മാര്‍ അപ്രേമിന്‍റെ അനുതാപത്തിന്‍റെ പ്രാര്‍ത്ഥനകള്‍


(1) ഞങ്ങളെ ഉണര്‍ത്തി കരുത്തു നല്‍കിയാലും

കര്‍ത്താവേ, പൊടിയില്‍ അടിഞ്ഞുകിടക്കുന്ന ഞങ്ങളുടെ നേര്‍ക്ക് കരങ്ങള്‍ നീട്ടി ഞങ്ങളെ സഹായിക്കണമേ. എന്തുകൊണ്ടെന്നാല്‍ എഴുന്നേല്‍ക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്. പക്ഷേ, കഴിയുന്നില്ല. പാപത്തിന്‍റെ ഭാരം ഞങ്ങളെ തകര്‍ത്തുകളഞ്ഞു. തിന്മയുടെ പാരമ്പര്യങ്ങള്‍ ഞങ്ങളെ ഭൂമിയോടു ചേര്‍ത്തു ചങ്ങലക്കിട്ടിരിക്കുന്നു.

ഞങ്ങള്‍ ഏതാണ്ട് തളര്‍വാതം പിടിപെട്ടവനെപ്പോലെയായി. ഞങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തുമെന്നു ഞങ്ങള്‍ പ്രതിജ്ഞയെടുക്കുന്നു. ഞങ്ങള്‍ ഉപവസിക്കുന്നു. പക്ഷേ എല്ലാം പഴയപടിയില്‍ തന്നെ തുടരുന്നു.

ഞങ്ങളുടെ അധരങ്ങള്‍ കൊണ്ട് അവിടുത്തെ മഹത്വപ്പെടുത്തുവാന്‍ ഞങ്ങള്‍ക്ക് ഉത്സാഹമുണ്ട്. എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അങ്ങയെ പ്രസാദിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ഒട്ടുമേ തീക്ഷ്ണതയില്ല.

മുമ്പുണ്ടായിരുന്ന പാപസ്നേഹം ഉപേക്ഷിക്കാന്‍ ഒരു ശ്രമവും നടത്താതെ ഞങ്ങള്‍ മുന്‍ പാപങ്ങള്‍ക്കു ക്ഷമയാചിക്കാന്‍ ഞങ്ങള്‍ക്കെങ്ങനെ ധൈര്യം വരും? പാപമയമായ വശീകരണങ്ങള്‍ക്കുള്ള ആഗ്രഹം വര്‍ജിക്കാതെ പഴയ മനുഷ്യനെ ഞങ്ങളെങ്ങനെ ഉരിഞ്ഞുകളയും?

കാമവികാരശുദ്ധതയും
സുഖഭോഗവുമീവകയൊന്നും
നിരൂപിക്കാതെയിരിക്കുന്ന
നിര്‍മ്മലചിത്തം നല്‍കണമെ.

സങ്കീര്‍ത്തനം 5

കര്‍ത്താവേ, ഈ ലോകത്തില്‍
സമ്പത്തിവിശേഷംസകല
എച്ചിലുപോലെണ്ണീടുന്ന
നിര്‍മ്മലചിത്തം നല്‍കണമേ.

കര്‍ത്താവേ, തളര്‍വാതബാധിതനായ ഞങ്ങളെ എഴുന്നേല്‍പിക്കണമേ. ഉറങ്ങുന്ന ഞങ്ങളെ ഉണര്‍ത്തണമെ. പാപത്താല്‍ ദുരിതപൂര്‍ണ്ണമായ ഞങ്ങളുടെ ആത്മാവിനെ മരണത്തില്‍നിന്നും രക്ഷിക്കണമേ! അവസാനം വരുന്നതിനു മുമ്പ് ഞങ്ങളിലുള്ള പാപങ്ങളെല്ലാം നശിപ്പിക്കണമേ.
മനുഷ്യസ്നേഹിയായുള്ളോവേ, ഹ്രസ്വമായ ഞങ്ങളുടെ ജീവകാലമൊട്ടുക്ക് ഞങ്ങളുടെ ആത്മാവിലുണ്ടായ കളങ്കങ്ങള്‍ കഴുകികളയാന്‍, ഹൃദയസ്പര്‍ശകമായ കണ്ണീര്‍ പൊഴിക്കാന്‍ ഞങ്ങളെ അനുവദിക്കണമേ. അങ്ങനെ വരുമ്പോള്‍ അവിടുത്തെ ഭയാവഹമായ മഹത്ത്വത്തിനു മുമ്പില്‍ മറ്റെല്ലാവരും ഞെട്ടിവിറയ്ക്കുമ്പോള്‍ അവിടുത്തെ സര്‍വ്വശക്തമായ കരത്തിന്‍റെ തണലില്‍ ഞങ്ങള്‍ക്കു രക്ഷ ലഭിക്കുന്നതാണ്.

യജമാനനേ, ഞങ്ങള്‍ പറയുന്നതു ശ്രദ്ധിച്ചുകേട്ട് പാപിഷ്ഠനും അയോഗ്യരുമായ ഈ ദാസരുടെ യാചന സ്വീകരിക്കണമേ. അവിടുത്തെ കൃപയ്ക്കനുസരണമായി സൗജന്യമായി ഞങ്ങളെ അനുഗ്രഹിക്കുമാറാകണം. അവിടുന്നു ദയാലുവും മനുഷ്യന്‍റെ സുഹൃത്തുമായ ദൈവമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അവിടുത്തേക്ക് ഞങ്ങള്‍ മഹത്വവും നന്ദിയും ആദരവും കരേറ്റുന്നു.

കര്‍ത്താവേ, ദ്രവ്യാഗ്രഹവും
മതിയില്ലായ്മയുമറ്റു സദാ
അക്രമമൊക്കെ വെറുക്കുന്ന
നിര്‍മ്മലചിത്തം നല്‍കണമെ
ഉന്നതസിംഹാസനമെല്ലാം
നിസ്സാരമതെന്നോര്‍ക്കുന്ന
അധികാരഭ്രമമില്ലാത്ത
നിര്‍മ്മലചിത്തം നല്‍കണമെ

2. എല്ലാം വെളിപ്പെടുത്തുന്ന മുഹൂര്‍ത്തം

സകലത്തിന്‍റെയും യജമാനനേ, ഞങ്ങള്‍ അവിടുത്തെ മഹാകരുണയ്ക്കു മുമ്പില്‍ വീഴുന്നു. ഈ പാപികളുടെ പ്രാര്‍ത്ഥന സ്വീകരിക്കണമേ. പാപത്തിന്‍റെ കയ്പ്പ് രസത്തില്‍ തളര്‍ന്ന് കിടക്കുന്ന ഞങ്ങളുടെ ആത്മാവിനെ മാധുര്യം ഉള്ളതാക്കേണമേ. ദാഹിക്കുന്ന ഞങ്ങള്‍ക്ക് ജീവന്‍റെ ഉറവയില്‍ നിന്നും കുടിക്കാന്‍ തരണമേ. അതിന്‍റെ പാതയിലൂടെ ഞങ്ങളെ വഴി നടത്തേണമേ. അപമാനകരമായ ഭോഗേച്ഛകളുടെ ദാസ്യത്വത്തില്‍ നിന്ന് ഞങ്ങളെ സ്വതന്ത്രരാക്കണമേ. യജമാനനേ, പാപത്തിന്‍റെ അടിമത്വത്തില്‍ നിന്ന് അവിടുത്തെ അടിമയെ രക്ഷിക്കണമേ. ഞങ്ങളുടെ ഹൃദയത്തെ കുരുക്കിയിട്ടിരിക്കുന്ന അപമാനകരമായ ഭോഗേച്ഛകളുടെ ദാസ്യത്വത്തില്‍ നിന്ന് ഞങ്ങളെ സ്വതന്ത്രരാക്കണമേ.

ബഹുമാനപ്രിയമറ്റതുമായ്
അപമാനത്തെ സഹിപ്പതുമായ്
കീര്‍ത്തിയിലുയരാത്തതുമായ
നിര്‍മ്മലചിത്തം നല്‍കണമേ
കര്‍ത്താവേ, ദുര്‍മത്സരമീ-
ങ്ങേശീടാത്തതുമെപ്പോഴും
തിന്‍മയില്‍ ശങ്കകലര്‍ന്നതുമാം
നിര്‍മ്മലചിത്തം നല്‍കണമേ

അധര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളെ നരകത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നതിനുമുമ്പ് അവിടുത്തെ സഹാനുഭൂതി ഞങ്ങളെ കാലേകൂട്ടി തടയണമേ. ഇരുട്ടില്‍ ഞങ്ങള്‍ ചെയ്യുന്ന എല്ലാകാര്യങ്ങളും ആ സമയത്തു വെളിവായി വരും. ഞങ്ങള്‍ക്ക് അയ്യോ കഷ്ടം! കുറ്റമറ്റ വ്യക്തികളാണ് ഞങ്ങള്‍ എന്നു കരുതിയിരിക്കുന്ന ആളുകള്‍ അന്ന് ഞങ്ങളെ കുറ്റവാളിയായി കാണുമ്പോള്‍ നിന്ദയും അപമാനഭാരവും ഞങ്ങളെ ആവരണം ചെയ്യും. ദുരിതപൂര്‍ണ്ണരായ ഞങ്ങള്‍ ആത്മീയകാര്യങ്ങളെ ഉപേക്ഷിച്ച് ഇന്ദ്രിയമോഹങ്ങളുടെ പിന്നാലെ പോയതായി അവര്‍ മനസ്സിലാക്കും.

അന്യായത്തില്‍ നിന്നെന്‍റെ
കൈകള്‍ വിരമിച്ചീടട്ടെ
സല്‍ക്കര്‍മ്മങ്ങള്‍ക്കായവകള്‍
നീട്ടപ്പെടുമാറാകട്ടെ
എന്‍ കാലുകള്‍ ദുര്‍മ്മാര്‍ഗത്തില്‍
വയ്ക്കുന്നതിനിടയാകരുതേ
സന്‍മാര്‍ഗത്തില്‍കൂടി സദാ
ഞാനടിയൂന്നിനടക്കണമേ

ഞങ്ങള്‍ക്ക് അയ്യോ കഷ്ടം! ഞങ്ങളുടെ ആത്മാവേ, ഞങ്ങളുടെ മനസ്സിന്‍റെ സൂര്യന്‍ ദുര്‍മോഹങ്ങളുടെ മൂടല്‍മഞ്ഞില്‍ മങ്ങി, അവ്യക്തമായതെങ്ങനെ? പ്രകാശരശ്മികള്‍ പ്രസരിക്കുന്ന സമയത്തും ഈ മൂടല്‍മഞ്ഞു മാറിപ്പോകാത്തതെന്താണ്? ഞങ്ങളെ ഭൂമിയിലേക്കു വലിച്ചുതാഴ്ത്തുവാന്‍ ഭോഗേച്ഛകളെ എന്തിനനുവദിക്കുന്നു. സ്വാതന്ത്ര്യത്തിനുപരി അടിമത്വത്തെ ഞങ്ങള്‍ ഇഷ്ടപ്പെടുവാന്‍ കാരണമെന്ത്? ഞങ്ങള്‍ക്കുവേണ്ടി ദൈവം നെയ്തുതന്ന വിശേഷവസ്ത്രം ഉപയോഗിക്കാന്‍ കൊള്ളാത്തതായി രാജകീയ വിവാഹത്തില്‍ അത് ഉപയോഗിക്കാന്‍ പറ്റില്ല. സ്വമനസ്സാലെ തന്നെ ഞങ്ങള്‍ പാപത്തിനു ഞങ്ങളെതന്നെ വിട്ടുകൊടുത്തു. ജീവന്‍റെ ശത്രുവിനു ഞങ്ങളെ സ്വയം അടിമയാക്കിത്തീര്‍ത്തു. ഭയത്തിന്‍റെയും വിറയലിന്‍റെയും ആ ദിവസത്തില്‍ ന്യായാധിപനോടു ഞങ്ങള്‍ എന്തുപറയും? ഞങ്ങളുടെ ശരീരത്തിന്‍റെ ചലനശക്തി ക്ഷയിക്കാതിരിക്കുമ്പോള്‍ തന്നെ കൃപയ്ക്കു ഞങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ കഴിവുള്ളപ്പോള്‍തന്നെ സ്വന്തം ചിന്തകളുടെ നിയന്ത്രതാവായിരിക്കുമ്പോള്‍ തന്നെ മാലിന്യങ്ങള്‍ കഴുകിക്കളയുന്ന കണ്ണീര്‍ പൊഴിക്കാന്‍ എനിക്കു സാധ്യമാകുമ്പോള്‍ തന്നെ, ഭോഗേച്ഛകള്‍ക്കെതിരായി ധീരമായ നിലപാടെടുക്കുവാനും ദൈവസഹായത്തോടെ ഗോലിയാത്തിനെ തകര്‍ക്കുവാനും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അവിടുത്തേക്ക് ഞങ്ങള്‍ മഹത്വവും നന്ദിയും ആദരവും കരേറ്റുന്നു.

നിന്നെയാരായുന്നതുമായ്
നിന്‍വചനം കാക്കുന്നതുമായ്
പാപമിനിചെയ്യാത്തതുമാം
നിര്‍മ്മലചിത്തം നല്‍കണമേ
നേരും നല്ലതുമാം ചൊല്ലില്‍
താല്‍പര്യം കലരുന്നതുമായ്
വിണ്‍ചിന്തയകന്നതുമായ
നിര്‍മ്മലചിത്തം നല്‍കണമേ

അപേക്ഷകള്‍

1. സത്യദൈവമെ നീ ഞങ്ങളെ രക്ഷിക്കണമെ. സര്‍വ്വ ഉപദ്രവങ്ങളില്‍ നിന്നും സകല പാപങ്ങളില്‍ നിന്നും സര്‍വ്വ ദുര്‍മനസില്‍ നിന്നും വേശ്യദോഷചിന്തയില്‍ നിന്നും
പ്രതിവാക്യം: അങ്ങ് ഞങ്ങളെ രക്ഷിക്കണമെ.

നായകന്‍: സകല ശത്രുക്കളില്‍ നിന്നും വഞ്ചനയുടെ സ്നേഹിതന്മാരില്‍ നിന്നും പിശാചുക്കളുടെ പരീക്ഷകളില്‍ നിന്നും ദുഷ്ടമനുഷ്യരുടെ സകല ദുഷ്ടതകളില്‍ നിന്നും
പ്രതിവാക്യം: അങ്ങ് ഞങ്ങളെ രക്ഷിക്കണമെ.

നായകന്‍: അശുദ്ധവിചാരങ്ങളില്‍ നിന്നും മലിന മോഹങ്ങളില്‍ നിന്നും പൈശാചിക വികാരങ്ങളില്‍ നിന്നും

പ്രതിവാക്യം: അങ്ങ് ഞങ്ങളെ രക്ഷിക്കണമെ.

നായകന്‍: ദുഃസ്വപ്നങ്ങളില്‍ നിന്നും മറച്ചുവച്ചിരിക്കുന്ന കെണികളില്‍ നിന്നും വ്യര്‍ത്ഥ വചനങ്ങളില്‍ നിന്നും വന്‍ചതിവുകളില്‍ നിന്നും ദുഷ്ട സംസര്‍ഗത്തില്‍ നിന്നും ഈ ലോകസംബന്ധമായ സകല പരീക്ഷകളില്‍ നിന്നും

പ്രതിവാക്യം: അങ്ങ് ഞങ്ങളെ രക്ഷിക്കണമെ.

ദുര്‍വാര്‍ത്തകളും വ്യര്‍ത്ഥതരം
പഴമൊഴിയുമുപേക്ഷിക്കുവതായ്
നിന്‍സാക്ഷ്യത്തിന്‍ രസമിയലും
നിര്‍മ്മലചിത്തം നല്‍കണമേ
കര്‍ത്താവേ, നിന്‍ കല്‍പനയില്‍
നിന്നണുവും തെറ്റീടാതെ
നിന്നെത്തിരവാന്‍ പ്രിയമിയലും
നിര്‍മ്മലചിത്തം നല്‍കണമെ

നായകന്‍: ക്രോധത്തിന്‍റെ വടിയില്‍ നിന്നും പെട്ടെന്നുള്ള മരണത്തില്‍ നിന്നും കോപത്തില്‍ നിന്നും ദോഷത്തില്‍ നിന്നും മിന്നലുകളില്‍ നിന്നും ഇടികളില്‍ നിന്നും വസന്തകളില്‍ നിന്നും
പ്രതിവാക്യം: അങ്ങ് ഞങ്ങളെ രക്ഷിക്കണമെ.

നായകന്‍: അഗ്നി നരകത്തില്‍ നിന്നും അതിവേദനകളില്‍ നിന്നും ചാകാത്തപുഴുവില്‍ നിന്നും കെടാത്ത തീയില്‍ നിന്നും പല്ലുകടിയില്‍ നിന്നും കരച്ചിലില്‍ നിന്നും കഠിനതരമായ സംഭവത്തില്‍ നിന്നും

പ്രതിവാക്യം: ദൈവമെ അങ്ങ് ഞങ്ങളെ രക്ഷിക്കണമെ.

നായകന്‍: ദോഷമുള്ള നാഴികയില്‍ നിന്നും ഉപദ്രവകരമായ അന്ധകാരത്തില്‍ നിന്നും ക്ഷാമത്തില്‍ നിന്നും ഭയത്തില്‍ നിന്നും പരിഭ്രമത്തില്‍ നിന്നും

പ്രതിവാക്യം: അങ്ങ് ഞങ്ങളെ രക്ഷിക്കണമെ.

നായകന്‍: സഹിപ്പാന്‍ പാടില്ലാത്ത സകല ശിക്ഷകളില്‍ നിന്നും ‘പോകുവിന്‍ ഞാന്‍ നിങ്ങളെ അറിയുന്നില്ലാ’ എന്നുള്ള തിരുവചനത്തില്‍ നിന്നും നിന്നില്‍ നിന്ന് ഞങ്ങളെ അകറ്റുന്നതായ സകലത്തില്‍ നിന്നും

പ്രതിവാക്യം: കര്‍ത്താവേ ഞങ്ങളെ രക്ഷിച്ചുകൊള്ളണമെ. ആമ്മീന്‍

നിന്നാജ്ഞാമാര്‍ഗം തന്നില്‍
കാലടികള്‍ ഉറപ്പിച്ചിടുവാന്‍
നിര്‍ദ്ദേശിച്ചിടുന്നൊരു നല്‍
നിര്‍മ്മലചിത്തം നല്‍കണമെ
കര്‍ത്താവേ, തിരുവേദത്തില്‍
രാപകല്‍ ധ്യാനത്തോടും നിന്‍
സ്തുതിയാല്‍ തെളിവോടുമിരിക്കും
നിര്‍മ്മലചിത്തം നല്‍കണമെ.

2. പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യമുള്ള

ഏക ദൈവമേ! നീ എന്നേക്കും ഞങ്ങളുടെ ദൈവമാകുന്നു എന്ന് ഞങ്ങള്‍ വിശ്വസിച്ചുകൊണ്ട് നിന്നോടപേക്ഷിക്കുന്നു. ഞങ്ങളുടെ നോമ്പും നമസ്കാരവും ശുശ്രൂഷയും ആവലാധിയും നീ കൈക്കൊണ്ട് ഞങ്ങളോടു കരുണചെയ്യണമേ. അറിവോടും അറിവുകൂടാതെയും മനസ്സോടും മനസ്സു കൂടാതെയും നിനക്കു വിരോധമായി ഞങ്ങള്‍ ചെയ്തിട്ടുള്ള സകല കുറ്റങ്ങളും പാപങ്ങളും നീ ഞങ്ങളോടു ക്ഷമിക്കണമേ. നിനക്കിഷ്ടമുള്ളതായ വിചാരത്തോടും വചനത്തോടും പ്രവൃത്തിയോടും കൂടെ ഞങ്ങളുടെ ആയുഷ്ക്കാലമെല്ലാം കഴിച്ചുകൂട്ടുവാന്‍ ഞങ്ങളെ നീ സഹായിക്കണമേ. ദുഷ്ടപിശാചുക്കളുടെ പരീക്ഷകളില്‍ നിന്നും അസൂയയില്‍ നിന്നും ദുരാത്മാക്കളുടെ ഉപദ്രവങ്ങളില്‍ നിന്നും ദുഷ്ടമനുഷ്യരുടെ ദുഷ്ടതയില്‍നിന്നും ഞങ്ങളെ സങ്കടപ്പെടുത്തുന്ന സകല രോഗങ്ങളില്‍നിന്നും കഠിനതരമായ സംഭവങ്ങളില്‍നിന്നും ഞങ്ങള്‍ക്കാവശ്യമായിരിക്കുന്ന ആഹാരത്തിനു മുട്ടുവരത്തക്കതായ ദാരിദ്ര്യത്തില്‍നിന്നും രഹസ്യമായും പരസ്യമായുമുള്ള സകല ശത്രുക്കളില്‍നിന്നും പരീക്ഷകളില്‍നിന്നും ദൈവമേ! ഞങ്ങളെ നീ രക്ഷിച്ചുകൊള്ളണമേ. ഞങ്ങളുടെയും വിശ്വാസികളായ ഞങ്ങളുടെ മരിച്ചുപോയവരുടെയും സകല കുറ്റങ്ങളും പാപങ്ങളും നീ ക്ഷമിക്കണമേ.

സച്ചിന്തകള്‍, സദ്വചനങ്ങള്‍
നന്മകളെന്നിവെയോരോന്നും
എപ്പഴുമുണ്ടായീടുന്ന
നിര്‍മ്മലചിത്തം നല്‍കണമെ
ദുര്‍ന്നീതികള്‍ ദുശ്ചിന്തകളെ-
ന്നെല്ലാവക തിന്മകളെയും
എത്രയുമകലത്താക്കുന്നു
നിര്‍മ്മലചിത്തം നല്‍കണമെ

ദുഷ്ടന്മാര്‍ക്കും മത്സരക്കാര്‍ക്കും ഒരുക്കിയിരിക്കുന്നതായ അഗ്നിനരകം അവകാശിപ്പാന്‍ നീ ഞങ്ങളെ കൈവിടരുതേ. പിന്നെയോ നിന്‍റെ ഇഷ്ടന്മാരായ നീതിമാന്മാരോടും പുണ്യവാന്മാരോടും കൂടെ സ്വര്‍ഗ്ഗരാജ്യത്തില്‍ ആനന്ദിപ്പാന്‍ ഞങ്ങളെല്ലാവരെയും നീ യോഗ്യരാക്കിത്തീര്‍ക്കണമേ. ദൈവമാതാവായ വിശുദ്ധ കന്യകമറിയമേ! നിന്നിലും, സകല പരിശുദ്ധന്മാരേ! നിങ്ങളിലും പരിശുദ്ധ മാലാഖമാരേ! നിങ്ങളിലും ഞങ്ങള്‍ സങ്കേതം പ്രാപിച്ചുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി ദൈവത്തോടപേക്ഷിക്കണമേ എന്ന് നിങ്ങളോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കു സഹായമായിരിക്കണമേ. ആമ്മീന്‍.

അന്‍പുടയോനെയതുപോലു-
ള്ളാശയമെന്നില്‍ നീ തന്ന്
പാപമകന്നും നിന്‍ചേര്‍ച്ച
ഞാന്‍ നേടുകേലേറ്റം നന്ന്
നരരില്‍ പ്രിയമുള്ളവനെ നീ
മനമിതുപോലെന്നില്‍ ചേര്‍ത്ത്
അതില്‍ നന്നായ് നിന്നോടുള്ള
ഭയഭക്തിയുറപ്പിക്കണമെ

3. സര്‍വ്വശക്തനും മഹാകാരുണ്യവാനുമായ ദൈവമേ! മഹാപാപികളായ ഞങ്ങളുടെ പ്രാര്‍ത്ഥനകളെ കേട്ട് കൃപയോടെ ഞങ്ങളോട് ഉത്തരമരുളിച്ചെയ്യണമേ. ഞങ്ങളെയും ഞങ്ങളുടെ സഹോദര സഹോദരിമാരെയും ഞങ്ങളുടെ സന്താനങ്ങളെയും ഞങ്ങള്‍ക്കുള്ള എല്ലാവരെയും നീ കൃപയോടെ കാത്തുരക്ഷിക്കണമേ. ഞങ്ങള്‍ക്കു നിന്നോടുള്ള അനുസരണവും ഭക്തിയും വിശ്വാസവും വര്‍ദ്ധിച്ചുതരണമേ.

നാഥാ ഇതുപോല്‍ നിര്‍മ്മലമാം
ചിന്തമെനിക്കരുളീടണമെ,
എന്നില്‍ സ്ഥിരവും ചൊവ്വുമെഴും
റൂഹായെ പുതുതാക്കണമെ
നിന്‍റെ വിശുദ്ധാത്മാവിനെ നീ
എന്‍റെ മനസിലിരുത്തണമെ
അതില്‍ നിന്നു ദിരാത്മാക്കളെ നീ
നീരറ്റേടത്താക്കണമെ.

സത്യ അറിവും നന്മകള്‍ക്കു താല്‍പര്യവും ഹൃദയപ്രകാശവും തിന്മകളോടു വെറുപ്പും ആശ്വാസത്തോടും സന്തോഷത്തോടും കൂടിയുള്ള ദീര്‍ഘായുസ്സും നല്ല അവസാനവും പാപമോചനവും സ്വര്‍ഗ്ഗരാജ്യത്തില്‍ അവകാശവും നല്‍കണമേ. ഇവിടെ അഴിഞ്ഞുപോകുന്ന ഭവനത്തില്‍ ഞങ്ങള്‍ സ്നേഹത്തോടെ ഒരുമിച്ച് പാര്‍ത്ത് നിന്നെ സ്തുതിപ്പാന്‍ ഇടയാക്കണമേ. അതുപോലെതന്നെ അവിടെ അഴിവില്ലാത്ത ഭവനത്തിലും ഞങ്ങള്‍ ഒരുമിച്ച് വസിച്ച് നിന്നെ സ്തുതിപ്പാന്‍ ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ. ഞങ്ങളില്‍ ഒരുവനെയും നിന്‍റെ പരമാനന്ദരാജ്യത്തില്‍നിന്ന് പുറത്ത് തള്ളിക്കളയരുതേ. കര്‍ത്താവേ! ഈ ആയുസ്സില്‍ പഞ്ഞത്തില്‍ നിന്നും വസന്തയില്‍നിന്നും പെട്ടെന്നുള്ള മരണത്തില്‍നിന്നും മിന്നലുകളില്‍നിന്നും ഇടികളില്‍നിന്നും പിശാചുക്കളുടെയും ദുഷ്ടമനുഷ്യരുടെയും ശത്രുക്കളുടെയും ദുഷ്ടജന്തുക്കളുടെയും ഉപദ്രവങ്ങളില്‍നിന്നും സകല അപകടങ്ങളില്‍നിന്നും ദുഃഖങ്ങളില്‍നിന്നും ദുഷ്ക്കാലങ്ങളില്‍നിന്നും ഞെരുക്കങ്ങളില്‍നിന്നും മഹാരോഗങ്ങളില്‍നിന്നും വേദനകളില്‍നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങള്‍ എപ്പോഴും എന്നേക്കും നിന്‍റെ ഇഷ്ടം ചെയ്ത് നിനക്കുള്ളവരായിരിപ്പാനും നിന്‍റെ കൃപകള്‍ക്കു പാത്രവാന്മാരായിരിപ്പാനും യോഗ്യരായിത്തീരണമേ. മനസ്സോടും മനസ്സുകൂടാതെയും അറിവോടും അറിവോടും അറിവുകൂടാതെയും വിചാരത്താലും വചനത്താലും പ്രവൃത്തിയാലും ഞങ്ങള്‍ ചെയ്തുപോയിട്ടുള്ള സകലപാപങ്ങളും ദയവോടെ ഞങ്ങളോടു ക്ഷമിക്കണമേ. ദൈവമേ! നിന്നെക്കാള്‍ അധികം മറ്റൊന്നിനെയും സ്നേഹിപ്പാനും ആശ്രയിപ്പാനും ഇടയാകാതെ ഞങ്ങളെ കാക്കുന്നവരായ നിന്‍റെ പരിശുദ്ധ മാലാഖമാരെ ഞങ്ങള്‍ ദുഃഖിപ്പിക്കുന്നവരായിത്തീരുമാറാകരുതേ.

മാമൂദീസായുടെ വെള്ളം
എന്നില്‍ സ്ഥിതി ചെയ്യുന്നയ്യോ
കര്‍ത്താവേ, ദുഷ്ടാത്മാക്കള്‍-
ക്കെന്നിലിരിപ്പിടമേകരുതേ
എന്നുടെ ജീവന്‍ കാത്തീടുമെന്‍
നാഥാ, നിനക്കെന്നും സ്തോത്രം
നിന്‍ കൃപയിരുലോകത്തിലുമീ
എന്നിലുമുണ്ടായീടട്ടെ.

ഞങ്ങള്‍ വിചാരിക്കുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ സകലവും നിന്‍റെ തിരുനാമമഹത്വത്തിനും ഞങ്ങളുടെയും മറ്റെല്ലാവരുടെയും നന്മയ്ക്കും ഉപയോഗപ്പെടുന്നതാക്കിത്തീര്‍ക്കണമേ. ഞങ്ങളുടെ സ്രഷ്ടാനേ! ഞങ്ങളേയും ഞങ്ങള്‍ക്കുള്ള സകലത്തെയും പൂര്‍ണ്ണമനസ്സോടെ നിന്‍റെ തിരുസന്നിധിയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. നിന്‍റെ കൃപയാല്‍ കൈക്കൊണ്ട് ഞങ്ങളെയും ഞങ്ങള്‍ക്കുള്ള സകലത്തെയും നിന്‍റെ തിരുവിഷ്ടപ്രകാരം ഭരിക്കണമേ. ഞങ്ങളെ നീ ഒരിക്കലും നിരസിച്ച് തള്ളിക്കളയരുതേ.

എന്നുടയോനെ നീയെന്നെ
കണ്‍മണിപോല്‍ കാത്തീടണമേ
നിന്‍ചിറകാലെ മറച്ചു പരി-
ക്ഷയില്‍ നിന്നെത്തന്നെ സമര്‍പ്പിച്ചു
ഒളിവായ് നോക്കീടാതെന്‍റെ
കണ്ണുകളെ നീ കാക്കണമേ
വഞ്ചനകേള്‍ക്കാതടിയന്‍റെ
കാതുകളെയും കാക്കണമെ.

ഞങ്ങളെയും ഞങ്ങളുടെ സന്താനങ്ങളെയും ഞങ്ങളുടെ സഹോദരി സഹോദരന്മാരെയും ഞങ്ങള്‍ക്കുള്ള എല്ലാവരെയും വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യരാക്കിത്തീര്‍ക്കണമേ. കര്‍ത്താവേ! നീ ഞങ്ങളെ ഏല്പിച്ചിരിക്കുന്ന സകല ചുമതലകളും നിന്‍റെ ഇഷ്ടപ്രകാരം ശരിയായി നടത്തുവാനും ദൈവഭയത്തില്‍ ജീവിപ്പാനും ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെ സഭയിലും രാജ്യത്തും ഞങ്ങളുടെ പള്ളിയിലും കുടുംബത്തിലും സമാധാനവും ആശ്വാസവും നീ ഉണ്ടാക്കണമേ. ഞങ്ങളെല്ലാവരും സത്യസ്നേഹത്തോടും സന്തോഷത്തോടും കൂടെ ഏകമനസ്സുള്ളവരായി നിന്‍റെ കൃപയാല്‍ വിശുദ്ധിയോടെ ജീവിപ്പാനും നിന്‍റെ വിശുദ്ധ റൂഹാ ഞങ്ങളില്‍ പ്രവര്‍ത്തിപ്പാനും കൃപചെയ്യണമേ. ഞങ്ങളുടെ കര്‍ത്താവും രക്ഷിതാവുമായ യേശുമിശിഹായെ അറിയാതെയും വിശ്വസിക്കാതെയും ഇരിക്കുന്ന പുറജാതികള്‍ ഈ ക്രിസ്തീയതൊഴുത്തില്‍ വന്നുചേര്‍ന്ന് ഞങ്ങളോടുകൂടെ നിന്നെ മഹത്വപ്പെടുത്തുവാനായിട്ട് അവരുടെമേല്‍ നിന്‍റെ കൃപ ചൊരിയുകയും അവരെ സത്യഅറിവിലേക്കു തിരിപ്പാന്‍ കൃപയോടെ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. ഞങ്ങളുടെ ഭരണക്കാരും നിന്‍റെ ശുശ്രൂഷകന്മാരുമായ മേല്‍പ്പട്ടക്കാരെയും പട്ടക്കാരെയും സകല ദൈവികവേലക്കാരെയും നീ അനുഗ്രഹിച്ച് അവരെ നീതിയും വിശുദ്ധിയും കൊണ്ട് അലങ്കരിക്കുകയും ഏവന്‍ഗേലിയോന്‍ പ്രകാരം ഞങ്ങളെ മേയിച്ച് ഭരിപ്പാന്‍ അവരെ ശക്തിപ്പെടുത്തുകയും അവരെ അനുസരിച്ചു നടപ്പാന്‍ ഞങ്ങള്‍ക്കു അനുസരണമുള്ള ഹൃദയം നല്‍കുകയും ചെയ്യണമേ. കര്‍ത്താവേ! ഞങ്ങളെ ഭരിക്കുന്ന രാജാക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും നീ അനുഗ്രഹിച്ച് സത്യത്തിലും നീതിയിലും ദൈവഭയത്തിലും നടത്തുകയും അവരെ കൃപയോടെ കാത്തുരക്ഷിക്കുകയും ചെയ്യണമേ. ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി നീ കല്പിച്ചയച്ച ഞങ്ങളുടെ കര്‍ത്താവായ യേശുമിശിഹാമൂലം ഞങ്ങളുടെ യാചനകളെ നല്‍കണമേ. ഞങ്ങളെയും വിശ്വാസികളായ ഞങ്ങളുടെ മരിച്ചുപോയവരെയും പാപമോചനത്തിനും സ്വര്‍ഗ്ഗരാജ്യത്തിനും യോഗ്യരാക്കിത്തീര്‍ക്കണമേ. ദൈവമേ! ഞങ്ങള്‍ അയോഗ്യരെങ്കിലും നിന്‍റെ ഏകപുത്രന്‍റെ മാതാവായ വിശുദ്ധ കന്യകമറിയാമിന്‍റെയും സകല പരിശുദ്ധന്മാരുടെയും മാര്‍ തോമ്മാശ്ലീഹായുടെയും പ്രാര്‍ത്ഥനകളാല്‍ ഞങ്ങളോടു കരുണചെയ്യണമേ. ഞങ്ങളുടെ മേലുള്ള നിന്‍റെ സര്‍വ്വകൃപകള്‍ക്കും വേണ്ടി നിന്നെയും നിന്‍റെ ഏകപുത്രനെയും നിന്‍റെ പരിശുദ്ധ റൂഹായെയും എല്ലാസമയത്തും എന്നേക്കും ഞങ്ങള്‍ സ്തുതിച്ച് സ്തോത്രം ചെയ്തു വന്ദിക്കുന്നു. ആമ്മീന്‍.

ഐഹിക നേട്ടത്തിനുപകരം
നിന്നെ സമ്പാദിപ്പാനും
നിന്നെ സ്നേഹിച്ചീ ലോകം
നിരസിപ്പാനും കൃപചെയ്ക
എന്നെത്തന്നെ സന്നിധിയില്‍
കാഴ്ചയണപ്പാനും നാഥാ
എന്നെ നിനക്കു സുഗന്ധമതായ്
അര്‍പ്പിപ്പാനും കൃപ ചെയ്ക