പ. സുന്നഹദോസ് തീരുമാനങ്ങള്‍

പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് നിശ്ചയങ്ങള്‍ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ വിവരിക്കുന്നു.

Gepostet von Catholicate News am Freitag, 22. Februar 2019

കോട്ടയം: ദേവലോകം  അരമനയില്‍ നടന്നു വന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആദ്ധ്യക്ഷം വഹിച്ചു.  ഡോ. തോമസ് മാര്‍ അത്താനാസ്യോസ്, യൂഹാനോന്‍ മാര്‍ മിലീത്തോസ്, സഖറിയാ മാര്‍ അന്തോണിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവര്‍ ധ്യാനം നയിച്ചു. ചെങ്ങന്നൂര്‍ മെത്രാസനാധിപനായിരുന്ന തോമസ് മാര്‍ അത്താനാസ്യോസ്, സഭയുടെ പി. ആര്‍ ഒ. പ്രൊഫ. പി. സി. ഏലിയാസ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. കാശ്മീരിലെ പുല്‍വാമയില്‍ രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച ജവാന്‍മാരെ അനുസ്മരിക്കുകയും ഇന്ത്യ എന്ന മഹത്തായ ജനാധിപത്യ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുസ്ഥിരമായ ഭാവിക്കും അവരുടെ ജീവത്യാഗം സഹായകമായി ഭവിക്കട്ടെ എന്ന് വിലയിരുത്തിക്കൊണ്ട് അവരുടെ വീരസ്മരണയില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

ചര്‍ച്ച് ആക്ട് സംബന്ധിച്ച് ഇതിനോടകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കരടിലെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായ ഭരണഘടനപ്രകാരം സുതാര്യമായ സാമ്പത്തിക വിനിയോഗത്തോടും ഭരണഘടന വിഭാവന ചെയ്യുന്ന രാജ്യനിയമങ്ങളുടെ പിന്‍ബലത്തോടുംകൂടി പ്രവര്‍ത്തിക്കുന്ന ക്രിസ്തീയ വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള അനര്‍ഹമായ കടന്നുകയറ്റമായതിനാല്‍ അനുകൂലിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നടത്തി തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചു. സഭയിലെ ബി-ഷെഡ്യൂളില്‍പ്പെട്ട സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ബജറ്റ് അംഗീകരിച്ചു.

കോട്ടയം വൈദിക സെമിനാരി പ്രിന്‍സിപ്പാളായി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിനെയും നാഗ്പൂര്‍ സെന്റ് തോമസ് വൈദിക സെമിനാരി പ്രിന്‍സിപ്പാളായി ഫാ. ഡോ. ജോസി ജേക്കബിനെയും നിശ്ചയിച്ചു. ബസ്‌ക്യോമോ അസോസിയേഷന്‍ പ്രസിഡണ്ടായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ നിയമിച്ചു. പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി, നാഗ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി, എക്യുമെനിക്കല്‍ റിലേഷന്‍സ് എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. മലങ്കര സഭയിലെ ശാശ്വത സമാധാനത്തിനായി ബഹുമാനപ്പെട്ട നീതിന്യായ കോടതികളുടെ വിധികളിലൂടെ ലഭ്യമായിരിക്കുന്ന മാര്‍ഗ്ഗരേഖ പിന്തുടരുവാന്‍ തീരുമാനിച്ചു. ഭിലായ് സെന്റ് തോമസ് ആശ്രമം, സെന്റ് തോമസ് കോണ്‍വെന്റ്, കുപ്പാടി ഗത്സിമോന്‍ കോണ്‍വെന്റ് എന്നിവയുടെ നിയമാവലി അംഗീകരിച്ചു. സഭയിലെ വൈദിക സ്ഥാനികളുടെയും സഭാ സേവനം നടത്തുന്ന അത്മായ പ്രവര്‍ത്തകരുടെയും പെരുമാറ്റം സംബന്ധിച്ച മാര്‍ഗ്ഗ രേഖ അംഗീകരിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

______________________________________________

ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട് ,  കോട്ടയം വൈദിക സെമിനാരിയുടെ പുതിയ പ്രിൻസിപ്പാൾ.

നാഗ്പൂർ സെന്റ്.തോമസ് ഓർത്തോഡോസ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ആയി ബഹു ജോസി ജേക്കബ് അച്ചൻ നിയമിതനായി… ബഹു.അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ മൂളംതുരുത്തി മാർത്തോമൻ ചെറിയ പള്ളി ഇടവക അംഗവും, എത്യോപ്യൻ തിയോളജിക്കൽ സെമിനാരി അദ്ധ്യാപകനും, എന്ത്യോപ്യൻ ഓർത്തോഡോസ് സഭയിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയുമാണ്…