നീതി നടപ്പിലാക്കി ഇടതുപക്ഷ സര്‍ക്കാര്‍ / പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ

Speech by HH Paulose II Catholicos at Kunnamkulam on 30-12-2018

ഒരു നൂറ് വര്‍ഷത്തോളമായി വിദേശബന്ധത്തിന്‍റെ അടിമത്തമാണ് സഭയില്‍ ഉണ്ടായിരുന്നത്. നമുക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല. ഇവിടെ മൂറോന്‍ കൂദാശ ചെയ്യാന്‍ സാധ്യമല്ല. ഇവിടെ മേല്‍പട്ടക്കാരെ വാഴിക്കാന്‍ പാടില്ല. ഇതിനെല്ലാം വിദേശരാജ്യത്തുനിന്നുമുള്ള അനുവാദങ്ങള്‍ കിട്ടിയെങ്കില്‍ മാത്രമേ നമുക്ക് സാധിക്കുകയുള്ളു എന്നൊരു കാലം ഉണ്ടായിരുന്നു. 1912-ല്‍ ആ കാലത്തിന് ഒരു അറുതി വന്നു. പക്ഷേ ഇപ്പോഴും അതിന്‍റെ ദോഷഫലങ്ങള്‍ നാം അനുഭവിക്കുന്നു എന്നുള്ളത് ഒരു പക്ഷേ നിങ്ങളില്‍ ചിലര്‍ക്കറിയാം. എനിക്ക് കുറച്ച് കൂടുതലായിട്ടും അറിയാം. ഗോള്‍ഡന്‍ ജൂബിലി ഈ പള്ളിയില്‍ ആഘോഷിക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രശ്നം ഒന്നുമില്ല. കാതോലിക്കായെ കാണുമ്പോള്‍ ജയ് വിളിക്കാനും മാലയിടാനുമൊക്കെ എല്ലാവര്‍ക്കും സന്തോഷമാണ്. പക്ഷേ സഭയെ മൊത്തം കാണുമ്പോള്‍ പല പ്രതിസന്ധികളും സഭയ്ക്കകത്തുണ്ട്. ആ പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ തക്കവണ്ണം സഹായകരമായിക്കൊണ്ടിരിക്കുന്നത് ഇന്നത്തെ ഇടതുപക്ഷ ഗവണ്മെന്‍റാണ്. അത് നമ്മള്‍ മറച്ചുവെച്ചിട്ട് കാര്യമൊന്നുമില്ല. ഇടതുപക്ഷ ഗവണ്മെന്‍റ് അല്ലായിരുന്നുവെങ്കില്‍ ഒരുപാട് തടസ്സങ്ങള്‍ ഉണ്ടാകുമായിരുന്നു. നമ്മുടെ സ്വന്തപ്പെട്ടവരും സ്വന്തക്കാരും സംസ്ഥാനത്തിന്‍റെ ഉന്നതസ്ഥാനത്തിരുന്നപ്പോള്‍ നമുക്ക് ലഭിച്ചത് വട്ടപൂജ്യമാണ്. എന്നാല്‍ ഇപ്പോള്‍ 14 പള്ളികളില്‍ നിയമം നടപ്പാക്കിക്കൊണ്ട് ഇടതുപക്ഷ ഗവണ്മെന്‍റ് നമ്മെ സഹായിച്ചുവെന്ന് പറയാതിരിക്കുന്നത് നന്ദികേടാണ്. …

അതുകൊണ്ട് എനിക്ക് പറയാനുള്ളത് (ഞാന്‍ രാഷ്ട്രീയം പറയുകയല്ല) ഇടതുപക്ഷ ഗവണ്മെന്‍റ് അല്ലായിരുന്നുവെങ്കില്‍ ഒരു ദേവാലയത്തിലേക്കും നമുക്ക് അടിപിടി കൂടാതെ കടക്കാന്‍ ഒക്കുകയില്ല. ഏകദേശം പതിനഞ്ചോളം ദേവാലയങ്ങള്‍ ഇപ്പോള്‍ പുതുതായി നമ്മുടെ സ്വന്തത്തിലാണ്. തൃക്കുന്നത്ത് സെമിനാരിയില്‍ സ്വതന്ത്രമായി നമ്മുടെ കാര്യങ്ങള്‍ നടത്താനുള്ള സൗകര്യം വന്നുചേര്‍ന്നത് ഗവണ്മെന്‍റ് മൂലമാണ്. കോടതിവിധി ഉണ്ട്. പക്ഷേ ഗവണ്മെന്‍റിന്‍റെ ഒരു പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ നടക്കുകയുള്ളു. ചേലക്കര പള്ളിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാം. ചേലക്കര പള്ളിയില്‍ സന്ധ്യാസമയത്ത് വൈദികരടക്കം 32 പേരെ അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ച ഒരു ഗവണ്മെന്‍റാണ് ഇതിന് മുമ്പുണ്ടായിരുന്നത്. അന്നത്തെ മുഖ്യമന്ത്രിയോട് ഞാന്‍ ചോദിക്കുകയുണ്ടായി, എന്താണ് അങ്ങ് ഇത്രയും കര്‍ക്കശമായ ഒരു നിലപാട് എടുത്തതെന്ന്. ഉടനെ എന്നോടു പറഞ്ഞത്, ‘അവര്‍ നിയമം ലംഘിച്ചു’ എന്നാണ്. ഞാന്‍ പറഞ്ഞു, “ശരി അവര്‍ ശിക്ഷിക്കപ്പെടട്ടെ.” ‘നിയമം ലംഘിച്ച എല്ലാവരോടും ഇങ്ങനെയാണോ ചെയ്യുന്നത്’ എന്നൊരു മറുചോദ്യം ചോദിച്ചു. പക്ഷേ അതിനു ഉത്തരം ഇല്ല.

കര്‍ത്താവായ യേശുവിന്, ഉണ്ണിയേശുവിന് പോലും സംരക്ഷണം കൊടുത്തത് യിസ്രായേല്‍ ജാതിയല്ല, മിസ്രയീമ്യരാണ്. സഹായിക്കേണ്ടവര്‍ സഹായിക്കാതിരിക്കുകയും, സഹായിക്കാതെ നമ്മെ ചവിട്ടിമെതിക്കുകയും ചെയ്യുന്നത് അനുഭവിച്ചുകൊണ്ടാണ് കഴിഞ്ഞ എട്ടു വര്‍ഷം കാതോലിക്കാ സ്ഥാനത്ത് ഞാന്‍ തുടര്‍ന്നത്. ഇപ്പോഴും മുമ്പോട്ടു പോകുന്നത്. ഇപ്പോള്‍ പത്തുപതിനാല് ദേവാലയങ്ങള്‍ നമ്മുടെ സ്വന്തമായി. ചാലിശേരിയും നമ്മുടെ സ്വന്തമാകും; കോതമംഗലവും സ്വന്തമാകും; പിറവവും സ്വന്തമാകും. അതില്‍ സംശയിക്കേണ്ട. പക്ഷേ സാവകാശം വേണം. അത് മാത്രമേ ഗവണ്മെന്‍റ് നമ്മോട് ആവശ്യപ്പെട്ടിട്ടുള്ളു. അല്ലാതെ അത് ചെയ്യാതിരിക്കുകയല്ല. കോലഞ്ചേരി ദേവാലയത്തില്‍ പത്തുദിവസം ഞാന്‍ പട്ടിണി കിടന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി വന്ന് സ്വന്തം കൈപ്പടയില്‍ എഴുതി തന്നു, 15 ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന്; സമവായം ഉണ്ടാക്കിത്തരാമെന്ന്. അല്ലെങ്കില്‍ കോടതിവിധി നടപ്പിലാക്കി തരാമെന്ന്. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും സ്വന്തം കൈപ്പടയില്‍ എഴുതിയതിന് കടലാസിന്‍റെ വില പോലുമില്ല. കോടതിവിധി നമ്മള്‍ കൊടുക്കുമ്പോള്‍ കോടതിവിധിക്ക് കടലാസിന്‍റെ വിലയില്ല. അതുകൊണ്ട് ആ അര്‍ത്ഥത്തില്‍ ചിന്തിക്കണം. നിങ്ങള്‍ മറ്റൊരര്‍ത്ഥത്തില്‍ ചിന്തിക്കരുത്. അങ്ങനെ ചിന്തിക്കുന്നത് വലിയ നന്ദികേടാണ്. ഒരു സംശയവുമില്ല. ഇത്തരുണത്തില്‍ ഇക്കാര്യം പറയാതിരുന്നു കൂടാ. കാരണം പ്രിയപ്പെട്ട മന്ത്രി നമ്മോടൊപ്പമുണ്ട്. അദ്ദേഹവും നമ്മെ കരുതും, സഹായിക്കും എന്നുള്ളത് വസ്തുതയാണ്. നമ്മോടൊപ്പമുള്ളവര്‍ ഒരുപക്ഷേ നമ്മെ അടിച്ചുതാഴ്ത്തി എല്ലാവിധമായ ആപത്തുകളും വരുത്തിക്കൊണ്ടേയിരിക്കുന്നു.

ഒരു മുസ്ലീം സഹോദരനായിരിക്കുന്ന എം. എ. യൂസഫലിയെ പരുമല ക്യാന്‍സര്‍ സെന്‍ററിലേക്ക് ക്ഷണിച്ചു. അദ്ദേഹം വരാമെന്നു പറഞ്ഞു. പ്രോഗ്രാം തന്നു. പക്ഷേ അദ്ദേഹത്തിന്‍റെ ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിന് തടസ്സം വരുന്നു. ആരാണ് തടസ്സം നിന്നതെന്ന് എനിക്കറിയാം. എന്താണ് തടസ്സമെന്നു ചോദിച്ചപ്പോള്‍ പറയുന്നത് പരുമല ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ സേഫല്ല എന്നാണ്. പ്രളയം ഉണ്ടായപ്പോള്‍ ഹെലികോപ്റ്റര്‍ അവിടെ ഇറങ്ങിയതാണ്. അന്ന് പല സ്ഥലത്തു നിന്നായി ഭക്ഷണസാധനങ്ങളും മരുന്നുകളുമൊക്കെയായി അവിടെ ഹെലികോപ്റ്റര്‍ ഇറങ്ങി. അപ്പോഴൊന്നും അവിടെ സേഫ്റ്റിക്ക് ഒരു പ്രശ്നം ഉണ്ടായില്ല. യൂസഫലി അവിടെ വരുന്നതിന് 24 മണിക്കൂര്‍ മുമ്പ്വരെയും പരുമല ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ സേഫല്ല. ഹെലികോപ്റ്റര്‍ അവിടെ ഇറങ്ങാതിരിക്കാന്‍ ശ്രമിച്ചത് നമ്മുടെ സ്വന്തത്തില്‍പ്പെട്ടവരാണെന്ന് മനസ്സിലാകുമ്പോള്‍ നിങ്ങള്‍ക്ക് വേദനയില്ല, എനിക്ക് വേദനയുണ്ട്. ഗവണ്മെന്‍റില്‍ പറഞ്ഞ് ഒടുവില്‍ തടസ്സം നീക്കി. അദ്ദേഹം വെറുതെ കൈയും വീശി വന്നതല്ല. രണ്ട് വാര്‍ഡ് അദ്ദേഹം അവിടെ തന്‍റെ ചിലവില്‍ പണിയാമെന്ന് പറഞ്ഞു. ഇന്ന് രണ്ടു കോടി രൂപായുടെ ചെക്ക് ലഭിക്കുകയും ചെയ്തു.
നമ്മുടെ സഭയെ സ്നേഹിക്കുന്ന അനേകം ആളുകളുണ്ട്. അത് നമ്മുടെ സ്വന്തക്കാരേക്കാള്‍

കൂടുതല്‍ മറ്റ് മതങ്ങളില്‍പെട്ടവരും, മറ്റ് രാഷ്ട്രീയത്തിലുള്ളവരുമാണ് അങ്ങനെ ചെയ്യുന്നത്. എന്‍റെ സ്വന്തം നാട്ടില്‍ നിങ്ങളോടത് പറയുന്നതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. അതുകൊണ്ടാണ് ഞാനിത് പറയുന്നത്. ഇതെന്‍റെ വ്യക്തിപരമായ നന്ദിപ്രകാശനം കൂടിയാണ്. ഗവണ്മെന്‍റ് എപ്പോഴും നീതിയുടെ ഭാഗത്ത് നില്‍ക്കുന്നു, എല്ലാ കാര്യങ്ങളിലും അത് ചെയ്തുതരാമെന്ന് പറയുന്നു, ചെയ്തു തരുന്നു, ചിലത് അല്‍പം സാവകാശം ചോദിക്കുന്നു. അങ്ങനെ ഒരു ബന്ധത്തിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. അങ്ങനെയുണ്ടെങ്കില്‍ മാത്രമേ നമുക്ക് ഒരു ശാശ്വതമായ സമാധാനം ഉണ്ടാക്കാന്‍ സാധിക്കൂ. അതിനിടയ്ക്ക് എന്‍റെ അറിവോ സമ്മതമോ കൂടാതെ ഓരോരുത്തര്‍ സമാധാന ചര്‍ച്ചകള്‍ക്ക് പോകുകയാണ്. എന്തോന്നു സമാധാനമാണ് എന്ന് ചോദിക്കുമ്പോള്‍ പറയുന്നത്, ഞാന്‍ പുസ്തക പ്രകാശനത്തിന് പോയതാണ്, എന്നെ ഒരു പേഴ്സണല്‍ കാര്യത്തിന് വിളിച്ചതാണ് എന്നാണ്.

വ്യക്തിതാല്‍പര്യങ്ങള്‍ നഷ്ടപ്പെടുന്ന ഏതാനുംപേരും നമ്മുടെ കൂടെയുണ്ട്. നിങ്ങള്‍ സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. ശാശ്വതമായ ഒരു സമാധാനം ഇവിടെ നിലനില്‍ക്കണം. ഇവിടെ ഇനിയും ഒരു വിദേശബന്ധത്തിന്‍റെ അടിമത്തത്തില്‍ കഴിയാന്‍ സാധ്യമല്ല. വന്നവഴി മറക്കാതിരിക്കുകയും നന്ദി കാണിക്കേണ്ടവരോട് നന്ദി കാണിക്കുകയും ചവിട്ടി താഴ്ത്തുന്നവന്‍ ആരാണെന്ന് കൃത്യമായി കണ്ടെത്തി നാം അതിനു വേണ്ട നടപടികള്‍ എടുക്കണമെന്നു മാത്രമാണ് ഇത്തരുണത്തില്‍ എനിക്ക് ഓര്‍മ്മിപ്പിക്കുവാനുള്ളത്.

കുറെ പ്രശ്നങ്ങള്‍ ഉണ്ട്. അതില്‍ നാല്‍പത് ശതമാനം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് നമ്മുടെ ഉള്ളില്‍പെട്ടവര്‍ തന്നെയാണ്; ചില സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി. എല്ലാം ദൈവം പരിഹരിക്കും. ദൈവം നമ്മെ വഴിനടത്തട്ടെ.

(കുന്നംകുളത്ത് മന്ത്രി എ. സി. മൊയ്തീന്‍റെ സാന്നിദ്ധ്യത്തില്‍ ഡിസംബര്‍ 30-ന് നടത്തിയ പ്രസംഗം)