പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ചുമർചിത്രങ്ങൾ നവീകരിച്ചു
പഴഞ്ഞി ∙ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പ്രധാന ആകർഷണങ്ങളിലൊന്നായ പ്രാചീന ചുമർചിത്രങ്ങൾ നവീകരിച്ചു. ചിത്രങ്ങളുടെ പഴമ നഷ്ടപ്പെടാതെ തികച്ചും പ്രകൃതിദത്ത നിറക്കൂട്ടുകൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ പുനഃസൃഷ്ടിച്ചത്. മദ്ബഹയ്ക്ക് താഴെ വലതുവശത്ത് ക്രിസ്തുവിന്റെ മരണവും ഇടതുവശത്ത് ആദ്യപാപം, അബ്രഹാമിന്റെ ബലി മാലാഖ തടയുന്നതുമായ 3 ചിത്രങ്ങളാണ് നവീകരിച്ചത്. രണ്ടര നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് കരുതുന്ന ചിത്രങ്ങൾ ഏറെയും നാശത്തിന്റെ വക്കിലായിരുന്നു.
സെന്റ് മേരീസ് കത്തീഡ്രലിന്റെ നവീകരണത്തിന്റെ ഭാഗമായാണ് ചിത്രങ്ങളും നവീകരിച്ചത്. മുൻപ് 2 ചിത്രങ്ങൾ മാത്രമേ പുറത്തേക്ക് കണ്ടിരുന്നുള്ളു. നവീകരണത്തിന്റെ ഭാഗമായി പള്ളിയുടെ ചുമരിലെ കുമ്മായം അടർത്തി മാറ്റുന്നതിനിടെയാണ് അബ്രഹാമിന്റെ ബലിയുടെ ചിത്രം കണ്ടെത്തിയത്. പഴയകാല ചിത്രങ്ങൾ സംരക്ഷിക്കുന്നതിന് നേതൃത്വം നൽകുന്ന കോഴിക്കോട് സ്വദേശി വി.എം.ജിജുലാലിന്റെ നേതൃത്വത്തിൽ ഷൈജു നരിക്കുന്നി, സജി നെയ്യാറ്റിൻകര എന്നിവർ ചേർന്ന് ഒന്നര മാസം കൊണ്ടാണ് ചിത്രങ്ങളുടെ പുനരാവിഷ്കരണം പൂർത്തിയാക്കിയത്.
പള്ളിയിലെ ചിത്രങ്ങളിൽ കറുപ്പും ചുവപ്പും നിറങ്ങൾ മാത്രമാണ് ഉള്ളത്. എള്ള് എണ്ണ കത്തിച്ച കരി കറുപ്പ് നിറത്തിനും ചെങ്കലിൽ നിന്ന് വേർതിരിച്ച നിറം ചുവപ്പിനുമായി ഉപയോഗിച്ചു. ഏറെ കാലം കുമ്മായത്തിന് അടിയിലായതിനാൽ ചിത്രങ്ങളുടെ പലഭാഗങ്ങളും കേടായിരുന്നു. ചിത്രങ്ങൾക്ക് അടിയിലെ ഭിത്തി അറ്റകുറ്റപ്പണി നടത്തേണ്ടി വന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് ഭിത്തി നിർമിച്ച മിശ്രിതം തന്നെ ഉപയോഗിച്ച് ഭിത്തി ആദ്യം ബലപ്പെടുത്തി. ഇതിനായി കുമ്മായം, മണൽ, ശർക്കര, ഊഞ്ഞാൽവള്ളി, കടുക്ക എന്നിവ ചേർത്ത മിശ്രിതം ചെങ്കലുകൊണ്ടുണ്ടാക്കിയ ഭിത്തിയിൽ ചേർത്ത് പിടിപ്പിച്ചു. ചിത്രങ്ങളിൽ നിറം നഷ്ടപ്പെട്ട ഭാഗങ്ങളിൽ മാത്രം പ്രകൃതിദത്ത നിറങ്ങൾ ചേർത്ത് നവീകരിക്കുകയായിരുന്നു. പഴമയുടെ തനിമ നഷ്ടപ്പെടാതെ നവികരിച്ച ചുമർചിത്രങ്ങൾ പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് കാഴ്ചയ്ക്ക് വിരുന്നൊരുക്കും.