പിറവം പള്ളി കേസ്: നാലാമത്തെ ബെഞ്ചും പിന്മാറി

കാരണം പറയാതെയാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഇരുവരും പിന്മാറിയത്.

പിറവം പള്ളി കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന ഹരജികൾ പരിഗണിക്കുന്നതിൽ നിന്ന് നാലാമത്തെ ഡിവിഷന് ബെഞ്ചും പിൻമാറി. ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് ആനി ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് പിന്മാറിയത്. കാരണം പറയാതെയാണ് പിന്മാറ്റം.

പിറവം സെൻറ് മേരീസ് പള്ളി കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും പള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗവും പ്രശ്നങ്ങൾ ഒത്തുതീർക്കാൻ സമാധാനപരമായ ശ്രമങ്ങൾ വേണമെന്നാവശ്യപ്പെട്ട് യാക്കോബായ പക്ഷവും നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ആദ്യം പരിഗണിച്ച ജസ്റ്റിസ് പി.ആർ രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവർ നേരത്തെ ഒഴിവായിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനായിരിക്കെ പള്ളിക്കേസിൽ ഹാജരായിട്ടുണ്ടെന്ന് കേസിൽ കക്ഷി ചേരാൻ എത്തിയ ഒരു ഹരജിക്കാരൻ വ്യക്തമാക്കിയതോടെയാണ് 2018 ഡിസംബർ 11ന് ബെഞ്ച് കേസ് ഒഴിഞ്ഞത്.

തുടർന്ന് കേസ് പരിഗണനക്കെടുത്ത ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഡിസംബർ 21ന് പിൻമാറി. ജസ്റ്റിസ് ചിദംബരേഷ് അഭിഭാഷകനായിരിക്കെ പള്ളിക്കേസുകളിൽ ഹാജരായിട്ടുണ്ടെന്ന് കക്ഷികൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു ഇത്. പിന്നീട് കഴിഞ്ഞ ആഴ്ചയില്‍ ജസ്റ്റിസ് സി.കെ അബ്ദുൽ റഹീം, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പിന്മാറി. കാരണം വ്യക്തമാക്കാതെയായിരുന്നു ഈ ബെഞ്ചിന്റെയും പിൻമാറ്റം. ഇന്ന് ഹരജി പിരഗണനക്കെത്തിയപ്പോള്‍ ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് ആനി ജോണ്‍ എന്നിവരും കാരണം വ്യക്തമാക്കാതെയാണ് പിന്മാറിയത്.

Source