ദേഹം. അനുഭവംകൊണ്ട് അറിയുന്ന ലോകം നിഴലല്ല, യാഥാര്‍ത്ഥ്യമാണെന്ന് ഇദ്ദേഹം വാദിച്ചു. ദ്രവ്യവും രൂപവും തമ്മിലുള്ള ബന്ധം പോലെയാണ് ശരീരവും ആത്മാവും തമ്മിലുള്ള ബന്ധം. ബി.സി. 322-ല്‍ യൂബിയയിലെ ചാല്‍സില്‍ വച്ച് നിര്യാതനായി.

അരുളിക്കാ

തിരുശേഷിപ്പുപേടകം. വ്യംഗ്യാര്‍ത്ഥം ജഡാവശിഷ്ടങ്ങള്‍ എന്നാണ്. സഭയ്ക്കുവേണ്ടി ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ചവരും ജീവിതത്തെ അര്‍പ്പിച്ചവരുമായ വ്യക്തികളുടെ ശരീരാവശിഷ്ടങ്ങളും അവരുമായി നിത്യ സമ്പര്‍ക്കത്തിലിരുന്ന വസ്തുക്കളും തിരുശേഷിപ്പായി ബഹുമാനിക്കപ്പെടുന്നു. ഇപ്രകാരമുള്ള തിരുശേഷിപ്പും മറ്റും സൂക്ഷിക്കുന്ന പേടകത്തിനും, വി. കുര്‍ബ്ബാന വയ്ക്കാനുള്ള പാത്രത്തിനും അരുളിക്കാ എന്നു പറയുന്നു. ക്രൈസ്തവദേവാലയങ്ങള്‍ ഇല്ലാതിരുന്ന കാലത്തും വി. കുര്‍ബ്ബാന അരുളിക്കായില്‍ വഹിച്ചുകൊണ്ട് എഴുന്നള്ളിക്കുന്ന പതിവ് ചില ക്രൈസ്തവസമൂഹങ്ങളില്‍ ഉണ്ടായിരുന്നു. പരിശുദ്ധന്മാരുടെ ഓര്‍മ്മയോട് അനുബന്ധിച്ചു നടത്തുന്ന റാസയില്‍ ആ പരിശുദ്ധന്‍റെ തിരുശേഷിപ്പു വഹിച്ച പേടകം ഉപയോഗിച്ചിരുന്നു. തിരുശേഷിപ്പ് (റെലിക്സ്) ഉള്ളതിനാലാണ് ഈ പേടകത്തിന് അരുളിക്കാ എന്ന പേരുണ്ടായത്. വി. മദ്ബഹായില്‍ ത്രോണോസിന്മേല്‍ ഇതു വയ്ക്കുന്നു. റാസയും മറ്റും നടത്തുമ്പോള്‍ ജനങ്ങളെ ആശീര്‍വദിക്കുന്നത് ഇതുപയോഗിച്ചാണ്.

അര്‍ക്കദിയാക്കോന്‍

മലങ്കരനസ്രാണികളുടെ അനിഷേദ്ധ്യ നേതാവ്. ആര്‍ച്ച് ഡീക്കന്‍ എന്ന ഇംഗ്ലീഷുവാക്കിന്‍റെ സുറിയാനിരൂപമാണ്. ശെമ്മാശ്ശന്മാരില്‍ പ്രധാനി എന്ന് അര്‍ത്ഥം വരുന്ന അര്‍ക്കദിയാക്കോന്‍ മലങ്കരസഭയില്‍ ഭരണപരമായ ഒരു സ്ഥാനമായിത്തീര്‍ന്നു. കശീശ്ശന്മാര്‍ തന്നെ ആര്‍ച്ച് ഡീക്കന്മാരായി നിയമിക്കപ്പെടും. മദ്ധ്യകാലത്ത് സ്വദേശീയരായ മെത്രാന്മാര്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. വിദേശത്തു നിന്നും ഇടയ്ക്കെല്ലാം ഇവിടെ വന്നെത്തിയിരുന്ന മെത്രാന്മാര്‍ മലങ്കര സഭയിലെ ആത്മീയ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചുപോന്നു. അര്‍ക്കദിയാക്കോന്മാരെ തെരഞ്ഞെടുത്തിരുന്നത് പകലോമറ്റം തറവാട്ടില്‍ നിന്നുമാണ്. 4-ാം നൂറ്റാണ്ട് മുതല്‍ 17-ാം നൂറ്റാണ്ട് വരെ അര്‍ക്കദിയാക്കോന്മാര്‍ മലങ്കരസഭാഭരണം നടത്തി വന്നു. പറങ്കികളുടെ നേതൃത്വത്തില്‍ കത്തോലിക്കാ സഭയുടെ വാഴ്ച കേരളത്തില്‍ ആരംഭിച്ചപ്പോള്‍ റോമന്‍ വിശ്വാസത്തില്‍ ചേരാതെ നിന്ന ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അര്‍ക്കദിയാക്കോന്മാരായിരുന്നു. മലങ്കരസഭയിലെ ജനങ്ങളെ ബലമായി റോമന്‍ കത്തോലിക്കാ വിശ്വാസത്തില്‍ ചേര്‍ക്കാന്‍ 1599-ല്‍ മെനസ്സിസ് എന്ന പറങ്കി മെത്രാന്‍ വിളിച്ചു കൂട്ടിയ ഉദയം പേരൂര്‍ സുന്നഹദോസ് നടക്കുന്ന കാലത്ത് മലങ്കര സഭയുടെ നേതൃത്വം ഗീവര്‍ഗീസ് അര്‍ക്കദിയാക്കോനായിരുന്നു. 1653-ല്‍ കൂനന്‍കുരിശു സത്യത്തിന് ധീരനേതൃത്വം കൊടുത്ത തോമ്മാ അര്‍ക്കദിയാക്കോനെ പന്ത്രണ്ടു പട്ടക്കാര്‍ ചേര്‍ന്ന് മാര്‍ത്തോമ്മാ ഒന്നാമന്‍ എന്ന പേരില്‍ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയര്‍ത്തി. 1665-ല്‍ യെരുശലേമില്‍ നിന്നു വന്ന മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തോമാ അര്‍ക്കദിയാക്കോന്‍ മാര്‍ത്തോമ്മായുടെ മേല്പട്ടസ്ഥാനം സ്ഥിരീകരിച്ചു. തോമ്മാ അര്‍ക്കദിയാക്കോന്‍ മെത്രാപ്പോലീത്താ ആയതോടെ മലങ്കരസഭയുടെ നേതൃത്വം മലങ്കര മെത്രാപ്പോലീത്തായില്‍ വന്നുചേര്‍ന്നു.

അര്‍ക്കദിയാക്കോന്‍, ഗീവര്‍ഗീസ്

മലങ്കരസഭയിലെ ജനങ്ങളെ ബലമായി റോമന്‍ കത്തോലിക്കാ വിശ്വാസത്തില്‍ ചേര്‍ക്കാന്‍ 1599-ല്‍ മെനസിസ് എന്ന പറങ്കി മെത്രാന്‍ വിളിച്ചുകൂട്ടിയ ഉദയംപേരൂര്‍ സുന്നഹദോസ് നടക്കുന്ന കാലത്ത് മലങ്കരസഭയുടെ നേതൃത്വം ഗീവര്‍ഗീസ് അര്‍ക്കദിയാക്കോനായിരുന്നു.

അര്‍ണ്ണോസുപാതിരി (1681-1732)

ഹംഗറിക്കാരനായ ഭരതീയഭാഷാ പണ്ഡിതനും കവിയും. ജര്‍മ്മനിയിലെ ഓസ്റ്റര്‍ കാപ്ലന്‍ എന്ന സ്ഥലത്ത് 1681-ല്‍ ജനിച്ചു. ജോണ്‍ ഏര്‍ണസ്റ്റ് ഹാജ്സല്‍ഡന്‍ എന്നായിരുന്നു ശരിയായ പേര്‍. ഏര്‍നസ്റ്റ് എന്ന പദം മലയാളീകരിച്ചപ്പോള്‍ അര്‍ണ്ണോസ് ആയി.
ഈ സന്യാസവൈദികന്‍ 1701-ല്‍ ഗോവ, കൊടുങ്ങല്ലൂര്‍, ഉദയംപേരൂര്‍, കടുത്തുരുത്തി, ചേറ്റുവാ, മുട്ടം എന്നിവിടങ്ങളിലെ മിഷനറി പ്രവര്‍ത്തനത്തിനു ശേഷം തൃശ്ശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരിക്കടുത്ത് വേലൂരില്‍ താമസമാക്കി. അദ്ദേഹം താമസിച്ച വേലൂര്‍ പള്ളിയോടനുബന്ധിച്ചുള്ള കെട്ടിടം സര്‍ക്കാര്‍ സഹായത്തോടെ അര്‍ണ്ണോസ് സ്മാരകനിലയമായി നിലനിര്‍ത്തിയിട്ടുണ്ട്.

സംസ്കൃതം, മലയാളം എന്നീ ഭാഷകളില്‍ അസാമാന്യ വ്യുല്‍പത്തി നേടിയ ഇദ്ദേഹം ബൈബിള്‍ പ്രമേയങ്ങള്‍, ക്രൈസ്തവ വിശ്വാസസത്യങ്ങള്‍ എന്നിവ ഇതിവൃത്തമാക്കി കാവ്യരചന നടത്തി. ക്രിസ്ത്യാനി എപ്പോഴും ഓര്‍ക്കണമെന്ന് സഭ അനുശാസിക്കുന്ന മരണം, ന്യായവിധി, നരകം, മോക്ഷം എന്നിവയെ ആധാരമാക്കി രചിച്ച നാലു പര്‍വ്വങ്ങളുള്ള ‘ചതുരന്ത്യം’ അദ്ദേഹത്തിന്‍റെ ആദ്യകൃതിയാണ്. മണിപ്രവാളരീതിയില്‍ ലോകസൃഷ്ടിമുതല്‍ ക്രിസ്തുവിന്‍റെ ജീവചരിത്രം ഉള്‍പ്പെടെയുള്ള ബൈബിള്‍ഭാഗം ഇതിവൃത്തമാക്കി രചിച്ചതാണ് മശിഹാ ചരിത്രം പുത്തന്‍പാന. കന്യകമറിയാമിന്‍റെ ജീവചരിത്രമാണ് ‘ഉമ്മാപര്‍വ്വ’ത്തിലെ ഇതിവൃത്തം. ‘വ്യാകുലപ്രബന്ധ’മാണ് മറ്റൊരു കൃതി.
മലയാള ഭാഷയില്‍ ആദ്യത്തെ നിഘണ്ടു രചിച്ചത് ഇദ്ദേഹമാണ്. ‘ഗ്രന്ഥഭാഷയുടെ വ്യാകരണം’ എന്ന പേരില്‍ ഒരു വ്യാകരണവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1732-ല്‍ ദിവംഗതനായി.

ആര്‍ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ്

മലങ്കര സഭയുടെ നേതൃത്വത്തിലുള്ള സഹായ സംഘം. 2001-ല്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവയുടെ രക്ഷാധികാരിത്വത്തില്‍ കോട്ടയം ദേവലോകം കേന്ദ്രീകരിച്ചു തുടങ്ങി. കരുണ, അനുകമ്പ എന്നീ അര്‍ത്ഥതലങ്ങള്‍ ഉള്ള ‘ആര്‍ദ്ര’ എന്ന സംസ്കൃത വാക്കിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തിന്‍റെ (ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമെന്യേ) ഉന്നമനത്തിനും ക്ഷേമത്തിനും മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്നു.

അര്‍മ്മീനിയന്‍സഭ

ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ ഒന്ന്. ക്രിസ്തുമതം ഔദ്യോഗിക മതമായി പ്രഖ്യാപിച്ച ലോകത്തിലെ ആദ്യരാഷ്ട്രം (എ.ഡി. 301) അര്‍മ്മീനിയയാണ്. പാരമ്പര്യമനുസരിച്ച് അവിടെ സഭ സ്ഥാപിച്ചത് അപ്പോസ്തോലന്മാരായ തദ്ദായിയും ബര്‍ത്തലോമായിയുമാണ്.

എ.ഡി. 301-ല്‍ ടിരിഡേറ്റ്സ് രാജാവിനെ മാമോദീസാ മുക്കുകയും, ക്രിസ്തുമതം രാജ്യത്തെമ്പാടും വളര്‍ന്നു വലുതാകുന്നതിനു വഴിയൊരുക്കുകയും ചെയ്ത ‘ഗ്രിഗറി ദ് ഇല്യുമിനേറ്റര്‍’ വേദശാസ്ത്രാഭ്യസനം നടത്തിയത് കൈസര്യായില്‍ ആയിരുന്നു. തന്മൂലം അര്‍മ്മീനിയന്‍ സഭയില്‍ ആചാരാനുഷ്ഠാന കാര്യങ്ങളില്‍ ഗ്രീക്ക് സ്വാധീനം വര്‍ദ്ധിക്കുവാനിടയായി. അഞ്ചാം നൂറ്റാണ്ടില്‍ ‘മെസ്റോപ് മസ്റ്റോക്ക്’ എന്നയാള്‍ അര്‍മ്മീനിയന്‍ അക്ഷരമാല കണ്ടുപിടിച്ചതിനുശേഷം ആരാധനാക്രമങ്ങള്‍ അര്‍മ്മീനിയന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുകയും കാലക്രമേണ അവയ്ക്കു ചെറിയ പ്രാദേശിക വ്യത്യാസങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

അര്‍മ്മീനിയന്‍ സഭയ്ക്ക് എ.ഡി. 451-ല്‍ നടന്ന കല്‍ക്കദോന്യ സുന്നഹദോസില്‍ പങ്കെടുക്കുവാന്‍ സാധിച്ചില്ലെങ്കിലും ആദിമുതലേ അതില്‍ ഉയര്‍ന്നുവന്ന ആശയങ്ങളോടുള്ള എതിര്‍പ്പ് സഭയില്‍ പ്രകടമായിരുന്നു. 506-ല്‍ ഡോവിന്‍ (ഉീംശി) എന്ന സ്ഥലത്തു കൂടിയ അര്‍മ്മീനിയന്‍ സുന്നഹദോസ് കല്‍ക്കദോന്യ വിശ്വാസത്തെ തള്ളിക്കളഞ്ഞതിന്‍റെ പിന്നില്‍ രാഷ്ട്രീയ കാരണങ്ങളും ഉണ്ടായിരുന്നു.

ഏഴാം നൂറ്റാണ്ടില്‍ മുസ്ലീമുകള്‍ ഈ പ്രദേശത്ത് ഭരണത്തില്‍ വന്നു. കുറേ കാലത്തേക്ക് അവര്‍ അര്‍മീനിയന്‍ ക്രിസ്ത്യാനികളുമായി വളരെ നല്ല ബന്ധങ്ങള്‍ പുലര്‍ത്തിപ്പോന്നു. എന്നാല്‍ പില്‍ക്കാലത്ത് ക്രിസ്തുമതപീഡനം അവിടെ രൂക്ഷമായി. 11-ാം നൂറ്റാണ്ടായപ്പോഴേക്കും അത് അസഹനീയമായി തീര്‍ന്നതിനാല്‍ വളരെപ്പേര്‍ പടിഞ്ഞാറുള്ള കിലിക്യ പ്രദേശത്തേക്ക് ഓടി രക്ഷപെടുകയുണ്ടായി. അവിടെ രൂബേന്‍ രാജകുമാരന്‍ മുസ്ലീമുകളുടെ കൈയില്‍നിന്ന് കുറേ സ്ഥലം പിടിച്ചെടുത്ത് സിസ് എന്ന സ്ഥലം ആസ്ഥാനമാക്കി ഒരു ചെറിയ അര്‍മ്മീനിയന്‍ രാജ്യം സ്ഥാപിച്ചു. സഭാതലവനായ കാതോലിക്കായും തന്‍റെ തലസ്ഥാനം സിസിലേക്കു മാറ്റി. എന്നാല്‍ കിലിക്യന്‍ പ്രദേശത്തെ ജനങ്ങളും മേല്പട്ടക്കാരും ലത്തീന്‍ സഭയുമായി ഐക്യപ്പടുന്നതിന് ആലോചനകള്‍ നടത്തിയത് കിഴക്കുണ്ടായിരുന്ന ഭൂരിപക്ഷത്തിനു രസിച്ചില്ല. കാതോലിക്കായുടെ ആസ്ഥാനം സിസില്‍നിന്ന് എച്ച്മിയാഡ്സെനിലേക്കു മാറ്റണമെന്ന കിഴക്കരുടെ ആവശ്യം നടക്കുകയില്ല എന്നു വന്നപ്പോള്‍ അവര്‍ വേറൊരു സഭാതലവനെ വാഴിച്ചു (എ.ഡി. 1441). അങ്ങനെ നിലവില്‍വന്ന രണ്ടു കാതോലിക്കേറ്റുകളും ഇന്നും നിലനില്‍ക്കുന്നു. ഒരേ വിശ്വാസാചാരങ്ങളുള്ള ഏകസഭയുടെ പൂര്‍ണ്ണസ്വാതന്ത്ര്യമുള്ള രണ്ടു ഘടകങ്ങളായി ഇവ തുടരുന്നു. സിസിലെ കാതോലിക്കായുടെ ആസ്ഥാനം 1921 മുതല്‍ ലെബാനോനിലാണ്.

ഇവരെ കൂടാതെ കുസ്തന്തീനോപ്പോലീസിലും യെരുശലേമിലും ഓരോ പാത്രിയര്‍ക്കേറ്റുകളും, എച്ച്മിയാഡ്സെനിലെ കാതോലിക്കായുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
19-ാം നൂറ്റാണ്ടില്‍ റഷ്യക്കാര്‍ അര്‍മ്മീനിയായുടെ നല്ലൊരു ഭാഗം കീഴടക്കി. റഷ്യക്കാര്‍ മതപീഡനം നടത്താതിരുന്നതിനാല്‍ മറ്റു ഭാഗങ്ങളില്‍നിന്ന് നല്ലൊരു പങ്ക് അര്‍മ്മീനിയാക്കാര്‍ ഈ ഭാഗത്തേക്ക് കുടിയേറി പാര്‍ത്തു. കമ്മ്യൂണിസ്റ്റ് ഭരണം വരുന്നതുവരെ നിലനിന്നുപോന്ന സമാധാനപരമായ അന്തരീക്ഷത്തില്‍ ഇവിടെ ഒരു ആദ്ധ്യാത്മിക നവോത്ഥാനം ഉണ്ടായി. കമ്മ്യൂണിസ്റ്റ് ഭരണം ആദ്യകാലങ്ങളില്‍ അര്‍മ്മീനിയന്‍ സഭയെ പീഡിപ്പിച്ചുവെങ്കിലും പിന്നീട് സഭയുമായി സമാധാനം പുലര്‍ത്തി.

ഇന്ന് അര്‍മ്മീനിയന്‍ സഭ റഷ്യയിലും, ഇറാനിലും, ലെബാനോനിലും, തുര്‍ക്കിയിലുമായി വിഭജിക്കപ്പെട്ടു കിടക്കുന്നു. എച്ച്മിയാഡ്സെനിലെ കാതോലിക്കായുടെ കീഴില്‍ നാല്പതു ലക്ഷത്തോളവും, സിസിലെ കാതോലിക്കായുടെ കീഴില്‍ അഞ്ചു ലക്ഷത്തോളവും വിശ്വാസികളുണ്ട്.

വി. കുര്‍ബ്ബാനയില്‍ പുളിപ്പില്ലാത്ത അപ്പവും, വെള്ളം ചേര്‍ക്കാത്ത വീഞ്ഞും ഉപയോഗിക്കുന്ന ഏക കിഴക്കന്‍ സഭയാണിത്. ഇവര്‍ കര്‍ത്താവിന്‍റെ ജനനവും മാമോദീസായും ഒരുമിച്ച് ജനുവരി 6-ാം തിയതി ആഘോഷിക്കുന്നു. അര്‍മ്മീനിയന്‍സഭ മലങ്കര ഓര്‍ത്തഡോക്സ് സഭയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിപ്പോരുന്നു. 1963-ല്‍ എച്ച്മിയാഡ്സെനിലെ വസ്ക്കന്‍ ഒന്നാമന്‍ കാതോലിക്കായും 2008-ല്‍ കരേക്കന്‍ രണ്ടാമന്‍ കാതോലിക്കായും, 2010-ല്‍ സിസിലെ കാതോലിക്കായായ അരാം ഒന്നാമനും മലങ്കരസഭ സന്ദര്‍ശിച്ചു.

അലക്സാണ്ടര്‍, അലക്സാന്ത്ര്യന്‍ മെത്രാന്‍

എ.ഡി. 313 മുതല്‍ 328 വരെ അലക്സാന്ത്ര്യായിലെ മെത്രാപ്പോലീത്താ. അറിയൂസിന്‍റെ വേദവിപരീതത്തെ ചെറുത്തുനില്‍ക്കുന്നതില്‍ അത്യന്തം വ്യാപൃതനായിരുന്നു. 325-ലെ നിഖ്യാ സുന്നഹദോസില്‍ കൊര്‍ഡോവായിലെ ബിഷപ്പായ ഗോസിയോസ്, തന്‍റെ ശെമ്മാശനും പിന്നീട് പിന്‍ഗാമിയുമായിത്തീര്‍ന്ന അത്താനാസ്യോസ് എന്നിവരോടൊത്ത് നിര്‍ണ്ണായക പങ്കു വഹിച്ചു. ഇദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍ രണ്ടെണ്ണം തിയഡോററ്റ് (ഠവലീറീൃലേ ീള ഇ്യൃൗെ), സോക്രട്ടീസ് (ടീരൃമലേെ ീള ഇീിമെേിശേിീുീഹല ീൃ ടീരൃമലേെ ടരവീഹമശെേരൗെ) എന്നീ എഴുത്തുകാരുടെ സഭാചരിത്ര ഗ്രന്ഥങ്ങളുടെ (ഒശീൃശെേമ ഋരരഹലശെമശെേരമ) ആദ്യവാല്യങ്ങളില്‍ കാണാം.

അലക്സാണ്ടര്‍ ദ് കാമ്പോ

1653-ലെ കൂനന്‍കുരിശു സത്യത്തിനു ശേഷം കത്തോലിക്കാ സഭയിലേക്കുപോയ പറമ്പില്‍ ചാണ്ടി കത്തനാരെ മെത്രാനാക്കിയപ്പോള്‍ പോര്‍ട്ടുഗീസുകാര്‍ അദ്ദേഹത്തിനു നല്‍കിയ പേര്. (‘ചാണ്ടി കത്തനാര്‍, പള്ളിവീട്ടില്‍ (പറമ്പില്‍)’ കാണുക).

അലക്സാണ്ടര്‍, ഡോ. പി.സി. (1921-2011)

പ്രസിദ്ധ ഇന്ത്യന്‍ ഭരണതന്ത്രജ്ഞന്‍. 1921 മാര്‍ച്ച് 20-ന് മാവേലിക്കര പടിഞ്ഞാറെ തലയ്ക്കല്‍ ജേക്കബ് ചെറിയാന്‍റെ പുത്രനായി ജനിച്ചു. എം.എ., എം.ലിറ്റ്, ഡി.ലിറ്റ് ബിരുദങ്ങള്‍ നേടി. 1948-ല്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ ചേര്‍ന്നു. ചെറുകിട വ്യവസായവകുപ്പില്‍ ഡവലപ്മെന്‍റ് കമ്മീഷണര്‍, വിദേശവ്യാപാരം, വാണിജ്യം എന്നീ വകുപ്പുകളില്‍ സെക്രട്ടറി, ഐക്യരാഷ്ട്രസഭയില്‍ അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍, ഇന്‍റര്‍നാഷണല്‍ ട്രേഡ് സെന്‍ററിന്‍റെ (ജനീവ) എക്സിക്യൂട്ടീവ് ഹെഡ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. ഇന്ദിരാഗാന്ധിയുടെ മരണശേഷം പ്രധാനമന്ത്രിയായ രാജീവ്ഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും തമിഴ്നാട് ഗവര്‍ണറായും (1988-1990) മഹാരാഷ്ട്രാ ഗവര്‍ണറായും (1993-2002) സേവനമനുഷ്ഠിച്ചു. 2002 മുതല്‍ 2008 വരെ രാജ്യസഭാ എം.പി.യായിരുന്നു. മികച്ച വാഗ്മിയും എഴുത്തുകാരനുമായിരുന്ന ഇദ്ദേഹം, ‘ദ ഡച്ച് ഇന്‍ മലബാര്‍’, ‘ബുദ്ധിസം ഇന്‍ കേരള’, ‘ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്സ് ഇന്‍ ഇന്ത്യ’, ‘ത്രൂ ദ് കോറിഡോസ് ഓഫ് പവര്‍’, ‘മൈ ഇയര്‍സ് വിത്ത് ഇന്ദിരാഗാന്ധി’, മുതലായ കൃതികള്‍ രചിച്ചിട്ടുണ്ട്.
അലക്സാണ്ടര്‍, ജോസഫ് കെ. (1925-)

വിദ്യാഭ്യാസ വിചക്ഷണനും സാമ്പത്തിക വിദഗ്ധനും നിരണം ഭദ്രാസന വികാരി ജനറാള്‍ ആയിരുന്ന കെ.ജെ. അലക്സാണ്ടര്‍ കോര്‍ എപ്പിസ്കോപ്പായുടെ പുത്രനായി 1925 നവംബര്‍ 25-നു ജനിച്ചു. എം.എ. ബിരുദം നേടി. വിവിധ കോളജുകളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. 1972 മുതല്‍ 1980 വരെ കോട്ടയം ഗവ. കോളജ് പ്രിന്‍സിപ്പലായിരുന്നു. പിന്നീട് കോളജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ആയി. കേരള ധനശാസ്ത്ര അക്കാഡമി പ്രസിഡന്‍റ്, എം.ജി.ഓ.സി.എസ്.എം. വൈസ് പ്രസിഡന്‍റ്, കേരള യൂണിവേഴ്സിറ്റിയുടെ സെനറ്റ്, സിന്‍ഡിക്കേറ്റ് എന്നിവയില്‍ അംഗം, എം.ഡി. കോര്‍പ്പറേറ്റ് മാനേജ്മെന്‍റ് ഗവേണിങ് ബോര്‍ഡ് അംഗം, കാതോലിക്കേറ്റ് ഡിഫന്‍സ് കമ്മറ്റി കണ്‍വീനര്‍, മലങ്കര ഓര്‍ത്തഡോക്സ് സഭാ പ്ലാനിങ് കമ്മറ്റിയംഗം തുടങ്ങി വിവിധ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചീഫ് ഇലക്ഷന്‍ ഓഫീസറായി മൂന്നു തവണ പ്രവര്‍ത്തിച്ചു. എം.ജി.ഓ.സി.എസ്.എം. എഡ്യൂക്കേഷന്‍ ഓറിയന്‍റേഷന്‍ കോഴ്സിന്‍റെ ഡയറക്ടറായിരുന്നു. സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് പത്തോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

അലക്സാണ്ടര്‍, ഫാ. കെ. എം. (1925-1984)

ഓര്‍ത്തഡോക്സ് വൈദികസെമിനാരി മുന്‍ വൈസ് പ്രിന്‍സിപ്പല്‍. മാവേലിക്കര പുതിയകാവ് കിണറ്റുംകരയില്‍ കെ.സി. മത്തായിയുടെ പുത്രനായി 1925 ആഗസ്റ്റ് 27-നു ജനിച്ചു. കല്‍ക്കട്ടാ യൂണിവേഴ്സിറ്റിയില്‍നിന്ന് ബി.ഡി., അമേരിക്കയില്‍നിന്ന് എസ്.റ്റി.എം. എന്നീ ബിരുദങ്ങള്‍ കരസ്ഥമാക്കി. 1958 മെയ് 15-ന് വൈദികനായി. കല്‍ക്കട്ട, താഴത്തങ്ങാടി, കാരാപ്പുഴ, മാന്നാര്‍, കുട്ടംപേരൂര്‍, വേങ്ങല്‍, തിരുവല്ല ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. അദ്ധ്യാപകന്‍, ബര്‍സാര്‍, ഡപ്യൂട്ടി പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ വൈദിക സെമിനാരിയില്‍ പ്രവര്‍ത്തിച്ചു. സഭാ മാനേജിങ് കമ്മറ്റിയംഗമായിരുന്നു. ധ്യാനപ്രസംഗകനും പഴയനിയമ പണ്ഡിതനും ആയിരുന്നു. 1984 നവംബര്‍ 18-ന് നിര്യാതനായി.

അലക്സാണ്ടര്‍ കാരയ്ക്കല്‍

പ്രശസ്ത വാഗ്മിയും സംഘാടകനും വിദ്യാഭ്യാസ പ്രവര്‍ത്തകനും. കല്ലൂപ്പാറ ചക്കുമ്മൂട്ടില്‍ മഠത്തുള്ള കുരുവിളയുടെ പുത്രനായി ജനിച്ചു. എം.എ. ബിരുദം കരസ്ഥമാക്കി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഹിസ്റ്ററി പോസ്റ്റ് ഗ്രാഡ്വേറ്റ് വിഭാഗത്തിലെ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1969 മുതല്‍ 2011 വരെ സഭാമാനേജിങ് കമ്മറ്റി മെംബറായിരുന്നു. കോട്ടയം ബസേലിയോസ് കോളജ് പ്രിന്‍സിപ്പല്‍, കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ-വൈസ് ചാന്‍സലര്‍, വൈസ് ചാന്‍സലര്‍ എന്നീ പദവികള്‍ വഹിച്ചു. 2002-2007 കാലഘട്ടത്തില്‍ മലങ്കര അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു.

അലക്സാണ്ടര്‍ ജെ. കുര്യന്‍, ഫാ.

യു.എസ്. ഓഫീസ് ഓഫ് ഗവണ്‍മെന്‍റ് വൈഡ് പോളിസി ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍. ഹരിപ്പാട് പള്ളിപ്പാട് കടയ്ക്കല്‍ കോശി കുര്യന്‍റെയും പെണമ്മ കുര്യന്‍റെയും മകന്‍. പള്ളിപ്പാട് സെന്‍റ് ജോര്‍ജ് ഇടവകാംഗം. യു.എസ്. വിദേശകാര്യ വകുപ്പിലെ സ്ട്രാറ്റജിക് പ്ലാനിങ് വിഭാഗം മാനേജിംഗ് ഡയറക്ടറായിരുന്നു.

അലക്സാണ്ട്രിയ

ഈജിപ്തിന്‍റെ തലസ്ഥാനവും പ്രധാന നഗരവുമായിത്തീര്‍ന്ന ഈ നഗരം ബി.സി. 332-ല്‍ മഹാനായ അലക്സാണ്ടര്‍ സ്വന്തനാമത്തില്‍ സ്ഥാപിച്ചു. ഒരു പ്രധാന തുറമുഖമെന്ന നിലയില്‍ ഇതു പ്രശസ്തിയാര്‍ജ്ജിച്ചു. പുരാതനകാലത്ത് ഒരു വിശ്വമാനവികത രൂപപ്പെട്ട പട്ടണമാണ് ഇത്. പൗരസ്ത്യ പാശ്ചാത്യ സംസ്കാരങ്ങളുടെ സംഗമം ഇവിടെ നടന്നു. യവനന്മാര്‍, യഹൂദന്മാര്‍, പ്രാകൃതവര്‍ഗ്ഗക്കാര്‍ എന്നിവരുള്‍ക്കൊള്ളുന്ന സമൂഹം ഇവിടെ പാര്‍ത്തു. ഇവിടെ പാര്‍ത്ത യഹൂദസമൂഹമാണ് പഴയനിയമത്തിന്‍റെ ഗ്രീക്കുപരിഭാഷ (സെപ്റ്റ്വജിന്‍റ്) ബി.സി. രണ്ടാം നൂറ്റാണ്ടില്‍ നിര്‍വ്വഹിച്ചത്. വിജ്ഞാനത്തിന്‍റെയും തത്ത്വചിന്തയുടെയും പ്രധാനകേന്ദ്രമായി ഈ നഗരം വികസിച്ചു. വിശ്വപ്രസിദ്ധമായിരുന്നു ഇവിടുത്തെ ലൈബ്രറിയും മ്യൂസിയവും. യഹൂദ തത്ത്വചിന്തകനായ ഫൈലോ ഇവിടെ ജീവിച്ചു.
ഇവിടുത്തെ സഭ സ്ഥാപിച്ചത് മര്‍ക്കോസാണെന്നാണ് ഐതിഹ്യം. റോമാസാമ്രാജ്യത്തില്‍ റോം കഴിഞ്ഞാല്‍ രണ്ടാമത്തെ സ്ഥാനം അലക്സാണ്ട്രിയയ്ക്കായിരുന്നു.

അലക്സാണ്ട്രിയന്‍ സഭ (കോപ്റ്റിക് സഭ)

ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ ഒന്ന്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‍റെ വടക്കു സ്ഥിതിചെയ്യുന്ന ഈജിപ്റ്റിലെ ഒരു തുറമുഖ പട്ടണമാണ് അലക്സാണ്ട്രിയ. ഇതു റോമാ സാമ്രാജ്യത്തിലെ അതിപ്രധാനമായ ഒരു നഗരമായിരുന്നു. ഈജിപ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട മെത്രാപ്പോലീത്തായുടെ ആസ്ഥാനം അലക്സാണ്ട്രിയായിലായിരുന്നു. തന്മൂലം ഈ നാമം കൊണ്ട് ഈജിപ്റ്റിലെ സഭ എന്നാണ് അര്‍ത്ഥമാക്കുന്നത്.
എ.ഡി. 41-ലോ, 42-ലോ ഈജിപ്റ്റിലെത്തുകയും, സുവിശേഷവേല നടത്തി 63-ല്‍ അലക്സാണ്ട്രിയായില്‍ വച്ച് രക്തസാക്ഷിയാവുകയും ചെയ്ത അറിയിപ്പുകാരനായ മര്‍ക്കോസിനെ ഇവര്‍ തങ്ങളുടെ സഭാസ്ഥാപകനായി കണക്കാക്കുന്നു.
അറുപതു ലക്ഷം വിശ്വാസികളുള്ള ഈ സഭയില്‍ 1300 പള്ളികളുള്ളതായി കണക്കാക്കപ്പെടുന്നു. യല്‍ദോ നോമ്പ് ഇവര്‍ 43 ദിവസവും, ശ്ലീഹാ നോമ്പ് പെന്തിക്കോസ്തിയുടെ പിറ്റേ ദിവസം മുതല്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മദിവസംവരെയും ആചരിക്കുന്നു. ഇപ്പോഴും ഈ സഭ ജൂലിയന്‍ കലണ്ടര്‍ ആണ് സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ കോപ്റ്റിക് ഭാഷയിലും അറബി ഭാഷയിലും ആരാധന അര്‍പ്പിക്കുന്നു. കുര്‍ബ്ബാനയില്‍ ഐക്യമുള്ള ഈ സഭയുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ അടുത്ത സൗഹൃദബന്ധം പുലര്‍ത്തിപ്പോരുന്നു. അലക്സാണ്ട്രിയന്‍ സഭയുമായി മലങ്കരസഭയ്ക്ക് ഒന്നാം നൂറ്റാണ്ടുമുതല്‍ തന്നെ ബന്ധമുണ്ട്. എ.ഡി. 190-ല്‍ അലക്സാണ്ട്രിയന്‍ വേദശാസ്ത്ര വിദ്യാലയത്തിലെ അദ്ധ്യാപകനായ പന്‍റീനസ് മലങ്കരസഭ സന്ദര്‍ശിച്ചു.
പാത്രിയര്‍ക്കാ ആസ്ഥാനം ഇപ്പോള്‍ കൈറോയില്‍ ആണ്. കല്‍ക്കദോന്യ വിഭാഗത്തില്‍പെട്ട ഒരു അലക്സാണ്ട്രിയന്‍ പാത്രിയര്‍ക്കേറ്റ് ഇന്നും ഉണ്ടെങ്കിലും അതിന്‍റെ അംഗസംഖ്യ വളരെ കുറവാണ്. മദ്ധ്യശതകങ്ങളില്‍ ഇവര്‍ കൂടുതലായി ഗ്രീക്കു സ്വാധീനത്തില്‍ വരികയും തങ്ങളുടെ പുരാതനമായ കോപ്റ്റിക് ആരാധനാക്രമങ്ങള്‍ പോലും കൈവെടിയുകയും ചെയ്തു.

അലക്സാണ്ട്രിയന്‍ ദൈവശാസ്ത്രം

അലക്സാണ്ട്രിയന്‍ ദൈവശാസ്ത്ര പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ വികസിച്ചതും പൗരസ്ത്യദേശം ആകമാനംതന്നെ പ്രചരിച്ചിരുന്നതുമായ ക്രൈസ്തവചിന്താഗതി. രണ്ടാം നൂറ്റാണ്ടിന്‍റെ മദ്ധ്യഘട്ടം മുതല്‍ അലക്സാണ്ട്രിയായില്‍ വളര്‍ന്നുവന്ന ദൈവശാസ്ത്ര വിദ്യാലയം ഇതിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ക്ലീമ്മീസ്, ഒറിഗന്‍, അത്താനാസ്യോസ്, അലക്സാണ്ട്രിയായിലെ കൂറിലോസ്, അലക്സാണ്ട്രിയായിലെ ദീയസ്കോറോസ് തുടങ്ങിയവര്‍ ഈ വേദശാസ്ത്ര പശ്ചാത്തലത്തില്‍ എഴുതുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ളവരില്‍ പ്രമുഖരാണ്. അലക്സാണ്ട്രിയന്‍ വേദശാസ്ത്രത്തിന് തനതായ ഒരു ദാര്‍ശനിക ചിന്താധാര ഉണ്ട്. അതിനെ ഏകദേശം പ്ലേറ്റോണിക് വീക്ഷണം എന്നു പറയാം. അതിന്‍റെ പ്രധാന താത്പര്യം ഐക്യമാണ്. വചനം ജഡമായിത്തീര്‍ന്നു (യോഹ. 1:14) എന്നുള്ളതാണ് അലക്സാണ്ട്രിയന്‍ ക്രൈസ്തവ വേദശാസ്ത്ര ചിന്താഗതിയുടെ പ്രഥമതത്ത്വം. വചനം മനുഷ്യനായിത്തീര്‍ന്നപ്പോള്‍ വചനത്തിന്‍റെ ദൈവികത്വത്തിനോ ആളത്തത്തിനോ യാതൊരു വ്യതിയാനവും വന്നില്ല. മനുഷ്യനായിത്തീര്‍ന്നപ്പോള്‍ വചനം പരിശുദ്ധ കന്യകയില്‍നിന്നും യഥാര്‍ത്ഥമായി മനുഷ്യത്വം അവലംബിച്ചു. ദൈവികസ്വഭാവവും മാനുഷികസ്വഭാവവും തമ്മില്‍, അതതിന്‍റെ സമ്പൂര്‍ണ്ണതയിലും സ്വഭാവവിശേഷങ്ങളോടു കൂടിയും, യേശുക്രിസ്തുവില്‍ ഒരുമിക്കുകയും അതിന്‍റെ ഫലമായി യേശു ഏക ആളത്തമായി ലോകത്തില്‍ ജനിക്കുകയും ചെയ്തു.

അന്ത്യോക്യന്‍ ചിന്താഗതിയില്‍ യേശുക്രിസ്തുവില്‍ രണ്ടു സ്വഭാവങ്ങളുണ്ട്. അവ രണ്ടും തമ്മിലുള്ള യോജിപ്പ് ബാഹ്യമാത്രമായതിനാല്‍ മനുഷ്യാവതാരശേഷവും ക്രിസ്തു രണ്ടു സ്വഭാവങ്ങളില്‍ സ്ഥിതിചെയ്തു. ഇതിനെതിരേ അലക്സാണ്ട്രിയന്‍ ദൈവശാസ്ത്രം ‘രണ്ടു സ്വഭാവങ്ങള്‍ തമ്മില്‍ ആളത്തപരവും ആന്തരീയവുമായ യോജിപ്പുണ്ടായതിനാല്‍ യേശുക്രിസ്തു ജഡധാരണം ചെയ്ത വചനമായ ദൈവത്തിന്‍റെ ഏകസ്വഭാവം ആകുന്നു’ എന്ന് ഊന്നിപ്പറഞ്ഞു. അഞ്ചും ആറും ഏഴും നൂറ്റാണ്ടുകളിലെ ക്രിസ്തീയ സഭയുടെ ചരിത്രം അലക്സണ്ട്രിയന്‍ അന്ത്യോക്യന്‍ ചിന്താഗതികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ചരിത്രമാണ്.

അലിഗറി (ദൃഷ്ടാന്തം, രൂപകം)

ഒരു കഥയില്‍കൂടിയോ, സംഭവത്തില്‍കൂടിയോ നിഗൂഢസന്ദേശം നല്‍കുന്നതിന് അവലംബിക്കുന്ന രചനാരീതിയാണ് ‘അലിഗറിچ. ഉദാഹരണത്തിന് നല്ല ശമരിയാക്കാരന്‍റെ കഥയിലെ ലേവ്യനും പുരോഹിതനും യഹൂദമതത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും, ശമരിയാക്കാരന്‍ യേശുക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നുവെന്നും അലിഗറി രീതിയില്‍ പറയാം. പൗരസ്ത്യപിതാക്കന്മാര്‍ പുതിയനിയമ സംഭവങ്ങളെ പലതിനെയും ‘അലിഗറി’യിലാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. സാധാരണ ഉപമയില്‍ (പാരബിള്‍) പ്രയോഗിക്കുന്ന രചനാ സമ്പ്രദായത്തെക്കാള്‍ നിഗൂഢവും സങ്കീര്‍ണ്ണവുമാണ് അലിഗറിയില്‍ ഉപയോഗിക്കുന്ന രചനാരീതി. ഉത്തമഗീതം മനോഹരമായ ഒരു അലിഗറിയാണെന്നു പറയാം.
അല്‍മായര്‍ (അയ്മേനികള്‍, അല്‍മേനികള്‍)

പട്ടക്കാരല്ലാത്ത സാധാരണ ക്രിസ്ത്യാനികളെ അല്‍മായരെന്നു പറയുന്നു. ഒല്‍മോ (ലോകം) എന്ന സുറിയാനി പദത്തില്‍ നിന്നാണ് ‘അല്‍മായര്‍’ എന്ന പദം ഉദ്ഭവിച്ചത്. എന്നാല്‍ ‘ഹൈമ്നെ’ (വിശ്വാസം) എന്ന സുറിയാനി പദത്തില്‍നിന്നും ലോപിച്ചുണ്ടായ ‘അയ്മേനി’ എന്ന പദമാണ് ‘വിശ്വാസികള്‍’ എന്ന അര്‍ത്ഥത്തില്‍ ഓര്‍ത്തഡോക്സ് സഭ കൂടുതലായി ഉപയോഗിക്കുന്നത്. അംഗസംഖ്യയില്‍ ഭൂരിപക്ഷം ഇവര്‍ക്കാണെങ്കിലും സഭാഭരണകാര്യത്തില്‍ ഇവരുടെ സ്ഥാനം ഓരോ സഭാവിഭാഗത്തിലും വ്യത്യസ്തമാണ്. റോമന്‍ കത്തോലിക്കാസഭ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ഇവരെ ഭരണകാര്യത്തില്‍നിന്നും ഒഴിച്ചു നിര്‍ത്തുന്നു. എന്നാല്‍ പ്രൊട്ടസ്റ്റന്‍റു സഭകളില്‍ ഭരണകാര്യങ്ങളില്‍ സിംഹഭാഗവും അല്‍മായരാണ് കൈകാര്യം ചെയ്യുന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭയിലാകട്ടെ നൂറ്റാണ്ടുകളായി അല്‍മായപ്രാതിനിധ്യം ഉയര്‍ന്ന നിലയില്‍ നിലനിന്നുവരുന്നുണ്ട്. അര്‍ക്കദിയാക്കോന്മാരുടെ ഭരണകാലം മുതല്‍തന്നെ നസ്രാണികള്‍ കൂട്ടായും പ്രതിനിധികള്‍ വഴിയായും പള്ളികളുടെയും പൊതുസഭയുടെയും സജീവമായ ഭരണത്തില്‍ പങ്കാളികളായി വര്‍ത്തിച്ചിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ മെത്രാന്മാരുടെ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ സഭയുടെ എല്ലാ കാര്യങ്ങളിലും അയ്മേനികള്‍ക്ക് പങ്കാളിത്തമുണ്ട്.

അല്‍മത്തിക്കാപ്പ

മലങ്കര മെത്രാപ്പോലീത്തായുടെ ഔദ്യോഗിക വേഷം. പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ കാലത്ത് പൗരസ്ത്യ കാതോലിക്കായുടെ ഔദ്യോഗിക വേഷമായ പേര്‍ഷ്യന്‍ അര്‍ദ്ധകാപ്പായായ ‘മാപ്രാ’യുടെയും ലത്തീന്‍ മെത്രാന്മാരുടെ അംശവസ്ത്രത്തിന്‍റെയും ഒരു സമഞ്ജസമാണ് ഈ കാപ്പാ. പ. ഗീവര്‍ഗീസ് ദ്വിതീയന്‍റെ കാലശേഷം കാതോലിക്കാസ്ഥാനികള്‍ പ. വാകത്താനത്തു ബാവ രൂപംകൊടുത്ത അംശവസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. സമാനമായ മലങ്കര മെത്രാന്‍റെ അംശവസ്ത്രം ഉപയോഗിക്കുന്നു. പൂര്‍ണ്ണമായും അന്ത്യോക്യന്‍ രീതിയിലുള്ള അംശവസ്ത്രങ്ങള്‍ മാത്രമാണ് ഇന്ന് കാതോലിക്കായ്ക്കുള്ളത്.

അവതാരം

ഹൈന്ദവധര്‍മ്മത്തില്‍ പ്രത്യേകിച്ച് വൈഷ്ണവ ഭക്തിപ്രസ്ഥാനത്തില്‍ പ്രചരിച്ചിട്ടുള്ള വിശ്വാസമാണ് ‘അവതാരം’. അവതാരം എന്ന പദത്തിന്‍റെ അര്‍ത്ഥം അവരോഹണം ചെയ്യുക എന്നതാണ്. ഒരു രക്ഷാദൗത്യം നിര്‍വ്വഹിക്കുവാന്‍ അനുസൃതമായ രൂപം എടുത്ത് ഭൂമിയിലേക്കു വരുന്നുവെന്നതാണ് ഈ വിശ്വാസത്തിന്‍റെ കേന്ദ്രതത്ത്വം. ഭഗവത്ഗീതയില്‍ (4:7,8) ധര്‍മ്മം ക്ഷയിക്കുന്നതെപ്പോഴോ, അപ്പോള്‍ ഈശ്വരന്‍ നന്മചെയ്യുന്നവരുടെ രക്ഷയും ദുഷ്ടന്മാരുടെ നിഗ്രഹവും നടത്തി ധര്‍മ്മം സ്ഥാപിക്കുവാന്‍ വരുന്നു എന്നു പറയുന്നു. ഇതിന്‍റെ വിശദമായ വിവരണമാണ് ഭാഗവതപുരാണത്തിലെ ദശാവതാര പരാമര്‍ശം. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി എന്നീ അവതാരങ്ങളെപ്പറ്റി പറയുന്നു.

അവപ്പദ്യക്കനോ (യൗപ്പദിയക്കിനോ)

‘ഹുപ്പോ ദിയാക്കോന്‍’ എന്ന ഗ്രീക്കുപദത്തിന്‍റെ സുറിയാനി തത്സമമാണ് ഇത്. വാക്കിന്‍റെ അര്‍ത്ഥം ‘പൂര്‍ണ്ണശെമ്മാശനു താഴെയുള്ള’ സ്ഥാനം (ടൗയ റലമരീി) എന്നാണ്. വൈദിക പദവിയിലേക്കു വരുമ്പോള്‍ ഇപ്പോള്‍ അധികവും ഈ സ്ഥാനമാണ് ആദ്യം നല്‍കുന്നത്. ഇവര്‍ ശുശ്രൂഷക്കുപ്പായത്തിനു പുറമേ, ഊറാറ മാറിലൂടെ ഒന്നു ചുറ്റി ഇടത്തെ തോളിലൂടെ അതിന്‍റെ തുമ്പുകള്‍ മുമ്പോട്ടും പിമ്പോട്ടുമായി ഇട്ട് ധരിക്കുന്നു.

അസസായേല്‍ സഹദാ (പാന്‍ക്രാറ്റോസ്)

തുര്‍ക്കിയിലെ സാമോസോട്ട എന്ന ദേശക്കരാന്‍. എ.ഡി. 304 മെയ് 12-ന് റോമില്‍ വച്ച് രക്തസാക്ഷിയായി. പാന്‍ക്രാറ്റോസ് എന്നാണ് ഗ്രീക്ക് ഭാഷയില്‍ ഇദ്ദേഹം അറിയപ്പെടുന്നത്. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ പീഡനങ്ങള്‍ക്ക് വിധേയനായി രക്തസാക്ഷിമരണം പ്രാപിക്കുമ്പോള്‍ 14 വയസ്സ് മാത്രം പ്രായം. സുറിയാനി സഭയില്‍ ആഗസ്റ്റ് മാസം 15-ന് ഓര്‍മ്മദിനം കൊണ്ടാടുന്നു.

അസീറിയന്‍ സഭ

ഈ സഭ ‘കിഴക്കിന്‍റെ പുരാതനസഭ’, ‘പേര്‍ഷ്യന്‍ സഭ’ എന്നീ പേരുകളില്‍കൂടി അറിയപ്പെടുന്നു. മസ്സിയന്‍ മതം അഥവാ സോറോവസ്ട്രിയന്‍ മതം പ്രചരിച്ചിരുന്ന പേര്‍ഷ്യയിലേക്ക് സുവിശേഷമെത്തിച്ചത്, പാരമ്പര്യമനുസരിച്ച് എഡേസായില്‍ ക്രിസ്തുമതം പ്രചരിപ്പിച്ച ആദായിയും അദ്ദേഹത്തിന്‍റെ ശിഷ്യന്‍ മാറിയുമാണ്. എ.ഡി. 225-ല്‍ മതതീക്ഷ്ണതയുള്ളവരായിരുന്ന സസനിഡ് രാജവംശം അധികാരത്തില്‍ വന്നതോടെ സഭ പലതരത്തിലുള്ള പ്രശ്നങ്ങളെ നേരിടുവാന്‍ തുടങ്ങി. ക്രിസ്ത്യാനികള്‍ റോമാ സാമ്രാജ്യത്തിന്‍റെ സ്നേഹിതരാണെന്നുള്ള ചിന്ത പരന്നതിന്‍റെ ഫലമായി സാപ്പോര്‍ കക രാജാവ് എ.ഡി. 340-ല്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുവാന്‍ ഔദ്യോഗിക വിളംബരം പുറപ്പെടുവിച്ചു. എ.ഡി. 420-ല്‍ അധികാരത്തില്‍ വന്ന ബഹറാം ഢ രാജാവിന്‍റെ കാലത്തും, അദ്ദേഹത്തിന്‍റെ പുത്രന്‍ യസ്ഡ്ഗേര്‍ഡ് കക ന്‍റെ കാലത്തും (448 മുതല്‍) നടന്ന അതിക്രൂരമായ പീഡനങ്ങളില്‍ അനേക വിശ്വാസികള്‍ വധിക്കപ്പെടുകയും, അനേകര്‍ വിശ്വാസപരിത്യാഗം ചെയ്യുകയും ചെയ്തു.

പേര്‍ഷ്യന്‍ സഭ അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിന്‍റെ കീഴിലായിരുന്നു എന്നു വരുത്തിത്തീര്‍ക്കുവാന്‍ ബാര്‍എബ്രായ ശ്രമിക്കുന്നുണ്ട്. എങ്കിലും വിഗ്രാം, യൂംഗ് മുതലായ ആധുനിക ചരിത്രകാരന്മാരൊന്നും ഇത് അംഗീകരിക്കുന്നില്ല. റോമാസാമ്രാജ്യത്തില്‍പെട്ട അന്ത്യോക്യയിലെ പാത്രിയര്‍ക്കീസിനോട് ഏതെങ്കിലും തരത്തില്‍ വിധേയത്വമുള്ള ഒരു സഭയായിരിക്കുവാന്‍ പേര്‍ഷ്യന്‍ ഭരണകൂടം അവരെ ഒരിക്കലും അനുവദിക്കുമായിരുന്നില്ല. പേര്‍ഷ്യന്‍ തലസ്ഥാനമായിരുന്ന സെലൂക്യ ടെസിഫോണിലെ ആദ്യത്തെ മെത്രാപ്പോലീത്തയായി എ.ഡി. 291-ല്‍ വാഴിക്കപ്പെട്ട പാപ്പാ ബാര്‍ ആഗായിയാണ് ഇദംപ്രഥമമായി മറ്റു മേല്പട്ടക്കാരുടെ മേല്‍ ആധിപത്യം അവകാശപ്പെട്ടത്. ആദ്യം എല്ലാവരും അതിനെ എതിര്‍ത്തു എങ്കിലും റോമന്‍ സാമ്രാജ്യത്തിലെ മേല്പട്ടക്കാര്‍ കൂടിയും പാപ്പായുടെ ആശയത്തെ അനുകൂലിക്കുന്നു എന്നു മനസ്സിലായപ്പോള്‍ പേര്‍ഷ്യന്‍ മെത്രാന്മാര്‍ പാപ്പായെ തങ്ങളുടെ സഭയുടെ തലവനായി അംഗീകരിച്ചു. 410-ല്‍ സെലൂക്യയിലും, 424-ല്‍ മര്‍ക്കബ്ത്തായിലും കൂടിയ സുന്നഹദോസുകള്‍ സെലൂക്യയിലെ ബിഷപ്പിനെ കാതോലിക്കാ എന്നു വിളിക്കുകയും (പിന്നീട് ഇത് ڇപാത്രിയര്‍ക്കീസ്ڈ എന്നായി) അദ്ദേഹത്തിന്‍റെ ڇതലവന്‍സ്ഥാനംڈ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. സെലുക്യയിലെ കാതോലിക്കായും അന്ത്യോക്യാ പാത്രിയര്‍ക്കീസും തമ്മില്‍ സ്നേഹബന്ധം ഉണ്ടായിരുന്നു എന്നല്ലാതെ ഭരണപരമായി യാതൊരു വിധേയത്വവും ഉണ്ടായിരുന്നില്ല. 486-ല്‍ അക്കേഷ്യസ് കാതോലിക്കായും, സഭ മുഴുവനും നെസ്തോറിയ വിശ്വാസം സ്വീകരിച്ചു. നെസ്തോറിയ വിശ്വാസത്തിന്‍റെ പേരില്‍ റോമാ സാമ്രാജ്യത്തില്‍ നിന്നും പുറത്താക്കപ്പെട്ടവരെല്ലാം പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ അഭയം പ്രാപിച്ചതാണ് ഈ വിശ്വാസം ഇവിടെ വളരുന്നതിനുണ്ടായ കാരണം. ഈ കാലഘട്ടം മുതല്‍ ഈ സഭ ‘നെസ്തോറിയന്‍ സഭ’ എന്ന പേരിലും അറിയപ്പെടുന്നു. ചൈനയിലും ജപ്പാനിലും സുവിശേഷം എത്തിച്ചത് ഇവരായിരുന്നു.

മൂന്നാം നൂറ്റാണ്ടു മുതലെങ്കിലും മലങ്കരസഭയ്ക്ക് ഈ സഭയുമായി ബന്ധം ഉണ്ടായിരുന്നു എന്നതിന് അനേകം തെളിവുകള്‍ ഉണ്ട്. അസീറിയന്‍ സഭയുടെ ആരാധനാക്രമങ്ങളാണ് ഉദയംപേരൂര്‍ സുന്നഹദോസിനു മുമ്പ് മലബാറില്‍ ഉപയോഗത്തിലിരുന്നത് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഈ സഭയുടെ ഒരു ചെറിയ ശാഖ ഇന്നും തൃശ്ശൂരില്‍ നിലനില്‍ക്കുന്നുണ്ട്.

അസ്ഥിക്കുഴി

സെമിത്തേരിയില്‍ പുതിയ ശവക്കുഴി താഴ്ത്തുമ്പോള്‍ കിട്ടുന്ന അസ്ഥിശകലങ്ങള്‍ നിക്ഷേപിക്കുന്ന കുഴിക്ക് ഈ പേരു പറയുന്നു. പുരാതന പള്ളികളോട് അനുബന്ധിച്ചുള്ള ശവക്കോട്ടകളില്‍ ധാരാളമായി ഇതു കാണുന്നു.

അഹത്തള്ള

വിദേശത്തുനിന്ന് മലങ്കരയിലെത്തിയ ഒരു മെത്രാപ്പോലീത്താ. മലങ്കരസഭാ സ്വാതന്ത്ര്യത്തിനു വേണ്ടി ഇദ്ദേഹം ബലിയാടായിത്തീര്‍ന്നു. ചരിത്രത്തിന്‍റെ ഏടുകളില്‍ അവ്യക്തത നിറഞ്ഞ ഒരു കഥാപാത്രം. പേരുതന്നെ പല രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. അഹത്തുളാ, അയ്ത്താലാഹാ, ഔദാലാഹ്, ഈത്താലാഹ, ഇഗ്നാത്തിയോസ് എന്നിങ്ങനെ. ഇദ്ദേഹം ഏതു ദേശക്കാരനായിരുന്നു എന്നതിനും ചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരല്ല. ബാബിലോണ്‍ (പേര്‍ഷ്യന്‍) പാത്രിയര്‍ക്കീസ് ഇന്ത്യയിലേക്കയച്ച ഒരു മെത്രാപ്പോലീത്താ ആയിരുന്നെന്നും, അതല്ല, ഇദ്ദേഹം സുറിയായില്‍നിന്നു വന്ന പാത്രിയര്‍ക്കീസ് ആയിരുന്നെന്നും അഭിപ്രായമുണ്ട്. ഇദ്ദേഹത്തിന്‍റെ അന്ത്യത്തെപ്പറ്റി റോമാചരിത്രകാരന്മാരും മറ്റുള്ളവരും വ്യത്യസ്ത ഭാഷ്യങ്ങള്‍ നല്‍കുന്നു. സ്വാഭാവിക മരണമായിരുന്നു എന്നു വരുത്തിത്തീര്‍ക്കുവാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍, ഇദ്ദേഹത്തെ കൊലചെയ്യുകയായിരുന്നു എന്ന് അധിക ചരിത്രകാരന്മാരും സാക്ഷിക്കുന്നു. കടലില്‍ മുക്കിക്കൊല്ലുകയായിരുന്നു എന്ന് അധികം പേരും രേഖപ്പെടുത്തുമ്പോള്‍ ഇദ്ദേഹത്തെ ദഹിപ്പിക്കുകയായിരുന്നു എന്ന് ചിലര്‍ പറയുന്നു.

ഉദയംപേരൂര്‍ സുന്നഹദോസിനു ശേഷം (എ.ഡി.1599) റോമ്മാസഭയുടെ ആധിപത്യവും ലത്തീനീകരണവും ഇവിടെ മുന്നേറിയപ്പോള്‍, അതിനെതിരായി ഇവിടുത്തെ നസ്രാണി സമൂഹം അവരുടെ നേതാവായ തോമ്മാ അര്‍ക്കദിയാക്കോന്‍റെ പിന്നില്‍ അണിനിരക്കുകയും, വിദേശത്തുള്ള പല പൗരസ്ത്യസഭാതലവന്മാരോടും (ബാബിലോണ്‍, അന്തോക്യാ, അലക്സാണ്ട്രിയ) ഒരു മെത്രാപ്പോലീത്തായെ അയച്ചുതന്ന് സഭയുടെ സ്വാതന്ത്രവും തദ്ദേശീയതയും നിലനിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പേര്‍ഷ്യയില്‍ നിന്ന് അഹത്തള്ളാ ഇന്ത്യയിലെത്തുന്നത്. ഇദ്ദേഹം സുറിയായില്‍ നിന്നാണ് വന്നതെന്നും ഭാഷ്യമുണ്ട്.

1652-ല്‍ സൂറത്തില്‍ ആഗതനായ ഇദ്ദേഹം മൈലാപ്പൂരിലെത്തി. അവിടെവച്ച് ജസ്വിത്തര്‍ ഇദ്ദേഹത്തെ 1652 ആഗസ്റ്റ് 3-ാം തീയതി ബന്ധനന്ഥനാക്കി.

ബന്ധനത്തില്‍ കഴിയുമ്പോള്‍, കേരളത്തില്‍നിന്നു മൈലാപ്പൂരില്‍ തീര്‍ത്ഥാടനത്തിന് എത്തിയ രണ്ടു ശെമ്മാശന്മാരെ ചെങ്ങന്നൂര്‍ സ്വദേശി ഇട്ടിശെമ്മാശനും, കുറവിലങ്ങാട് സ്വദേശി കുര്യന്‍ ശെമ്മാശനും കണ്ടുമുട്ടി. മലങ്കരയിലെ സ്ഥിതി അവരില്‍ നിന്നു മനസ്സിലാക്കിയ ഇദ്ദേഹം, അവരുടെ കൈവശം ഒരു കത്തു മലങ്കരസഭാനേതൃത്വത്തിന് കൊടുത്തയച്ചു. അതില്‍, താന്‍ ബന്ധനസ്ഥനാണെന്നും, താമസിയാതെ കൊച്ചീക്കും, അവിടെനിന്ന് ഗോവായ്ക്കും കൊണ്ടു പോകുമെന്നും, അതിനാല്‍ ഏതുവിധേനയും തന്നെ അവരുടെ കൈകളില്‍ നിന്നു രക്ഷിക്കണമെന്നും കാണിച്ചിരുന്നു. മാത്രമല്ല, അര്‍ക്കദിയാക്കോന്‍ തോമ്മായെ മലങ്കര സഭയുടെ തലവനായി അവരോധിക്കുന്നതായും ആ കത്തില്‍ ചേര്‍ത്തിരുന്നു.
കത്തില്‍ സൂചിപ്പിച്ച പ്രകാരം ഗോവായ്ക്കു കൊണ്ടുപോകാന്‍വേണ്ടി ഇദ്ദേഹത്തെ കപ്പലില്‍ കൊച്ചിയിലെത്തിച്ചു. മെത്രാപ്പോലീത്താ കൊച്ചിയിലെത്തിയെന്നു കേട്ടപ്പോള്‍ ഏതാണ്ട് കാല്‍ ലക്ഷം മലങ്കരനസ്രാണികള്‍ അവിടെച്ചെന്ന് മെത്രാപ്പോലീത്തായുടെ വിമോചനം ആവശ്യപ്പെട്ടു. പക്ഷേ പറങ്കികള്‍ അതിനു വഴങ്ങാതെ ഇദ്ദേഹത്തെ ഗോവായിലേക്കു കൊണ്ടുപോയി എന്ന് സഭാചരിത്രകാരനായ കാര്‍ഡിനല്‍ ടിസ്സറന്‍റ് രേഖപ്പെടുത്തുന്നു. ജനരോഷം ആളിക്കത്തിയപ്പോള്‍ നാശനഷ്ടങ്ങള്‍ അവര്‍ വരുത്താതിരിക്കുന്നതിനുവേണ്ടി പ്രചരിപ്പിച്ചതാണ് അഹത്തള്ള അപകടത്തില്‍ കടലില്‍ വീണ് മരിച്ചുപോയി എന്നുള്ള വാര്‍ത്ത. എന്നാല്‍ അദ്ദേഹത്തെ ഗോവയിലേക്കു കൊണ്ടുപോയി, വിചാരണചെയ്ത് വേദവിപരീതി എന്നു മുദ്രകുത്തി അഗ്നിക്കിരയാക്കുകയായിരുന്നു എന്നും കാര്‍ഡിനല്‍ കൂട്ടിച്ചേര്‍ക്കുന്നു. മറ്റൊരു റോമന്‍ ഭാഷ്യം, അഹത്തള്ളായെ റോമിലേക്കു കൊണ്ടുപോകുന്ന വഴി ലിസ്ബണില്‍വച്ച് അദ്ദേഹം മരിച്ചു എന്നാണ്. എന്നാല്‍ ഭൂരിപക്ഷം സഭാചരിത്രകാരന്മാരും കൊച്ചിയില്‍ വച്ചുതന്നെ ഇദ്ദേഹത്തെ കടലില്‍ മുക്കിക്കൊന്നു എന്നു രേഖപ്പെടുത്തുന്നു.

ഇദ്ദേഹത്തെ കടലില്‍ മുക്കിക്കൊന്നു എന്ന വാര്‍ത്ത പ്രചരിച്ചതിന്‍റെ ഫലമായിട്ടാണ് മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ സടകുടഞ്ഞെഴുന്നേറ്റത്. അവര്‍ മട്ടാഞ്ചേരിയില്‍ അണിനിരന്ന് ചരിഞ്ഞുനിന്ന കല്‍ക്കുരിശില്‍ കയറുകെട്ടി എല്ലാവരും അതില്‍ പിടിച്ചുകൊണ്ട് പറങ്കികളുമായും റോമ്മാക്കാരുമായും ഭാവിയില്‍ യാതൊരു ബന്ധവും പുലര്‍ത്തുകയില്ല എന്നു ശപഥം ചെയ്തു.

അഹറോന്‍

ദൈവത്താല്‍ പ്രത്യേകമായി വിളിക്കപ്പെട്ട് വേര്‍തിരിക്കപ്പെട്ട, പഴയനിയമകാലത്തെ ആദ്യത്തെ മഹാപുരോഹിതന്‍. ലേവിഗോത്രത്തില്‍ അമ്രാമിന്‍റെയും യോഖേബെദിന്‍റെയും പുത്രനായി ജനിച്ച ഇദ്ദേഹം മോശയുടെ ജ്യേഷ്ഠസഹോദരനായിരുന്നു (പുറ. 6:20; 7:2, 7). മോശ വിക്കനായിരുന്നതുകൊണ്ട്, മോശയുടെ ആശയങ്ങള്‍ വേണ്ടവിധത്തില്‍ ജനങ്ങളോടു പറയുക എന്നതായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രഥമജോലി (പുറ. 4:14-16). യിസ്രായേല്‍ ജനത്തെ വിടുവിക്കുവാനായി ഈജിപ്റ്റില്‍ ചെന്നപ്പോഴും മോശയുടെ വക്താവ് ആയിരുന്നു ഇദ്ദേഹം. അതിനുശേഷം ദൈവം ഇദ്ദേഹത്തെ തന്‍റെ പുരോഹിതനായി തിരഞ്ഞെടുത്തു (പുറ. 28:1). ദൈവം മോശയോടു കല്പിച്ചപ്രകാരം മോശ അഹറോനെയും മക്കളെയും വിളിച്ചു വേര്‍തിരിച്ച് അവര്‍ക്ക് അഭിഷേകവും സ്ഥാനവസ്ത്രങ്ങളും നല്‍കി, ദൈവത്തിനു കാഴ്ചകളും ബലികളും അര്‍പ്പിക്കുന്ന പുരോഹിതന്മാരായി അവരെ നിയമിച്ചു (പുറ. 28:33, 35, 41).

പുതിയനിയമത്തിലെ മഹാപുരോഹിതനായ യേശുക്രിസ്തുവിന്‍റെ പൂര്‍വ്വരൂപമായിട്ടാണ് അഹറോനെ ക്രിസ്തീയസഭ വീക്ഷിക്കുന്നത്. പൗരോഹിത്യം അഹറോനില്‍നിന്നും തലമുറകള്‍ കൈമാറി യോഹന്നാന്‍ സ്നാപകനിലൂടെ ക്രിസ്തുവിനു ലഭിച്ചു എന്ന സുറിയാനി ആരാധനാഗീതത്തെ ഈ അര്‍ത്ഥത്തില്‍ മാത്രമേ മനസ്സിലാക്കുവാന്‍ സാധിക്കയുള്ളു. അഹറോന്യ പൗരോഹിത്യം തന്നെയാണ് ക്രിസ്തുവിന്‍റേതും എന്ന് ഇതിനര്‍ത്ഥമില്ല. അപൂര്‍ണ്ണമായിരുന്ന അഹറോന്യ പൗരോഹിത്യത്തിന്‍റെ പൂര്‍ണ്ണതയാണ് യേശുക്രിസ്തുവില്‍ ദര്‍ശിക്കുന്നത്.

അഴിയ്ക്കകം

ഓര്‍ത്തഡോക്സ് സുറിയാനി പാരമ്പര്യത്തിലുള്ള പള്ളികളില്‍ മദ്ബഹായ്ക്കുതാഴെ ഹൈക്കലായില്‍ നിന്ന് അഴിയിട്ടു വേര്‍തിരിച്ചിരിക്കുന്ന സ്ഥലം. നമസ്കാരമേശ ഇതിന്‍റെ മദ്ധ്യഭാഗത്തായിരിക്കും. മാമോദീസാ, വിവാഹം തുടങ്ങിയ കൂദാശകളും കാനോനികനമസ്കാരങ്ങളും പട്ടക്കാരനും ശുശ്രൂഷകരും ഇവിടെ നിന്നുകൊണ്ടു നടത്തുന്നു. പുരാതനകാലത്ത് പാട്ടുകാരുടെ (സമ്രോനോമാര്‍) സ്ഥാനം ഇവിടെ ആയിരുന്നു. അഴിക്കകം ഹൈക്കലായെക്കാള്‍ അരയടിയോളം പൊക്കത്തിലായിരിക്കും.

അറബിക്കാനോന്‍

നാലാം നൂറ്റാണ്ടില്‍ വിരചിതമായ ‘അപ്പോസ്തോലിക കാനോന്‍’ ആദിയായ പുരാതന സഭാനിയമങ്ങള്‍ ചേര്‍ത്തും, അന്ത്യോക്യായ്ക്കും അലക്സാണ്ട്ര്യായ്ക്കും വിപുലമായ അധികാരങ്ങള്‍ ഉള്‍പ്പെടുത്തിയും, ഒന്‍പതാം നൂറ്റാണ്ടില്‍ ഏതോ തല്പരകക്ഷികള്‍ എഴുതയുണ്ടാക്കി പൗരസ്ത്യനാടുകളില്‍ പ്രചരിപ്പിച്ച നിയമാവലി. അന്ത്യോക്യായ്ക്കും അലക്സാണ്ട്ര്യായ്ക്കും ഉള്ളതായി ഒന്‍പതാം നൂറ്റാണ്ടില്‍ എഴുത്തുകാരന്‍ കണ്ട അധികാരാവകാശങ്ങള്‍ 325-ല്‍ നടന്ന നിഖ്യാ സുന്നഹദോസ് പ്രകാരമാണെന്നു സ്ഥാപിക്കുവാന്‍ ചെയ്ത ഒരു ശ്രമമായിരുന്നു ഇത്. അന്ത്യോക്യായ്ക്കു മെഡിറ്ററേനിയന്‍ സമുദ്രത്തിന്‍റെ കിഴക്കേതീരം മുതല്‍ ഭൂമിയുടെ കിഴക്കേ അതിര്‍ത്തിവരെ അധികാരം ഉള്ളതായിട്ടാണ് ഇതില്‍ പറയുന്നത്.

325-ലെ നിഖ്യാസുന്നഹദോസിന്‍റെ പേരില്‍ ഈ വാദം ഉന്നയിക്കുന്നു എങ്കിലും, ആ സുന്നഹദോസില്‍ അംഗീകരിച്ച ഇരുപതു കാനോനുകളില്‍ ഇത് ഉള്‍പ്പെടുന്നില്ല. തന്നെയുമല്ല, ഇതിനോട് അല്പം സാമ്യമുള്ള നിഖ്യായുടെ ആറാം നിശ്ചയത്തില്‍ നിഖ്യാസുന്നഹദോസ് നിലവിലുള്ള പ്രധാന സഭാകേന്ദ്രങ്ങളെക്കുറിച്ച് പറയുന്നതല്ലാതെ ഒരു പുതിയ നിശ്ചയവും യാതൊരു സഭയുടെമേലും കെട്ടിയേല്പിക്കുന്നില്ല.

അറബിസുറിയാനി (ഗര്‍ശോനി)

സുറിയാനി ലിപികളുപയോഗിച്ച് അറബിഭാഷ എഴുതുന്ന രീതി. ഇതു കണ്ടുപിടിച്ച “ഗര്‍ശോന്‍” എന്നയാളിനെ സ്മരിച്ചുകൊണ്ട് ഈ രീതിക്ക് ‘ഗര്‍ശോനി’ എന്നും പറയാറുണ്ട്. ഇതിന്‍റെ ചുവടുപിടിച്ച് കേരളത്തിലെ സുറിയാനി സഭയില്‍ സുറിയാനി ലിപികളുപയോഗിച്ച് മലയാളം എഴുതുന്ന രീതി ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യഘട്ടംവരെയെങ്കിലും നിലനിന്നിരുന്നു.

അറിയിപ്പുകാര്‍

യേശുവിന്‍റെ പരസ്യശുശ്രൂഷാകാലത്ത് പന്ത്രണ്ടു ശിഷ്യന്മാരെ കൂടാതെ എഴുപതുപേരെ പ്രേഷിതവൃത്തിക്കായി അയച്ചു (ലൂക്കോ. 10:1 മു.). ഇവരെയാണ് അറിയിപ്പുകാര്‍ എന്നു വിളിക്കുന്നത്. ഇവരുടെ സംഖ്യ എഴുപത് എന്ന് പ്രമാണപ്പെട്ട പല കൈയെഴുത്തു പ്രതികളിലും കാണാം. അതില്‍നിന്ന് വ്യത്യസ്തമായ എഴുപത്തിരണ്ട് എന്ന സംഖ്യയും മറ്റു പല കൈയെഴുത്തുപ്രതികളിലും, സുറിയാനി, ലത്തീന്‍ പരിഭാഷകളിലും കാണുന്നു.
എഴുപത് എന്നുള്ളത് യഹൂദപാരമ്പര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന സംഖ്യയാണ്. മോശയെ സഹായിക്കാന്‍ തിരഞ്ഞെടുത്തത് എഴുപതു മൂപ്പന്മാരെയാണ് (സംഖ്യ. 11:16, 17, 24, 25). യഹൂദന്മാരുടെ പരമാധികാരസമിതിയായ സന്നിദ്രീം സംഘത്തിന്‍റെ അംഗസംഖ്യ എഴുപതായിരുന്നു. മാത്രമല്ല, യഹൂദവീക്ഷണത്തില്‍ ലോകത്തിലെ വിജാതീയ ജനതകള്‍ എഴുപത് ആയിരുന്നു.

പന്ത്രണ്ടു ശ്ലീഹന്മാരുടെ ദൗത്യം യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളുടെ ഇടയിലായിരുന്നെങ്കില്‍, എഴുപത് അറിയിപ്പുകാരുടെ ദൗത്യം യിസ്രായേലിനു പുറത്തുള്ള വിജാതീയരുടെ ഇടയിലുള്ള പ്രേഷിതത്വത്തെ സൂചിപ്പിക്കുന്നതായി കണക്കാക്കാം.
സുവിശേഷകന്മാരില്‍ മര്‍ക്കോസും ലൂക്കോസും അറിയപ്പെടുന്നത് ‘അറിയിപ്പുകാര്‍’ എന്ന പേരിലാണ്. മുകളില്‍ പറഞ്ഞ എഴുപതു പേരോടുകൂടി സുവിശേഷകന്മാരായ രണ്ടുപേരെയും ചേര്‍ത്താണ് എഴുപത്തിരണ്ട് അറിയിപ്പുകാര്‍ എന്നു പറയുന്നതെന്നു കരുതുന്നു. എഴുപതുപേര്‍ ആരൊക്കെ എന്നുള്ളതിനെപ്പറ്റി വ്യക്തമായ യാതൊരു സൂചനയുമില്ല. പില്‍ക്കാലത്ത് സഭയില്‍ പ്രമുഖരായി അറിയപ്പെട്ട പല പ്രവര്‍ത്തകരുടെയും പേരുകള്‍ മേല്പറഞ്ഞ എഴുപത്തിരണ്ടു പേരില്‍ ചേര്‍ത്തുപറയുന്നു എന്നു മാത്രം.

അറിയിപ്പുകാരുടെയും ശ്ലീഹന്മാരുടെയും ദൗത്യം, നിയോഗം എന്നിവയുടെ വിവരണത്തില്‍ സുവിശേഷങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല.
അറിയോസ്, അറിയോസ്യ സിദ്ധാന്തം

നാലാം നൂറ്റാണ്ടില്‍ അലക്സന്ത്ര്യായിലെ പട്ടക്കാരനായിരുന്ന അറിയോ(യൂ)സ് ക്രൈസ്തവചരിത്രത്തിലെ ഒരു പ്രധാന വിശ്വാസവിപരീതിയായി അറിയപ്പെടുന്നു. യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെയും വി. ത്രിത്വത്തെയും നിഷേധിക്കുന്ന തരത്തിലുള്ള വികലോപദേശം ഇദ്ദേഹം പഠിപ്പിച്ചു. തികച്ചും മാനുഷികയുക്തിയില്‍ ദൈവത്തെ വ്യാഖ്യാനിക്കുവാനുള്ള ശ്രമമായിരുന്നു ഇദ്ദേഹത്തിന്‍റേത്. അറിയൂസ്യസിദ്ധാന്തം ചുരുക്കത്തില്‍ താഴെ പറയുന്ന പ്രകാരം ആയിരുന്നു. (1) ദൈവം ഒരുവനേയുള്ളു; പിതാവാണു ദൈവം; പുത്രന്‍ പിതാവല്ല; അതിനാല്‍ പുത്രന്‍ ദൈവമല്ല. (2) ദൈവം മാത്രം ജനനരഹിതനും നിത്യനും, സൃഷ്ടിയല്ലാത്തവനുമാണ്; യേശുക്രിസ്തു ജനിച്ചവനാകയാല്‍ ദൈവമല്ല. (3) ജ്ഞാനവും വചനവും ദൈവത്തിന്‍റെ കഴിവു മാത്രമാകുന്നു. (4) ദൈവം സകലവും സൃഷ്ടിക്കുന്നതിനു മുമ്പേ വചനത്തെ സൃഷ്ടിച്ചു; ആ വചനം ലോകത്തെ സൃഷ്ടിച്ചു. (5) വചനം അഥവാ പുത്രന്‍ ഇല്ലായിരുന്ന കാലമുണ്ടായിരുന്നു. (6) ക്രിസ്തുവിന് മനുഷ്യശരീരമുണ്ടായിരുന്നു; മനുഷ്യാത്മാവില്ലായിരുന്നു. (7) വചനം പരിശുദ്ധാത്മാവിനെ സൃഷ്ടിച്ചു.

യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ത്രിത്വവിശ്വാസത്തെയും നിഷേധിച്ചതിനാല്‍ ഈ സിദ്ധാന്തത്തെ നിഖ്യാ സുന്നഹദോസ് വേദവിപരീതമായി പ്രഖ്യാപിച്ചു. അത്താനാസ്യോസിന്‍റെ നേതൃത്വത്തില്‍ അറിയോസിനെതിരേ പ്രചാരണം നടന്നുവെങ്കിലും, നിക്കോമീദിയയിലെ യൗസേബിയോസിനെപ്പോലുള്ള മെത്രാന്മാരുടെ പിന്തുണ അറിയോസ് നേടിയെടുത്തു. ചില ചക്രവര്‍ത്തിമാരുടെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് അറിയോസ്യപക്ഷക്കാര്‍ക്ക് ചില ഘട്ടങ്ങളില്‍ സഭാനിയന്ത്രണം തന്നെ ഏറ്റെടുക്കുവാന്‍ കഴിഞ്ഞു. അറിയോസ്യ സിദ്ധാന്തത്തിന്‍റെ ഒരു ആധുനികപതിപ്പാണ് ‘റസ്സല്‍മതം’ അഥവാ ‘യഹോവാ സാക്ഷികള്‍’.

അറേബ്യന്‍ ക്രിസ്ത്യാനികള്‍

റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ അതിര്‍ത്തിപ്രദേശത്ത് വസിച്ചിരുന്ന ക്രൈസ്തവര്‍ ഈ പേരില്‍ അറിയപ്പെടുന്നു. റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടായിക്കൊണ്ടിരുന്ന ഭിന്നതകളില്‍ ഒരു നല്ല പങ്കു വഹിച്ചിരുന്നവരാണ്, ഈ വന്‍ശക്തികളെ തമ്മില്‍ തിരിക്കുന്ന അതിര്‍ത്തിപ്രദേശത്തു വസിച്ചിരുന്ന അറബിഗോത്രങ്ങള്‍. ഇവരില്‍ റോമാക്കാര്‍ക്കു വിധേയരായിരുന്ന് (കപ്പം കൊടുത്തുകൊണ്ട്) ഭരണം നടത്തിയിരുന്ന ഒരു കൂട്ടമാണ് ഗസനിഡ് വംശജര്‍. എ.ഡി. നാലാം നൂറ്റാണ്ടില്‍ ഇവര്‍ ക്രൈസ്തവരായിത്തീര്‍ന്നു എന്നു വിശ്വസിക്കപ്പെടുന്നു. ആറാം നൂറ്റാണ്ടില്‍ അല്‍ഹീറത് രാജാവിന്‍റെ ഭരണകാലത്ത് ഇവര്‍ കല്‍ക്കദോന്യേതര വിഭാഗമായിത്തീര്‍ന്നു. 541-ല്‍ അറേബ്യന്‍ ക്രിസ്ത്യാനികള്‍ക്ക് ഒരു മേല്പട്ടക്കാരനെ വാഴിച്ചയയ്ക്കുവാന്‍ തിയഡോറാ രാജ്ഞി സഹായിച്ചു. അന്ത്യോക്യാ പാത്രിയര്‍ക്കീസ് പോളിനെ ഒരു വിഭാഗം കല്‍ക്കദോന്യേതരര്‍ തിരസ്കരിച്ചപ്പോള്‍ അല്‍ഹീറത് രാജാവും പുത്രന്‍ അല്‍മുന്തിറും പോളിന് അഭയം നല്‍കി. പിന്നീട് ചില പ്രശ്നങ്ങളുണ്ടായതിനാല്‍ പൂര്‍ണ്ണ വിശ്വാസത്തോടെയല്ലെങ്കിലും ഗസനിഡ് വംശജര്‍ റോമാക്കാരെ പിന്താങ്ങിയിരുന്നു. എന്നാല്‍ 580-ല്‍ പേര്‍ഷ്യക്കാര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ അല്‍മുന്തിര്‍ റോമക്കാരെ ചതിച്ചു എന്ന കാരണം പറഞ്ഞ് ടൈബേരിയസ് ചക്രവര്‍ത്തി അദ്ദേഹത്തെ നാടുകടത്തി. അന്നുമുതല്‍ അറേബ്യന്‍ ക്രിസ്ത്യാനികള്‍ റോമാസാമ്രാജ്യത്തിന്‍റെ ശത്രുക്കളായത്തീര്‍ന്നു. 584-ല്‍ മോറിസ് ചക്രവര്‍ത്തി ഈ രാജ്യത്തെ വിഭജിച്ചതോടെ റോമാസാമ്രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ വസിച്ച ക്രൈസ്തവരെ പേര്‍ഷ്യക്കാരില്‍നിന്നും, മറ്റ് അറബിഗോത്രങ്ങളില്‍ നിന്നും സംരക്ഷിച്ചിരുന്ന അറേബ്യന്‍ ക്രിസ്തീയരാജ്യം അസ്തമിച്ചു.

അറേബ്യാഫെലിക്സ്

അറേബ്യായുടെ പടിഞ്ഞാറുഭാഗത്ത് ചെങ്കടലിനോടു ചേര്‍ന്നു കിടന്ന രാജ്യം. ഇന്നത്തെ യെമന്‍റെ (അറേബ്യന്‍ ഉപദ്വീപ്) തെക്ക് പടിഞ്ഞാറുഭാഗം.