ശെമവൂന്‍ മാര്‍ അത്താനാസ്യോസ്


49. ഇതിന്‍റെ ശേഷം ബഹു. പാത്രിയര്‍ക്കീസ് ബാവാ അവര്‍കളുടെ കല്പനയാലെ മാര്‍ അത്താനാസ്യോസ് ശെമവൂന്‍ മെത്രാപ്പോലീത്താ എന്ന ദേഹം 1880-മാണ്ട് വൃശ്ചിക മാസം 30-നു ബോംബെയില്‍ എത്തി അവിടെ നിന്നും തീവണ്ടി വഴിയായി മദ്രാസില്‍ ചെന്ന് ബഹു. ഗവര്‍ണര്‍ സായ്പ് അവര്‍കളെ കണ്ടു മലയാളത്തുള്ള പള്ളികളില്‍ സഞ്ചരിക്കുന്നതിനു പാസ്പോര്‍ട്ടും വാങ്ങിക്കൊണ്ടു 1881-മാണ്ട് മകര മാസം 1-നു 1056-മാണ്ട് മകര മാസം 2-നു വ്യാഴാഴ്ച കൊച്ചിയില്‍ എത്തുകയും ചെയ്തു. കൂടെ സ്ലീബാ എന്നു പേരായ ഒരു ശെമ്മാശും (പിന്നീട് സ്ലീബാ മാര്‍ ഒസ്താത്തിയോസ് – എഡിറ്റര്‍) ഉണ്ട്. ഉടനെ മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായും എത്തി ഒരുമിച്ചു കൊച്ചിയില്‍ താമസിക്കുന്നു. ഇപ്പോള്‍ വന്ന അത്താനാസ്യോസ് ശെമവൂന്‍ എന്ന ഈ ബാവാ മുന്‍ രണ്ടാം പുസ്തകം 89-ാം ലക്കത്തിലും പിന്നാലെയും പറയുന്ന മാര്‍ അത്താനാസ്യോസ് സ്തേഫാനോസ് എപ്പിസ്കോപ്പായോടു കൂടെ 1849-മാണ്ട് കുംഭ മാസം 3-നു കൊച്ചിയില്‍ വന്നിറങ്ങി മലയാളത്തു താമസിച്ചു തിരിച്ചുപോയ ശെമവൂന്‍ റമ്പാന്‍ ആകുന്നു. ഈ ദേഹം വന്നതിന്‍റെ പ്രധാന താല്‍പര്യം പാത്രിയര്‍ക്കീസ് ബാവായ്ക്കു ചെല്ലുവാനുള്ള റെശീസാ പിരിച്ചയക്കുന്നതിനു വേണ്ടിയാകുന്നു. ഇവിടത്തെ മെത്രാന്മാര്‍ക്കും പള്ളിക്കാര്‍ക്കും ആയിട്ട് പാത്രിയര്‍ക്കീസ് ബാവാ കൊടുത്തയച്ച കല്പനകള്‍ മകരം 30-നു വെട്ടിക്കല്‍ ദയറായില്‍ വച്ച് മെത്രാന്മാര്‍ക്കു കൊടുത്തു.

54. മുന്‍ 49-മത് ലക്കത്തില്‍ പറയുന്ന അത്താനാസ്യോസ് ശെമവൂന്‍ ബാവാ വടക്കുള്ള പള്ളികളില്‍ സഞ്ചരിച്ചു പിരിച്ചുണ്ടായ റിശീസാ പണം 1882 മേട മാസത്തില്‍ കൊച്ചിയില്‍ വച്ച് ബോംബേയില്‍ ദാവീദ് സാസൂന്‍ മുഖാന്തിരം പാത്രിയര്‍ക്കീസ് ബാവായ്ക്കു കൊടുത്തയച്ചു. ആദ്യം കൊടുത്തയച്ചത് ആയിരം രൂപാ ആയിരുന്നു. കൊച്ചിയില്‍ നിന്നും തെക്കേ പള്ളികളില്‍ സഞ്ചരിച്ചു റിശീസാ പിരിച്ചു വരുന്നു.

93. നാലാം പുസ്തകം 49-ാം ലക്കത്തില്‍ പറയുന്നതും 1056 മകര മാസത്തില്‍ മലയാളത്തു വന്ന ആളുമായ മാര്‍ ശെമവൂന്‍ അത്താനാസ്യോസ് ബാവായ്ക്കു മൂന്നു മാസത്തോളം കാലം വയറ്റിലും കാലിലും നീരായി രോഗത്തില്‍ കിടന്ന ശേഷം 1889 ജൂണ്‍ 11-നു 1064-മാണ്ടു ഇടവം 30-നു ചൊവ്വാഴ്ച പകല്‍ 11 മണിക്കു കോട്ടയത്തു സെമിനാരിയില്‍ വച്ച് കാലം ചെയ്തു. മരണസമയം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും മാര്‍ പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്തായും മാര്‍ ഗീവര്‍ഗീസ് കൂറിലോസ് മെത്രാപ്പോലീത്തായും ഉണ്ടായിരുന്നു. അടുത്ത ദിവസമാകുന്ന ബുധനാഴ്ച സമീപമുള്ള പള്ളിക്കാര്‍ കൂടി ഒരുമിച്ച് ആഘോഷമായി കോട്ടയത്തു പുത്തന്‍പള്ളിയില്‍ വടക്കേ റാന്തലില്‍ കബറടക്കം ചെയ്തു. ഈ ദേഹം 1849-ല്‍ റമ്പാനായി മലയാളത്തു വന്നു താമസിച്ചു മടങ്ങിപോകയും പിന്നീട് 1881-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ എപ്പിത്രോപ്പാ എന്ന അധികാരത്തില്‍ മെത്രാനായി വന്നു മലയാളത്തു മരണത്തോളം താമസിക്കയും ചെയ്ത ആള്‍ ആണ്. ഈ ദേഹം ഒരു നല്ലവനും പരമാര്‍ത്ഥിയും ദ്രവ്യാഗ്രഹം ഇല്ലാത്തവനും സ്നേഹശീലനും കോപം ഇല്ലാത്തവനും സാധുവും ആയിരുന്നു. കാര്യത്രാണിയും മലയാളസൂത്രങ്ങളും കുറവുള്ളവന്‍ ആയിരുന്നു എങ്കിലും തന്നെ ഏല്പിക്കപ്പെട്ട സ്ഥാനത്തെ സത്യത്തോടെ വഹിച്ചവന്‍ ആയിരുന്നു.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് എഴുതിയതില്‍ നിന്നും; മലങ്കരസഭാ ചരിത്രരേഖകള്‍, എഡി. ജോയ്സ് തോട്ടയ്ക്കാട്, സോഫിയാ ബുക്സ്, കോട്ടയം, 2019, പേജ് 222-223)