ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ ജീവകാരുണ്യ പദ്ധതികളിലേക്ക് ‘പ്രശാന്തം’ പാലിയേറ്റീവ് കെയർ സെന്ററും. സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി ‘പ്രശാന്തം’ പാലിയേറ്റീവ് കെയർ സെന്റർ നാടിന് സമർപ്പിച്ചു. ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജതജൂബിലി സ്മാരകമായാണ് പ്രശാന്തം പാലിയേറ്റീവ് കെയർ സെന്റർ നിർമിച്ചിരിക്കുന്നത്.
ഭദ്രാസന ദിനാഘോഷങ്ങൾ പരിശുദ്ധ കാതോലിക്ക ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതീയൻ ബാവ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. സഭയുടെ ‘ഗുരുരത്നം’ പുരസ്കാരം നേടിയ ഫാ. ഡോ. ടി.ജെ. ജോഷ്വയേയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കന്യാസ്ത്രീകളെയും ചടങ്ങിൽ അനുമോദിച്ചു.
മൊബൈൽ പാലിയേറ്റീവ് കെയർ യൂണിറ്റ് മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനുമായ രമേഷ് പിഷാരടി മുഖ്യ പ്രഭാഷണം നടത്തി. മെത്രാപ്പോലീത്തമാരായ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, േഡാ. ജോഷ്വ മാർ നിക്കോദിമോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
ഫാ. സി.എം. കുര്യാക്കോസ്, ഫാ. ടി.പി. കുര്യൻ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മ ചന്ദ്രൻ, മുളക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോൻ, കോട്ടയം ജില്ലാ പഞ്ചായത്തംഗം കല മങ്ങാട്ട് ജാൻസി മാത്യു, പി.യു. മാത്യു, ഒ.ടി. രാമചന്ദ്രൻ, എ.ഡി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.