പ. അബ്ദുള്‍ മശിഹായുടെ പട്ടത്വവും യൂലിയോസിന്‍റെ വ്യാജരേഖയും / ഫാ. ഡോ. വി. സി. സാമുവേല്‍

ചെങ്ങളം, ഒളശ്ശ, കല്ലുങ്കത്തറ എന്നീ സ്ഥലങ്ങളില്‍ പ്രധാനമായും യാക്കോബായ, ഓര്‍ത്തഡോക്സ്, ആംഗ്ലിക്കന്‍ മുതലായ സഭകളില്‍ ഉള്‍പ്പെട്ടു നില്‍ക്കുന്നവരായിരുന്നു ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷവും. അവരുമായി നിവര്‍ത്തിയുള്ളത്രയും സ്നേഹബന്ധം ഞാന്‍ പുലര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നു പഠിക്കണം എന്നുള്ള ആശ എന്‍റെ മനസ്സില്‍ എന്നുമുണ്ടായിരുന്നു. ആ ലക്ഷ്യത്തോടെ കോട്ടയം സി.എന്‍.ഐ. ലൈബ്രറി ഞാന്‍ നന്നായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയിരിക്കവേ 1944-ല്‍ ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ പഠിക്കുവാന്‍ എനിക്കവസരം ലഭിച്ചു.

അതിനു മുമ്പ് 1942-ല്‍ സമുദായക്കേസ് വിസ്താരം നടന്നുകൊണ്ടിരുന്നു. അതില്‍ മാര്‍ യൂലിയോസിനെ ഒരു കമ്മീഷന്‍ മുഖേന വിസ്തരിക്കുവാന്‍ ജഡ്ജി ബി. കൃഷ്ണയ്യരുടെ ബഞ്ചില്‍ നിര്‍ദ്ദേശമുണ്ടായി. അതിന് മലയാളവും സുറിയാനിയും അറിയാവുന്ന ഒരു ദ്വിഭാഷി ആവശ്യമായി വന്നു. അതിന് രണ്ടു കക്ഷികളിലേയും നേതാക്കന്മാര്‍ ഏകകണ്ഠമായി എന്നെ തിരഞ്ഞെടുത്തു. ഞാന്‍ കക്ഷിക്കാര്യത്തില്‍ യാതൊരു അവിശ്വസ്തതയും കാണിച്ചിട്ടില്ല. എന്നെ ഏല്‍പിച്ച ജോലിയിലും സ്വന്തം മനസ്സാക്ഷിക്കെതിരായി ഞാന്‍ യാതൊന്നും ചെയ്തില്ല.
കേസില്‍ പാത്രിയര്‍ക്കീസു കക്ഷിയുടെ വക്കീല്‍ അനന്തപത്മനാഭയ്യര്‍ ആയിരുന്നു. മാര്‍ യൂലിയോസിനെ വാദമുഖങ്ങള്‍ പഠിപ്പിക്കുവാന്‍ കോട്ടയം വലിയപള്ളിയില്‍ അദ്ദേഹം പലതവണ വന്നു. ആശയവിനിമയത്തിന് അവരെ സഹായിക്കുവാന്‍ ഞാന്‍ ചെങ്ങളത്തു നിന്നു കോട്ടയത്ത് വന്നുകൊണ്ടിരുന്നു. ആ ജോലിയും വിശ്വസ്തതയോടെ ഞാന്‍ ചെയ്തുപോന്നു.

കേസിലെ ഒരു പ്രധാന വാദം അബ്ദുള്‍ മശിഹാ ബാവായെ സുറിയാനി സഭയുടെ മെത്രാന്മാര്‍ ചേര്‍ന്ന് മുടക്കിയിരുന്നു എന്നതാണ്. മെത്രാന്മാര്‍ ചേര്‍ന്ന് ഒപ്പിട്ടിട്ടുള്ള ഒരു രേഖയുടെ കോപ്പിയാണ് തെളിവായി ഹാജരാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. അത് ശരിയായ രേഖയാണെന്ന് സിറിയന്‍ നാടുകളിലെ ഒരു നോട്ടറി സാക്ഷ്യപ്പെടുത്തിയിരുന്നു. അത് കോടതിയില്‍ കാണിച്ചാല്‍ വിജയം സുനിശ്ചിതമാണെന്നായിരുന്നു പാത്രിയര്‍ക്കീസ് കക്ഷിയുടെ ധാരണ. ഞാനും അങ്ങനെ തന്നെ വിചാരിച്ചിരുന്നു. എന്നാല്‍ കോടതി അത് സ്വീകരിക്കുകയില്ല എന്ന് വക്കീല്‍ വ്യക്തമാക്കി. കാരണം, അതില്‍ ഒപ്പുവച്ച നോട്ടറി ഉദ്യോഗസ്ഥന് അത് സാക്ഷ്യപ്പെടുത്തുവാന്‍ തക്കവണ്ണം സുറിയാനി അറിഞ്ഞുകൂടായിരുന്നു എന്നതു തന്നെ. അതിനു പകരം മാര്‍ യൂലിയോസ് മര്‍ദ്ദീനില്‍ പോയപ്പോള്‍ സുന്നഹദോസ് റെക്കോര്‍ഡില്‍ മൂലരേഖ കണ്ടു എന്നും, അതു നോക്കി എഴുതിയെടുത്ത കടലാസ് തെളിവായി കോടതിയില്‍ ഹാജരാക്കാം എന്നും വക്കീല്‍ പറഞ്ഞു. എന്നാല്‍ സത്യത്തില്‍ മാര്‍ യൂലിയോസ് അങ്ങനെയൊരു കടലാസ് മര്‍ദ്ദീനില്‍ വച്ച് എഴുതിയിരുന്നില്ല. മഞ്ഞനിക്കരയില്‍ വച്ച് എഴുതിയുണ്ടാക്കുകയാണ് ചെയ്തിരുന്നത്. നോട്ടറി ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയിരുന്നതും, കോടതിയില്‍ വിലപ്പോവില്ല എന്ന് വക്കീല്‍ പറഞ്ഞതുമായ രേഖയില്‍ നിന്ന് മാര്‍ യൂലിയോസ് അത് എഴുതിയുണ്ടാക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളതാണ്. ഈ സംഭവം എന്നെ വേദനിപ്പിച്ചു. കാരണം അബ്ദുള്‍ മശിഹായുടെ സ്ഥാനം മുടക്കു മൂലം അസാധുവാണെന്ന് ഞാനും വിശ്വസിച്ചിരുന്നു. അതിന് ആസ്പദമായ രേഖ സത്യസന്ധമല്ലെന്ന് എനിക്ക് മനസ്സിലായി. അത്രയുംകാലം ഞാന്‍ പാത്രിയര്‍ക്കീസ് കക്ഷിയില്‍ ഉറച്ചു നിന്നിരുന്നു. എന്നാല്‍ അവിടെ കണ്ട പ്രകടമായ അസത്യത്തെ അഭിമുഖീകരിക്കുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
ഇടവക മെത്രാപ്പോലീത്തായായ മിഖായേല്‍ മാര്‍ ദീവന്നാസ്യോസിനോടു കാര്യങ്ങള്‍ തുറന്നു പറഞ്ഞ്, എന്‍റെ മനസ്സാക്ഷി നിര്‍മ്മലമാക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. അദ്ദേഹം കാതോലിക്കോസ് കക്ഷിക്കെതിരായി വീറോടെ പ്രസംഗിച്ചു വന്നിരുന്നത് മനസ്സാക്ഷിയുടെ ബോദ്ധ്യത്തിന്‍റെ പ്രതിഫലനമായാണ് ഞാന്‍ കണ്ടത്. കോട്ടയം സിംഹാസനപ്പള്ളിയില്‍ വെച്ച് ഞാന്‍ ശാന്തമായി കാര്യങ്ങളെല്ലാം അദ്ദേഹത്തോടു പറഞ്ഞു. അന്നു ഞാന്‍ വ്യക്തമാക്കിയ കാര്യം ഇതിനകം പലതവണ പറഞ്ഞിട്ടുള്ളതാണ്. “അബ്ദുള്‍ മശിഹാ ബാവായില്‍ നിന്ന് കാതോലിക്കാ കക്ഷിക്കു ലഭിച്ച പട്ടത്വം അസാധുവാണെന്നു പറയുന്നത്, പറയുന്നവരുടെ വാശിയുടെ പ്രകടനമല്ലാതെ, ഒരു കഴമ്പുമുള്ളതല്ല.” ഇതേ ആശയം അബ്ദുള്‍ ആഹാദ് റമ്പാനോടും ഞാന്‍ പറഞ്ഞു.
1958-ല്‍ ഉണ്ടായ സമാധാനം മൂലം അബ്ദുള്‍ മശിഹായുടെ പട്ടത്വത്തെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസം നീങ്ങിയിരിക്കുവാനിടയുണ്ട്. ആ പട്ടത്തിന് യാതൊരു ന്യൂനതയും പറയാതെയായിരുന്നുവല്ലോ അന്നു സമാധാനം സ്ഥാപിച്ചത്. എന്നുതന്നെയുമല്ല അതു മലങ്കരസഭ അംഗീകരിച്ച ഭരണഘടനയ്ക്കു വിധേയവുമായിരുന്നു. ആ സമാധാനത്തെയാണ് 1964-ല്‍ മാര്‍ യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് (അബ്ദുള്‍ ആഹാദ് റമ്പാന്‍ തന്നെ) സ്വീകരിച്ചതും. അതുകൊണ്ട് അബ്ദുള്‍ മശിഹായുടെ പട്ടത്വം അതിനുശേഷം ഒരു വിവാദ വിഷയമായിരുന്നു കൂടാ.

(സുപ്രസിദ്ധ സഭാചരിത്രകാരനും ദൈവശാസ്ത്രപണ്ഡിതനും ആയിരുന്ന ഫാ. ഡോ. വി. സി. സാമുവേലിന്‍റെ (ഓമല്ലൂര്‍) ആത്മകഥയായ “സ്വാനുഭവവേദിയില്‍” നിന്നും).